Rahul Madhavan
ടി ദാമോദരൻ മാഷിന്റെ രചനയിൽ വന്നതും എന്നാൽ അധികമാരും പറഞ്ഞു കേൾക്കാതെ പോയതുമായ ചിത്രമാണ് മൃത്യുജ്ഞയം. 1988 ലാണ് ഈ പടം വന്നത്.അന്നൊക്കെ മെഗാഡയറക്ടർമാർക്കൊപ്പം സൂപ്പർതാരപടങ്ങൾക്ക് മാത്രം എഴുതിയിരുന്ന ദാമോദരൻ മാഷിന്റെ വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത പടമായതു കൊണ്ടാവാം ഇതിന് വലിയ സ്വീകരണം ലഭിക്കാതെ പോയത്.
എൺപതുകളുടെ അവസാനം ദേവൻ മലയാളസിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ പോകുന്നു എന്നൊക്കെയുള്ള പഴയ വാരികകളിലെ ന്യൂസുകൾ ഈ അടുത്ത് ചില ഗ്രൂപ്പുകളിൽ ഞാൻ വായിച്ചിരുന്നു. ആ ഒരു പുതിയ താരോദയത്തിന്റെ എഫക്ട് കൊണ്ടാവാം ഈ ചിത്രത്തിൽ ദേവനാണ് മുഖ്യ വേഷം ചെയ്തത്. കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ഈ ചിത്രം പോൾബാബുവാണ് സംവിധാനം ചെയ്തത്. കൂടും തേടി, ആവണിക്കുന്നിലെ കിന്നരി പൂക്കൾ എന്നീ പടങ്ങളാണ് അദ്ദേഹത്തിന്റെതായി മുൻപ് വന്നിട്ടുള്ളത്. ദേവൻ അവതരിപ്പിച്ച ഐസക് എന്ന കഥാപാത്രത്തിന്റെ ജീവിതം പൂർണ്ണമായും ഫ്ലാഷ്ബാക്കിലൂടെയാണ് ഡയറക്ടർ പടത്തിൽ കാണിച്ചിട്ടുള്ളത്.
ടീ എസ്റ്റേറ്റ് മാനേജരായ ഐസക് തന്റെ സഹോദരങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവനാണ്. നിരവധി പ്രാരാബ്ദങ്ങൾക്ക് നടുവിലായിട്ടും അയാൾ അവർക്ക് വേണ്ടി ജീവിച്ചു.എല്ലാം ചെയ്തിട്ടും അയാൾക്ക് അടിപതറുകയാണ്.അതിന്റെ പ്രധാന കാരണം സ്വന്തം അനുജനായിരുന്നു……അശോകനാണ് അനുജൻ സണ്ണിയായത്.നെടുമുടി, ജഗതി, ഗണേഷ്, ലാലു അലക്സ്, ലിസി, സബിത ആനന്ദ്, പാർവതി, നഹാസ്,ശ്രീരാമൻ,അഗസ്റ്റിൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഔസെപ്പച്ചൻ സംഗീതവും സരോജ് പാഡി ക്യാമറയും കൈകാര്യം ചെയ്തു.ഇതിലെ പ്രിയതെ എൻ പ്രിയതെ എന്ന ഗാനം ഔസേപ്പച്ചൻ തന്നെ പാടിയതാണ്.ഇന്ന് കാണുമ്പോൾ വലിയ ത്രില്ലൊന്നും ലഭിക്കാനിടയില്ല എങ്കിലും മാഷിന്റെ തിരക്കഥ എന്ന പേരിൽ ഒരു വട്ടം കാണാൻ ശ്രമിക്കാവുന്നതാണ്. പടം ഹോട്സ്റ്റാറിലും യൂട്യൂബിലും ഉണ്ട്.