Entertainment
ഒരുകാലത്തു ആന്ധ്രാക്കാർക്ക് നമ്മുടെ സുരേഷ്ഗോപി ‘റെയർ സ്റ്റാർ’, ‘സുപ്രീം സ്റ്റാർ’ ഒക്കെ ആയിരുന്നു

Rahul Madhavan
ഒരുകാലത്ത് സുരേഷ്ഗോപി ചിത്രങ്ങൾ ആന്ധ്രയിൽ വലിയ രീതിയിൽ വിജയം നേടിയിരുന്നു.1994 ൽ വന്ന കാശ്മീരം,കമ്മീഷണർ എന്നിവയൊക്കെ അവിടെ സൂപ്പർഹിറ്റായിമാറി. Rare Star, Supreme Star എന്നൊക്കെയായിരുന്നു അന്ന് തെലുങ്കിൽ അദ്ദേഹത്തിന് പ്രേക്ഷകർ നൽകിയ പട്ടങ്ങൾ.ഈ ഒരു SG മാർക്കറ്റ് ലക്ഷ്യം വച്ചുകൊണ്ടാവണം സുരേഷ്ഗോപിയുടെ അടുത്ത പ്രൊജക്റ്റായ ദി സിറ്റിയും വന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കാണുമ്പോൾ അത് കൃത്യമായി മനസിലാവുന്നുണ്ട്.സെവൻ ആർട്സ് ബിഗ് ബജറ്റിൽ നിർമിച്ച ഈ ചിത്രം ഐ വി ശശിസാറാണ് സംവിധാനം ചെയ്തത്.
ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് പ്രിയദർശനാണ്, തിരക്കഥ ദാമോദരൻ മാഷും. ഇരുവരും ചേർന്ന് മോഹൻലാലിനെ വച്ചെടുക്കുകയും ഇടയിൽ മുടങ്ങിപോകുകയും ചെയ്ത ധനുഷ്കോടിയുടെ കഥയിൽ നിന്നും കടം കൊണ്ടതാണ് ഈ ചിത്രം എന്ന് കേട്ടിട്ടുണ്ട്.രണ്ടിന്റെയും പ്ലോട്ട് മയക്കുമരുന്നു റാക്കറ്റ് തന്നെ. കോളേജ് പെൺകുട്ടികളെ ഡ്രഗ്സിന് അടിമയാക്കുന്ന ഒരു മാഫിയയെ തകർക്കാൻ ശ്രമിക്കുന്ന പോലീസ് ഓഫീസർ രവിപ്രസാദ് എന്ന വേഷമാണ് സുരേഷ്ഗോപി ഇതിൽ ചെയ്തത്.ശേഷം വില്ലൻമാരുടെ വൈരാഗ്യത്തിന് കാരണമായ രവിയെ അവർ ഡ്രഗ്സിന് അഡിക്ട് ആക്കുകയും അതിൽ നിന്നും മോചനം ലഭിച്ച് ആ വലിയ സംഘത്തെ നായകൻ കൂട്ടത്തോടെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് പടത്തിന്റെ കഥ. ഉർവശിയും ആഹാനയുമാണ് നായികമാരായത്. ആനന്ദ് രാജ്, കല്യാൺ കുമാർ എന്നിവർ വില്ലൻവേഷങ്ങൾ ചെയ്തു. കക്കരവി, കിറ്റി,രതീഷ്, ലാലു അലക്സ്, പപ്പു, ബിന്ദു പണിക്കർ, സത്യപ്രിയ എന്നിവരാണ് മറ്റഭിനേതാക്കൾ.
ആക്ഷൻ ചിത്രമാണെങ്കിലും ഇതിൽ പാട്ടുകൾക്ക് പ്രാധാന്യമുണ്ടായിരുന്നു.ബിച്ചുതിരുമലയെഴുതിയ ഗാനങ്ങൾക്ക് ജോൺസൺ ഈണം നൽകി. മാനസം തുഷാരം എന്ന ഗാനം സൂപ്പർ മെലഡിയാണ്. അതുപോലെ ഇതിൽ എസ് പി ബി പാടിയ ഒരു ഹിന്ദി ഗാനവും ഉണ്ട്. ബാഹോം മേ ആജ എന്ന ആ പാട്ടിൽ അതീവഗ്ലാമറിൽ സിന്ധുജയും പാടി അഭിനയിച്ച് നമ്മുടെ ഡിസ്കോ രവീന്ദ്രനും പടത്തിന്റെ ഭാഗമായി.
രവി കെ ചന്ദ്രൻ ക്യാമറയും കെ നാരായണൻ എഡിറ്റിംഗും എസ് പി വെങ്കിടെഷ് ബിജിഎമും പളനിരാജ് ആക്ഷനും കൈകാര്യം ചെയ്തു. ഷാജുൺ കാര്യൽ, എം പത്മകുമാർ എന്നിവർ അസോസിയേറ്റ് &അസിസ്റ്റന്റ് ആയിരുന്നു.94 ജൂലൈയിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ കമ്മീഷണർ നൂറു ദിവസം പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ നല്ല പബ്ലിസിറ്റി കിട്ടി.പക്ഷേ തിയേറ്ററിൽ പടം പരാജയമാവുകയാണുണ്ടായത്
490 total views, 4 views today