Rahul Madhavan
യുവതാരങ്ങളെ അണിനിരത്തി 1989 ൽ വേണുനാഗവള്ളി സംവിധാനം ചെയ്തു പുറത്തു വന്ന ചിത്രമാണ് സ്വാഗതം. റൊമാൻസ്, സെന്റിമെന്റ്സ്, കോമഡി, ഇമോഷൻസ്, മ്യൂസിക്, ഫ്രണ്ട്ഷിപ് അങ്ങനെ എല്ലാം കോർത്തിണക്കിയ ചിത്രം കൂടിയാണിത്. സുഖമോ ദേവി പോലെ വേണുസാറിന്റെ ജീവിതാനുഭവങ്ങളാണോ പടത്തിന്റെ കഥക്ക് കാരണമായത് എന്നെനിക്കു സംശയമുണ്ട്.ഇതിന്റെ ലൊക്കേഷൻ തിരുവനന്തപുരവും അവിടെയുള്ള ബീച്ചുമൊക്കെയാണെന്ന് തോന്നുന്നു. അതിനാൽ തന്നെ കടലിനും പ്രധാന സ്ഥാനമുണ്ട്.
ജയറാം, അശോകൻ എന്നിവരുടെ സഹോദരിമാരായി യഥാക്രമം പാർവതി, ഉർവശി എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ നാലു റോളുകളെ പിന്തുടർന്നാണ് പടത്തിന്റെ കഥ വികസിക്കുന്നത്.ഇതിൽ ഉർവശിയുടെ റോളിന്റെ പേര് ‘ഫിഫി’ എന്നാണ്, അതായത് ഫിലോമിന ഫ്രാൻസിസ് അതിന്റെ ചുരുക്കപേരാണ് ഫിഫി. ഈ പേരിൽ തുടങ്ങുന്ന ഒരു പാട്ട് പടത്തിലുണ്ട് സത്യത്തിൽ അതിലെ വരികളൊക്കെ മനസിലായത് പടം കണ്ടപ്പോഴാണ്.
മേല്പറഞ്ഞ താരങ്ങൾക്ക് പുറമെ നെടുമുടി, ജഗതി, സോമൻ, സുകുമാരി, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ, ബഹുദൂർ, ജഗന്നാഥൻ, അജയൻ എന്നിവരും ശ്രീനാഥ്, സുലക്ഷണ എന്നിവരും പടത്തിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ ആനന്ദണ്, അദ്ദേഹം നിർമ്മിച്ച മിക്കവാറും പടങ്ങളിലും മകൻ അനു അഭിനയിച്ചിട്ടുണ്ട് ഇതിലും ജയറാമിന്റെ ബാല്യം അവതരിപ്പിച്ചത് അനുവാണ്.
ബിച്ചുതിരുമലയുടെ വരികൾക്ക് രാജാമണിയാണ് സംഗീതം നൽകിയിരിക്കുന്നത്.പ്രശസ്ത ഗായിക മിൻമിനിയുടെ ആദ്യചിത്രവും ഇതാണ്. വേണുഗോപാൽ പാടിയ മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ എന്ന ഗാനം ഇന്നും എവെർഗ്രീൻ ആയി തുടരുന്നു. ഇതിലെ അക്കരെ നിന്നൊരു കൊട്ടാരം എന്ന ഗാനം ആലപിച്ചത് എം ജി ശ്രീകുമാർ, മിൻമിനി, എം ജി രാധാകൃഷ്ണൻ, ജഗന്നാഥൻ എന്നിവരാണ്.
പഴയ ഒരു സിനിമഫോറത്തിൽ വായിച്ച ഒരു കാര്യം ഇവിടെ എഴുതുകയാണ്. സത്യത്തിൽ മഞ്ഞിൻ ചിറകുള്ള എന്ന പാട്ട് ആദ്യം റെക്കോർഡ് ചെയ്തത് ദാസേട്ടനെ വച്ചായിരുന്നു.ഏതോ ഒരു യാത്ര കഴിഞ്ഞുവന്ന അദ്ദേഹം അല്പം അസ്വസ്ഥനായാണ് റെക്കോഡിങ് പൂർത്തിയാക്കിയത്.അതിനാൽ തന്നെ പാട്ടിൽ തൃപ്തി വരാത്തതിനാൽ ഒന്നൂടെ പാടാൻ സംവിധായകനും മ്യൂസിഷ്യനും അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ദാസേട്ടൻ അതിന് തയ്യാറായില്ല ഒടുവിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്നെ വേണുഗോപാലിനെകൊണ്ടു അവർ പാടിച്ചു.ഒരു സീനിയർ പാടിയ ഗാനം വീണ്ടും ഒരു ജൂനിയറെ വച്ച് റെക്കോർഡ് ചെയ്യുന്നത് മലയാളസിനിമയിൽ വളരെ അപൂർവമായ ഒന്നായിരുന്നു.
വർഷങ്ങൾക്ക് ശേഷം റഹ്മാൻ ഇന്ത്യൻ എന്ന തമിഴ് സിനിമയിൽ പച്ചയ്കിളികൾ എന്ന പാട്ട് വേണുഗോപാലിനെ കൊണ്ടു ആദ്യം ട്രാക്ക് പാടിച്ചതാണ് പക്ഷേ ആ ഗാനം ഒറിജിനൽ പാടിയത് ദാസേട്ടനായിരുന്നു എന്നതും മറ്റൊരു കൗതുകം.വിപിൻമോഹനും ഹരിഹരപുത്രനുമാണ് സ്വാഗതത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത്.1989 മാർച്ച് മൂന്നിനാണ് പടം റിലീസ് ആയത്. തിയേറ്ററിൽ അത്യാവശ്യം വിജയം നേടി എന്നാണ് അറിയാൻ സാധിച്ചത്.