Rahul Madhavan
കഴിഞ്ഞ ഒരാഴ്ചയിൽ കെ വിശ്വനാഥ് വാണിജയറാം എന്നീ രണ്ടു ലെജൻഡുകളെയാണ് നമ്മുക്ക് നഷ്ടമായത്. ഈ പറഞ്ഞ രണ്ടു പേരും ഒപ്പം നമ്മുടെ മമ്മൂക്കയും ഒരുമിച്ച സ്വാതികിരണം എന്ന ചിത്രത്തിനെ കുറിച്ച് ഇപ്പോഴാണ് ഓർമ്മവന്നത്.കെ വി സാറിന്റെ ചിത്രത്തിൽ പ്രധാന വേഷം ചെയ്യാൻ ഭാഗ്യം ഏക മലയാളനടനാണ് മമ്മൂട്ടി,ഒപ്പം ആ ചിത്രത്തിലാണ് വാണിജയറാം തന്റെ മൂന്നാമത്തെ ദേശീയ അവാർഡും നേടിയത്.
മമ്മൂട്ടി അഭിനയിച്ച ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. വളരെ ശക്തമായതും അഭിനയ സാധ്യതയുള്ളതുമായ ഒരു റോളായിരുന്നു കെ വി സാർ അദ്ദേഹത്തിന് നൽകിയത്. ഭാഷയുടെ സീമകൾ താണ്ടി ആ കഥാപാത്രത്തിനോട് നീതിപുലർത്താൻ മമ്മൂട്ടിക്കായി എന്നത് ചിത്രം കണ്ടാൽ നമ്മുക്ക് മനസിലാവും.
സംഗീതത്തിന് പ്രാധാന്യം നൽകിയ സ്വാതികിരണത്തിൽ കർക്കശക്കാരനും വലിയ ഈഗോയൊക്കെയുള്ള അനന്തശർമ്മ എന്ന സംഗീതവിദ്വാന്റെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്തത്.
തന്റെ ശിഷ്യന്റെ സംഗീതത്തിലുള്ള അപാരമായ കഴിവിൽ അസൂയപ്പെടുന്ന ഒരു അഹംഭാവിയായ സംഗീതാധ്യാപകനും ആ ശിഷ്യനും തമ്മിലുള്ള ബന്ധമാണ് കഥാതന്തു. ഒരു ഫ്ലാഷ്ബാക്കിലൂടെയാണ് സംവിധായകൻ ചിത്രം ഒരുക്കിയിട്ടുള്ളത്.മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം ചെയ്തത് രാധികയാണ്. മാസ്റ്റർ മഞ്ജുനാഥാണ് ശിഷ്യൻ റോളിൽ അഭിനയിച്ചത്.
ശങ്കരാഭരണം പോലെ ക്ലാസിക്ക് ഗാനങ്ങളുടെ പെരുമഴ ഈ ചിത്രത്തിലുമുണ്ട്. ഏതാണ്ട് പത്തിൽ കൂടുതൽ ഗാനങ്ങൾ പടത്തിലുണ്ട്. ഇതിൽ പത്തും പാടിയത് വാണിയമ്മയാണ്.കെ വി മഹാദേവനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്. മികച്ച മ്യൂസിക്കിന് ആ വർഷം ഫിലിം ഫെയർ അവാർഡ് അദ്ദേഹം നേടുകയുണ്ടായി.ശങ്കരാഭരണത്തിന് ശേഷം ഒരിക്കൽ കൂടി ദേശീയ തലത്തിൽ വാണിജയറാം പുരസ്‌കാരം നേടി.
എസ് പി ബാലസുബ്രമണ്യത്തിനെ കൊണ്ടു മമ്മൂട്ടിക്ക് ഡബ്ബിങ് ചെയ്യാനാണ് കെ വി സാർ ആദ്യം ഉദ്ദേശിച്ചത്. പക്ഷേ മമ്മൂക്ക സ്വയം ഡബ്ബ് ചെയ്യാം എന്ന് അദ്ദേഹത്തിനോട് പറയുകയായിരുന്നു. ഒന്ന് ടിക്കറ്റ് എടുത്തു നോക്ക് എന്ന പോലെ എന്നെകൊണ്ട് ഒന്ന് ഡബ്ബ് ചെയ്യിച്ചു നോക്ക് എന്ന് മമ്മൂക്ക പറഞ്ഞു കാണും. എന്തായാലും സംഗതി കിടിലനായി. അദ്ദേഹത്തിന്റെ ഭാഷ പ്രാവീണ്യവും ശബ്ദഗാഭീര്യവും കാരണമോ എന്തോ ആ തെലുങ്കും നന്നായി കൈകാര്യം ചെയ്യാനായി.

ഇന്ത്യൻ പനോരമ, IFFI , മോസ്‌കോ ഫിലിം ഫെസ്റ്റിവൽ,ഏഷ്യ പസഫിക് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ സ്വാതികിരണം പ്രദർശിക്കപ്പെട്ടു. തെലുങ്കിൽ പടം റിലീസ് ചെയ്തിട്ട് മൂന്നു മാസം കഴിഞ്ഞ് വിഷുവിന് ശേഷമാണ് കേരളത്തിൽ ഇതിന്റെ ഡബ്ബിങ് ആയ പ്രണവം വരുന്നത്.അന്നേരം ജോണിവാക്കർ, സൂര്യമാനസം, കമലദളം എന്നീ ചിത്രങ്ങൾ ഇവിടെ തകർത്തോടുന്നുണ്ടായിരുന്നു. തെലുങ്കിലും മലയാളത്തിലും പടം വലിയ വിജയമൊന്നും ആയില്ല.എങ്കിലും തെലുങ്കിലെ മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി ഇന്നും സ്വാതികിരണം നിലകൊള്ളുന്നു.