നഷ്ടപ്പെട്ട സ്വന്തം മകളെ തേടി കൊൽക്കത്തയിലെ റെഡ് സ്ട്രീറ്റ് ആയ സോനാഗച്ചിയിൽ പോയ മഹാനദിയിലെ കമലഹാസനെ ആ പടം കണ്ടവർ ആരും ഇന്നും മറക്കാനിടയില്ല.പക്ഷേ അതിനും പല വർഷങ്ങൾക്ക് മുൻപ് മലയാളസിനിമയിലും അതെ ഒരു തീം വന്നിരുന്നു. മകളെ തേടി ബോംബെയിലെ വേശ്യതെരുവുകളിൽ രാപകൽ അന്വേഷിച്ചു നടന്ന ഒരു അച്ഛന്റെ കഥ. ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്നതാവാം, കണ്ട പടവുമാവം. കാണാത്തവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
പി എ ബക്കർ സംവിധാനം ചെയ്ത ചാരം എന്ന ചിത്രമായിരുന്നു അത്. കുറച്ചു ചിത്രങ്ങൾ മാത്രം എടുത്തിട്ടുളൂ എങ്കിലും അവയെല്ലാം ഏതെങ്കിലും തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയാക്കാൻ കഴിഞ്ഞ ഡയറക്ടറാണ് ബക്കർ. അധികവും കലാമൂല്യവും നിരവധി ദേശീയ -സംസ്ഥാന അവാർഡുകളും നേടിയെടുത്ത ചിത്രങ്ങൾ.ഇതും അതുപോലെ അല്ലെങ്കിൽ ഇങ്ങനെ ഒരു ബോൾഡ് ആയിട്ടുള്ള കഥയും പ്ലോട്ടും അന്നത്തെ കാലത്തു മലയാള സിനിമയിൽ തന്നെ വളരെ വിരളമായിരിക്കാം എന്ന് തോന്നുന്നു.തങ്ങളുടെതായ ശൈലികൊണ്ടു അന്ന് തിളങ്ങിനിന്നിരുന്ന കെ ജി ജോർജ്, പത്മരാജൻ, മോഹൻ,ഭരതൻ എന്നിവരുടെ സൃഷ്ടികൾക്കുള്ള ആ ഒരു ഒഴുക്ക് നമ്മുക്ക് ഇതിൽ കാണാൻ കഴിയും. ഇന്നത്തെ ലെവലിൽ പറഞ്ഞാൽ ഒരു റിയലിസ്റ്റിക് മൂവി.
ചിത്രമന്ദിറിന്റെ ബാനറിൽ സി എച്ച് ഖാലിദ് ആണ് പടം നിർമിച്ചത്. കഥ രഘുനാഥ് പലേരിയും സംഭാഷണം അദ്ദേഹത്തോടൊപ്പം ജയനും ചേർന്ന് എഴുതിയിരിക്കുന്നു. കരിയറിലെ മൊത്തം സിനിമകൾ നോക്കിയാൽ എല്ലാ ജേണറിലുമുള്ള കഥകൾ എഴുതിയ പലേരിസാർ ഒരു കിങ് തന്നെയാണെന്ന് മനസിലാക്കാം.
ചിത്രത്തിന്റെ നെടുംതൂൺ ആയതു നസീർ സാറിന്റെ ജയിംസ് എന്ന റോൾ തന്നെയായിരുന്നു.വിഭാര്യനായ അയാൾ ഉദ്യോഗത്തിന്റെ തിരക്കിൽ സ്വന്തം മകളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ വരുകയും ഒരു ദിവസം പെട്ടന്ന് മകളുടെ തിരോധാനത്തിൽ ഞെട്ടുകയുമാണ്.പോലീസുപോലും നിസഹായരാവുമ്പോൾ അയാൾ ഓരോ തുമ്പും എത്തിപ്പിടിക്കുന്നു അവസാനം മകൾ മകൾ ബോംബെയിൽ ഉണ്ടെന്നറിയുമ്പോൾ രണ്ടും കല്പിച്ചു അങ്ങോട്ട് പോകുകയാണ്.പടത്തിന്റെ പല സന്ദർഭങ്ങളിലും പ്രത്യേകിച്ച് ക്ലൈമാക്സിൽ അദ്ദേഹത്തിന്റെ അഭിനയം മറ്റേത് പടങ്ങളിനെക്കാൾ മുന്നിലായിരുന്നു.
മകളുടെ റോൾ ചെയ്തത് മീന മേനോൻ എന്ന നടിയാണ്. ഇവരെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അറിയുന്നവർ പറയുക. പിന്നെ ആകെ പടത്തിൽ അറിയുന്ന താരം ജഗന്നാഥവർമയും കൊച്ചിൻ ഹനീഫയുമാണ് , ബാക്കി എല്ലാരും പുതുമുഖങ്ങൾ എന്ന് തോന്നുന്നു. സീമ എന്ന ഹിന്ദി പടത്തിൽ ലതാ മങ്കെഷ്ക്കർ പാടി ശങ്കർ ജയ്കിഷൻ ഈണമിട്ട ‘മൻ മോഹനാ’ എന്ന ഗാനം ഈ പടത്തിൽ പി മാധുരി വീണ്ടും പാടിയിരിക്കുന്നു. പടത്തിൽ പല നിർണായകമായ രംഗങ്ങളിൽ ആ ഗാനം വരുന്നുമുണ്ട്.ചന്ദ്രമോഹനാണ് ക്യാമറ ചെയ്തത്. ദേവരാജൻ മാസ്റ്റർ ബിജിഎം,എസ് കൊന്നന്നാട്ട് ആർട്ട്, രവി എഡിറ്റിംഗ്, പിന്നീട് സംവിധായകനായ പ്രദീപ് ചൊക്ലി പടത്തിന്റെ ഡിസൈൻ എന്നിവ കൈകാര്യം ചെയ്തു.1983 ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചാരം അന്ന് തിയേറ്റർ വിജയം നേടിയില്ല. പടത്തിന്റെ നല്ല പ്രിന്റ് യൂട്യൂബിൽ ഉണ്ട്. കാണാൻ ശ്രമിക്കുക.