മാണി സാറിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒരിക്കലും യുഡിഎഫ് അല്ല, മറിച്ച് ജോസ് മോനാണ്

0
118

Rahul Mamkootathil

മാണി സാറിനെ UDF ൽ നിന്ന് പുറത്താക്കിയത് ഒരിക്കലും UDF അല്ല, മറിച്ച് ജോസ് മോനാണ്.
KM ജോർജ്ജ് തൊട്ട് KM മാണി വരെയുള്ളവരെ ഹൃദയത്തോട് ചേർത്തു പിടിച്ച് സംരക്ഷിച്ചിട്ടുണ്ട്. പേരിൻ്ററ്റത്ത് മാണിയെ ചേർത്തു പിടിച്ചാൽ, കരിങ്ങോഴക്കൽ തറവാട്ടിലെ സ്വത്ത് കിട്ടുമായിരിക്കും, പക്ഷേ രാഷ്ട്രീയ ലഗസിയോ ജനകീയാംഗീകാരമോ കിട്ടില്ല.
ചതിയുടെ കാര്യമൊന്നുമാരും കണ്ണീർപ്പൊഴിച്ച് പറയണ്ട. കോൺഗ്രസ്സ് പ്രവർത്തകരുടെയും UDF കാരുടെയും വിയർപ്പിൻ്റെ ഫലമായി കിട്ടിയ ലോക്സഭാ മെമ്പർ സ്ഥാനവും, അഞ്ച് MLA മാരെയും കൂട്ടി ചരൽക്കുന്നിലിരുന്നു ചിക്കൻ കൂട്ടി ചോറു കഴിക്കുന്നതിനിടയിലെടുത്ത രാഷ്ട്രീയ തീരുമാനത്തിൻ്റെ പേരിൽ സമദൂരം പ്രഖ്യാപിച്ചതൊന്നും ഞങ്ങൾ മറന്നിട്ടില്ല.
ഇത്തരം രാഷ്ട്രീയ അവസരവാദികൾക്കെതിരെ ശക്തമായ നിലപാട് ഇതിനു മുൻപേ എടുക്കണ്ടതായിരുന്നു. മുന്നണി രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന മര്യാദ പാലിക്കാത്ത പുകഞ്ഞ കൊള്ളി പുറത്ത് എന്ന ധീരമായ തീരുമാനമെടുത്ത മുന്നണി നേതൃത്വത്തിനു ഹൃദയാഭിവാദ്യങ്ങൾ. ഇനിയെത്ര തെരഞ്ഞെടുപ്പുകൾ ജയിച്ചാലും തോറ്റാലും മുന്നണിയുടെ അഭിമാനവും ആദർശവും ആർക്കു മുന്നിലും അടിയറവ് പറയാൻ പാടില്ല.

മാണി സാറിൻ്റെ മരണശേഷം, പാലാ പാലം വലിച്ച് തോല്പ്പിച്ചവർ, മാണി സാറിനെ ചതിച്ച കഥ പറയരുത്. യയാദിക്ക് തൻ്റെ ബാല്യം കൊടുത്ത പുരുവിൻ്റെ കഥയല്ല ജോസിനുള്ളത്. മറിച്ച് പിതാവിനെ പുത്രവാത്സല്യത്താൽ അന്ധനാക്കി, അധാർമ്മിക പ്രവർത്തികളിലേർപ്പെട്ട ദുര്യോധനായാണ് ജോസിനെ ചരിത്രം രേഖപ്പെടുത്തുക. UDF ൽ നില്ക്കുമ്പോൾ തന്നെ, കെ സുരേന്ദ്രനും, കൊടിയേരി ബാലകൃഷ്ണനും തൊട്ട് കോവൂർ കുഞ്ഞുമോൻ്റെ വരെ പാർട്ടിയുമായി മുന്നണി ബന്ധം ചർച്ച ചെയ്ത ജോസ് വിഭാഗത്തിന് മാന്യതയുണ്ടെങ്കിൽ UDF ൽ നിന്ന് നേടിയെടുത്ത MP സ്ഥാനങ്ങളും, MLA സ്ഥാനങ്ങളും രാജി വെയ്ക്കണം. ജോസിനു മാന്യത പ്രതീക്ഷിക്കുന്നതൊക്കെ അതിമോഹമാണെന്ന് ബോധ്യമുണ്ട്.