കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയാകാനുള്ള മിനിമം ക്വാളിഫിക്കേഷൻ കോൺവെന്റ് ഇംഗ്ലീഷല്ല

0
179

Rahul Narayanan Anupama

“നിയുക്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ‘കുറവി’നെ അവഹേളിക്കുന്ന പോസ്റ്റുകൾ കണ്ടു.ഈ പറയുന്നവരൊക്കെ ഒരു നാല് വരി ഇംഗ്ലീഷ് ഒന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്ത് നോക്ക്. തെക്കേ ഇന്ത്യക്കാർക്ക് മാത്രം പോര, അമേരിക്കക്കാർക്കും ഓസ്ട്രേലിയക്കാർക്കും ഒക്കെ മനസ്സിലാകുന്ന പോലെ വേണം.ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന് പറഞ്ഞു നടക്കുന്ന ഞാൻ ഓസ്‌ട്രേലിയയിൽ പോയപ്പോൾ ഒരു കാര്യം നാല് തവണ പറയുമ്പോഴാണ് അവിടെയുള്ളവർക്ക് മനസ്സിലായത്. തിരിച്ചും. ബ്രിട്ടീഷ്, അമേരിക്കൻ ആളുകളോടൊക്കെ സംസാരിച്ചപ്പോൾ ഏകദേശം ഇതൊക്കെ തന്നെയാണ് അവസ്ഥ.

ശാസ്ത്രവിഷയങ്ങളിൽ പിഎച്ഡിയും ആധുനിക വൈദ്യശാസ്ത്രങ്ങളിൽ ഡിഗ്രിയും ഒക്കെയുള്ള മിടുക്കന്മാർ ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും കുരുക്ഷേത്രയുദ്ധത്തിൽ ഉപയോഗിച്ച ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ചും ആണവമിസൈലുകളെക്കുറിച്ചും, എന്തിന് ചാണകതിയറിയും ഒക്കെ ഇംഗ്ലീഷിൽ ക്ലാസ് എടുക്കുന്ന കേട്ടാൽ ഇന്ത്യക്കാർ ആണെന്ന് മറ്റുള്ളവരോട് പറയുന്നത് തന്നെ അപമാനമായി തോന്നും. പതിനെട്ട് ഭാഷ അറിഞ്ഞിട്ടും കാര്യമില്ല, അതിലൂടെ ഒക്കെ പുറത്ത് വരുന്നത് വർഗ്ഗീയതയും ജാതീയതയും റേസിസവും ആണെങ്കിൽ.

ഒൻപത് ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷ് ഉൾപ്പെടെ ആറു വിദേശഭാഷകളും സംസാരിച്ചിരുന്ന നരസിംഹ റാവുവിന് അതിൽ ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും പറയാൻ കഴിഞ്ഞില്ല – ബാബറി മസ്ജിദ് പൊളിക്കരുത് എന്ന്.ഈ പരിഹസിച്ചവർ തന്നെയാകണം കെകെ ശൈലജയെ തുന്നൽ ടീച്ചർ എന്ന് പരിഹസിച്ചു നോക്കിയത്. അതിന് മറുപടിയായി താൻ തുന്നൽ ടീച്ചർ അല്ല എന്നല്ല അവർ പറഞ്ഞത്, മറിച്ച് തുന്നൽ ടീച്ചർക്ക് എന്താണ് കുഴപ്പം എന്ന വായടപ്പിച്ചു കൊണ്ടുള്ള ഒരു ചോദ്യമായിരുന്നു. ഇത്തരം ബോധ്യമാണ് നമ്മുടെ മന്ത്രിമാർക്ക് വേണ്ടത്.

ഭാഷയെക്കുറിച്ച് മിനിമം വിവരമുള്ളവർ മറ്റൊരാളുടെ ഭാഷയെ പരിഹസിക്കില്ല. വിദ്യാഭ്യാസമന്ത്രിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് നാളെ മുതൽ ഇവിടെ വിദ്യാർത്ഥികൾ ആ ഭാഷ പഠിക്കേണ്ട എന്ന് തീരുമാനിക്കുമോ! കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയാകാനുള്ള മിനിമം ക്വാളിഫിക്കേഷൻ ഇവിടത്തെ കോൺവെന്റ് ഇംഗ്ലീഷോ ബാബു ഇംഗ്ലീഷോ ആണെന്ന് ധരിച്ചവരോട് (അതും subtitles ഇല്ലാതെ ഇംഗ്ലീഷ് സിനിമകൾ കണ്ടാൽ ഒരന്തവും കുന്തവും പിടികിട്ടാത്തവർ – അതും ഒരു തെറ്റല്ല എന്നു മനസ്സിലാക്കാൻ ഉദാഹരണം പറഞ്ഞതാണ്) ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ!”