പെൺകുട്ടികളുടെ അച്ഛന്റെ ഈ മനോഹരമായ കുറിപ്പ് വായിക്കുക…

Rahul Narayanan എഴുതുന്നു

ഒരിക്കൽ അരു പറഞ്ഞു, എനിക്ക് കല്യാണം കഴിക്കേണ്ട.

കാര്യം എട്ട് എട്ടര വയസുള്ള കൊച്ചു കുട്ടിയാണ്, അരുന്ധതി. ഭാവിയിൽ ചിന്താഗതികൾ മാറിയേക്കാം. എങ്കിലും അവളോട് ഞാൻ കുറച്ചു പറഞ്ഞിട്ടുള്ളതും ഇനി പറയാൻ ആഗ്രഹിക്കുന്നതും ഇതാണ്.

(ലിംഗഭേദമെന്യേ എല്ലാ കുട്ടികളോടും, അവരുടെ അച്ഛനമ്മമാരോടും)

Image may contain: 3 people, people smilingവിവാഹം, അല്ലെങ്കിൽ ഒരു പങ്കാളിയോടൊത്തുള്ള ജീവിതം എന്നത് ഒരാളുടെ വ്യക്തിപരമായ ‘ഒരു’ കാര്യമാണ്. ജീവിതത്തിലെ പല കാര്യങ്ങളിലൊന്നു മാത്രമാണ് വിവാഹവും ദാമ്പത്യവും. ഒരു ഓപ്‌ഷൻ. വേണമോ വേണ്ടയോ, വേണമെങ്കിൽ ഏത് പ്രായത്തിൽ, ആരെ, ഏത് ലിംഗത്തിലുള്ളവരെ എന്നൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അത് തനിക്ക് വേണ്ട എന്നാണെങ്കിൽ അതിന് പ്രത്യേകിച്ചൊരു കാരണം പോലും ആവശ്യമില്ല!

സ്വന്തം ജീവിതത്തിൽ ഏറ്റവും പ്രധാനം അവനവൻ, അല്ലെങ്കിൽ അവളവൾ തന്നെയാണ്. മക്കളോ പങ്കാളിയോ അച്ഛനമ്മമാരോ ഒക്കെ അതിന് ശേഷം മാത്രമേ വരുന്നുള്ളൂ. സ്വന്തം സമാധാനവും സന്തോഷവും മാറ്റി വെച്ചു കൊണ്ട് ഇപ്പറഞ്ഞ ആർക്കും വേണ്ടി ജീവിച്ചു സ്വയം തുലയ്ക്കരുത്.

താല്പര്യമുള്ള രീതിയിലുള്ള വിദ്യാഭ്യാസം, ഇഷ്ടപ്പെട്ട കരിയർ, സാമ്പത്തികമായ സ്വയംപര്യാപ്തത, സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനുള്ള കഴിവ് – ഇതൊക്കെ കൈവരിക്കലാണ് ആദ്യം വേണ്ടത്.

വിവാഹപ്രായം എന്നൊന്നില്ല. ശൂന്യാകാശത്തു നിൽക്കുന്ന നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ചന്ദ്രന്മാർക്കും അവയെ “ശാസ്ത്രീയമായി” വിറ്റ് ജീവിക്കുന്ന ജ്യോൽസ്യന്മാർക്കും അടിയറ വെക്കേണ്ട ഒന്നല്ല ജീവിതം.

വിവാഹപ്രായം എന്നൊന്നില്ല. ഭരണഘടന വിധിക്കുന്ന മിനിമം പ്രായമുണ്ട്. എന്ന് കരുതി 18 വയസായാൽ അച്ഛനമ്മമാർ പെണ്മക്കൾക്ക് വേണ്ടി ചിന്തിച്ചു തുടങ്ങേണ്ട കോഴ്‌സ് അല്ല വിവാഹം.

വിവാഹപ്രായം എന്നൊന്നില്ല. അത് സ്വന്തം ഇഷ്ടപ്രകാരം ഏത് വയസിലും ആകാവുന്നതാണ്. 45 വയസ്സായി ഇനിയെന്ത് കല്യാണം എന്ന് ചിന്തിക്കുന്നത് വിവാഹം കഴിക്കുന്നത് ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് എന്ന് കരുതുന്ന ചിന്താദാരിദ്ര്യം ഉള്ളവരാണ്.

അറുപതോ എഴുപതോ വയസായിട്ടും വിവാഹിതരാവുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ഇതിനങ്ങനെ ഒരു പ്രായമൊന്നുമില്ല. പ്രണയത്തിന് തീരെയില്ല.

ഇനി മകൾക്ക് വിവാഹം വേണ്ടെങ്കിൽ അതവളുടെ തീരുമാനമാണ്. എനിക്ക് അതിൽ അവളോട് ആദരവും. ഇനി വേണമെങ്കിൽ അതും അവളുടെ തീരുമാനം.

പക്ഷെ പ്രണയം. അതറിയുന്നതാണ് നല്ലത്. കുറഞ്ഞത് ഒരിക്കലെങ്കിലും. പ്രണയിച്ചും അതു പൊട്ടുമ്പോഴുള്ള വേദനയും പുതിയൊരു പ്രണയവും ഒക്കെ അവൾ (അവൾ മാത്രമല്ല, മക്കൾ രണ്ടു പേരും) അറിഞ്ഞു തന്നെ ജീവിക്കട്ടെ. മിടുക്കികളും തോന്ന്യവാസികളുമായി തന്നെ വരട്ടെ.

എങ്കിലും, അച്ഛനമ്മമാർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ അത് നടക്കേണ്ടെ മോളെ എന്ന് ഞാനൊരിക്കലും പറയുകയോ ചിന്തിക്കുകയോ ചെയ്യില്ല. പ്രായമാകുമ്പോൾ ഒരു കൂട്ട് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണെന്നുറപ്പ്. ഇപ്പോൾ പല വീടുകളിലും പ്രായമേറിയ ഭർത്താവ് മരിച്ച് ഒറ്റയ്ക്കാവുന്ന ഭാര്യമാർ കണ്ടേക്കും. മക്കളിൽ നിന്ന് പോലും അഭയം കിട്ടാത്തവരും. അല്ലെങ്കിൽ മക്കളുടെ വീടുകളിൽ മാസാമാസം ശമ്പളം കൊടുക്കേണ്ടാത്ത ‘ഉദ്യോഗസ്ഥകളാ’യിട്ടും.

എന്തിന്. സമൂഹം ഇങ്ങനൊരു നാട്ടുനടപ്പ് വിധിച്ചിട്ടുള്ളത് കൊണ്ട് വിവാഹം കഴിച്ചേ തീരൂ, കഴിച്ചാൽ കുട്ടികൾ ഉണ്ടായേ തീരൂ എന്നൊക്കെ കരുതുന്നത് മൗഢ്യമാണ്.

എന്റെ “ഭാരമിറക്കി വെക്കാൻ” വേണ്ടി ഞാൻ മക്കളെ ആരുടെയും തലയിൽ വെച്ചിട്ട് “ഊരാൻ” ഉദ്ദേശിക്കുന്നില്ല.

പലരും പറയുന്ന ഒരു വാദം കുട്ടികൾക്ക് പലപ്പോഴും സ്വന്തമായി തീരുമാനിക്കാൻ കഴിയില്ലെന്നാണ്. 20 വയസിൽ ആ പ്രാപ്തി ആയിട്ടില്ലെങ്കിൽ ഉടനെ പിടിച്ചു “കെട്ടിക്കൽ” ആണോ പരിഹാരം! എന്തൊരു വൈരുദ്ധ്യം!

“കെട്ടിക്കാ”നെന്താ പശുവാണോ. കെട്ടിച്ച”യയ്ക്കാൻ” പെൺകുട്ടികൾ എന്താ പാഴ്‌സലോ. കെട്ടിച്ചു “കൊടുക്കാൻ” അവരെന്താ വസ്തുക്കളോ. അവളെ അയച്ചു, കൊടുത്തു മുതലായ പ്രയോഗങ്ങൾ അച്ഛനമ്മമാരിൽ നിന്ന് കേൾക്കുമ്പഴേ എനിക്ക് കലി കേറും.

പത്തിരുപത് വയസ്സ് വരെ അന്യരോട് സംസാരിക്കരുതെന്നൊക്കെ പറഞ്ഞു വളർത്തിയിട്ട് പെട്ടെന്നൊരു ദിവസം അന്യപുരുഷനെ കാട്ടിക്കൊടുത്ത് കല്യാണം കഴിപ്പിച്ച് ഒരു മുറിയിലടച്ചിട്ട് “ഉം… ഇനി രണ്ടു പേരും സ്നേഹിച്ചോ…” എന്നു പറഞ്ഞ്‌ തടി തപ്പുന്ന രീതി ഞാനെന്റെ മക്കളോട് കാണിക്കുന്നതിലും ഭേദം അവരെ സ്നേഹിക്കാതെ ഇരിക്കുന്നതല്ലേ.

ഞാനറിയുന്ന കുട്ടികളോട്:

സ്വന്തം വിദ്യാഭ്യാസം, ജോലി, സ്വന്തം സന്തോഷം ഇതെല്ലാം ഉപേക്ഷിച്ച് മറ്റൊരാൾക്ക് വേണ്ടി ജീവിക്കരുത്. അങ്ങനെ ത്യാഗം ചെയ്യുന്നവരെ ആരും ബഹുമാനിക്കുകയോ തിരിച്ച് ഇതേ ത്യാഗമനോഭാവം അങ്ങോട്ട് കാണിക്കുകയോ ചെയ്യില്ല. മറിച്ച് ഈ “ത്യാഗം” അവർ തുടർന്നും പ്രതീക്ഷിക്കും, അത്ര തന്നെ.

സ്വന്തം ജീവിതത്തിൽ ഇങ്ങനൊരു പരിപാടി വേണോ, വേണമെങ്കിൽ എപ്പോൾ, ആരെ എന്നൊക്കെയെങ്കിലും തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ പെൺകുട്ടി എന്ന പേരിൽ എന്ത് യന്ത്രത്തെയാണ് നാം വളർത്തിക്കൊണ്ടു വരുന്നത്!

======

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.