രാഹുൽ രവി
1000 കോടി ജനതയെ തീറ്റിപോറ്റാൻ പോന്ന സാങ്കേതിക വിദ്യ
നമ്മൾ ഇന്ന് 2022 ൽ 780 കോടി ജനസംഖ്യ ഉള്ള ഒരു ആഗോള സംസ്കാരം ആണ്, 2050 ആവുമ്പോഴേക്കും അത് 1000 കോടി ആവാൻ സാധ്യതയുണ്ട്, 2064 വരെ ഈ ജനസംഖ്യ നിലനിക്കുകയും, തുടർന്ന് 800 കോടിയിലേക്ക് 2100 ആവുമ്പോഴേക്കും ചുരുങ്ങി തുടങ്ങുകയും ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്.അതായത് വരുന്ന 45 വർഷം ജനസംഖ്യ വർദ്ധിച്ചു കൊണ്ടേ ഇരിക്കും എന്ന് സാരം, അധികം വരുന്ന ഈ 220 കോടി ആഗോള ജനതയെ നമ്മൾ എങ്ങനെ തീറ്റിപോറ്റും ???
1. സുസ്ഥിര സമുദ്ര വിഭവ കൃഷി
2. സുസ്ഥിര ഭക്ഷണകാടുകൾ
3. സുസ്ഥിര മേച്ചിൽ പുറങ്ങൾ
4.രാസവളങ്ങളും ജൈവ രീതികളും സംയോജിക്കുന്ന ഹൈബ്രിഡ് കൃഷി രീതികൾ
ഇനി ഈ നിഗമനങ്ങളിലേക്ക് എങ്ങനെ എത്തി എന്ന് നോക്കാം.ആദ്യം ഓരോ ആവാസ വ്യവസ്ഥയും ഭൂമിയുടെ പ്രതലത്തിൽ എത്രത്തോളം ഉണ്ട്,?അവ എത്ര ബയോമാസ്സ് ഉത്പാദിപ്പിക്കുന്നു, ?
ഭൂമിയുടെ മൊത്തം ബയോമാസ്സ് ഉല്പാദനത്തിന്റെ എത്ര ശതമാനം അവ സംഭാവന ചെയ്യുന്നു,?
എന്ന് വിശകലനം ചെയ്യുകയും,ഇതിൽ ഏറ്റവും ഉൽപാദന ക്ഷമതയുള്ള സംവിധാനങ്ങൾ, ഭക്ഷണ ഉത്പാദനത്തിന് വേണ്ടി അനുകരിക്കുകയും ചെയ്യുക എന്നതാണ് യുക്തി.
1. പവിഴ പുറ്റുകൾ/പായൽപരപ്പുകൾ
ഭൂമിയിലെ ഏറ്റവും സമ്പന്നമായ, ജൈവവിവിധ്യമാർന്ന, ഉൽപാദന ക്ഷമത കൂടിയ, ആവാസവ്യവസ്ഥയാണ് ഇത്. കടലിലെ മൊത്തം ജൈവ വൈവിധ്യത്തിന്റെയും 30 % ത്തോളം ഇവിടെ കണ്ട് വരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ വെറും 0.1% മാത്രം വരുന്ന ഈ ആവാസവ്യവസ്ഥ, ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്നും 2500 ഗ്രാം അഥവാ 2.5 കിലോഗ്രാം ബയോമാസ്സ് ഉത്പാദിപ്പിക്കുന്നു. ഭൂമിയിലെ മൊത്തം പ്രാഥമിക ഉത്പാദനത്തിന്റെ 1 % ത്തോളം എങ്കിലും ഇവിടെ നിന്നുമാണ് വരുന്നത്,
2.നിത്യ ഹരിത ഉഷ്ണമേഖല മഴക്കാടുകൾ
പവിഴ പുറ്റുകൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും പ്രാഥമിക ഉൽപാദന ക്ഷമത കൂടിയ ആവാസ വ്യവസ്ഥയാണ് ഇവ.ഭൂമധ്യ രേഖയ്ക്ക് അടുത്ത് വരുന്ന മഴക്കാടുകൾ ആണ് ഭൂമിയിലെ തന്നെ ഏറ്റവും ഉൽപാദന ക്ഷമതയുള്ള രണ്ടാമത്തെ ആവാസ വ്യവസ്ഥഭൂമിയുടെ ഉപരിതലത്തിൽ വെറും 3.3% വരുന്ന മഴക്കാടുകൾ, ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു വർഷം ഏകദേശം 2200 മില്ലിഗ്രാം അഥവാ 2.2 കിലോഗ്രാം പ്രാഥമിക ബയോമാസ്സ് ഉൽപാദനം നടത്തുന്നു, ഭൂമിയിലെ മൊത്തം പ്രാഥമിക ഉൽപാദനക്ഷമതയുടെ 22 % ത്തോളം സംഭാവന നൽകുന്നത് മഴക്കാടുകൾ ആണ് ഭൂമിയുടെ 65% ഉപരിതലത്തിൽ പരന്ന് കിടക്കുന്ന കടൽ ആകെ ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു വർഷം ഉത്പാദിപ്പിക്കുന്ന ബയോമാസ്സ്, വെറും 125 ഗ്രാം ആണ്, എന്ന് മനസിലാക്കുക, അത്തരത്തിൽ 65% വരുന്ന കടലിന്റെ ഉപരിതലം, ഭൂമിയിലെ ബയോമാസിന്റെ 24% ത്തോളം നൽകുമ്പോൾ , ഏകദേശം അതേ ഉത്പാദനം ,കാടുകൾ വെറും 3.3% ഉപരിതല വിസ്തൃതിയിൽ നടത്തുന്നു.
3.ചതുപ്പുകൾ കണ്ടൽ കാടുകൾ,
പ്രാഥമിക ഉൽപാദന ശേഷിയിൽ മൂന്നാമത് നിൽക്കുന്നത് ,കണ്ടൽ കാടുകളും ചതുപ്പ് നിലങ്ങളും ആണ്,
ഭൂമിയുടെ പ്രതല വിസ്തീർണത്തിന്റെ വെറും 0.4% വരുന്ന ഈ ആവാസ വ്യവസ്ഥ, ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 2000 ഗ്രാം വരെ ബയോമാസ്സ് ഉത്പാദിപ്പിക്കുന്നു, ഭൂമിയിലെ മൊത്തം പ്രാഥമിക ബയോമാസ്സിന്റെ, 2.4 % ആണ് ഇത്, എന്നാൽ ഇന്ന് കണ്ടൽ ചെടികൾ പലതും വംശ നാശ ഭീക്ഷണിയിൽ ആണ്, കേരളത്തിൽ കണ്ണൂർ ജില്ലയിൽ ഒഴികെ എല്ലായിടത്തും, കണ്ടൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്,വനവൽക്കരണത്തിന് ലഭിക്കുന്ന ശ്രദ്ധ പലപ്പോഴും കടലിലെ മഴക്കാടുകൾ എന്ന് വിളിക്കുന്ന കണ്ടൽകാടുകൾക്ക് ലഭിക്കാറില്ല,സുസ്ഥിരമായ നമ്മുടെ മൽസ്യ വിഭാവത്തിനും തീരദേശ സംരക്ഷണത്തിനും ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ആവാസ വ്യവസ്ഥയാണ് കണ്ടൽ വനങ്ങൾ.
4. ഉഷ്ണമേഖലാ ഇലപൊഴിയും മഴക്കാടുകൾ
ഉഷ്ണമേഖലയിൽ തന്നെ ഇലപൊഴിയുന്ന മരങ്ങൾ കൂടി ഉൾപ്പെടുന്ന വനങ്ങളാണ് ഇവ, ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 1600 ഗ്രാം ബയോമാസ്സ് ഉൽപാദിപ്പിക്കാൻ ഇവയ്ക്ക് കഴിയും ഭൂമിയുടെ ഉപരിതലത്തിൽ 1.5 ശതമാനം മാത്രമാണ് ഇവ ഉള്ളത് എങ്കിലും, ഭൂമിയിലെ മൊത്തം ബയോമാസ്സ് ഉത്പാദനത്തിന്റെ 7.1 % എങ്കിലും ഈ ഇലപൊഴിയും മഴക്കാടുകളുടെ സംഭാവനയാണ്.
കഴിഞ്ഞ 50 വർഷം കൊണ്ട് ആമസോൺ കാടുകളുടെ 17 ശതമാനം നശിപ്പിക്കപ്പെട്ടു എന്നും ഓർക്കുക.
5.അഴിമുഖങ്ങൾ
ധാതുസമൃദ്ധതമായ നദീജലം കടലിൽ വന്ന് ചേരുമ്പോൾ , അവിടെ വൻ തോതിൽ ബയോമാസ്സ് ഉൽപാദനം നടക്കുന്നുണ്ട്.ഭൂമിയിലെ നദികളുടെ അഴിമുഖങ്ങൾ എല്ലാം കൂടി പ്രതല വിസ്തീർണത്തിന്റെ 0.3% മാത്രമാണ് വരുന്നത്, എന്നാൽ വർഷത്തിൽ ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 1500 ഗ്രാം അഥവാ 1.5 കിലോഗ്രാം ബയോമാസ്സ് ഉൽപാദിപ്പിക്കാൻ ഈ ആവാസ വ്യവസ്ഥകൾക്ക് കഴിയും,ഭൂമിയിലെ മൊത്തം പ്രാഥമിക ബയോമാസ്സിന്റെ 1.2 ശതമാനം ആണ് ഇത്
6.മിത ശീതോഷ്ണ ഇല പൊഴിയും കാടുകൾ
ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ 2.3 % വരുന്ന ഈ വനങ്ങൾ ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 1250 ഗ്രാം ബയോമാസ്സ് ഉത്പാദിപ്പിക്കുന്നു, ഭൂമിയിലെ മൊത്തം ബയോമാസ്സ് ഉത്പാദനത്തിന്റെ 8.8 ശതമാനവും ഈ ഇലപൊഴിയും കാടുകളുടെ സംഭാവനയാണ് .
7. പുൽ മേടുകൾ
ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ 3 % ത്തോളം പുൽമേടുകൾ ആണ്, ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്നും 900 ഗ്രാം ബയോമാസ്സ് ഉൽപാദിപ്പിക്കാൻ ഇവയ്ക്ക് കഴിയും, ഭൂമിയുടെ മൊത്തം ബയോമാസ്സ് ഉത്പാദനത്തിന്റെ 8 % ആണ് ഈ ആവാസ വ്യവസ്ഥയുടെ സംഭാവന.
8. ശീതമേഖല വനങ്ങൾ
വർഷത്തിൽ 6 മുതൽ 8 മാസം വരെ മഞ്ഞുമൂടി കിടക്കുന്ന പ്രദേശത്തെ വനമാണ് ഇവ,
വർഷത്തിൽ ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 800 ഗ്രാം വരെ ബയോമാസ്സ് ഉൽപാദിപ്പിക്കാൻ ഈ ആവാസ വ്യവസ്ഥയ്ക്ക് കഴിയും, ഭൂമിയുടെ ഉപരിതലത്തിന്റെ, 2.4% ൽ ആണ് ഇവ സ്ഥിതി ചെയ്യുന്നത്.
9. വനഭൂമി,
നിബിഢമായ വനങ്ങൾ അല്ലാതെ വെളിച്ചം കടന്ന് ചെല്ലുന്ന വനങ്ങളാണ് ഭൂമിയുടെ ഉപരിതലത്തിന്റെ 1.7 % വരുന്നത് ,ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന്, 700 ഗ്രാം വരെ ബയോമാസ്സ് ഉൽപാദിപ്പിക്കാൻ ഈ ആവാസ വ്യവസ്ഥയ്ക്ക് കഴിയും, ഭൂമിയുടെ മൊത്തം ബയോമാസ്സ് ഉത്പാദനത്തിന്റെ 3.5 % ആണ് ഈ ആവാസ വ്യവസ്ഥയുടെ സംഭാവന.
10. കൃഷിഭൂമി
നമ്മുടെ ആധുനിക കൃഷി രീതി പത്താം സ്ഥാനത്താണ് പ്രാഥമിക ബയോമാസ്സ് ഉത്പാദനത്തിന്റെ കാര്യത്തിൽ ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 650 ഗ്രാം പ്രാഥമിക ബയോമാസ്സ് ഉൽപാദിപ്പിക്കാനേ നമുക്ക് കഴിയുന്നുള്ളൂ, ശൈത്യമേഖലയിലെ പുൽമേടുകൾ വർഷം 600 ഗ്രാം ഉത്പാദനം നടത്തുമ്പോൾ അതിൽ നിന്നും അല്പം മാത്രമേ ആധുനിക കൃഷിക്ക് ഉൽപാദന ക്ഷമത ഉള്ളൂ എന്നർത്ഥം,
ഭൂമിയുടെ പ്രതലത്തിന്റെ ആകെ 2.7 % നമ്മൾ കൃഷി ചെയ്യുന്നുണ്ട്, ഭൂമിയുടെ മൊത്തം ബയോമാസ്സ് ഉല്പാദനത്തിന്റെ 5.4 % ആണിത്,
11. മരുഭൂമി/അർദ്ധ മരുഭൂമി
ഭൂമിയുടെ ഉപരിതലത്തിൽ 4.7 % മരുഭൂമികളും, 3.5% അർദ്ധ മരുഭൂമികളുമാണ് ഉള്ളത്, ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് മരുഭൂമികൾ വെറും 3 ഗ്രാം ബയോമാസ്സ് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അർദ്ധ മരുഭൂമികൾ 90 ഗ്രാമും, മഴക്കാടുകൾ മരുഭൂമിയെ അപേക്ഷിച്ച് 700 ഇരട്ടിയിൽ അധികമാണ് ബയോമാസ്സ് ഉത്പാദിപ്പിക്കുന്നത്,
12. കടലിലെയും നദിയിലെയും,കരയിലെയും മറ്റ് ആവാസ വ്യവസ്ഥകളും കൂട്ടി
ഉപരിതലത്തിന്റെ ആകെ 7.3 % വരും ഈ ആവാസ വ്യവസ്ഥകൾ എല്ലാം ചേർത്ത് ഒരു വർഷം ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ശരാശരി 1250 ഗ്രാം ഉത്പാദനം നടത്തുന്നുണ്ട്, ഭൂമിയിലെ മൊത്തം പ്രാഥമിക ഉത്പാദനത്തിന്റെ 6.7 % ആണ് ഈ കണക്കുകൾ നമ്മുടെ കൃഷി രീതിയെ ചോദ്യം ചെയ്യുന്നവയാണ്,
എന്ത് കൊണ്ട് നമുക്ക് വള പ്രയോഗവും കീടനാശിനിയും തുടങ്ങി അനേകം വഴികൾ പയറ്റിയിട്ടും, ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഏറ്റവും ബയോമാസ്സ് ഉണ്ടാക്കാൻ കഴിയുന്നില്ല ???
ഇന്ന് ആധുനിക കൃഷിയിൽ ഏറ്റവും കുറഞ്ഞ input ന് കൂടുതൽ വിളവ് തരുന്നത് നെല്ല് ആണ്,
ഒരു ഏക്കറിൽ നിന്ന് 6 ടൺ ആണ് പരമാവധി അരി ഉൽപാദന ക്ഷമത എന്ന് പറയുന്നു, അതായത് ഒരു ചതുരശ്ര മീറ്ററിൽ നിന്ന് 250 ഗ്രാം, നെൽച്ചെടിയുടെ വേരും തണ്ടും ഇലയും കൂടുമ്പോൾ അങ്ങനെ 650 ഗ്രാം ആണ് ഏറ്റവും കൂടിയ ഉത്പാദനം, ഇനി കാരണം നോക്കാം,
മുകളിൽ കൊടുത്തിരിക്കുന്ന ഡാറ്റായിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ജൈവ വൈവിധ്യം കൂടുതൽ ഉള്ള ആവാസ വ്യവസ്ഥകൾ അതിന് ആനുപാതികമായി പ്രാഥമിക ബയോമാസ്സ് ഉത്പാദനം നടക്കുന്നുണ്ട്.ജൈവ വൈവിധ്യം ഏറ്റവും കുറവുള്ള മാരുഭൂമികളെ അപേക്ഷിച്ച് 700 ഇരട്ടിക്ക് മേലെ
മോണോ കൾച്ചർ പാടങ്ങളെ അപേക്ഷിച്ച് 3.4 ഇരട്ടി ഉൽപാദന ക്ഷമത ഉള്ള സംവിധങ്ങൾ പ്രകൃതിയിൽ ജൈവ വൈവിധ്യം മൂലം ഉണ്ടാവുന്നു, ഇതിനെ അനുകരിച്ചു കൊണ്ടാണ് ഭക്ഷണ കാടുകൾ നമ്മൾ നിർമ്മിക്കുന്നത്, വൈവിധ്യമാർന്ന പഴചെടികളും, അവയെ സപ്പോർട്ട് ചെയ്യുന്ന മറ്റ് പാഴ് മരങ്ങളും ചേർന്ന ഒരു ഭക്ഷണ കാടിന്റെ ഉൽപാദന ക്ഷമതയോട് നമുക്ക് കിട പിടിക്കാൻ കഴിയില്ല,
ഇപ്പോഴുള്ള കാർഷിക സംവിധാനം, സുസ്ഥിര ഭക്ഷണക്കാട് ആക്കിയാൽ, നമുക്ക് ഇപ്പോഴുള്ള ഉത്പാദനത്തിന്റെ 3 ഇരട്ടി എങ്കിലും വർദ്ധന ഉണ്ടാവും, അതായത് ഇപ്പോഴുള്ള ലോക ജനസംഖ്യയുടെ ഇരട്ടി ജനതയെ നമുക്ക് ഭൂമിയിലെ ഈ ആവാസ വ്യവസ്ഥ മാത്രം ഉപയോഗിച്ചു തീറ്റിപോറ്റാൻ കഴിയും,
പവിഴ പുറ്റുകൾ നമ്മൾ കടലിൽ വെച്ചു പിടിപ്പിച്ചും, മറ്റ് സമുദ്ര വിഭവങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കിയും, കണ്ടൽ വനങ്ങളും ചതുപ്പുകളും പുനഃസ്ഥാപിച്ചാൽ ,അത് വഴി സമുദ്രത്തിൽ പ്രകൃതി കൃഷി നടത്തിയാൽ ,ഇപ്പോഴുള്ള ജനസംഖ്യയുടെ മൂന്നും നാലും ഇരട്ടി ജനതയെ നമുക്ക് തീറ്റിപോറ്റാൻ പറ്റും, മരുഭൂമികൾ പകുതി എങ്കിലും തിരിച്ചു പിടിച്ചാൽ പോലും നമുക്ക് ഇന്നുള്ള മുഴുവൻ ജനതയെയും തീറ്റിപോറ്റാൻ പറ്റും, ഇവയെല്ലാം കൂടി ചെയ്താൽ ഭൂമിയിലെ ഇപ്പോൾ ഉള്ള ബയോമാസ്സ് ഉത്പാദനം പത്തിരട്ടിക്ക് മുകളിൽ നമുക്ക് വർദ്ധിപ്പിക്കാം,
ഇത്തരത്തിൽ, നമ്മൾ ഇതുവരെ പുറത്ത് വിട്ട സകല കാർബണും, വരുന്ന 45 വർഷം കൊണ്ട് നമുക്ക് തിരിച്ചു പ്രകൃതിയുടെ ഭാഗമാക്കാം ഈ ഭൂമിയിൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനും , ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും പ്രകൃതിയുടെ സമ്പന്നതയിൽ ഏദൻ തോട്ടത്തിൽ വളരാനും വേണ്ട, വിഭവങ്ങൾ, ജൈവ വൈവിധ്യം ഇന്ന് നമ്മുടെ കയ്യിലുണ്ട്, അതിന് വേണ്ട സാങ്കേതിക വിദ്യകളും ഉണ്ട്, പ്രകൃതിയെ കാര്യമായി ചൂക്ഷണം പോലും ചെയ്യാതെ നമുക്ക് ഇവിടെ ഇനിയും ലക്ഷക്കണക്കിന് വർഷം കഴിയാൻ സാധിക്കും,
മനുഷ്യന്റെ ഏറ്റവും പരിണാമം സിദ്ദിച്ച സാങ്കേതിക വിദ്യ പ്രകൃതിയിൽ നിന്ന് വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത വിധം സങ്കീർണമാവും, അതിന് വേണ്ടി നമ്മൾ ഇപ്പോഴേ പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും, അതിന്റെ ജീവ രഹസ്യങ്ങൾ പഠിക്കുകയും പരീക്ഷണം നടത്തുകയും വേണം,
പ്രകൃതിയേക്കാൾ നല്ലൊരു സുസ്ഥിരമായ ഒരു സാങ്കേതിക വിദ്യ വേറെയില്ല,