Movie Reviews
പരിയേരും പെരുമാളിൽ നിർത്തിയിടത്ത് നിന്നും മാരി സെൽവരാജ് കർണനിലൂടെ തുടരുകയാണ്
സിനിമയുടെ ക്ലൈമാക്സിലെ താളത്തിനനുസരിച്ച് പ്രേക്ഷകൻ അനുഭവിക്കുന്ന ഒരു രോമാഞ്ചമുണ്ട്. പ്രിയപ്പെട്ടതൊക്കേ നഷ്ടപ്പെടുത്തി നേടിയെടുത്ത അവകാശങ്ങൾ അവരോടൊപ്പം
114 total views

കർണൻ സംസാരിച്ചത്…
സിനിമയുടെ ക്ലൈമാക്സിലെ താളത്തിനനുസരിച്ച് പ്രേക്ഷകൻ അനുഭവിക്കുന്ന ഒരു രോമാഞ്ചമുണ്ട്. പ്രിയപ്പെട്ടതൊക്കേ നഷ്ടപ്പെടുത്തി നേടിയെടുത്ത അവകാശങ്ങൾ അവരോടൊപ്പം ആഘോഷിക്കുന്നതിൻ്റെ പ്രതിഫലനം. പൊടിയങ്കുളത്തെ ഓരോ വഴികളിലൂടെയും സംവിധായകൻ പ്രേക്ഷകനെയും കൂടെ കൊണ്ടുപോകുകയായിരുന്നു. കർണൻ എന്ന കഥാപാത്രം ധനുഷിൻ്റെ കയ്യിൽ ഭദ്രമായിരുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുന്ന ക്ഷുഭിതനായ യുവാവായി അയാൾ കളം നിറഞ്ഞപ്പോൾ പ്രേക്ഷകനെ ശരിക്കും ഞെട്ടിച്ചത് യമനായി കട്ടയ്ക്ക് കൂടെ നിന്ന ലാൽ ആയിരിക്കും. തമിഴിൽ വില്ലൻ വേഷങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് ചെയ്തിരുന്ന ലാലിൽ നിന്നും യമനെ തീരെ പ്രതീക്ഷിച്ചില്ല. തമിഴിലെ ആദ്യ സിനിമ രജിഷയും ഗംഭീരമാക്കി. കോമഡി റോളുകൾ മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് യോഗി ബാബുവും തെളിയിച്ചു. മണ്ടേല കണ്ടവർക്ക് പുള്ളിക്കാരൻ അത്ര നിസാരൻ അല്ലെന്ന് ഇതിനകം മനസ്സിലായിക്കാണും.
അസുരൻ പോലെ ഒരു വേഗം കർണനില്ല. പക്ഷേ അസുരനേക്കാളും ഒരുപടി മുകളിൽ വയലൻ്റ് മൂഡ് നിലനിർത്താൻ കർണന് കഴിഞ്ഞിട്ടുണ്ട്. അതിന് ചേർന്ന പശ്ചാത്തല സംഗീതമാണ് സന്തോഷ് നാരായണൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നവരുടെ അവസ്ഥ വളരെ ആഴത്തിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. അപസ്മാരം വന്ന് കുഞ്ഞ് മരിക്കുന്നതും, പെൺകുട്ടിയുടെ പഠനം മുടങ്ങുന്നതും, ഗർഭിണിയായ സ്ത്രീയ്ക്ക് ആശുപത്രിയിലേക്ക് ബസ് കിട്ടാതെ വരുന്നതും ഇതിൽ ചിലത് മാത്രം. ഉന്നതർക്ക് കിട്ടുന്ന പ്രിവിലേജുകൾ ഒന്നും ലഭിക്കാത്ത ഒരു കൂട്ടം ആൾക്കാരുടെ തുറന്ന യുദ്ധം കൂടിയാണിത്. സ്വന്തം പേരിന് പോലും അർഹതയില്ലെന്ന് പരിഹാസം ഏറ്റുവാങ്ങുന്നവരുടെ ഇടയിലേക്കാണ് കർണൻ നമ്മളെ കൊണ്ടുപോകുന്നത്. ആവശ്യം അറിയിച്ചതിനല്ല, നിവർന്ന് നിന്നതിനും, ചോദ്യം ചോദിച്ചതിനുമാണ് അവർ ഉപദ്രവിക്കുന്നത് എന്ന് കർണൻ പറയുമ്പോഴാണ് ഒരു നിമിഷത്തേക്ക് അവരിലെ ധൈര്യം ഉണരുന്നത്.
വ്യക്തമായി രാഷ്ട്രീയം പറയുന്ന സിനിമ തന്നെയാണ് കർണൻ. താഴേക്കിടയിലുള്ള മനുഷ്യരുടെ പേടിയും വേദനയും അപമാനവുമെല്ലാം നമുക്ക് കാണിച്ചുതരുന്നു. തലയില്ലാത്ത ദൈവങ്ങളും, പൂർത്തിയാക്കപ്പെടാത്ത ചിത്രങ്ങളും പൊടിയങ്കുളത്ത് കാണാം. മനുഷ്യനൊപ്പം മൃഗങ്ങൾക്കും അവരുടെ അവകാശങ്ങൾ നേടിയെടുത്ത് തരാൻ ഒരുത്തൻ വരും എന്ന പ്രതീക്ഷയാണ് ഓരോ പോരാട്ടത്തിൻ്റെയും കാതൽ. ഈ നൂറ്റാണ്ടിലും എവിടെയൊക്കെയോ തുടരുന്ന അവരുടെ പോരാട്ടമാണ് രണ്ടര മണിക്കൂർ നേരം കൊണ്ട് മാരി സെൽവരാജ് നമ്മുടെ മനസ്സുകളിൽ വരച്ചിട്ടത്.
115 total views, 1 views today