പരിയേരും പെരുമാളിൽ നിർത്തിയിടത്ത് നിന്നും മാരി സെൽവരാജ് കർണനിലൂടെ തുടരുകയാണ്

37

Rahul Reghuraj ന്റെ റിവ്യൂ

കർണൻ സംസാരിച്ചത്…

സിനിമയുടെ ക്ലൈമാക്സിലെ താളത്തിനനുസരിച്ച് പ്രേക്ഷകൻ അനുഭവിക്കുന്ന ഒരു രോമാഞ്ചമുണ്ട്. പ്രിയപ്പെട്ടതൊക്കേ നഷ്ടപ്പെടുത്തി നേടിയെടുത്ത അവകാശങ്ങൾ അവരോടൊപ്പം ആഘോഷിക്കുന്നതിൻ്റെ പ്രതിഫലനം. പൊടിയങ്കുളത്തെ ഓരോ വഴികളിലൂടെയും സംവിധായകൻ പ്രേക്ഷകനെയും കൂടെ കൊണ്ടുപോകുകയായിരുന്നു. കർണൻ എന്ന കഥാപാത്രം ധനുഷിൻ്റെ കയ്യിൽ ഭദ്രമായിരുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുന്ന ക്ഷുഭിതനായ യുവാവായി അയാൾ കളം നിറഞ്ഞപ്പോൾ പ്രേക്ഷകനെ ശരിക്കും ഞെട്ടിച്ചത് യമനായി കട്ടയ്ക്ക് കൂടെ നിന്ന ലാൽ ആയിരിക്കും. തമിഴിൽ വില്ലൻ വേഷങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് ചെയ്തിരുന്ന ലാലിൽ നിന്നും യമനെ തീരെ പ്രതീക്ഷിച്ചില്ല. തമിഴിലെ ആദ്യ സിനിമ രജിഷയും ഗംഭീരമാക്കി. കോമഡി റോളുകൾ മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് യോഗി ബാബുവും തെളിയിച്ചു. മണ്ടേല കണ്ടവർക്ക് പുള്ളിക്കാരൻ അത്ര നിസാരൻ അല്ലെന്ന് ഇതിനകം മനസ്സിലായിക്കാണും.

അസുരൻ പോലെ ഒരു വേഗം കർണനില്ല. പക്ഷേ അസുരനേക്കാളും ഒരുപടി മുകളിൽ വയലൻ്റ് മൂഡ് നിലനിർത്താൻ കർണന് കഴിഞ്ഞിട്ടുണ്ട്. അതിന് ചേർന്ന പശ്ചാത്തല സംഗീതമാണ് സന്തോഷ് നാരായണൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Karnan is set to hit theatres internationally on April 9.പരിയേരും പെരുമാളിൽ നിർത്തിയിടത്ത് നിന്നും മാരി സെൽവരാജ് കർണനിലൂടെ തുടരുകയാണ്. സമൂഹത്തിലെ ജാതി ചിന്തകളും അതിൻെറ അതിർ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ആദ്യ ചിത്രത്തിൽ നിന്നും അതേ വിഷയത്തെ അതിലും ശക്തമായി കർണനിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു മനുഷ്യൻ്റെ ജീവൻ വെടിഞ്ഞാൽ പോലും ലഭിക്കാത്ത നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് പൊടിയങ്കുളത്തെ ഓരോരുത്തരും തലമുറകളായി നടത്തിവന്നിരുന്നത്. അവരുടെ ഗ്രാമം അധികാരത്തിൽ ഇരിക്കുന്നവർക്ക് കാടും, മനുഷ്യർ അവിടുത്തെ മൃഗങ്ങളുമായി “ജീവിച്ച്” പൊയ്ക്കോണം എന്ന അലിഖിത നിയമം ഉണ്ടാക്കി വച്ചിരിക്കുന്നവർക്കെതിരെ പ്രതിഷേധമായി നീളുന്ന വാളാണ് കർണൻ. തങ്ങളുടെ ജീവിതം വിധിക്ക് വിട്ടുകൊടുത്ത് കീഴടങ്ങി ജീവിച്ച് ശീലിച്ച മനുഷ്യരും, കാലിൽ കെട്ടുമായി ഗ്രാമത്തിൽ അലഞ്ഞു നടക്കുന്ന കഴുതയും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളായിരുന്നു. ഗ്രാമത്തിൽ നിർത്താതെ പോയിരുന്ന ബസുകളായിരുന്നു ആദ്യ പകുതിയിലെ വിഷയമെങ്കിൽ, രണ്ടാമത്തെ പകുതിയിലെ പ്രശ്നങ്ങൾ ഓരോരുത്തരുടെയും നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിൽ ഗുരുതരമാവുകയാണ്. ശരിക്കും ആദ്യ പകുതി വളരെ മന്ദഗതിയിൽ പോകുമ്പോഴും പ്രേക്ഷകനെ മടുപ്പിക്കാതെ പറയാനുള്ള കാര്യം എന്താണെന്ന് അവനിലേക്ക് inject ചെയ്യുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചു.

അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നവരുടെ അവസ്ഥ വളരെ ആഴത്തിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. അപസ്മാരം വന്ന് കുഞ്ഞ് മരിക്കുന്നതും, പെൺകുട്ടിയുടെ പഠനം മുടങ്ങുന്നതും, ഗർഭിണിയായ സ്ത്രീയ്ക്ക് ആശുപത്രിയിലേക്ക് ബസ് കിട്ടാതെ വരുന്നതും ഇതിൽ ചിലത് മാത്രം. ഉന്നതർക്ക് കിട്ടുന്ന പ്രിവിലേജുകൾ ഒന്നും ലഭിക്കാത്ത ഒരു കൂട്ടം ആൾക്കാരുടെ തുറന്ന യുദ്ധം കൂടിയാണിത്. സ്വന്തം പേരിന് പോലും അർഹതയില്ലെന്ന് പരിഹാസം ഏറ്റുവാങ്ങുന്നവരുടെ ഇടയിലേക്കാണ് കർണൻ നമ്മളെ കൊണ്ടുപോകുന്നത്. ആവശ്യം അറിയിച്ചതിനല്ല, നിവർന്ന് നിന്നതിനും, ചോദ്യം ചോദിച്ചതിനുമാണ് അവർ ഉപദ്രവിക്കുന്നത് എന്ന് കർണൻ പറയുമ്പോഴാണ് ഒരു നിമിഷത്തേക്ക് അവരിലെ ധൈര്യം ഉണരുന്നത്.

വ്യക്തമായി രാഷ്ട്രീയം പറയുന്ന സിനിമ തന്നെയാണ് കർണൻ. താഴേക്കിടയിലുള്ള മനുഷ്യരുടെ പേടിയും വേദനയും അപമാനവുമെല്ലാം നമുക്ക് കാണിച്ചുതരുന്നു. തലയില്ലാത്ത ദൈവങ്ങളും, പൂർത്തിയാക്കപ്പെടാത്ത ചിത്രങ്ങളും പൊടിയങ്കുളത്ത് കാണാം. മനുഷ്യനൊപ്പം മൃഗങ്ങൾക്കും അവരുടെ അവകാശങ്ങൾ നേടിയെടുത്ത് തരാൻ ഒരുത്തൻ വരും എന്ന പ്രതീക്ഷയാണ് ഓരോ പോരാട്ടത്തിൻ്റെയും കാതൽ. ഈ നൂറ്റാണ്ടിലും എവിടെയൊക്കെയോ തുടരുന്ന അവരുടെ പോരാട്ടമാണ് രണ്ടര മണിക്കൂർ നേരം കൊണ്ട് മാരി സെൽവരാജ് നമ്മുടെ മനസ്സുകളിൽ വരച്ചിട്ടത്.