അമേരിക്കയെ വിറപ്പിച്ച ദുരൂഹമായ സോഡിയാക് കൊലപാതക പരമ്പര, ഇന്നും കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല

25

Rahul Unniyattil

സോഡിയാക്
————
1969, ജൂലൈ 4. സമയം അർദ്ധരാത്രിയോടടുത്തിരുന്നു. ഡാർലീൻ ഫെറിനും, മൈക്കിൾ മാഗ്യുവും, ബ്ലൂ റോക്ക് സ്പ്രിങ് പാർക്കിലെ പാർക്കിങ് ലോട്ടിൽ കാർ ഒതുക്കി നിർത്തി. കമിതാക്കളായ അവരിരുവരും കാറിലിരിക്കവെ ഏതാണ്ട് 10.50 ആയപ്പോൾ ഒരു കാർ അവരുടെ തൊട്ടടുത്തായി വന്നു പാർക് ചെയ്തു. അതെ വേഗത്തിൽ തന്നെ തിരികെ പോവുകയും ചെയ്തു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഇതേ കാർ മടങ്ങിയെത്തി, ഇക്കുറി ഫെറിന്റേയും, മാഗ്യുവിന്റേയും കാറിൻ്റെ പുറകിലായി പാർക് ചെയ്തു. രണ്ടാമത്തെ കാറിൻ്റെ ഡ്രൈവർ ഉടനടി പുറത്തിറങ്ങി ഫെറിന്റെ കാറിൻ്റെ അടുതെത്തി. ഫെറിൻ ആയിരുന്നു ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്നത്. രണ്ടാമത്തെ വണ്ടിയുടെ ഡ്രൈവർ വന്നു നിന്നത് മാഗ്യു ഇരുന്ന വശത്തായിരുന്നു.

” ഹൊ നിങ്ങൾ ഞങ്ങളെ ശരിക്കും ഭയപ്പെടുത്തി” മാഗ്യുവിന് ഈ വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുൻപേ ആഗതൻ തോക്കെടുത്ത് മാഗ്യുവിനെ നിറയൊഴിച്ചു കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരിപ്പുണ്ടായിരുന്ന ഫെറിനു നേരെയും അയാൾ തലങ്ങും വിലങ്ങും നിറയൊഴിച്ചു. ചില വെടിയുണ്ടകൾ മാഗ്യുവിന്റെ ശരീരത്തിലൂടെ തുളഞ്ഞു കയറി ഫെറിന്റെ ദേഹത്ത് തറച്ചു. ആറു തവണ വീതം ഇരുവർക്കുമെതിരെ നിറയൊഴിച്ച ശേഷം കൊലയാളി തൻ്റെ കാറിലേക്ക് മടങ്ങി. എന്നാൽ പാതി വഴിയേ മാഗ്യുവിന്റെ ഞരക്കം കേട്ട അയാൾ തിരികെ വന്ന് രണ്ടു റൗണ്ട് കൂടി മാഗ്യുവിനേയും, ഫെറിനെയും നിറയൊഴിച്ചതിനു ശേഷം മടങ്ങി പോയി.

പാതിരാത്രിക്ക് ശേഷം കൊലയാളി പോലീസ് ഡിപ്പാർട്ട്മെൻ്റിലേക്ക് വിളിച്ച് 2 കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടാതെ ഒരു വർഷം മുൻപ് നടന്ന സമാനമായ മറ്റൊരു ഇരട്ടകൊലപാതകവും താനാണ് ചെയ്തതെന്നയാൾ വെളിപ്പെടുത്തി. അമേരിക്ക കണ്ട എക്കാലത്തേയും ദുരൂഹമായ സോഡിയാക് കൊലപാതകങ്ങളുടെ തുടക്കമായിരുന്നു അത്. ഗുരുതരമായി പരിക്കേറ്റ ഡാർലീൻ ഫെറിൻ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. എന്നാൽ 7 തവണ വെടിയേറ്റിട്ടും മാഗ്യു അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാമത്തെ കൊലപാതകം നടന്ന ബ്ലൂറോക്ക് സ്പ്രിങ്സിൽ നിന്നും 4 മൈൽ അകലെയുള്ള ലേക്ക് ഹെർമൻ റോഡിൽ 1 വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ 2 കമിതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇരുവരും കാറിലിരിക്കവെ അജ്ഞാതനായ കൊലയാളി 2 പേരെയും നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഓഗസ്റ്റ് ഒന്നാം തിയ്യതി കൊലയാളിയെഴുതിയ 3 കത്തുകൾ ‘vallejo times herald’, ‘Sanfrancisco chronicle’, ‘sanfransisco examiner’ എന്നീ പത്രങ്ങൾക്ക് ലഭിച്ചു. 3 കത്തുകളും ഏറെക്കുറെ സമാനമായിരുന്നു. ലേക്ക് ഹെർമൻ റോഡിലും, ബ്ലൂ റോഡിലും നടന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കത്തുകളായിരുന്നു അവ. എന്നാൽ ദുരൂഹമായ മറ്റൊന്ന് കൂടി കത്തിലുണ്ടായിരുന്നു. 408 ചിഹ്നങ്ങളുള്ള ഒരു കോഡ് ആയിരുന്നു അത്. ഈ കോഡ് സോൾവ് ചെയ്താൽ തന്റെ ഐഡന്റിറ്റി മനസ്സിലാക്കാം എന്ന് കൊലയാളി അവകാശപ്പെട്ടു. ഈ കോഡ് പത്രത്തിന്റെ ആദ്യ പേജിൽ തന്നെ കാണിക്കണമെന്നും അല്ലാത്ത പക്ഷം ആഴ്ചാവസാനം രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കുന്നവരെ താൻ കൊല്ലുമെന്നും, അങ്ങനെ ഒരു ഡസൻ പേർ മരിക്കുന്നത് വരെ കൊലപാതക പരമ്പര തുടരുമെന്നും കൊലയാളി ഭീഷണിപ്പെടുത്തി. സാൻഫ്രാൻസിസ്കൊ ക്രോണിക്കിൾ ഈ കോഡ് നാലാം പേജിൽ കൊടുക്കുകയുണ്ടായി. എന്തായാലും കൊലയാളി ഭീഷണിപ്പെടുത്തിയത് പോലെ കൂടുതൽ കൊലപാതകങ്ങൾ ഉണ്ടായില്ല. കത്തിൽ സൂചിപ്പിച്ച കോഡ് വൈകാതെ സോൾവ് ചെയ്യപ്പെട്ടു. എങ്കിലും കൊലയാളി അവകാശപ്പെട്ടത് പോലെ അയാളുടെ ഐഡന്റിറ്റിയിലേക്ക് വിരൽ ചൂണ്ടുന്ന യാതൊന്നും തന്നെ ഇതിൽ നിന്നും ലഭിച്ചില്ല. ഡീകോഡ് ചെയ്യപ്പെട്ട ഭാഗത്തിന്റെ ഒരേകദേശ പരിഭാഷ താഴെ കൊടുക്കുന്നു.

Could Any of These Men Have Been the Zodiac Killer? - HISTORY” ആളുകളെ കൊല്ലുന്നത് എനിക്കിഷ്ടമാണ്. അത് വളരെ ആനന്ദകരമാണ്. കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനേക്കാൾ ആനന്ദകരമാണത്, എന്തെന്നാൽ മനുഷ്യനാണ് ഏറ്റവും അപകടകാരിയായ മൃഗം. എന്തിനെയെങ്കിലും കൊല്ലുക എന്നത് ഏറ്റവും ആവേശകരമായ അനുഭവമാണ്. ഒരു പെൺകുട്ടിയുടെ കൂടെ കഴിയുന്നതിനേക്കാൾ അവേശകരമാണത്. ഇതിലെ ഏറ്റവും മികച്ച ഭാഗം എന്തെന്നാൽ മരണശേഷം ഞാൻ സ്വർഗ്ഗത്തിൽ പുനർജനിക്കും. ഞാൻ വധിച്ചവരെല്ലാം എൻ്റെ അടിമകളായിതീരും. ഞാൻ നിങ്ങളോട് എൻ്റെ പേര് പറയില്ല എന്തെന്നാൽ നിങ്ങൾ എൻ്റെ വേഗത കുറക്കാൻ ശ്രമിക്കും അല്ലെങ്കിൽ മരണാനന്തര ജീവിതത്തിനായി അടിമകളെ ശേഖരിക്കുന്ന എൻ്റെ പ്രവൃത്തി നിങ്ങൾ അവസാനിപ്പിക്കും.”

ഇതിൽ മനുഷ്യരെ most dangerous animal എന്നാണ് കൊലയാളി വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് 1924ൽ എഴുതപ്പെട്ട ‘ The most dangerous game’ എന്ന ചെറുകഥ കൊലയാളിയെ വളരെയധികം സ്വാധീനിച്ചതിന്റെ തെളിവായാണ് പോലീസ് കരുതുന്നത്. ഈ ചെറുകഥ 1932ൽ ഇതേ പേരിൽ സിനിമയാക്കിയിട്ടുമുണ്ട്.ഓഗസ്റ്റ് 7ന് മറ്റൊരു കത്ത് കുടി സാൻഫ്രാൻസിസ്കൊ എക്സാമിനർനു ലഭിച്ചു. കത്തിൻ്റെ തുടക്കം ഇങ്ങനെയായിരുന്നു. ” പ്രിയപെട്ട എഡിറ്റർ, ഇത് സോഡിയാക്കാണ് സംസാരിക്കുന്നത്.” കൊലയാളി സോഡിയാക് എന്ന് സ്വയം വിശേഷിപ്പിച്ച ആദ്യത്തെ കത്തായിരുന്നു അത്. അടുത്ത് 50 വർഷം അമേരിക്കയാകെ ചർച്ച ചെയ്ത പേരായി അത് മാറി.

സെപ്റ്റംബർ 27, 1969, ബെരീസ്സ തടാകം : കോളേജ് വിദ്യാർത്ഥികളായ ബ്രയാൻ ഹാർട്ട്നെല്ലും, സിസീലിയ ഷെപ്പേർഡും ബെരീസ്സ തടാകക്കരയിൽ അവധി ദിനം ചിലവിടുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ ഒരു വിചിത്ര രൂപം ഒരു മരത്തിന്റെ പിറകിൽ നിൽക്കുന്നത് സിസീലിയ കാണുന്നത്. അവൾ ഉടനെ അക്കാര്യം ബ്രയാനോട് പറഞ്ഞു. എന്നാൽ ബ്രയാൻ കരുതിയത് തടാകം കാണാൻ വന്നവർ ആരെങ്കിലും ആകും അതെന്നാണ്. അടുത്ത് നിമിഷം ആ രൂപം മരത്തിനു പുറകിൽ നിന്നും പുറത്ത് വന്നു. മുഖംമൂടിയും, കറുത്ത വസ്ത്രങ്ങളുമായിരുന്നു അയാൾ ധരിച്ചിരുന്നത്. നെഞ്ചിൽ ഒരു ക്രോസ്സ്ഹെയർ (⌖) ചിഹ്നം തുന്നി ചേർത്തിരുന്നു. അയാളുടെ കൈവശം ഒരു തോക്ക് കൂടി കണ്ടതോടെ ഇരുവരും പരിഭ്രാന്തരായി. തടവ് ചാടി വന്ന ഒരു കുറ്റവാളിയാണ് താൻ എന്നും മെക്സിക്കോയിലേക്ക് രക്ഷപ്പെടാൻ അവരുടെ കാറും പണവും തനിക്കാവശ്യമാണെന്നും ആഗതൻ അറിയിച്ചു. താൻ പറഞ്ഞത് പോലെ അനുസരിച്ചാൽ രണ്ടാൾക്കും ഒരു കുഴപ്പവും വരില്ല എന്ന് അയാൾ പറഞ്ഞത് വിശ്വസ്സിക്കയല്ലാതെ ബ്രയാനും, സിസീലിയക്കും മറ്റ് വഴിയുണ്ടായിരുന്നില്ല. അവരുടെ കയ്യിൽ നിന്നും പണവും, കാറിൻ്റെ താക്കോലും കൈവശപ്പെടുത്തിയതിനു ശേഷം ആഗതൻ കയ്യിൽ കരുതിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് രണ്ട് പേരെയും ബന്ധിച്ചു. എന്നാൽ രണ്ടു പേരെയും ബന്ധിച്ചതിന് ശേഷം, പൊടുന്നനെ, യാതൊരു പ്രകോപനവും ഇല്ലാതെ അയാൾ കത്തിയെടുത്ത് രണ്ടു പേരെയും ആഞ്ഞ് കുത്തി. പുറത്ത് 6 തവണയാണ് ബ്രയാന് കുത്തേറ്റത്, സിസീലിയാക്ക് പത്തും. രണ്ടാളും മരണവെപ്രാളത്തിൽ കഴിയവേ, സൊഡിയാക്, കുറച്ചകലെ പാർക് ചെയ്തിരുന്ന അവരുടെ കാറിനടുത്തേക്ക് നീങ്ങി. കാറിന്റെ ഫ്രന്റ് ഡോറിൽ താഴേ പറയുന്ന വാചകം എഴുതി വെച്ചതിനു ശേഷം അയാൾ അപ്രത്യക്ഷനായി.

Vallejo
12-20-68
7-4-69
Sept 27–69–6:30
by knife
2 ദിവസത്തിന് ശേഷം സിസീലിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എന്നൽ ബ്രയാൻ രക്ഷപ്പെട്ടു. പൂർണ ആരോഗ്യവാനായി അയാൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.
സംഭവസ്ഥലം അരിച്ച്പെറുക്കിയ പോലീസിന് സോഡിയാക്കിന്റെ ബൂട്സ് പ്രിന്റ് കണ്ടെടുക്കാനായി. 10.5 സൈസിലുള്ള മിലിട്ടറി ബൂട്സായിരുന്നു സോഡിയാക് ഉപയോഗിച്ചിരുന്നത്.
രണ്ടാഴ്ച്ചക്ക് ശേഷം ഒക്ടോബർ 11, 1969ന് മേസൺ, ഗിയറി തെരുവുകൾ കൂടിചേരുന്നിടത്ത് വെച്ച്, യാത്ര ചെയ്യാനെന്ന മട്ടിൽ ഒരാൾ ഒരു ടാക്സിയിൽ കയറി. പോൾ സ്റ്റെയ്ൻ എന്നയാളായിരുന്നു ടാക്സി ഡ്രൈവർ. പിൻസീറ്റിൽ കയറിയ ഉടനെ യാത്രക്കാരൻ, പോൾ സ്റ്റെയ്നെ പുറകിൽ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഭീകരമായ ഈ കൊലപാതക ദൃശ്യം 3 ചെറുപ്പക്കാർ കാണുകയുണ്ടായി. അവർ ഉടനടി പോലീസിൽ വിളിച്ചറിയിച്ചു. പോലീസുകാർ സ്ഥലത്തിയപ്പോളേക്കും കൊലയാളി കടന്നു കളഞ്ഞിരുന്നു. ചെറുപ്പക്കാരിൽ നിന്നും കൊലയാളിയുടെ ഒരേകദേശ രൂപം മനസ്സിലാക്കിയ പോലീസ് ഈ വിവരം മറ്റു സ്റ്റേഷനുകളിലെക്ക് വിളിച്ചറിയിച്ചു. എന്നൽ ഇവിടെ പോലീസിന് ഭീമമായ ഒരബദ്ധം പറ്റി. വയർലെസ്സ് ഓപ്പറേറ്റർ, കൊലയാളി ഒരു കറുത്ത വർഗക്കാരനാണെന്നാണ് സന്ദേശമയച്ചത്.

Why the Zodiac Killer Has Never Been Identified - Biographyഎന്നാൽ കൊലപാതകം നേരിട്ട് കണ്ട ചെറുപ്പക്കാർ വെളുത്ത വർഗക്കാരനാണ് കൊലയാളി എന്ന് കൃത്യമായി പോലീസിനോട് പറഞ്ഞിരുന്നു. ക്രൈം സീനിൽ നിന്നും ഏതാനും വാര അകലെ രണ്ട് പട്രോൾ ഉദ്യോഗസ്ഥർ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വെളുത്ത വർഗക്കാരനെ കണ്ടിരുന്നു. എന്നൽ കൊലയാളി കറുത്ത വർഗക്കാരനാണെന്ന ബോധ്യത്തിൽ അവർ ഇതത്ര ഗൗനിച്ചില്ല. സാക്ഷാൽ സോഡിയാക് ആണ് തങ്ങളുടെ മുന്നിലൂടെ കടന്നു പോയതെന്ന് അന്നേരം ആ ഉദ്യോഗസ്ഥർ മനസ്സിലാക്കിയില്ല. സോഡിയാക് നടത്തിയതായി കരുതപ്പെടുന്ന അവസാനത്തെ കൊലപാതകമായിരുന്നു അത്. കവർച്ച ശ്രമത്തിനിടെ നടന്ന ഒരു കൊലപാതകമായിട്ടാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ഒക്ടോബർ 13നു സാൻഫ്രാൻസിസ്കൊ ക്രോണിക്ക്ളിനു അയച്ച കത്തിലൂടെ ഉത്തരവാദിത്തം സോഡിയാക് ഏറ്റെടുത്തു. കത്തിനൊപ്പം, മരണ സമയത്ത് പോൾ സ്റ്റെയ്ൻ ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ടിൻ്റെ ഒരു കഷ്ണവും ചേർത്തിരുന്നു. എന്നാൽ കത്തിന്റെ ഒടുക്കം ചേർത്ത ചില വാചകങ്ങൾ ഏത് കഠിനഹൃദയനേയും ഭയപ്പെടുത്താൻ പോന്നവയായിരുന്നു. “സ്കൂൾ കുട്ടികൾ നല്ല ഇരകളായിരിക്കും. ഒരു സ്കൂൾ ബസ്സ് അപ്പാടെ അങ്ങ് നാമാവശേഷമാക്കിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. വെറുതെ മുൻ വശത്തെ ടയർ വെടി വെച്ചിടുക. അപ്പോൾ പുറത്ത് ചാടുന്ന കുട്ടികളെ ഓരോരുത്തരെയായി കൊണ്ടുപോവുക.”

Zodiac Killer: Could decades-old mystery be solved at last? | World | News  | Express.co.ukനഗരം അപ്പാടെ പരിഭ്രാന്തിയിലാകും എന്നുള്ളത് കൊണ്ട് കത്തിൻ്റെ അവസാന ഭാഗം അധികൃതർ പുറത്ത് വിട്ടില്ല. കൊലപാതകത്തിന് ദൃക്സാക്ഷികളായ 3 ചെറുപ്പക്കാരുടെ സഹായത്തോടെ സോഡിയാക്കിന്റെ ഒരു രേഖ ചിത്രം താമസിയാതെ തയ്യാറാക്കി. ഇത് പത്രങ്ങളിൽ കൊടുക്കുകയും നഗരത്തിൽ എല്ലായിടത്തും പതിപ്പിക്കുകയും ചെയ്തു.അക്കാലത്ത് അമേരിക്കയിൽ പ്രശസ്തമായ ഒരു ടെലിവിഷൻ പ്രോഗ്രാം ആയിരുന്നു ‘എ എം സാൻഫ്രാൻസിസ്കൊ’. പ്രേക്ഷകർക്ക് തത്സമയം ടെലിവിഷൻ സ്റ്റുഡിയോയിലേക്ക് വിളിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന ഒരു ടോക് ഷോ ആയിരുന്നു അത്.
ഒക്ടോബർ 20, 2 മണിക്ക് സോഡിയാക് എന്ന് അവകാശപ്പെട്ട ഒരാളുടെ ഫോൺ കോൾ പോലീസിനു ലഭിച്ചു. പ്രമുഖ അഭിഭാഷകൻ മെൽവിൻ ബെല്ലി എ എം സാൻഫ്രാൻസിസ്കോയിൽ അതിഥി ആയി എത്തണം എന്നായിരുന്നു അവശ്യം. പോലീസ് ഈ വിവരം മെൽവിനെ അറിയിക്കുകയും അദ്ദേഹം ഷോയിൽ പങ്കെടുക്കാൻ സന്നദ്ധനാവുകയും ചെയ്തു. അങ്ങനെ കൃത്യ സമയത്ത് പരിപാടി ആരംഭിച്ചു. പരിപാടിയുടെ അവതാരകൻ പ്രേക്ഷകരാരും തന്നെ പരിപാടിയിലേക്ക് വിളിച്ച് ലൈൻ ബിസി ആക്കരുത് എന്ന് അഭ്യർത്ഥിച്ചു. അല്പം കഴിഞ്ഞപ്പോൾ സോഡിയാക്കിന്റെ ഫോൺ കോൾ വന്നു. (https://youtu.be/TsM-kwU2mRU). തനിക്ക് ബെല്ലിയെ നേരിൽ കാണണമെന്നായിരുന്നു സോഡിയാക്കിന്റെ ആവശ്യം. ബെല്ലി അതിനു സമ്മതിക്കുകയും പിറ്റേന്ന് ഒരു കോഫീ ഷോപ്പിൽ കൂടികാഴ്ച നടത്താമെന്നും സമ്മതിച്ചു. വൻ പോലീസ്, മിലിട്ടറി സന്നാഹത്തോടെയാണ് ബെല്ലി പിറ്റേന്ന് കോഫീ ഷോപ്പിലെത്തിയത്. എങ്കിലും സോഡിയാക്കിന്റെ പൊടി പോലും അവിടെങ്ങുമില്ലായിരുന്നു.

Who was the Zodiac Killer? Crime experts pin down suspect | Daily Mail  Onlineനവംബർ എട്ടിന്, 340 ചിഹ്നങ്ങളുള്ള മറ്റൊരു കോഡ് കൂടി സോഡിയാക് പത്രങ്ങൾക്കയച്ച് കൊടുത്തു. എന്നാൽ മുൻപത്തെ പോലെ ഈ കോഡ് എളുപ്പം ബ്രേക്ക് ചെയ്യാൻ ആർക്കും കഴിഞ്ഞില്ല. അടുത്ത 51 വർഷം ഈ കോഡ് സോൾവ് ചെയ്യപ്പെടാതെ കിടന്നു. ഒടുവിൽ 2020 ഡിസംബറിൽ ഒരു ഓസ്ട്രേലിയൻ ഗണിത ശാസ്ത്രജ്ഞൻ ഇത് ഡീകോഡ് ചെയ്തു. ഇതിൽ ടെലിവിഷനിലേക്ക് വിളിച്ചത് താനല്ല എന്ന് സോഡിയാക് അവകാശപ്പെടുന്നുണ്ട്.

I-Team: Friend confesses to being The Zodiac Killer - ABC7 San Franciscoമാർച്ച് 22, 1970: കാത്ലീൻ ജോൺസ് ഹൈവേ 132 ലൂടെ ഡ്രൈവ് ചെയ്യുകയാണ്. പിറ്റാലുമയിൽ താമസിക്കുന്ന തൻ്റെ അമ്മയെ കാണാൻ പോവുകയായിരുന്നു അവൾ. ആ സമയം കാത്ലീൻ 7 മാസം ഗർഭിണിയായിരുന്നു. കൂടാതെ 10 മാസം പ്രായമുള്ള തൻ്റെ കുഞ്ഞ് കുടി കാത്ലീനോടൊപ്പം കാറിലുണ്ടായിരുന്നു. വണ്ടി മോഡെസ്റ്റൊ പട്ടണത്തിനടുത്തെത്താറായപ്പോൾ പുറകെ വരുന്ന ഒരു കാറുകാരൻ തുടർച്ചയായി ഹോൺ മുഴക്കുന്നത് കാത്ലീൻ്റെ ശ്രദ്ധയിൽ പെട്ടു. സൈഡ് കൊടുത്തിട്ടും അയാൾ കേറിപ്പോകാൻ കൂട്ടാക്കാതെ ഹോൺ മുഴക്കിക്കൊണ്ടിരുന്നു. ഒടുവിൽ കാത്ലീൻ വണ്ടി നിർത്തി. പുറകെ വന്ന കാറുകാരൻ കാത്ലീൻ്റെ പുറകിൽ വണ്ടി നിർത്തിയതിന് ശേഷം കാത്ലീന്റെ അടുത്തെത്തി ഡോറിൻ്റെ ഗ്ലാസ്സിൽ മുട്ടി. കാത്ലീന്റെ കാറിൻ്റെ പിൻവശത്തെ ഒരു ടയർ തീരെ ലൂസ് ആണെന്നും ഏത് നിമിഷവും ഊരി പോകാം എന്നും അയാൾ പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്നും, കാത്ലീൻ അനുവദിച്ചാൽ ടയർ താൻ ശരിയാക്കിത്തരാം എന്നും അയാൾ പറഞ്ഞു. കാത്ലീൻ സമ്മതിച്ചപ്പോൾ അയാൾ ടൂൾസ് എടുത്ത് വണ്ടിയുടെ പുറകിലേക്ക് പോയി. അല്പം കഴിഞ്ഞ്, താൻ ടയർ ശരിയാക്കിയെന്നും കാത്ലീന് ധൈര്യമായി വണ്ടിയോടിച്ചു പോകാമെന്നും അയാൾ പറഞ്ഞു. അതിനു ശേഷം അപരിചിതൻ അയാളുടെ കാറിൽ കയറി യാത്രയായി.

അപരിചിതൻ്റെ വാക്ക് വിശ്വസിച്ച് കാത്ലീൻ വണ്ടി മുന്നോട്ടെടുത്തു. അടുത്ത് നിമിഷം പുറകിലെ ടയർ കാറിൽ നിന്നും വേർപെട്ട് ഊരി തെറിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കവെ നേരത്തെ യാത്ര പറഞ്ഞ് പോയ അപരിചിതൻ കാർ റിവേഴ്സ് എടുത്ത് വീണ്ടും കാത്ലീന്റെ അടുത്തെത്തി. വണ്ടിയുടെ ടയർ ഇത്ര മോശമായിരിക്കുമെന്ന് താൻ കരുതിയില്ലെന്നും, വേണമെങ്കിൽ കാത്ലീന് അടുത്ത ഗ്യാസ് സ്റ്റേഷൻ വരെ ലിഫ്റ്റ് തരാമെന്നും അയാൾ അറിയിച്ചു. പാതിരാത്രി, വിജനമായ റോഡിൽ, കേടായ കാറിൽ കഴിയുന്നതിനേക്കാൾ നല്ലത്, അടുത്ത ഗ്യാസ് സ്റ്റേഷനിൽ എത്തി ഏതെങ്കിലും മെക്കാനിക്കിനെ കൊണ്ട് വന്ന് കാർ നന്നാക്കുന്നതാണെന്ന് കാത്ലീന് തോന്നി. തൻ്റെ കുഞ്ഞിനേയും എടുത്ത് കാത്ലീൻ അയാളുടെ കാറിൽ കയറി. വണ്ടിയിൽ കയറി അല്പം കഴിഞ്ഞ് കാത്ലീൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങളെന്തിനാണ് സിഗരറ്റ് വലിക്കുന്നത് ? അതൊരു ചീത്ത സ്വഭാവമല്ലെ ?” എന്ന അപരിചിതൻ്റെ ചോദ്യത്തിന് കാത്ലീൻ മറുപടിയൊന്നും പറഞ്ഞില്ല. അതെ സമയം വണ്ടി ഒരു ഗ്യാസ് സ്റ്റേഷൻ കടന്നു പോയിരുന്നു. “എനിക്ക് തോന്നുന്നത് നമ്മൾ ഇപ്പൊൾ ഒരു ഗ്യാസ് സ്റ്റേഷൻ പിന്നിട്ടിരിക്കുന്നുവെന്നണ്” കാത്ലീൻ പറഞ്ഞു. ” ഞാനാദ്യം നിങ്ങളുടെ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിയും. അതിനു ശേഷം നിങ്ങളെയും കൊല്ലും. ” യാതൊരു ഭാവഭേദവും ഇല്ലാതെ അപരിചിതൻ പറഞ്ഞത് കേട്ട് അവൾക്ക് ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. വണ്ടി കൂടിയ വേഗതയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പല ഗ്യാസ് സ്റ്റേഷനുകളും പിന്നിട്ടു കഴിഞ്ഞു. ഒടുവിൽ ഒരു വളവിൽ വെച്ച് വണ്ടിയുടെ വേഗത അല്പം കുറഞ്ഞപ്പോൾ കാത്ലീൻ രണ്ടും കൽപ്പിച്ച് തൻ്റെ കുഞ്ഞിനെയും എടുത്ത് കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി. റോഡിൻ്റെ ഇരു വശവും വിശാലമായ വയലായിരുന്നു. അപരിചിതൻ ഉടനെ കാറിൽ നിന്നുമിറങ്ങി കാത്ലീനെ തിരഞ്ഞെങ്കിലും വയലിലേവിടെയോ ഒളിച്ചിരുന്ന അവളെ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. നിരാശനായ അയാൾ കാറിൽ കയറി മടങ്ങിപ്പോയി. കാത്ലീൻ പിറകെ വന്ന ഒരു ട്രക്കിനു കൈ കാണിച്ചു പോലീസ് സ്റ്റേഷനിലെത്തി. ഈ സംഭവം കഴിഞ്ഞ് 4 മാസത്തിന് ശേഷം എഴുതിയ കത്തിൽ കാത്ലീനും, കുഞ്ഞിനും ലിഫ്റ്റ് നൽകിയ സംഭവം സോഡിയാക് പരാമർശികകുന്നുണ്ട്.
പ്രമുഖ പത്രങ്ങളിലേക്കെല്ലാം കത്തുകളയക്കുന്ന പരിപാടി സോഡിയാക് തുടർന്ന് പോന്നു. ഇത്തരമൊരു കത്ത് സോഡിയാക് അവസാനിപ്പിക്കുന്നത് ഒരു സ്കോർ നിലയോടെയാണ്.

Zodiac= 10 sfpd = 0. പിന്നീട് വരുന്ന ഓരോ കത്തിലും സോഡിയാക്കിന്റെ ഭാഗത്ത് നിന്നുള്ള സ്കോർ കൂടിക്കൊണ്ടിരുന്നു. സോഡിയാക് പതിവായി കത്തുകളയച്ച് കൊണ്ടിരുന്ന സാൻഫ്രാൻസിസ്കൊ ക്രോണിക്കിൾ പത്രത്തിൽ, സോഡിയാക് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത് പോൾ ഏവറി എന്ന പത്രപ്രവർത്തകനായിരുന്നു. 1970 ഒക്ടോബർ 27ന് ഏവറിക്ക് നേരിട്ട് സോഡിയാക് ഒരു ഹാലോവീൻ കാർഡ് അയച്ചു കൊടുത്തു. കാർഡിൽ ഒരു സന്ദേശവുമുണ്ടായിരുന്നു.
“Peek-a-boo, you are doomed”.

ഇതൊരു ഭീഷണിയാണെന്നും ഏവറിയെ കൊന്നു കളയുമെന്നാണ് സോഡിയാക് സൂചിപ്പിച്ചതെന്നും പരക്കെ അഭിപ്രായമുയർന്നു. ഇതോടെ ക്രോണിക്ക്ളിലെ മറ്റ് ജീവനക്കാർ പരിഭ്രാന്തിയിലായി. അവർ “ഞാൻ പോൾ ഏവറി അല്ല” എന്നെഴുതിയ ഒരു ബാഡ്ജ് പോക്കറ്റിനു മേൽ തൂക്കിയിട്ട് നടക്കുന്നത് പതിവാക്കി. ഏവറി ആണെന്ന് തെറ്റിദ്ധരിച്ച് സോഡിയാക് തങ്ങളെ തട്ടിക്കളയാതിരിക്കാൻ വേണ്ടിയായിരുന്നു അത്. സോഡിയാക്കിന്റെ ഭീഷണി ഭയന്ന് യഥാർത്ഥ പോൾ ഏവറിയും ഈ ബാഡ്ജ് ധരിച്ച് നടക്കാൻ തുടങ്ങി എന്നതും ചരിത്രം.

എന്തായാലും സോഡിയാക്കിന്റെ ഹാലോവീൻ കാർഡ് ലഭിച്ചതിനു ശേഷം അധികം വൈകാതെ മറ്റൊരു ഊമകത്ത് കൂടി ഏവറിക്ക് ലഭിച്ചു. സാൻഫ്രാൻസിസ്കോക്ക് 640 കിലോമീറ്റർ അകലെ ലോസ് ഏഞ്ജലസ്സിലെ ഒരു കോളേജിൽ നടന്ന കൊലപാതകം സോഡിയാക് നടത്തിയതാണ് എന്നതായിരുന്നു എഴുത്തിൽ. തുടർന്ന് ഏവറി നടത്തിയ അന്വേഷണത്തിൽ 1966ൽ റിവർസൈഡ് കോളേജിൽ വെച്ച് 18 കാരിയായ വിദ്യാർഥിനി ഷെറി ബേറ്റ്സ് ദുരൂഹ സാഹചര്യത്തിൽ വധിക്കപ്പെട്ടിട്ടുണ്ടെന്ന് അറിവായി. ഈ കൊലപാതകത്തിന് ഒരു സോഡിയാക് ടച്ച് പ്രകടമായിരുന്നു. ബേറ്റ്സിന്റെ മരണത്തിന് ഒരു മാസത്തിനു ശേഷം പോലീസിനും, റിവർസൈഡ് പ്രെസ്സ് എന്റർപ്രൈസിനും ‘കുമ്പസാരം’ (the confession) എന്ന തലേക്കെട്ടുള്ള ഒരു കത്ത് ലഭിക്കുകയുണ്ടായി. കത്തിൽ കൊലയെ കുറിച്ചുള്ള, പൊതു ജനങ്ങൾക്കറിയാത്ത വിശദാംശങ്ങൾ ഉണ്ടായിരുന്നു. കത്തെഴുതിയ ആൾ ബെയ്റ്റ്സിന്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ബെയ്റ്റ്സിന്റേത് ആദ്യത്തേതുമല്ല, അവസാനത്തേതുമല്ല എന്ന മുന്നറിയിപ്പും നൽകിയിരുന്നു.

മാർച്ച് 22, 1971നു ശേഷം കുറേകാലത്തേക്ക് സോഡിയാക്കിന്റെ കത്തുകളൊന്നും ലഭിച്ചില്ല. അന്വേഷണം മുറക്ക് നടന്നിരുന്നുവെങ്കിലും ജനങ്ങളുടെ മനസ്സിൽ നിന്നും സോഡിയാക് പതുക്കെ മാഞ്ഞു തുടങ്ങി. ഒടുവിൽ 3 വർഷത്തിന് ശേഷം, 1974, ജനുവരി 29നാണ് സോഡിയാക്കിന്റെ അവസാനത്തെ കത്ത് ലഭിക്കുന്നത്. അക്കാലത്ത് തീയേറ്ററുകളിൽ ഗംഭീര വിജയം നേടിയ എക്സോർസിസ്റ്റ് എന്ന ഭീകര സിനിമയെ കുറിച്ചൊരു നിരൂപണവും കത്തിലുണ്ടായിരുന്നു. എക്സോർസിസ്റ്റ് താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമയാണെന്നായിരുന്നു സോഡിയാക്കിന്റെ അഭിപ്രായം. Zodiac = 37, sfpd = 0 എന്ന സ്കോർ കാർഡോട് കൂടിയാണ് കത്ത് അവസാനിക്കുന്നത്. സോഡിയാക്കിൽ നിന്ന് ലഭിച്ച അവസാനത്തെ കത്തായിരുന്നു അത്.
ഇനി സോഡിയാക് ആണെന്ന് സംശയിക്കപ്പെട്ടവർ ആരെല്ലാമാണ് എന്ന് നോക്കാം.

ആർതർ ലീ അലൻ
——————————
പോൾ ഏവറി ജോലി ചെയ്ത സാൻഫ്രാൻസിസ്കൊ ക്രോണിക്ക്ൾ പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു റോബർട്ട് ഗ്രേസ്മിത്ത്. സോഡിയാക് കേസിൽ അതീവ തത്പരനായിരുന്ന ഗ്രേസ്മിത്ത് ഈ വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ആളാണ്. തൻ്റെ അന്വേഷണങ്ങളും, ഗവേഷണവും അടിസ്ഥാനമാക്കി ഗ്രേസ്മിത്ത് 2 ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ സോഡിയാക് എന്ന ചലച്ചിത്രം ഗ്രേസ്മിത്തിന്റെ കണ്ടെത്തലുകളെ അസ്പദമാക്കിയാണ് നിർമ്മിക്കപ്പെട്ടത്. ഗ്രേസ്മിത്തിന്റെ പുസ്തകവും, സിനിമയും ആർതർ ലീ അലനാണ് സോഡിയാക് എന്ന നിഗമനത്തിലാണെത്തിയത്. സോഡിയാക്കിന്റെ സാന്നിദ്ധ്യമുണ്ടായിടത്തെല്ലാം അലനും ഉണ്ടായിരുന്നു. 1966ൽ, സോഡിയാക്കിന്റെ ആദ്യത്തെ ഇരയായ ഷെറി ജോ ബെയ്റ്റ്സ് വധിക്കപ്പെടുമ്പോൾ അലൻ റിവർസൈഡിൽ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. സോഡിയാക്കിന്റെ രണ്ടാമത്തെ ഇര ഡാർലീൻ ഫെറിന്റെ സഹോദരി, ഫെറിന്, ലീ എന്നു പേരുള്ള ഒരാളായി ബന്ധമുണ്ടായിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ ലീ ആർതർ ലീ അലൻ തന്നെയാണോ എന്ന് ഉറപ്പിച്ച് പറയാൻ അവൾക്ക് കഴിഞ്ഞില്ല. സോഡിയാക്കിൽ നിന്നും രക്ഷപെട്ട മൈക്കിൾ മാഗ്യു 1991ൽ അലന്റെ ഫോട്ടോ തിരിച്ചറിയുകയും, ബ്ലൂറോക്ക് സ്പ്രിങ്സിൽ വെച്ച് തങ്ങളെ ആക്രമിച്ചത് അലൻ തന്നെയാണെന്ന് മൊഴി നൽകുകയും ചെയ്തു. ഇതേ തുടർന്ന് പോലീസ് അലനെ ചോദ്യം ചെയ്യുകയും, അയാളുടെ വീട് പരിശോധിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ നടപടികൾ അയാൾക്കെതിരെ എടുക്കാനാവുന്നതിന് മുൻപെ, ഹൃദയാഘാതത്തെ തുടർന്ന് അലൻ മരിച്ചു. എന്നാൽ പോലീസ് തയ്യാറാക്കിയ സോഡിയാക്കിന്റെ രേഖാചിത്രവുമായി അലന്റെ രൂപത്തിന് വിദൂര സാമ്യം പോലും ഉണ്ടായിരുന്നില്ല. കൂടാതെ സോഡിയാക്കിന്റെ കയ്യക്ഷരം, പോൾ സ്റ്റെയ്നിനെ വധിച്ച ക്രൈം സീനിൽ നിന്നും കണ്ടെടുത്ത വിരലടയാളം എന്നിവക്ക് അലന്റേതുമായി ചേർച്ചയുണ്ടായിരുന്നില്ല. 2002ൽ, സോഡിയാക് കത്തുകളിൽ ഒട്ടിച്ച സ്റ്റാമ്പിൽ പുരട്ടിയിരുന്ന ഉമിനീരിൽ നിന്നും പോലീസ് കത്തെഴുതിയയാളുടെ ഡിഎൻഎ വേർതിരിച്ചെടുത്തു. ഈ ഡി.എൻ.എയും അലന്റെ ഡി.എൻ.എ യും വിത്യസ്തമായിരുന്നു.

ലോറൻസ് കെയ്ൻ
—————
1962ൽ ഉണ്ടായ ഒരു കാറപകടത്തെ തുടർന്ന് ലോറൻസ് കെയ്നിന് തലച്ചോറിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സ്വയം നിയന്ത്രണം അസാധ്യമായ രോഗാവസ്ഥയുടെ പിടിയിലായിരുന്നു കെയ്ൻ. കെയ്നിന്റെ കയ്യക്ഷരവും സോഡിയാക്കിന്റെ കയ്യക്ഷരവും തമ്മിൽ ചെറുതല്ലാത്ത സാമ്യമുണ്ടായിരുന്നു. കൂടാതെ വധിക്കപ്പെടുന്നതിന് മുൻപ് ഡാർലീൻ ഫെറിനെ കെയ്ൻ ദിവസങ്ങളോളം പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി ഫെറിന്റെ സഹോദരി മൊഴി നൽകിയിരുന്നു. കെയ്നിന്റെ രൂപവും പോലീസ് തയ്യാറാക്കിയ സോഡിയാക്കിന്റെ സ്കെച്ചും തമ്മിൽ സാമ്യതയുണ്ടായിരുന്നു. എന്നാൽ കെയ്ൻ തന്നെയാണ് സോഡിയാക് എന്നതിന് ഏറ്റവും വലിയ തെളിവ് കാത്ലീൻ ജോൺസിന്റെ മൊഴിയാണ്. ഒരു കൂട്ടം ഫോട്ടോഗ്രാഫുകളിൽ നിന്നും കാത്ലീൻ, കെയ്നിനെ തിരിച്ചറിയുകയും, തന്നെയും കുഞ്ഞിനെയും വധിക്കാൻ ശ്രമിച്ചത് കെയ്ൻ തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിട്ടുണ്ട്. സോഡിയാക്കിൽ നിന്ന് രക്ഷപെട്ടവരിൽ ഏറ്റവും കൂടുതൽ സമയം സോഡിയാക്കിനൊപ്പം ചിലവഴിച്ചത് കാത്ലീൻ ആയിരുന്നു എന്നതിനാൽ കാത്ലീൻ്റെ മൊഴിക്ക് മറ്റു തെളിവുകളേക്കാൾ പ്രാധാന്യമുണ്ട്.

റോസ്സ് സള്ളിവൻ
————-
ഷെറി ജോ ബെയ്റ്റ്സ് വധിക്കപ്പെട്ട റിവർസൈഡ് കോളേജ് ലൈബ്രറിയിലെ ജീവനക്കാരനായിരുന്നു റോസ്സ് സള്ളിവൻ. അയാളുടെ സഹപ്രവർത്തകർ എല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത് സള്ളിവൻ തീർത്തും ദുരൂഹത നിറഞ്ഞ ഒരു വ്യക്തിയായിരുന്നുവെന്നാണ്. ഷെറിയുടെ മരണ ശേഷം അയാൾ ദിവസങ്ങളോളം ജോലിക്കെത്തിയിരുന്നില്ല. സോഡിയാക്കിന്റെ സ്കെച്ചുകളുമായി ഏറ്റവുമധികം സാമ്യതയുണ്ടയിരുന്നത് സള്ളിവനായിരുന്നു. പ്രത്യേകിച്ച് സോഡിയാക്കിന്റെ ‘ widows peek’ ഹെയർസ്റ്റൈൽ, സംശയിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ സള്ളിവന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കീസോഫ്രീനിയ ബാധിതനായ സള്ളിവൻ 1977ൽ ഒരു മാനസികാരോഗ്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

റിക്ക് മാർഷൽ
———–
ഡേവിഡ് ഫിൻജറുടെ സോഡിയാക് (2007) എന്ന വിഖ്യാത ചലച്ചിത്രം കണ്ടവരാരും തന്നെ അതിലെ ബേസ്മെന്റ് രംഗം മറക്കാൻ സാധ്യതയില്ല. ടെൻഷന്റെ കൊടുമുടിയിലെത്തിക്കുകയും എന്നാൽ വീണ്ടും വീണ്ടും കാണുമ്പോൾ ഒരല്പം തമാശയായി തോന്നുകയും ചെയ്യുന്ന രംഗമാണത്. റിക്ക് മാർഷൽ എന്ന ഫിലിം ഓപ്പറേറ്ററുടെ കയ്യക്ഷരം തേടിയാണ് റോബർട്ട് ഗ്രേസ്മിത്ത് അയാളുടെ സഹപ്രവർത്തകനായ ബോബ് വോൻ്റെ വീട്ടിലെത്തുന്നത്. റിക്ക് തന്നെയാണ് സോഡിയാക് എന്ന് ഗ്രേസ്മിത്തിനും പോലീസിനും പല തവണയായി അജ്ഞാത ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിൽ റിക്കിനെ സോഡിയാക്കുമായി ബന്ധപ്പെടുത്താൻ വേണ്ട തെളിവുകളൊന്നും തന്നെ അന്വേഷകർക്ക് ലഭിച്ചില്ല.ഏതാണ്ട് 2500ഓളം പേരെയാണ് സോഡിയാക് എന്ന സംശയത്തിൽ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ യഥാർത്ഥ സോഡിയാക് അന്നും ഇന്നും തിരശ്ശീലയുടെ പിന്നിലാണ്.