Rahul Vijayan
കഷ്ടകാലത്തിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കുകയും സമൂഹത്തില്‍ നടമാടുന്ന കൊടിയ അനീതികള്‍ക്കെതിരെ പ്രതികരിക്കണമെന്നും ജനത്തെ ബോധവത്കരിക്കണമെന്നും കടുത്ത ആഗ്രഹമുണ്ടാവുകയും അതിനായി നിങ്ങള്‍ ഒരു കലാസൃഷ്ടി രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നിരിക്കട്ടെ..,
ആ സൃഷ്ടിപരമായ കര്‍മ്മത്തിന്റെ പലപല ഘട്ടങ്ങളില്‍ പോലും നിങ്ങളുടെ ആവിഷ്കാരത്തിന്റെ നിലവാരത്തെ സത്യസന്ധമായി വിലയിരുത്താനോ , പോരായ്മകള്‍ മനസ്സിലാക്കുവാനോ നിങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല..!
എന്തെന്നാല്‍ നിങ്ങളുടെ ഉള്ളിലുള്ളതും , ഒരുക്കാന്‍ ശ്രമിക്കുന്നതും സദുദ്ദേശപരവും ഉദാത്തവുമായ ഒരു കലാസൃഷ്ടിയാണ്..!അപ്പോള്‍…അതേ മൂല്യവത്തായ കലാസൃഷ്ടിതന്നെയാണ് ഒടുക്കം നിങ്ങളിലൂടെ സംഭവിച്ചത് എന്നറിയാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ..!കലാസ്രഷ്ടാവിന്റെ ആടയാഭരണങ്ങളും മനോഭാവവും വെടിഞ്ഞ് തികച്ചും ഒരു അനുവാചകനായി , പ്രേക്ഷകനായി ആ കലാസൃഷ്ടിയെ സമീപിക്കുക .., സത്യസന്ധമായി വിലയിരുത്തുക..!!
….
‘ ഭാരത സര്‍ക്കസ് ‘ എന്ന സോഹന്‍ സീനുലാല്‍ ചിത്രം കാണാനിടയായതുകൊണ്ടാണ് മുകളിലെ ഈ വരികള്‍ എഴുതേണ്ടിവന്നത്.!പോലീസും ഭരണകൂടവും സമൂഹവും നീതിന്ന്യായവ്യവസ്ഥയും പോലും എത്രത്തോളം ദളിത്/ആദിവാസി വിരുദ്ധമാണെന്നത് പ്രത്യേകം പറയേണ്ടതില്ല..!ദളിതരും ആദിവാസികളും പ്രതികളായ അനേകം വ്യാജ കേസുകളും അവര്‍ വാദികളായ അനേകം നീതി നിഷേധങ്ങളും ചൂണ്ടിക്കാണിക്കാവുന്ന ഈ ആധുനിക കാലഘട്ടത്തിലും ‘ ഭാരത സര്‍ക്കസ് ‘ എന്ന സിനിമ പ്രമേയപരമായി ഒട്ടും അതിശയോക്തി നിറഞ്ഞതല്ലാഞ്ഞിട്ടുകൂടി തിരക്കഥാപരമായും ആവിഷ്കാരപരമായും അങ്ങേയറ്റം നിരാശാജനകമാണ് എന്നത് പറയാതിരിക്കാനാവില്ല..!
കോമഡി കുറഞ്ഞ , നല്ല മെസേജ് മാത്രമുള്ള ചില കോമഡി സ്കിറ്റുകള്‍ ഉണ്ട് , ഭാരത സര്‍ക്കസ് കണ്ടിരുന്നപ്പോള്‍ അത്തരം സ്കിറ്റുകളാണ് ഓര്‍മ്മവന്നത്..!ബാലിശമായ ആഖ്യാനരീതിയില്‍ മറ്റൊരു പ്രധാന ന്യൂനതയായി തോന്നിയത് അഭിനേതാക്കളുടെ പ്രകടനമാണ്.പലയിടത്തും UPസ്കൂള്‍ ഡ്രാമാ ലെവലാണെങ്കിലും അല്പമെങ്കിലും ഭേദം എന്ന് തോന്നിയത് M.A.Nishad മാത്രമാണ് .പക്ഷേ…ഒരു നല്ല നടന് എന്നു ധരിച്ച ബിനു പപ്പു വില്‍ നിന്നും ഇത്രയും മോശം പ്രകടനം ഒട്ടും പ്രതീക്ഷിച്ചുമില്ല.!
‘ പരാതി സ്വീകരിക്കാതെ CI മുറിയ്ക്കു പുറത്താക്കുമ്പോള്‍.. ഒരു വിങ്ങിപ്പൊട്ടല്‍ ശബ്ദം കേട്ടു പരതി നോക്കേണ്ടിവന്നു , പക്ഷേ.. അത് ബിനു പപ്പുവില്‍ നിന്നു തന്നെയാണെന്ന് മനസ്സിലാക്കാന്‍ CI യുടെ അടുത്ത നീക്കം വേണ്ടിവന്നു .
കൂടാതെ…ക്രുദ്ധനായി മകളെ തല്ലുന്ന രംഗത്തിലടക്കം ബിനു നിര്വ്വികാരാവസ്ഥയിലായിരുന്നു എന്നത് ആ നടന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കട്ടെ..!പക്ഷേ.. പതിവുപോലെ ഏറ്റവും അസ്സഹനീയം ഷൈന്‍ ടോം ചാക്കോ ആയിരുന്നു .[സദാസമയവും മദ്യപിച്ചുനടക്കുന്ന നാക്ക് കുഴച്ചിലോടെ സംസാരിക്കുന്ന ഹൈപ്പര്‍ ആക്ടീവായ ആളാണ് ആ കഥാപാത്രമെങ്കില്‍ ഒന്നും പറയാനില്ല.! ]കോമഡി സ്കിറ്റുകളിലെ ടെക്നിക്സോടെ സിനിമ കണ്‍ക്ലൂഡ് ചെയ്യുമ്പോഴും പ്രേക്ഷകന് തോന്നാനിടയുള്ള സംഗതി.. ഈ Message ഒരു പേപ്പറില്‍ എഴുതി തന്നിരുന്നെങ്കില്‍ സമയവും കാശും ലാഭമായേനേ , എന്നാകും..!
ആകെമൊത്തം… സോഹന്‍ സീനുലാലിനോടും സംഘത്തിനോടും പറയാനുള്ളത്…, ഭാരത സര്‍ക്കസ് എന്ന സിനിമയുടെ അണിയറക്കാര്‍ എന്ന ഓര്‍മ്മയും ചിന്തയും മാറ്റിവച്ച് ഏതെങ്കിലും ഒരു തിയറ്റേറില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് ഈ സിനിമ കാണുക എന്നതാണ്.!ഒരു പക്ഷേ… അപ്പോള്‍ മാത്രമാകും ഒരു സിനിമയായി രൂപപ്പെടാത്ത തിരക്കഥയെ തല്ലിപ്പഴുപ്പിച്ച് സിനിമാകൊട്ടകയിലെത്തിച്ചതിന്റെ പോരായ്മകള്‍ താങ്കള്‍ക്കും കൂട്ടര്‍ക്കും മനസ്സിലാക്കാനാകുക..!കാരണം…ഭാരത സര്‍ക്കസ് എന്ന സദുദ്ദേശപരമായ ചലച്ചിത്രത്തിന്റെ സ്രഷ്ടാക്കളാണല്ലോ നിങ്ങള്‍..!! ബൈ ദ വേ…അടുത്ത അവസരം മിടുക്കോടെ വിനിയോഗിക്കുക..!