മെമ്പർ കുറുപ്പിനെ പുറത്താക്കിയ മുള്ളൻകൊല്ലിയിലെ ‘ട്വന്റി ട്വന്റി’ രാഷ്ട്രീയ സെറ്റപ്പ്

53

Rahul Vijayan

മുള്ളൻ കൊല്ലിയിലെ..,മെമ്പർ കുറുപ്പിൻറെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തിൻറെ ( പലിശ ഇടപാടിൻറെ) സാമ്പത്തിക ശക്തി പുതുശ്ശേരി ചെറിയ നമ്പ്യാർ എന്നറിയപ്പെടുന്ന ഗോപിനാഥൻ നമ്പ്യാർ ആയിരുന്നു.!കാര്യം മെമ്പർ കുറുപ്പ് ഒരു പലിശക്കാരനാണെങ്കിലും അയാൾ തീരെ കണ്ണിൽ ചോരയില്ലാത്തവനായിരുന്നില്ല.!ഒന്നുമല്ലെങ്കിലും ഒരു ജനപ്രതിനിധിയാണല്ലോ..!

പക്ഷേ.. സഥലത്തെ പ്രധാന പ്രതിപക്ഷമായ വേലായുധന് അടിതെറ്റിയ കാലത്ത് .. തക്കം പാർത്തിരുന്ന ചെറിയ നമ്പ്യാര് പലിശയിടപാട് അങ്ങ് കൈയ്യേറി..!, മെമ്പർ കുറുപ്പിനെ ചവിട്ടിപ്പുറത്താക്കി .. പണയവസ്തുവായി കിട്ടിയ മുള്ളൻകൊല്ലിക്കാരുടെ ആധാരങ്ങൾ തൻറെ കസ്റ്റഡിയിലാക്കി..!മെമ്പർ കുറുപ്പിൻറെ സ്ഥാനത്ത് ഗോപിനാഥൻ നമ്പ്യാർ നേരിട്ട് പലിശക്കാരനായി മാറുമ്പോൾ മുള്ളൻകൊല്ലിക്കാരുടെ കഷ്ടകാലം ആരംഭിക്കുകയാണ് .

മുതലിനും പലിശയ്ക്കും പകരമായി മുള്ളൻകൊല്ലിക്കാരിൽ നിന്നും ഗോപിനാഥൻ ആവശ്യപ്പെടുന്നതും പിടിച്ചെടുക്കുന്നതും അവരുടെ ജീവനും ജീവിതവും തന്നെയാണ്.!നമ്മുക്ക് ഉറപ്പിച്ചു പറയാം.. എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും പുതുശ്ശേരി ചെറിയ നമ്പ്യാരേക്കാൾ എന്തുകൊണ്ടും ഭേദമാണ് മെമ്പർ കുറുപ്പ് എന്ന്.!

ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും കോർപ്പറേറ്റുകൾ പൊതുവെ നേരിട്ട് ഇടപെടാറില്ല , രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച് അവർക്കാവശ്യമുള്ളത് നടത്തിയെടുക്കുകയാണ് പതിവ്.!എന്നാൽ.. കോർപ്പറേറ്റുകൾ ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും നേരിട്ട് ഇടപെടുന്നതും ഭാഗഭാക്കാകുന്നതും അധികാരം നേടുന്നതും ആശങ്കയുളവാക്കുന്നതാണ്.ഒടുക്കം.. മെമ്പർ കുറുപ്പിനെ വെട്ടിമാറ്റി മുള്ളൻകൊല്ലിയുടെ അടിയാധാരം കൈയ്യിലിട്ട് അമ്മാനമാടിയ പുതുശ്ശേരി ചെറിയ നമ്പ്യാരെ പോലെ..!!

കാർഷിക മേഖലയിലെ മാത്രമല്ല , ജനാധിപത്യ രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് ഇടപെടലും ആശങ്കാജനകമാണ്.! ‘ ട്വൻറ്റി 20 ‘ ഒക്കെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഗുണപരമായ സ്വയം തിരുത്തലുകൾക്ക് പ്രചോദനമാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു..!!