കൊറോണയെ കറുപ്പായി ചിത്രീകരിച്ച ‘വെള്ളക്കാരി’ പാരീസ് ലക്ഷ്മി സമൂഹത്തിനു നൽകിയ സന്ദേശമെന്ത് ?

72

Rahul Vijayan

മറിയം സോഫിയ ലക്ഷ്മി എന്ന പാരീസ് ലക്ഷ്മി നമ്മുക്കേറെ സുപരിചിതയും പ്രിയങ്കരിയുമാണ് .നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മിയുടെ ഒട്ടേറെ കലാപ്രകടനങ്ങൾ നമ്മുക്ക് അത്രമേൽ ഇഷ്ടമുള്ളതുമാണ് .!ലോകം കോവിഡ്-19 എന്ന മഹാവ്യാധിയുടെ പിടിയിലമർന്നപ്പോൾ സമൂഹത്തിന് അതിജീവനസന്ദേശം നൽകുക എന്ന കലാകാരന്മാരുടെ ഉദ്യമത്തിൽ പങ്കാളിയായി ‘ഒരു സംഗീത -നൃത്തശില്പം ‘ പാരീസ് ലക്ഷ്മി അണിയിച്ചൊരുക്കുകയുണ്ടായി..!ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയും ആരാധകരെയും സമ്പാദിച്ചുകൊണ്ട് ഈ നൃത്തശില്പം ഓൺലൈൻ ഇടങ്ങളിൽ ഇപ്പോഴും ജൈത്രയാത്ര തുടരുന്നു..!

ക്ളാസ്സിക്കൽ കാലഘട്ടത്തിലേതുപോലെ ഉടയാടകളണിഞ്ഞ ഒരു തറവാട്ടു പെണ്ണിൽ നിന്നുമാണ് കാഴ്ച്ചകൾ തുടങ്ങുന്നത്. തന്നെ കാണാത്തിയ ആൾക്ക് ഹസ്തദാനം നല്കി , യാത്രപറഞ്ഞ് പിന്തിരിഞ്ഞു നടക്കുമ്പോഴാണ് ഉമ്മറപ്പടിയിൽ മൂധേവിയെപ്പോലെ തന്നെയും കാത്തിരിക്കുന്ന കൊറോണയെ നായിക കാണുന്നത് .!ഭയചകിതയായ അവൾ ആ ദുഷ്ടശക്തിയെ ,പിശാചിനിയെ നോക്കി ” ഓടിപ്പോയിട് കൊറോണാവേ” എന്നു പാടുന്നു.!കുലസ്ത്രീയായും കൊറോണയായും പകർന്നാടിയ പാരീസ് ലക്ഷ്മി തൻറെ നർത്തനപാടവം ഒരിക്കൽക്കൂടി തെളിയിച്ചു എന്ന് നിസംശയം പറയാം .

പക്ഷേ..എന്തിനാണ് കൊറോണ എന്ന ഈ മഹാവ്യാധിയെ കറുപ്പ് നിറത്തിൽ അവതരിപ്പിച്ചത്..?ആടയാഭരണങ്ങളും നെറ്റിയിലെ പൊട്ടും ചരണച്ചെഞ്ചാറും വരെ കറുപ്പിൽ -അടിമുടി കറുപ്പിൽ മുക്കിയെടുത്തിരിക്കുന്നു .!മൈക്രോസ്കോപിക് ദൃശ്യങ്ങളിൽ തെളിയുന്ന covid -19 വൈറസ് കറുപ്പല്ല., എന്നു മാത്രമല്ല മറ്റു ചിത്രങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളവയ്ക്ക് അത്യാകർഷകമായ മറ്റുനിറങ്ങൾ ആണുതാനും.!കറുപ്പ് നിറം ദുഃഖത്തിൻറേയും ദുരിതത്തിൻറേയും വെറുപ്പിൻറേയും മരണത്തിൻറേയും കള്ളത്തിൻറേയും അഴുക്കിൻറേയും പ്രതീകമാണെന്ന പൊതുബോധത്തെ കാണാതെ കണ്ണടച്ചിരുട്ടാക്കാനല്ല ഉദ്ദേശിക്കുന്നത് .!പക്ഷേ.. ഒരു പുതിയ കലാസൃഷ്ടി എന്ന നിലയ്ക്ക് ..,ഒരു creator എന്ന നിലയ്ക്ക് പാരീസ് ലക്ഷ്മി സ്വീകരിക്കേണ്ടിയിരുന്ന ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത് .!

കറുപ്പ് നിറത്തെ അശുദ്ധമായും ഹിംസാത്മകമായും മലീമസമായും നമ്മുടെ സമൂഹത്തിൽ തുന്നിച്ചേർത്തപൊതുബോധത്തിനൊപ്പമുള്ള യാത്ര എളുപ്പമുള്ളതാണ് .എന്നാൽ അതല്ല വേണ്ടത്.! കറുത്ത മനുഷ്യരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ,അവരുടെ വേദനകൾക്കും ശ്വാസം പിണഞ്ഞുള്ള ഞരക്കങ്ങൾക്കും തരിമ്പും വിലനല്കാത്ത ലോകം ‘ Black lives matter ‘ എന്നു ചിന്തിച്ചു തുടങ്ങിയിട്ട് അധിക ദിവസങ്ങളായിട്ടില്ല.!ഉപരിപ്ളവമായ ആ ചിന്തയെ ടൈംലൈനിൽ എഴുതിയിടുമ്പോഴും കറുപ്പിനെ ഫിൽറ്റർ മോഡുകൊണ്ട് അതിജീവിക്കാനും , അകറ്റി നിർത്താനുമാണ് ഓരോരുത്തരുടേയും ശ്രമം .!

കറുപ്പ്നിറം വെറുപ്പിൻറേയും ദുരന്തങ്ങളുടേയും അഴുക്കിൻറേയും പ്രതീകങ്ങളായി നിങ്ങൾ തീരുമാനിക്കുന്ന കാലത്തോളം.. കറുത്തമനുഷ്യരോട് , അവരുടെ ജീവിതത്തോട്, മനുഷ്യാവകാശങ്ങളോട് നിങ്ങൾ പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യം വെറും പൊള്ളയാണ്..!, it’s meaningless..!
.