നമുക്കിത്തിരി നേരം ഈ മഴ നനഞ്ഞാലോ?
വാതില്‍ തുറന്ന് കുട നിവര്‍ത്തി എന്റെ മുന്നിലേക്ക് വന്ന അവന് എന്നെ ശാന്തമായി ഒന്നു നോക്കി. അവന് പിന്നിലേക്ക് തള്ളിയടച്ച ഡോറിലേക്ക് നോക്കുമ്പോള്‍ എന്റെ മുഖത്ത് ചോദ്യഭാവം വന്നിരുന്നു.
172 total views

കുടത്തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന ആകാശത്തിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ മണ്ണില്‍ വീണു ചിന്നിച്ചിതറി കാലുകളെ മരവിപ്പിച്ചുകൊണ്ടിരുന്നു. ജലനൂലുകള്‍ അവ്യക്തമാക്കിയ ദൂരക്കാഴ്ച്ചയിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ അതിലും ശക്തിയായി പെയ്തിറങ്ങാന്‍ വെമ്പുകയായിരുന്നു.
കുതിര്‍ന്ന മണ്‍വഴിയെ ഞെരിച്ചമര്‍ത്തിക്കൊണ്ട് ആ കാര്‍ എന്റെയടുത്ത് വന്നു നിന്നു. വാതില്‍ തുറന്ന് കുട നിവര്‍ത്തി എന്റെ മുന്നിലേക്ക് വന്ന അവന് എന്നെ ശാന്തമായി ഒന്നു നോക്കി. അവന് പിന്നിലേക്ക് തള്ളിയടച്ച ഡോറിലേക്ക് നോക്കുമ്പോള്‍ എന്റെ മുഖത്ത് ചോദ്യഭാവം വന്നിരുന്നു. അത് മനസിലാക്കിയെന്ന പോലെ അവന് മൃദുസ്വരത്തില്‍ പറഞ്ഞു,
“വന്നിട്ടില്ല”
“നീ പറയേണ്ടതുപോലെ പറഞ്ഞല്ലോ അല്ലേ?”, അര്‍ത്ഥമില്ലാത്തതെങ്കിലും അപ്പോള്‍ തോന്നിയ സംശയം ഞാന്‍ പ്രകടിപ്പിച്ചു.
“നിന്നെപ്പോലെ ഒരു സ്വാര്‍ത്ഥനെ ഇത്രയും സ്നേഹിച്ചതില്‍ കുറ്റബോധം ഉണ്ടെന്നവള്‍ പറഞ്ഞു. കേള്‍ക്കുമ്പോള്‍… നിനക്കു വിഷമമാവും എന്നറിയാം. പക്ഷേ… നിന്നെ അവള് കുറെ കുറ്റപ്പെടുത്തി.”
“സ്വാഭാവികം. ഈ ലോകത്ത് ആര്‍ക്കും ആരെയും മനസിലാവുന്നില്ല സുധീ. പക്ഷേ മിക്കവരും മനസിലാവുന്നതായി നടിക്കും. കാരണം, അതിനു പ്രയോജനങ്ങള്‍ ഒരുപാടാണ്”
“എനിക്കു മനസിലായില്ല. എന്താ നീ…?”
“ഓ!! വെറും ജല്‍പ്പനം. ആര്‍ക്കും മനസിലാവാത്ത എന്റെ കുറെ മണ്ടന്‍ തത്ത്വശാസ്ത്രങ്ങളില്‍ ഒന്ന്…പോകും മുന്‍പ് അവളെ കാണണമെന്നും കുറെ കാര്യങ്ങള്‍ പറയണമെന്നും ആഗ്രഹിച്ചിരുന്നു.”
“പക്ഷേ അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.”
“അറിയാഞ്ഞിട്ടല്ല സുധീ. നഷ്ടപ്പെടുന്നതിന്റെ വലിപ്പം നന്നായി അറിഞ്ഞുകൊണ്ടുതന്നെയാണ് നഷ്ടപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചത്.”
“ഞാന്‍ ചോദിചോട്ടെ വിച്ചൂ, മറ്റുള്ളവര്‍ നിന്നെ മനസിലാക്കുന്നതിനെ നീ പേടിക്കുന്നുണ്ടോ? എന്തിനാണ് നീ ആര്‍ക്കും ഇങ്ങനെ പിടികൊടുക്കാതിരിക്കുന്നത്? വര്‍ഷങ്ങളായി രാവും പകലും നിന്നെ കാണുന്നവനാണ് ഞാന്‍, എനിക്കറിയാം നിന്റെ ഉള്ളില്‍ എത്രത്തോളം നന്മയുണ്ടെന്ന്. പക്ഷേ നിനക്കു കുറച്ചുകൂടി ഓപണ്‍ ആയിക്കൂടെ? അവളുടെ സംസാരം കേട്ടപ്പോ എനിക്കു വ്യക്തമായി, വര്‍ഷയ്ക്കു നിന്നെ തീരെ മനസിലായിട്ടില്ല.”
ഞാന്‍ ഒന്നും മിണ്ടാതെ അവന് പുറം തിരിഞ്ഞുനിന്ന് കുടത്തുമ്പിലെ മഴവെള്ളത്തില്‍ കൈവിരലുകള്‍ നനച്ചുകൊണ്ടിരുന്നു.
“വിഷമങ്ങളും സങ്കടങ്ങളുമൊക്കെ എല്ലാവര്ക്കും ഉള്ളതാ. നിനക്കും ഉണ്ട് ഒരുപാട്. എല്ലാവരും ചില സ്ഥലത്തെങ്കിലും ദുര്‍ബലരാണ്. പക്ഷേ അത് വേറെ ആരെങ്കിലും അറിയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. നീ എന്തിനാണ് ഇങ്ങനെ സൂപ്പര്‍ ഹ്യൂമന്‍ കളിക്കുന്നത്?”, അവന്റെ സ്വരത്തില്‍ എന്നോടുള്ള സ്നേഹം കലര്‍ന്ന ദേഷ്യം എനിക്കു നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു, “നീ വര്‍ഷയോട് എത്രത്തോളം ഓപണ്‍ ആയിരുന്നു എന്നെനിക്കറിയില്ല. പക്ഷേ, അവളും നിന്നെ മനസിലാക്കിയിട്ടില്ല.
“എനിക്കറിയാം സുധീ. പൊട്ടിയ ഹൃദയം കൊണ്ട് അവള് എഴുതുന്ന ഡയറിക്കുറിപ്പുകളില്‍ ജീവിതത്തെ നേരിടാന്‍ അറിയാത്ത, സ്നേഹിക്കാന്‍ അറിയാത്ത, സ്നേഹം അര്‍ഹിക്കാത്ത ഒരു ദുരൂഹവ്യക്തിത്വത്തിന്റെ ഉടമ എന്നായിരിക്കും ഒരുപക്ഷേ എന്റെ ചിത്രം. അതില്‍ എനിക്കു സങ്കടമില്ല എന്നുപറഞ്ഞാല്‍, അത് നുണയായിപ്പോവും. അവളുടെ മനസിലെങ്കിലും എനിക്കു ഞാനായി തന്നെ നില്‍ക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ തീര്‍ച്ചയായും അതിനു ശ്രമിച്ചിരുന്നു. ഇതിപ്പോ പരാജയം എന്റെയാണോ അവളുടെയാണോ… അറിയില്ല.”
“എനിക്കിനി എന്തെങ്കിലും ഇതില്‍ ചെയ്യാന്‍ കഴിയുമോ? നീ പറ”, സുധി ചോദിച്ചു
“ഇനി ഒന്നും ചെയ്യണ്ട കാര്യമില്ല സുധീ” എന്നു പറഞ്ഞെങ്കിലും ഉടന്‍ തന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഞാന്‍ മാറ്റിപ്പറഞ്ഞു, “ഇനി നീ എപ്പോഴെങ്കിലും അവളെ കാണുകയാണെങ്കില്‍ ഇന്ന് ഇവിടെ ഞാന്‍ അവളെ പ്രതീക്ഷിച്ചിരുന്നു എന്നും അവള് വരാത്തതില്‍ എന്റെ മനസ് വല്ലാതെ വേദനിച്ചു എന്നും പറയണം. അവള് വിശ്വസിക്കില്ല, എന്നാലും ഒന്നു പറഞ്ഞേക്ക്.”
അവന് ഒന്നു മൂളി.
“എന്റെ മുഖത്ത് ഇപ്പൊഴും ചിരി ഉണ്ടല്ലോ, അല്ലെടാ സുധീ?” ഞാന്‍ ചോദിച്ചു.
“ആ ചിരി അവിടെ നില്ക്കാന് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്” അവന് മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നമുക്കിത്തിരി നേരം ഈ മഴ നനഞ്ഞാലോ?” ഞാന്‍ ചോദിച്ചു.
“നാളെയാണ് ഫ്ലൈറ്റ്. പനി പിടിപ്പിക്കണോ?”
“ഓ.. എന്ത് പനി! ഈ മഴയേയും പച്ചപ്പിനെയും ഒക്കെ ഒരുപാട് സ്നേഹിച്ച ഒരു ജീവിതത്തെ അങ്ങ് കടലിനക്കരെ മരുഭൂമിയിലേക്ക് പറിച്ചു നടും മുന്‍പ്, ഒരു മോഹം. നീ വാ നമുക്കിത്തിരി നേരം ഈ കുട അങ്ങ് ഉപേക്ഷിക്കാം. എന്താ?”
“ഞാന്‍ റെഡി. പക്ഷേ, ഇപ്പോ പറഞ്ഞത് മാത്രമാണു കാരണം എന്നു ഞാന്‍ വിശ്വസിക്കില്ല”
“വേറെയും കാരണം ഉണ്ട് എന്നു തന്നെ വച്ചോ. അതുകൊണ്ട് തന്നെ കുറെ നേരത്തേക്ക് നീ എന്നോടു ഒന്നും മിണ്ടുകയോ എന്റെ മുഖത്തേക്ക് നോക്കുകയോ ചെയ്യരുത്. എഗ്രീഡ്?”
സുധി എന്റെ മുഖത്ത് ഒന്നു സൂക്ഷിച്ച് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. “എഗ്രീഡ്!”
ഞാന്‍ കുട ദൂരേക്ക് മാറ്റിപ്പിടിച്ച്, അതിന്റെ പിടി വിട്ടു.
173 total views, 1 views today
