Raiza Shajitha Ummer Mohammed

2016ല്‍ നടന്ന ഇന്‍ഡിപ്പെന്‍ഡന്റ് യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മേക്കിങിനുള്ള മികവിനും, അതേ വര്‍ഷം തന്നെ നടന്ന ഇന്റര്‍നാഷണല്‍ ഫാമിലി ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശഭാഷാ ഡോക്യുമെന്ററിക്കും അവാര്‍ഡ് വാങ്ങിയ ഒരു അറബ് ഡോക്യുമെന്ററിയുടെ പേരാണ് ‘ലിറ്റില്‍ ഗാന്ധി’. ഒരു മണിക്കൂറോളമുള്ള ആ ഡോക്യുമെന്ററി പറഞ്ഞ് വെക്കുന്നത് അന്നേ വരെ ചരിത്രത്തിലെവിടെയും വായിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം പ്രതിഷേധത്തിന്റെ നേര്‍ച്ചിത്രമാണ്. ഗിയാത് മത്തര്‍ എന്ന സിറിയക്കാരനെക്കുറിച്ചുള്ളതായിരുന്നു സാം കാദി സംവിധാനം ചെയ്ത ആ ഡോക്യുമെന്ററി.

തന്റെ നാടായ സിറിയയിലെ ദരിയയില്‍ പട്ടാളത്തിന്റെ ആക്രമണം കൊടുമ്പിരി കൊള്ളുമ്പോള്‍ ആ പട്ടാളക്കാര്‍ക്കെല്ലാം ചിരിച്ച് കൊണ്ട് പനിനീര്‍പ്പൂക്കള്‍ നല്‍കിയായിരുന്നു ഗിയാത് മത്തര്‍ കടന്ന് വന്നത്. സ്നേഹമായിരുന്നു ഗിയാത്തിന്റെ ഏക ആയുധം. വിവരമറിഞ്ഞ ഭരണകൂടം ഭീതിയിലാണ്ടു. കുഴപ്പമാവുമെന്ന് ഭയന്ന അവര്‍ ഗിയാതിനെ പിടിച്ച് കൊണ്ട് പോയി. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം ഗിയാതിനെ മയ്യത്തായി തിരിച്ച് കിട്ടുമ്പോള്‍ മുറിവേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലും ആ ശരീരത്തില്‍ ബാക്കിയില്ലായിരുന്നു.

അമേരിക്ക,ജപ്പാന്‍,ജര്‍മ്മനി,ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരടക്കമുള്ളവര്‍ ഗിയാത്തിന്റെ ഖബറടക്കച്ചടങ്ങുകളില്‍ പങ്കെടുത്തു. മരണസമയത്ത് ഗര്‍ഭിണിയായിരുന്ന ഗിയാത്തിന്റെ ഭാര്യ പിന്നീട് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും കുഞ്ഞിന് ഗിയാത് എന്ന് തന്നെ പേര് വെക്കുകയും ചെയ്തു. സിറിയന്‍ വിപ്ലവത്തിന്റെ സമാധാനപരമായ പ്രതിരോധത്തിന്റെ അടയാളമായി ഗിയാത് മത്തര്‍ വാഴ്‌ത്തപ്പെട്ടു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ പട്ടാളക്കാരും ഫലസ്തീന്‍ ജനതയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ഇസ്രായേല്‍ പട്ടാളം നാട്ടുകാര്‍ക്കെതിരെ പ്രയോഗിച്ച ടിയര്‍ ഗ്യാസ്ഗ്രനേഡുകളില്‍ പൂക്കള്‍ വളര്‍ത്തിയ സ്ത്രീയുണ്ടായിരുന്നു..! കോടതിവിധിയിലൂടെ ഫലസ്തീനുകാര്‍ സ്വന്തമാക്കിയ സ്ഥലത്തായിരുന്നു അവയെല്ലാം നട്ടു പിടിപ്പിച്ചത്. കാണാന്‍ വളരെ ഭംഗിയുള്ള കാഴ്ച്ചയാണെങ്കിലും എന്ത് മാത്രം വേദനയായിരിക്കും ഓരോ പൂവിനും പറയാനുണ്ടാവുക. അവര്‍ വേദനയെ സ്നേഹത്തിലൂടെ വിപ്ലവമാക്കാമെന്ന് കരുതുകയാണ്..!

ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാനുണ്ടായ കാരണം ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ പോലീസുകാരന് പനിനീര്‍പ്പൂ സമ്മാനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പടമാണ്. ആയുധധാരിയായ ആ പോലീസുകാരന് മുന്നില്‍ എത്ര സമാധാനപരമായി ചിരിച്ച് കൊണ്ടാണാ പെണ്‍കുട്ടി നില്‍ക്കുന്നത് ! സ്നേഹത്തിന് മാത്രം പകര്‍ത്താന്‍ കഴിയുന്നൊരു ശക്തിയാണത്..! ഒരു പക്ഷേ എല്ലാവരുമോര്‍ത്ത് വെക്കാന്‍ പോകുന്നൊരു ഫ്രെയിം അതെ, അവള്‍ കയ്യില്‍ പിടിച്ച ആ നാല് വരികള്‍ പറയുന്നത് പോലെ അവള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. വരൂ അവര്‍ അടിച്ചമര്‍ത്തല്‍ കൊണ്ട് അധികാരത്തെ കെട്ടിപ്പിടിക്കുമ്പോള്‍ ഒരു പൂവ് കൊണ്ടെങ്കിലും നമുക്ക് സ്നേഹത്തെ പുണരാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.