മലയാള സിനിമയിലെ ദൃശ്യങ്ങൾ

37
Raj Kr
മലയാള സിനിമയിലെ ദൃശ്യങ്ങൾ
ഈ അടുത്ത കാലത്ത് മലയാളത്തിൽ സൂപ്പർഹിറ്റ് ആവുകയും പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും എല്ലാം റീമക്ക് ചെയ്ത സിനിമയാണ് മോഹൻ ലാൽ നായക കഥാപാത്രമായി അഭിനയിച്ച ദൃശ്യം.
ഒരു എന്റർടൈൻമെന്റ് എന്നതിലുപരി എത്രമാത്രം സാമൂഹ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് ഈ സിനിമ എന്ന് നോക്കുക. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥയുടെ മകൻ ഒരു പെൺകുട്ടി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. പേടിച്ചിറണ്ട പെൺകുട്ടിയും അവളുടെ അമ്മയും അരുതെന്നു ആ പയ്യനോട് കേണപേക്ഷിക്കുകയാണ് ചെയ്യുന്നത്.
കരണകുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു മൊബൈൽ കൈവശപ്പെടുത്തി അവനെതിരെ കേസ് കൊടുത്താൽ തീരുന്നതേയുള്ളൂ പ്രശ്നം. ചുരുങ്ങിയ പക്ഷം സ്വന്തം അച്ഛനെ വിവരമറിയിക്കുകയാണ് എല്ലാവരും ചെയ്യുക. അവിടെ നാണക്കേടിന്റെ എന്ത് കാര്യമാണുള്ളത്? രഹസ്യമായി കാമുകനുമായി വേഴ്ചയിൽ ഏർപ്പെടുന്ന രംഗമൊന്നുമല്ലല്ലോ മൊബൈലിൽ പകർത്തിയത്!!
സ്ത്രീകൾ അബലകളാണെന്നും അവരൊക്കെ എന്ത് കേട്ടാലും ഭയന്ന് ആരോടും ഒന്നും പറയില്ല എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. പരാതിപ്പെട്ടാൽ പോലീസ് ഒന്നും ചെയ്യില്ല എന്ന “സന്ദേശവും” !!ഇതൊക്കെയാണ് മുഖ്യധാരാ സിനിമകൾ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങൾ. തലക്കടിയേറ്റ പയ്യൻ മരണപ്പെടുകയും നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പോലീസിനെ കബളിപ്പിച് നായകൻ കരുക്കൾ നീക്കി അവസാനം രക്ഷപ്പെടുന്നതുമാണ് കഥ.
ഈ കഥയിൽ രണ്ടു ക്രൈമുകൾ ഉണ്ട്. 1. പയ്യന്റെ ബ്ലാക്‌മെയ്‌ലിംഗ് 2. പെൺകുട്ടിയും അമ്മയും നടത്തിയ കൊലപാതകം. ഇതിൽ ആദ്യത്തെ ക്രൈം രണ്ടാമത്തെ ക്രൈം വന്നതോട് കൂടി ഇല്ലാതാവുകയാണ്. ഒരു തെമ്മാടിയെ വളർത്തിയുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥയും ഭർത്താവും ഒരു തെറ്റുകാരുമല്ലാത്ത രീതിയിലാണ് സിനിമയുടെ ട്രീറ്റ്മെൻറ്. കൊമേർഷ്യൽ സിനിമയുടെ അടിസ്ഥാനം തന്നെ വില്ലനെ (പോലീസ് ഉദ്യോഗസ്ഥയും ഭർത്താവും) കൈകാര്യം ചെയ്യുന്ന നായകനാണ്. കഥയുടെ ഒരു ഭാഗത്തും അങ്ങനെ ഒരു സാധ്യത ഉണ്ടാകുന്നില്ല. പകരം തല്ലു മുഴുവൻ കൊള്ളുന്നത് നായകനാണ്. ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെയാണ്.സ്ത്രീ പീഡിപ്പിക്കപ്പെടുന്നതല്ല വിഷയമാകുന്നത്. പകരം അവൾക്കു “ഭാവശുദ്ധിയുണ്ടോ” “നിയമം കയ്യിലെടുക്കാൻ അവകാശമുണ്ടോ” തുടങ്ങിയ സന്ദേഹങ്ങൾ !