കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു ഓഫീസ് പോലുമില്ലാത്ത സൗത്ത് ഡൽഹിയിലെ ഒരു ക്യാംപസിൽ ഇടത് ആശയങ്ങൾ പ്രബലമായതെങ്ങനെ ?

0
2412

Raj Vishnu

ഡൽഹിയിൽ ഏറ്റവും എലീറ്റ് ആയ ഒരു ഏരിയ ആണ് സൗത്ത് ഡൽഹി. ഈ പ്രദേശത്ത് ഒന്നും ഒരു ഇടത് പാർട്ടിക്കും മര്യാദക്ക് ഒരു ഓഫീസ് പോലും ഇല്ല. എന്നിട്ടും എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഈ സൗത്ത് ഡൽഹിയിൽ പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഒരു ക്യാംപസിൽ ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് ഇത്ര വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നത് എന്ന് പറഞ്ഞ് പലരും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലൊക്കെ പണം കൊണ്ടും മസിൽ പവർ കൊണ്ടും വിദ്യാർത്ഥികൾക്കിടയിൽ മൃഗീയ മേധാവിത്വം ABVP പോലുള്ള സംഘടനകൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമ്പോൾ JNU-ഇൽ അവരുടെ പരിപ്പ് ഒന്നും വേവാത്തതിന് പിന്നിൽ എന്ത് മായാജാലമാണ്?

* JNU വിദ്യാർത്ഥികളുടെ വർഗ്ഗ സ്വഭാവം തന്നെ ആണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. താരതമ്യേന വളരെ ചെറിയ ഫീസിൽ ഉന്നത നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാവുന്ന രാജ്യത്തെ അപൂർവം ക്യാംപസുകളിൽ ഒന്നാണ് JNU. സൗത്ത് ഡൽഹിയിലെ എലൈറ്റ് മനുഷ്യരുടെ പ്രതിനിധികളല്ല, രാജ്യത്തിന്റെ പട്ടിണി ഗ്രാമങ്ങളുടെ പ്രതിനിധികളാണ് പ്രധാനമായും JNUഇൽ പഠിക്കുന്നത്.

* ക്രെഡിറ്റ് കാർഡിലും പേടിഎമ്മിലുമുള്ള വലിയ ബാലൻസിന്റെ ബലത്തിൽ, കാലും നീട്ടിയിരുന്ന് സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത ബ്രേക്ക്ഫസ്റ്റ് കഴിച്ചിട്ട് ലഞ്ച് ആവുന്നത് വരെ വെയിറ്റ് ചെയ്യുന്നതിനിടയ്ക്ക് കിട്ടുന്ന ഒഴിവ് നേരത്തിൽ “രാജ്യത്തിന് വേണ്ടി കുറച്ചൊക്കെ ത്യാഗം ചെയ്തൂടെ”, എന്നൊക്കെ ട്വീറ്റ് ചെയ്ത് ഡീമോണിട്ടൈസേഷനെ പൊക്കിയടിക്കുന്ന സൗത്ത് ഡൽഹിയിലെ പ്രിവിലേജ്ഡ് ലിബറൽ അപ്പർ മിഡിൽ ക്ലാസ്സല്ല JNUഇൽ പഠിക്കുന്നത്.

* ഓടകൾ വൃത്തിയാക്കിയും, കൂലിപ്പണി എടുത്തും, വഴിയിൽ പാനീപൂരി വിറ്റും ജീവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരടക്കം അധ്വാനിക്കുന്ന അടിസ്ഥാനവർഗ്ഗത്തിൽ പെടുന്നവരാണ് JNU അടക്കമുള്ള പ്രധാനപ്പെട്ട സർവ്വകലാശാലകളിലെ വലിയൊരു ശതമാനം വിദ്യാർഥികൾ. അവരവരുടെ ഗ്രാമത്തിലെ, കോളനിയിലെ, ഊരിലെ ഒക്കെ ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ വ്യക്തികൾ ആയിരിക്കും ഇവിടങ്ങളിൽ വരുന്ന പലരും. ആയിരങ്ങളുടെ പ്രതീക്ഷകൾ ആണവർ ഓരോരുത്തരും. നമ്മുടെ നശിച്ച നാട്ടിൽ നിന്നും ഒരുപാട് യാതനകളും വിവേചനങ്ങളുമെല്ലാം, സ്വന്തം ഉൾക്കരുത്ത് കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ടും പോരാടിയുമാണ് അവർ ഇതുവരെ എത്തുന്നത്. രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്ന് അങ്ങനെയുള്ള ഒരുകൂട്ടം പോരാളികളായ വിദ്യാർഥികളും ഗവേഷകരും, എല്ലാ ശബ്ദങ്ങൾക്കും ഇടമുള്ള, ജനാധിപത്യത്തിന്റെ, സ്വതന്ത്ര ചിന്തകളുടെ കേന്ദ്രമായ സർവ്വകലാശാലാ ക്യാംപസുകളിൽ എത്തിയാൽ അത് വലിയൊരു ശക്തി തന്നെ ആയിമാറും. പണമെറിഞ്ഞും മദ്യമൊഴുക്കിയും വീഴ്ത്താൻ ബുദ്ധിമുട്ടുള്ള ശക്തി.

* JNU പോലുള്ള ക്യാംപസുകളിലെ വിദ്യാർത്ഥികൾക്കിടയിലുള്ള ഈ അടിസ്ഥാനവർഗ്ഗ സ്വഭാവമാണ് തങ്ങളുടെ പ്രധാന ശത്രു എന്ന് ഭരണാധികൾക്കുമറിയാം. ആ പശ്ചാത്തലത്തിലാണ് ഈ നിഗൂഢമായ ഹോസ്റ്റൽ ഫീസ് വർദ്ധനവിനെ കാണേണ്ടത്. പാവപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാൻ രാജ്യത്ത് അവശേഷിക്കുന്ന സർവകലാശാലകളിലെ അപൂർവമായ അവസരങ്ങൾ പോലും ഇല്ലാതാക്കിക്കൊണ്ട് വേണം, അവിടെയും അവർക്ക് രാഷ്ട്രീയ ആധിപത്യം നേടാൻ. അഥവാ എതിർശബ്ദങ്ങളെ അവർക്ക് ഇല്ലാതാക്കാൻ. JNU-ഇലെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് അതുകൊണ്ട് തന്നെ ഒട്ടും നിഷ്കളങ്കമല്ല.

* നമ്മുടെ അയൽ രാജ്യങ്ങളടക്കം നമ്മളെക്കാൾ പിന്നോക്ക രാജ്യങ്ങളെക്കാൾ കുറഞ്ഞ പങ്ക് മാത്രം ബഡ്ജറിൽ നിന്ന് വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെക്കുന്ന ഇന്ത്യൻ ഭരണാധികാരികളുടെ തലതിരിഞ്ഞ പ്രയോറിറ്റിയെ ചോദ്യം ചെയ്തുകൊണ്ട്, പൊതുവിദ്യാഭ്യാസത്തിന് അർഹമായ പരിഗണന സർക്കാർ നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട്, രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലെയും ക്യാംപസുകളിലെയും സകല വിദ്യാർത്ഥി സംഘടനകളും എല്ലാ വിദ്യാർഥികളും തെരുവിൽ ഒരുമിച്ചിറങ്ങി ഈ സമരത്തെ വിപുലമാക്കണം എന്നാഗ്രഹിക്കുന്നു. വിദ്യാർത്ഥികളുടെ സംഘടിത ശക്തി എന്തെന്ന് രാജ്യം ഭരിക്കുന്നവർക്ക് കാണിച്ചുകൊടുക്കേണ്ടതുണ്ട്.

* നമ്മുടെ നികുതിപ്പണം കൊണ്ട് സർക്കാർ കോടീശ്വരന്മാരെയും കോർപ്പറേറ്റ്കളെയും തീറ്റിപ്പോറ്റിയത് മതിയെന്നും, വിദ്യാഭ്യാസത്തിന് അർഹമായ പരിഗണന നൽകണം എന്ന് പൊതുസമൂഹത്തിനും ഇപ്പോൾ പറയാൻ കഴിയണം. തെരുവിൽ സമരം ചെയ്യാനിറങ്ങിയ ഈ മക്കൾ, നമ്മുടെ നാടിന്റെ അഭിമാനവും പ്രതീക്ഷയുമാണ്. അവരെ മർദ്ദിച്ച് ഒതുക്കി തോന്നിവാസം കാണിക്കുന്ന ഭരണകൂടത്തിനെതിരെ പൊതുസമൂഹത്തിന്റെ ശബ്ദം ഉയരേണ്ടതുണ്ട്. രാഹുൽ ഗാന്ധി നാട് വിട്ട് പോയാലും ഇന്നാട്ടിൽ ഒരു ബദൽ ശബ്ദം ഉയരുമെന്നവർക്ക് കാണിച്ചുകൊടുക്കേണ്ടതുണ്ട്.

#StandWithJNU
#TaxPayersWithJNU
#ProtectPublicEducation