മനുഷ്യ വിരുദ്ധമായ മതബോധം (കോവിഡിനേക്കാൾ മാരകമായ മതം)

122
മനുഷ്യ വിരുദ്ധമായ മതബോധം (കോവിഡിനേക്കാൾ മാരകമായ മതം… )
രാജഗോപാൽ വാകത്താനം എഴുതുന്നു.
മഹാകാവ്യമായ മഹാഭാരതം ഇലിയഡും ഒഡിസിയും ഷേക്സ്പിയർ ട്രാജഡികളും പോലെ ഒരു ദുരന്തകാവ്യമാണ്. അതിൽ അർജുനവിഷാദയോഗം എന്നൊരു ഭാഗമുണ്ട്. ബന്ധുക്കളെ മുഴുവൻ കൊന്നൊടുക്കി രാജ്യം നേടിയതിലും ദിഗ് വിജയം നേടിയതിയും ഗാണ്ഡീവം എന്ന ദിവ്യായുധം അർജുനനെ സഹായിച്ചിരുന്നു.എന്നാൽ യാദവ വംശം നശിക്കുകയും കൃഷ്ണൻ വേടനാൽ കൊല്ലപ്പെട്ടുകയും ദ്വാരക കടലിൽ താഴ്ന്നു പോകുകയും ചെയ്യുമ്പോൾ അവിടുന്ന് സ്ത്രീകളെയും കൊണ്ടു പോരുന്ന അർജുനനെ കൊള്ളക്കാർ ആക്രമിക്കുന്നു. ഒരാളെ പോലും രക്ഷിക്കാൻ അർജുനന് കഴിയുന്നില്ല. ഗാണ്ഡീവം നിഷ്പ്രഭമായി, അമ്പൊടുങ്ങാത്ത ആവനാഴി ശൂന്യമായി .എന്നിട്ടും അയാൾഗാണ്ഡീവം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല. മഹാപ്രസ്ഥാനത്തിന് (മരണത്തിലേക്ക്) പോകുമ്പോഴും ആ വില്ല് തോളിൽ തൂക്കി നടന്നു അർജുനൻ.
കോവിഡു കാലത്തെ മതവാദികളുടെ ഗതിയും ഇതു തന്നെയാണ്.മരിച്ചവരെ ഉയിർപ്പിച്ചവരും അസുരന്മാരെ കൊന്നു തീർക്കാനും, എന്തിന് എരുമയെ കൊല്ലാൻ പോലും (അയ്യപ്പൻ) അവതാരമെടുത്ത ഒരു ദൈവങ്ങളുടെയും പൊടിപോലുമില്ല കണ്ടു പിടിക്കാൻ’. ജീവിതത്തിന്റെ മഹാദുരന്തങ്ങളിൽ സഹായിക്കാത്ത ഈ ഗാണ്ഡീവം ഏട്ടിലെ കഥ മാത്രമാണ്. നിസ്സഹായരായി പോകുന്ന മനുഷ്യകുലത്തെ എക്കാലവും രക്ഷിച്ചത് ശാസ്ത്രവും സാമൂഹ്യ ചിന്തയും അതിനു നിദാനമായ അവന്റെ ധിഷണയുമാണ്.
(കോവിഡ് കാലത്തെ മുതലെടുത്ത് യുക്തിവാദികൾ നിരീശ്വരത പ്രചരിപ്പിക്കുന്നു എന്നു് ആക്ഷേപിക്കുന്ന ഒട്ടേറെ പ്രവാചക ശബ്ദങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. ഈശ്വരവാദ മുണ്ടായ കാലം മുതൽ നിരീശ്വരത ഉണ്ടായിരുന്നു.(അപ്പോസ്തോല കാലത്തെ ക്രിസ്ത്യാനികളെയും നിരീശ്വരർ എന്നാണ് വിളിച്ചിരുന്നത്) ശാസ്ത്രവും നവോത്ഥാനവും ജനാധിപത്യവുമൊക്കെ മരവിരുദ്ധതയിൽ നിന്ന് ഉയിർ കൊണ്ട മനുഷ്യ കേന്ദ്രീകൃത സംസ്കൃതികളായിരുന്നു) എന്നാൽ ഏതു ദുരന്തകാലത്തും മഹാമാരിയിലും മതാധിപത്യം അവരുടെ കൗശലവും ക്രൗര്യവും കൊണ്ട് ദുരന്തങ്ങളെ പർവ്വതീകരിച്ച ഒട്ടേറെ ചരിത്രങ്ങളുണ്ട്‌.അതിൽ ഒടുവിലത്തേതാണ് നിസാമുദീൻ തബ്ലീഗി.
1926 ൽ മുഹമ്മദ് ഇല്യാസ് കാന്തലവി നിസാമുദ്ദീൻ കേന്ദ്രീകരിച്ച് തുടങ്ങിയ ഇസ്ലാം മിഷനറി സംഘമാണു് തബ്ലി ഗി. മുഗള ഭരണത്തിനു ശേഷം തകർന്നു പോയ ഇന്ത്യൻ ഇസ്ലാമിനെ രക്ഷിക്കാൻ അവതരിച്ച മതമൗലികവാദ പ്രസ്ഥാനം .പള്ളിയും മദ്രസയും ഹോസ്റ്റലുമൊക്കെ ഒന്നിച്ചുള്ള മർക്കസുകൾ സ്ഥാപിച്ച് മത പ്രചാരണം മുതൽ മതപരിവർത്തനം വരെ നടത്തുന്ന അന്താരാഷ്ട്ര സംഘമായി അതു വളർന്നു. ഇത്തവണ രണ്ടാഴ്ചത്തെ സമ്മേളനമാണ് അവിടെ നടന്നത്.വിദേശികളായ 2100 പേർ ഉൾപ്പെടെ 4000ളം പേരാണ് കോവിഡു കാലത്ത് തടിച്ചു കൂടിയത്.( ഇക്കാര്യത്തിൽ ഡൽഹി, കേന്ദ്ര സർക്കാരുകളുടെ അനാസ്ഥ കുറ്റകരമാണ്) മാർച്ച് 22 ന് കർഫ്യുവും 23 ന് ലോക് ഡൗണും പ്രഖ്യാപിച്ചപ്പോൾ പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ 26ന് 1800ളം പേർ സെമിനാരിയിൽ ഉണ്ടായിരുന്നു. 24 പേർ രോഗബാധിതർ ‘ 334 പേരെ ആശുപത്രിയിലാക്കി. 700 പേർക്വാറൻ ടൈ നിൽ.15ളം സംസ്ഥാനങ്ങളിലേക്കും നിരവധി വിദേശ രാജ്യങ്ങളിലേക്കും രോഗവ്യാപനം നടത്താനാണ് ഈ മതവും അവരുടെ കടുത്ത വിശ്വാസവും ഇടയാക്കിയത്. (ഒരാളെ പോലും അല്ലാഹു രക്ഷിച്ചില്ല )ഇത് തെമ്മാടിത്തമാണെന്ന് വിശ്വാസികൾക്ക് അഭിപ്രായ വ്യത്യാസമുണ്ടോ?
അടുത്താഴ്ച കഷ്ടാനുഭവ വാരമാണ്. പാതിരിമാരുടെയും പാസ്റ്റർമാരുടെയും കൊയ്ത്തുകാലം. അതു കൊണ്ട് വിശ്വാസ വാദവുമായി സഭകൾ ഇറങ്ങിക്കഴിഞ്ഞു. വിശ്വാസമാണെങ്കിൽ വീട്ടിലിരുന്നാലും മതി. (ക്രിസ്തു ഒരു കൂദാശയും നടത്തിയിട്ടില്ല. അതൊക്കെ സഭയുണ്ടാക്കിയതാണ്; പണത്തിന്റെ ഉപാധിയാണ്‌ ) അതുകൊണ്ട് ശാസ്ത്രവും ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയാണു വേണ്ടത്. നിഷ്പ്രയോജനമായ ഗാണ്ഡീവം ഇനിയെങ്കിലും വലിച്ചെറിയുക. ദേശീയ പാതകൾ ബന്ധിച്ച്, പച്ചക്കറി വണ്ടികൾ തകർക്കുന്ന ‘ലോക സമസ്ത സുഖിനോ ‘യുടെ സംഘി ബോധത്തിലേക്കല്ല വിവേകമുള്ള ഒരു സമൂഹം വളരേണ്ടത്.