“ബിരിയാണി ഷക്കീല ചിത്രങ്ങളേക്കാൾ മോശം, കനി കുസൃതിക്ക് അശ്‌ളീല രംഗങ്ങളിലെ പ്രകടനത്തിനാണോ അവാർഡ് ?” വിവാദമായ ഫേസ്‌ബുക് പോസ്റ്റ്

0
862

Rajagopal Vakathanam ന്റെ കുറിപ്പ്

ബിരിയാണി …ഈ ആഭാസ ചിത്രത്തിന് എങ്ങനെ അവാർഡു കിട്ടി ?സെൻസർ ബോർഡ് ഈ സിനിമകണ്ടില്ലേ ?ദേശീയ അന്തർദ്ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ ബിരിയാണി ഒരിക്കലും വാഴ്ത്തപ്പെടേണ്ട സിനിമയല്ല. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ പോർണോ ചിത്രമാണിത്…

  1. ഇതിവൃത്തത്തിൽ ഒരു ലോജിക്കും ഈ സിനിമയ്ക്കില്ല. കൈയിൽ ആവശ്യത്തിലേറെ പണവും താമസിക്കാൻ വീടുമുള്ള നായിക വേശ്യാവൃത്തി തൊഴിലാക്കി ജീവിക്കുന്നു. അതിജീവനത്തിന്റെ പ്രശ്നമല്ല. തന്റെ ഭ്രൂണത്തെ ബിരിയാണിയിൽ ഇട്ടു നാട്ടുകാർക്കു വിളമ്പുന്നതു് എത്രമാത്രം അസംഭാവ്യമാണ്. പൈങ്കിളി പടത്തിലെ പ്രതികാരം. ആത്മഹത്യ ചെയ്ത നായിക പിന്നീട് പഴയ ഭർത്താവിനൊത്തു നടത്തുന്ന കാമക്കൂത്ത്….
  2. ഒരു രാഷ്ട്രീയ സിനിമയല്ലിത്. തീവ്രവാദിയായ ആങ്ങളയെക്കുറിച്ചു പരാമർശിക്കുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് കഥാഗതി മുന്നോട്ടു പോകുന്നില്ല. അത്തരമൊരു സാമൂഹ്യ പ്രതിബദ്ധത ചിത്രത്തിൽ ഇല്ല തന്നെ
  3. ഇസ്ലാം സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹ്യ വൈയക്തിക പ്രശ്നങ്ങളെ സംവിധായകൻ അടയാളപ്പെടുത്തുന്നില്ല. തലാക്കിന്റെയും സാമൂഹ്യ ബഹിഷ്‌ക്കരണത്തിന്റെയും അന്ധവിശ്വാസങ്ങളുടേതുമായ പ്രമേയം മുഖ്യമല്ല. അതുകൊണ്ടു തന്നെ ക്രിയാത്മകമായ ഒരു പരിപ്രേക്ഷ്യം ഇല്ല.
  4. സെക്സ് ആണ് സിനിമയുടെ ഹൈലൈറ്റും കണ്ടന്റും. അങ്ങനെയാണെങ്കിൽ തന്നെ അത് മുസ്ളീം സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ഇസ്ലാമിക് സെക്സ് ആണ് അവൾ വായിക്കുന്ന പുസ്തകം.. പക്ഷേ അതിന് വ്യഭിചാരം എന്നാണോ പര്യായം? ആരെ തോല്പിക്കാനാണ് അവൾ വേശ്യാവൃത്തി സ്വീകരിക്കുന്നത്? ജീവിക്കാൻ വേണ്ടിയല്ല.

  5. സെക്സ് രംഗങ്ങൾ തികച്ചും പോർണോ വീഡിയോകൾ തന്നെയാണ്. കിടപ്പറരംഗങ്ങൾ ഒട്ടേറെ സംവിധായകർ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ സൗന്ദര്യാത്മകതയും പ്രതീതി വൽക്കരണവും അവർ ഉപയോഗിക്കാറുണ്ട്. ഷക്കീല ചിത്രങ്ങളെക്കാൾ തരം താണ ആവിഷ്ക്കരണമാണ് ഇതിൽ. വൃദ്ധനായ മുക്രി സ്വയംഭോഗം ചെയ്യുന്നത് അതേപടി കാണിക്കുന്നത് എന്തുതരം കലാസൃഷ്ടിയാണ് ? (ഈ നടീ നടന്മാർ അതിനു നിന്നു കൊടുത്തല്ലോ !) സെക്സ് പാപമല്ല, സദാചാര വാദ പരവുമല്ല. പക്ഷേ ഒരു കലാകാരൻ ആവിഷ്ക്കരിക്കുമ്പോൾ കാണിക്കേണ്ട സാമൂഹ്യ ബോധവും കലാപരതയും ഈ ചിത്രത്തിൽ ഒട്ടുമില്ല

  6. തിരക്കഥ മോശമായതുകൊണ്ടുതന്നെ അവ്യക്തതകൾ ധാരാളം. മനോഹരമായ ഫ്രെയിമുകൾ പോലും ചിത്രത്തിലില്ല. ആകെക്കൂടിയൊന്ന് പർദ്ദ കാറ്റത്തു പറന്നു വീഴുന്നതു മാത്രമാണ്.

7.കനികുസൃതിക്ക് അവാർഡു കൊടുത്തതിന്റെ കാരണം വ്യക്തമല്ല. അവസാന രംഗത്തിലെ ആഭാസ പ്രകടനത്തിനാണെങ്കിൽ അതിന് അഭിനയമെന്നല്ല പറയുക

ശരിക്കും ഒരു അജണ്ടയുള്ള സിനിമയാണിത്. അത് കാണുന്നവർക്കു വ്യക്തമാണ്. അതുകൊണ്ടാകാം കത്രിക വെക്കാതെ ഈ പോർണോ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയത് ! കലാസൃഷ്ടിയല്ല, വെറും കൂത്താട്ടം മാത്രമാണ് ബിരിയാണി.

ഒരു ചോദ്യം സംവിധായകനോട്. താങ്കളും ഭാര്യയും മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് ഈ സിനിമ കാണുമോ? എങ്കിൽ അവർ തരും യഥാർത്ഥ അവാർഡ് ….