ട്രോൾ രാഷ്ട്രീയം നഗ്നതാപ്രദർശനമാണ്

42

Rajagopal Vakathanam

ട്രോൾ രാഷ്ട്രീയം നഗ്നതാപ്രദർശനമാണ്

വിമാനം തകർന്നാലും ഉരുളു പൊട്ടിയാലും മരണം ദുരന്തമാണ്.18 പേർ മരിച്ചതിലും വലിയതു് 26 പേരുടെ മരണമാണ്. അതിനി ഉയരുകയും ചെയ്യും. ജീവൻ മാത്രം പോയവർക്ക് 10 ലക്ഷവും ജീവനും സ്വത്തും സകലതും നശിച്ചവർക്കു 5 ലക്ഷവും നൽകുന്നതിലെ വർഗബോധമാണ് തിരിച്ചറിയേണ്ടത്. വിമാന വകുപ്പും കേന്ദ്ര സർക്കാരും 20 ലക്ഷം നൽകും. ഫലത്തിൽ വിമാന ദുരന്തത്തിൽ പെട്ടവർക്കു് 30 ലക്ഷം കിട്ടുമ്പോൾ പെട്ടിമലയിലെ ഗതികിട്ടാത്തവർക്ക് 7 ലക്ഷം.ദരിദ്രരോടുള്ള കരുതൽ ! (പ്രതിഷേധം ശക്തമായപ്പോൾ ആദ്യ ഗഡു എന്നൊരു അടവും )

എത്ര ദുരന്തം ആവർത്തിച്ചാലും ശാസ്ത്രം പറയുന്നത് ഭരണകൂടം കേൾക്കില്ല. ഗാഡ്ഗില്ലിനെ ആക്ഷേപിച്ചു ശവപ്പെട്ടി യാത്ര നടത്തിയവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല. അതു കൊണ്ടാണല്ലോ കൊറോണക്കാലത്തും തുരുതുരെക്വാറികൾക്ക് അനുമതി നൽകിയത്. ഇനി വരാൻ പോകുന്ന അതിവേഗ റെയിലിനും വിമാനത്താവളത്തിനും സഹ്യപർവ്വതം മുഴുവൻ മാന്തിയാലും തികയില്ല. എന്നാലും ‘ വികസനം വരുത്തിയേ അടങ്ങു. ശാസ്ത്രത്തേക്കാളും വലുതാണല്ലോ വർഗ താല്പര്യം
പ്രകൃതിദുരന്തങ്ങൾ പതിന്മടങ്ങാക്കുന്ന പുതിയ പരിസ്ഥിതി നയം (EIA) ചർച്ച പോലുമില്ലാതെ നടപ്പാക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം നിയമം വഴി നിരോധിക്കുകയാണ്‌. പൊതു സമൂഹത്തിന് വിദ്യാഭ്യാസം നിഷേധിക്കുന്ന പുതിയ വിദ്യാഭ്യാസ നയവും (NEP) കോവിഡിന്റെ മറവിൽ നടപ്പാക്കപ്പെടുന്നു. ശാസ്ത്രസാമൂഹ്യ സംഘടനകളും പാർട്ടികളും നിശ്ശബ്ദതയുടെ വല്മീകത്തിലാണ്. മുഖ്യമന്ത്രിയുടെ മാദ്ധ്യമ സമ്മേളനം സ്വർണക്കടത്തിലും താൻപോരിമയിലുമാണ്.

ഇടതുപക്ഷവും വലതുപക്ഷവുംസൈബർ പോരാളി സ്തുതിപാഠകരെ അണിനിരത്തി നേതാക്കളുടെ അമാനുഷികതകളിൽ ആറാടുകയാണ്. താറടിക്കലും ആരാധനയുമാക്കി ട്രോൾ രാഷ്ട്രീയം പെരുമഴയെ തോൽപ്പിക്കുകയാണ്. സംഘികൾ അവരുടെ കോർപറേറ്റ് അജണ്ടകൾ ഒന്നൊന്നായി നടത്തിക്കൊണ്ടിരിക്കുന്നു.രാഷ്ട്ര വിഷയങ്ങൾക്കപ്പുറം ട്രോളുകളിക്കുന്നവർ സ്വയം നഗ്നരാണെന്നു തിരിച്ചറിയുന്നില്ല.