ദില്ലിയിൽ പണ്ടുണ്ടായിരുന്ന തുഗ്ലക്ക് ഭരണം ഇനിയും അവസാനിച്ചില്ലെന്നുണ്ടോ?

65

Rajasekharan Gopalakrishnan

ദില്ലി, ഇന്നും തുഗ്ലക്ക് ഭരണത്തിലോ? ദില്ലിയുടെ വിസ്തൃതി വെറും 1500 ച.കി.മി മാത്രമാണ്. 1.90 കോടി ജനങ്ങളും. 120 കോടി ജനസംഖ്യയും 33 ലക്ഷം ച.കി.മി വിസ്തൃതിയുമുള്ള ഇന്ത്യാ മഹാരാജ്യത്തെ കാത്തു പരിപാലിക്കേണ്ട ജനാധിപത്യ ഭരണാധിപന്മാരുടെയും, മറ്റു വിവിധ ഭരണവിഭാഗ തലവന്മാരുടെയും ഇരിപ്പിടമാണ് ദില്ലി.ജനകോടികളെ ബാധിക്കുന്ന സ്ഫോടക – ജനകമായ അസംഖ്യം പ്രശ്നങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യേണ്ട -വരാണു് ദില്ലിയിലെ ഈ മഹാരഥന്മാർ. ഭരണഘടന അനുവദിക്കുന്നതു കൊണ്ടു മാത്രം, പഴയ രാജാക്കന്മാരെ വെല്ലുന്ന സുഖസൗകര്യങ്ങളോട്, ജനതയുടെ ചെലവിൽ ഓരോ നിമിഷവും ആസ്വദിച്ചു കഴിയുന്നവരാണിവർ. രാഷ്ട്രത്തിൻ്റെ സമ്പത്ത് അനുഭവിച്ചു കഴിയുന്ന ജനാധിപത്യ വ്യവസ്ഥയിലെ മൂന്നു എസ്റേറ്റുകളിലും പെട്ട 5000-ൽ പരം അധികാരികളും, സൈനിക മേലധികാരികളും ഈ കൊച്ചു നഗരത്തിലുണ്ട്. എന്നിട്ടും, മണ്ടൻ തീരുമാനങ്ങളെടുത്ത് പാവപ്പെട്ട ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്, ദില്ലിയിലെ തുഗ്ലക്കന്മാർ! അല്പം അവധാനതയോടും, യുക്തിയോടും യാഥാർത്ഥ്യബോധത്തോടും, നാട്ടിലെ പട്ടിണിപ്പാവങ്ങളോട് അനുഭാവത്തോടും തീരുമാനങ്ങളെടുക്കാൻ ദില്ലിയിലെ
കേന്ദ്ര-സംസ്ഥാനഭരണനേതൃത്വം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരി-ക്കുന്നു. ഇത്തരം തെറ്റായ തീരുമാനങ്ങളുടെ ഇരകളായിത്തീരുകയും ദുരിതമനുഭവി-ക്കേണ്ടിവരുന്നവർക്കും ഉടനടി പരിഹാരം കണ്ടെത്തിച്ചു കൊടുക്കുവാൻ അധികാരികളിൽ ആരും തയ്യാറാകുന്നുമില്ല. ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനതയുടെ – അനാഥാവസ്ഥയും, ദൈനംദിന ദുരിതങ്ങളും ഭരണക്കാരെ തെല്ലും അലട്ടുന്നതായി കാണുന്നില്ല. എന്തൊരു ദുര്യോഗമാണ് ദില്ലിയിലെ പാവപ്പെട്ടവരായ ഇന്ത്യാക്കാർ അനുഭവിക്കാനിടയായത് ! ഒഴിവാക്കാമായിരുന്ന കലാപദുരിതം കഴിഞ്ഞയുടൻ, കോവിഡ്- 19 അടച്ചു പൂട്ടലിനെ തുടർന്നുള്ള അന്യസംസ്ഥാന ദിവസേന കൂലിപ്പണിക്കാരുടെ പ്രാണനും കൊണ്ടുള്ള ദീർഘദൂര കാൽനട പലായനം! ദില്ലിയിൽ പണ്ടുണ്ടായിരുന്ന തുഗ്ലക്ക് ഭരണം ഇനിയും അവസാനിച്ചില്ലെന്നുണ്ടോ?