മലയാളത്തോടുള്ള ഭാഷാ അയിത്തം ഇല്ലായ്മ ചെയ്യേണ്ടതുണ്ട്

0
374

എഴുതിയത് : Rajasekharan Ps

ലോകത്ത് ഇന്ന് നിലവിലുള്ള ഏഴായിരത്തോളം സജീവ ഭാഷകളിൽ ഒരു കോടി ജനങ്ങളെങ്കിലും സംസാരിക്കുന്നവ കഷ്ടിച്ചു തൊണ്ണൂറോളം മാത്രം. ആഗോളവൽക്കരണത്തിന്റയും സാംസ്കാരിക അധിനിവേശത്തിന്റയും ഈ കാലത്ത് നിരവധി ഭാഷകൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുണ്ട്.
പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ ഡേവിഡ് ക്രിസ്റ്റൽ ഒരു ഭാഷ നശിച്ചു പോകുന്നത് മൂന്നു കാരണങ്ങളാലാണെന്ന് വിലയിരുത്തുന്നു.
1. ഒരു ഭാഷ സംസാരിക്കുന്ന സകലരും മരിച്ചു പോകുമ്പോൾ. ഇംഗ്ലീഷ് ചാനലിലെ ഒരു ദ്വീപിൽ മാൻക്സ് എന്നൊരു ഭാഷ ഉണ്ടായിരുന്നു. മാൻക്സ് ഭാഷയിലെ അവസാനത്തെ ഭാഷി 1957 മരിച്ചതോടെ ആ ഭാഷയും മൃതിയടഞ്ഞു.

2. പുതിയ തലമുറ മാതൃഭാഷ തങ്ങളുടെ ജീവിതോപാധികൾക്ക് ഉപകരപ്പെടുന്നില്ലെന്ന് തീരുമാനിച്ച് അതിനെ കയ്യൊഴിയുമ്പോൾ.

3.ഒരു ജനതയുടെ മേൽ അധീശത്വം സ്ഥാപിച്ച് മറ്റൊരു ഭാഷ അധികാരകേന്ദ്രം ആയി മാറുമ്പോൾ.

Image may contain: one or more people and people sittingഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം ആളുകളുടെ മാതൃഭാഷയായ മലയാളം, സംസാരിക്കുന്ന ആളുകളുടെ എണ്ണം നോക്കിയാൽ ലോകത്ത് 30 നും 35 നും ഇടയിൽ സ്ഥാനമുള്ള ഭാഷയാണ്. അതുകൊണ്ട് ആദ്യം പറഞ്ഞ കാരണത്താൽ മലയാളഭാഷ ഉടനെങ്ങും നശിച്ചുപോകും എന്ന ആശങ്ക വേണ്ട. എന്നാൽ രണ്ടും മൂന്നും കാരണങ്ങൾ മലയാള ഭാഷയുടെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണ്. ഭാഷ നിലനിൽക്കണമെങ്കിൽ അത് തങ്ങളുടെ ജീവിതോപാധിക്ക് ഉതകുന്നതാകണം എന്ന് ജനങ്ങൾക്ക് ബോധ്യമാകണം. ഭാഷയ്ക്ക് നിരവധി വ്യവഹാര മണ്ഡലങ്ങൾ ഉണ്ട്. ഭരണനിർവഹണം, വിദ്യാഭ്യാസം, സാഹിത്യ – കലാ സ്വാദനം എന്നിവയെല്ലാം അവയിൽ പെടുന്നു. ഇതിൽ പലതിലും മലയാളത്തിന്റ ഉപയോഗക്ഷമത കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷ് മീഡിയത്തിന്റെ അതിപ്രസരമാണ്. സമ്പൂർണ്ണമായ വ്യക്തിത്വവികാസത്തിന് അധ്യയനം മാതൃഭാഷയിൽ ആവണമെന്നത് ഭാഷാശാസ്ത്രജ്ഞരും വിദ്യാഭ്യാസവിദഗ്ധരുമെ
ല്ലാം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ ഇതിനു വിരുദ്ധമായ പൊതുബോധമാണ് ഇന്ന് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ശക്തിപ്രാപിക്കുന്നത്. കൂനിൻമേൽ കുരുവെന്ന പോലെ, നിലവിൽ മലയാളം മാധ്യമമായി പഠിക്കുന്നവരെപ്പോലും അതിൽ നിന്നു പിന്തിരിപ്പിക്കുന്ന സമീപനം നാടിനു വലിയ തിരിച്ചടിയാകും. നിർഭാഗ്യവശാൽ അത്തരമൊരു സമീപനമാണ് പി.എസ്. സി. അധികൃതരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പത്താം തരത്തിലും ഹയർ സെക്കണ്ടറിയിലും ബിരുദതലത്തിൽ പോലും മലയാളത്തിൽ പരീക്ഷ എഴുതാമെന്നിരിക്കെ അവ അടിസ്ഥാന യോഗ്യതയായി വരുന്ന തൊഴിൽ പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭിക്കാനോ ഉത്തരങ്ങൾ മലയാളത്തിൽ എഴുതാനോ കഴിയില്ലെന്നത് അങ്ങേയറ്റം പ്രതിലോമകരമായ നിലപാടാണ്.
മലയാള (മാതൃ) ഭാഷയിൽ അധ്യയനം നടത്തുന്നവരോടുള്ള വിവേചനമാണിത്.

ഇതിനു വെറും സാങ്കേതികന്യായങ്ങളേ പി.എസ്.സി.ക്ക് പറയാനുള്ളൂ. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ചോദ്യങ്ങൾ മലയാളത്തിലും തമിഴിലും കന്നഡയിലും പരിഭാഷപ്പെടുത്തുന്നത് അവയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താനിയിടയാക്കുമെന്ന്. ചോദ്യങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കുമ്പോൾ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുമെങ്കിൽ തർജമയിലും അതു സംരക്ഷിക്കാൻ എന്താണു തടസ്സം? ഇതുവെറും മുടന്തൻന്യായം മാത്രം.

ഭരണഭാഷ സംബന്ധിച്ച ശുപാർശകൾക്കായി1957 ലെ ഇ എം എസ് സർക്കാർ നിയമിച്ച കോമാട്ടിൽ അച്യുതമേനോൻ കമ്മിറ്റി മുതൽ തുടർന്നിങ്ങോട്ടു നിയമിക്കപ്പെട്ട എല്ലാ സമിതികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഭരണം ജനങ്ങളുടെ ഭാഷയിലാകണമെന്നാണ്. ഇപ്പോഴത്തെ സർക്കാരാകട്ടെ ഭരണഭാഷ മലയാളമാക്കുന്നതിനും സ്കൂളുകളിൽ മലയാളഭാഷ നിർബന്ധമായി പഠിപ്പിക്കുന്നതിനും ആവശ്യമായ നയസമീപനങ്ങളും ശക്തമായ നടപടികളും സ്വീകരിച്ചു വരികയുമാണ്. അതിനു കടകവിരുദ്ധമായ സമീപനം പി.എസ്.എസി. അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്താനുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ ആ ഭാഷയ്ക്ക് അയിത്തം കൽപ്പിച്ചാൽ ഭരണഭാഷാമാറ്റം എങ്ങനെ സുഗമമാകും? കുടുതലും സാധാരണക്കാരായ ആളുകളാവും ഈ വിവേചനത്തിന്റെ ഇരകൾ. ആയതിനാൽ സാമൂഹിക നീതിക്കെതിരായ തീരുമാനം കൂടിയാണിത്.

ചുരുക്കത്തിൽ, സുഗമവും സുതാര്യമായ ഭരണനിർവഹണം, മാതൃഭാഷയുടെ നിലനിൽപ്, സാമൂഹിക നീതി ഉറപ്പാക്കൽ, അവസരതുല്യത ഉറപ്പാക്കൽ തുടങ്ങി ഏതുകാരണമെടുത്താലും പി.എസ്. സി.യുടെ ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്. അത് എത്രയും വേഗം ചെയ്ത്, ഉപവാസമനുഷ്ഠിക്കുന്ന രൂപിമയുടെയും പ്രിയേഷിന്റെയും ജീവൻ രക്ഷിക്കാനും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനും പി.എസ്.സി. തയ്യാറാകണം.