കരിപിടിച്ച അടുക്കള, അലക്കിത്തേച്ച തുണിയിൽ ഒരു ചുളിവോ മുഷിവോ കൂടാതെ നില്ക്കുന്ന വീട്ടമ്മ, ഏത് വിവരദോഷിയാണോ ആശയസമ്പന്നൻ ?

74

നോവലിസ്റ്റ് Rajasree R ന്റെ കുറിപ്പ്

സെറ്റുമുണ്ടിനെ നോക്കിയിരിക്കണ കിണ്ടി .(അവരെ രണ്ടാളേം നോക്കിയിരിക്കണ വാഴയില ).അതു നിർബ്ബന്ധാ.

എൻ്റെ പൊന്നു ചേട്ടന്മാരേ, ഇങ്ങനെ വാരിവലിച്ചിട്ട തട്ടിൽ ഒരു പാത്രം എങ്ങനെ വയ്ക്കും? എങ്ങനെ ജോലി ചെയ്യും? കൊടിമരം നാട്ടിയതുപോലെ ഒരിടത്തു നിന്ന് ചെയ്യാവുന്ന പണിയല്ലല്ലോ അടുക്കളയിലേത്. ഇത്രയുമായ സ്ഥിതിക്ക് കുറച്ചു സാധനങ്ങൾ നിലത്തു കൂടി നിരത്തിയിരുന്നെങ്കിൽ ഉറിയിൽ തൂങ്ങിയാടിക്കൊണ്ട് വീട്ടമ്മച്ചിക്ക് അടുക്കളപ്പണിയെടുക്കായിരുന്നു. ഒരു വെറൈറ്റിയായേനേ.
എന്തെല്ലാമായാലും ഈ ചിത്രം വെറുമൊരു ചിത്രമല്ല. ഇലക്ഷൻ കാലമാണ് . ഇതിനു വേണ്ടി മുന്നണികൾ തമ്മിൽ അവകാശത്തർക്കം വരെ വന്നേക്കും. കോൺഗ്രസിനാണെങ്കിൽ നന്നായി ഉപയോഗിക്കാനാവുന്ന വിധത്തിൽ വലിയ വലിയ അർത്ഥങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട് ഇതിന്.

May be an image of 1 person and text that says "വീട്ടമ്മമാർക്ക് പെൻഷൻ Tha ഉറപ്പാണ്"ഉദാഹരണത്തിന് ഈ ഒറ്റച്ചിത്രം ഉപയോഗിച്ച് വലതു ടീം തങ്ങളുടെ രണ്ട് എതിരാളികളെ നിരായുധരാക്കുന്നതെങ്ങനെയെന്നു വെറുതേയൊരു രസത്തിന് ആലോചിച്ചു നോക്കാം. മോഡേൺ അടുക്കളയായാൽ വീട്ടമ്മയ്ക്ക് ഒരു സഹതാപം കിട്ടൂല. (എന്ന് ഇത് വിഭാവനം ചെയ്ത സാധു വിചാരിച്ചാൽ അതിൽ തെറ്റ് പറയാനാവില്ല ) പാവപ്പെട്ടവൻ്റെ വക്കാലത്തെടുക്കാൻ നടക്കുന്ന ഇടതുപാർട്ടികൾ അടുക്കളയുടെ ദൈന്യത അടിച്ചുമാറ്റപ്പെട്ടതുകണ്ട് ചമ്മിപ്പോകും. ആ ഉറിയും കിണ്ടിയും ഉരുളിയും കൂട്ടത്തിൽ സെറ്റുമുണ്ടും കൂടി കയറ്റി വച്ചതോടെ മൊത്തം നൊസ്റ്റാൾജിയയും കിട്ടിയ വണ്ടി പിടിച്ചിങ്ങു പോരുമെന്ന് മൂന്നു തരം. ഉറിയും കിണ്ടിയും ഉരുളിയും പോയാൽ അതോടെ എൻ ഡി.എയുടെ വെടിയും തീരുമല്ലോ. ചേട്ടാ, വിളക്ക് മറന്നു പോയി എന്നു പറഞ്ഞ് അവര് പിന്നാലെ കൊണ്ടുവന്നു തരാനും മതി. അതു മാത്രമായിട്ട് അവരെന്തു ചെയ്യാനാണ് ! ശരിക്കും ഈ ചിത്രത്തിന് യോഗ്യത ആർക്കാണ്?

**

രസകരമായ അഭിപ്രായങ്ങളും ഉണ്ട്

“ഏതോ ‘തറവാടി’ ചെയ്തതാവണം. ഇടതുപക്ഷം തകർത്ത ഫ്യൂഡലിസത്തിന്റെ ചിരന്തന പ്രതീകങ്ങളായ സെറ്റുമുണ്ടും കിണ്ടിയും ( വി പി ശിവകുമാർ എഴുതിയ പോലെ സ്റ്റീൽ പ്ലാവില കൂടി വേണമായിരുന്നു ) ഒക്കെ അത്ര യാദൃച്ഛികമാവില്ല എന്നു തോന്നുന്നു. കേരളത്തിലെ സ്ത്രീകളിൽ 90% ൽ ഏറെപ്പേരും നൈറ്റി ധരിച്ചാണ് അടുക്കളയിൽ ജോലി എടുക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്?”

“അടുപ്പിൽ നിന്നും പുകയുയരുന്നുണ്ട്. അടുക്കള നിറച്ച് സാധനങ്ങളും .റേഷൻ കിറ്റിന്റെ കാര്യമെന്തേ ഓർമ്മ വരാത്തത് ഈ വിമർശകർക്ക് … പിന്നെ അല്ലലും അലച്ചിലുമില്ലാതെ അടുക്കളയിൽ സാധനങ്ങൾ എത്തിക്കിട്ടുമ്പോൾ അലക്കി വെളുപ്പിച്ച സെറ്റുടുത്തതിനും കിണ്ടി യ്ക്കുമാണോ കുഴപ്പം ? പിന്നെ ലോഡ് ഷെഡ്ഡിംഗ് ഇല്ലാത്തതിനാൽ നിലവിളക്ക് കത്തിച്ചു വെക്കേണ്ടി വന്നില്ലാന്നു മാത്രം ഇങ്ങനെ അടുക്കളയിൽ മാത്രം പണിയെടുക്കുന്ന വീട്ടമ്മക്ക് ആണ് മിസ്റ്റർ പെൻഷൻ.. അല്ലാതെ ചുരിദാർ ഒക്കെയിട്ട്,വീട്ടമ്മയും പുറമേ ജോലിയും ചെയ്യുന്നവർക്ക് കിട്ടില്ലെന്നാവും.”

“ഇനി മിക്സി,ഗ്യാസടുപ്പ്,മൈക്രോവേവ് ഓവൻ ഒക്കെയുള്ള മോഡുലർ കിച്ചൻ കാണിക്കാൻ പറ്റുമോ…? ഇവർക്കെന്തിനാണ് പെൻഷൻ എന്ന ചോദ്യം വരില്ലേ..?ഇങ്ങനെ വെള്ള സെറ്റ് പിൻ ചെയ്ത് മുത്ത് ഇമ്മാതിരി കരീം പുകേം പിടിച്ച അടുക്കളേൽ സദ്യയുണ്ടാക്കുന്നവർക്ക് പെൻഷൻ മാത്രം പോരാ സ്വർണപ്പതക്കം കൂടി മാസാമാസം കൊടുക്കണം’ ഏത് വിവരദോഷിയാണോ ആശയസമ്പന്നൻ !”

“കേരള ക്യുസിൻ, ഹോം സ്റ്റേ എന്നീ ടൂറിസം പ്രൊഡക്ടുകളുടെ മാർക്കെറ്റിങ്ങിനായി ടൂറിസം വകുപ്പ് ചെയ്ത വീഡിയോ, ബ്രോഷർ ലെ ഫോട്ടോ ആണ്! കരിപിടിച്ച അടുക്കളയിലും ഒരുതരി കരി പറ്റാത്ത സെറ്റുമുണ്ടുടുത്തു നിൽക്കാൻ പാടുപെടുന്ന വീട്ടമ്മയെ കാണാതെ പോകരുത്! ഒന്ന് അഭിനന്ദിച്ചൂടേ .അല്ലാ, വീട്ടമ്മമാരെല്ലാം അടുക്കളയിലാന്ന് ആരാ പറഞ്ഞത്? ആ കരി പിടിച്ച അടുക്കളയിലും അലക്കിത്തേച്ച തുണിയിൽ ഒരു ചുളിവോ മുഷിവോ കൂടാതെ നില്ക്കുന്ന ആ വീട്ടമ്മയെ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റൂല്ലാ?”