1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

1358

Rajasree R

നിയമം അനുശാസിക്കുന്ന എല്ലാ പോംവഴികളും അവസാനിക്കുന്നതു വരെ അവർ ഡീറ്റെയിൻ ചെയ്യപ്പെടുകയില്ല. അതു വരെ മുമ്പെന്നതു പോലെ അവർക്ക് എല്ലാ അവകാശങ്ങളും ലഭിക്കും.’
MEAയുടെ വക്താവായ രവീഷ് കുമാർ സൂചിപ്പിക്കുന്ന ‘അവർ ‘പത്തൊമ്പതുലക്ഷം മനുഷ്യരാണ്. ഇന്നലെ വരെ നമ്മെപ്പോലെ ഈ മണ്ണ് സ്വന്തമെന്നു കരുതിയവർ. നാലു മാസത്തെ സമയം അവർക്കു കൊടുത്തിട്ടുണ്ട്, 1971 മാർച്ച് 24ന് മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നവരോ അവരുടെ പിന്തുടർച്ചക്കാ രോ ആണെന്ന് തെളിയിക്കുന്ന എന്തെങ്കിലുമൊരു രേഖ ഹാജരാക്കാൻ .പല കാരണങ്ങൾ കൊണ്ട് രേഖകൾ ഹാജരാക്കാൻ പറ്റാതെ വരാം.

തങ്ങൾ ആസാമിലെ ടീ ട്രൈബിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ ഈ വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സാധിക്കും?1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും? ഇത് എക്സിക്യൂട്ടീവിന്റെയല്ല ജുഡീഷ്യറിയുടെ തീരുമാനമാണെന്ന് അധികൃതർ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്.ഇതിൽ ഭരണ വൃത്തങ്ങൾ ഇനി ഇടപെടുകയില്ലെന്നതിന്റെ പരോക്ഷസൂചന കൂടിയാണത്.

രവീഷ് കുമാറിന്റെ പ്രസ്താവനയിൽ മൂന്നു കാര്യങ്ങൾ വ്യക്തമാണ്.
അവർക്കായി സർക്കാർ ഒന്നും ചെയ്യില്ല.
അവർക്ക് രേഖകൾ ഹാജരാക്കാനാവില്ല.
അവർ ഡീറ്റെൻഷൻ ക്യാമ്പിലേക്ക് മാറ്റപ്പെടും.

ഒരു കൂട്ടരുടെ രഹസ്യ അജൻഡ ലക്ഷ്യം കാണുക കൂടിയാണ്. പലയിടത്തും ആഘോഷങ്ങൾ രഹസ്യമല്ല. പുറത്താക്കപ്പെടുന്നവരെ മിനിമം സൗകര്യത്തിൽ ‘സ്റ്റെറിലൈസ്’ ചെയ്ത് ഡീറ്റെൻഷൻ ക്യാമ്പിൽ പാർപ്പിക്കണം, ഇനി പെരുകാനനുവദിക്കരുത് എന്ന അഭിപ്രായം വന്നത് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വിഹരിക്കുന്ന ഒരു മാന്യയിൽ നിന്നാണ്. അതൊരു ഒറ്റപ്പെട്ട പ്രതികരണമല്ല. പുറത്തു പോകുന്നവർ മൃഗതുല്യരാണെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞുവെന്നർത്ഥം. ഇന്നലെ വരെ അവർ മനുഷ്യരായിരുന്നു. നാലു മാസം കഴിയുമ്പോൾ അവർ വന്ധീകരിച്ച് (അതും കേരളത്തിലെ ആവേശക്കമ്മറ്റിക്കാരുടെ ഡിമാൻഡാണ്) സൂക്ഷിക്കേണ്ട മൃഗങ്ങളായി. അവരിലെ കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ എന്തു ചെയ്യുമെന്ന് ചിന്തിക്കാൻ ജനാധിപത്യ ഭരണം നിലനില്ക്കുന്ന രാജ്യത്ത് ആർക്കും ബാദ്ധ്യതയില്ല.

ഇവിടെ പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ അത് വിഷയമാക്കുന്നില്ല . രവീഷ് കുമാറിനെ നിർജ്ജീവമായി കേൾക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ അവരുടെ ജോലി കഴിഞ്ഞു.ഇരുപതുലക്ഷം മനുഷ്യർ ആർക്കും പ്രശ്നമല്ല. പിളർത്തപ്പെടുന്ന കുടുംബങ്ങൾ പ്രശ്നമല്ല. സ്വന്തം ദേശത്തു നിന്ന് നിഷ്കാസിതരാകുന്ന അവരിൽ പലർക്കും ആ രേഖകൾ ഹാജരാക്കാനാവില്ല. ഭരണകൂടം ഈ നിഷ്കാസനത്തിന്റെ ഉത്തരവാദിത്തം നിയമ വ്യവസ്ഥയിൽ ചാരി കൈകഴുകും.അവർക്കിത് ഒരു വെടിക്ക് കിട്ടുന്ന ഒന്നിലേറെ പക്ഷികളാണ്.നിയമത്തിന്റെയും ബ്യൂറോക്രസിയുടെയും നൂലാമാലകൾ മറികടന്ന് സമ്പാദിക്കുന്ന ഒരു രേഖയിലാണ് നാളെ മുതൽ ജീവിതമെന്നൊരു നിർദ്ദേശം വന്നാൽ നമ്മിൽത്തന്നെ എത്ര പേർ അതിജീവിക്കും? രക്തം ശുദ്ധിയാക്കാനുള്ള ക്യാമ്പുകൾ തുറന്നു തുടങ്ങിയിരിക്കുന്നു. ചില നേരങ്ങളിൽ മൗനം സ്വർണമല്ല, തികഞ്ഞ കുറ്റകൃത്യമാണ്.