ലോകമെമ്പാടും വെറുപ്പിനെ ശക്തമായ പ്രത്യയശാസ്ത്ര ഉപകരണമായി തിരിച്ചറിയുന്നു!

476

Rajasree R എഴുതുന്നു
Rajasree R
Rajasree R

ഞാൻ നിന്നെ / നിങ്ങളെ വെറുക്കുന്നു എന്നത് ഏറ്റവും വ്യക്തിപരമായ ഒരു പ്രസ്താവനയായി മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകമെമ്പാടും വെറുപ്പിനെ ( hatred ) ശക്തമായ പ്രത്യയശാസ്ത്ര ഉപകരണമായി തിരിച്ചറിയുന്നുണ്ട്.ഒരു പ്രത്യേകവിഭാഗത്തെക്കുറിച്ച് ഭയവും ഭീതിയും അപരിചിതത്വവും സൃഷ്ടിച്ച് അത് നിരന്തരമായി നിലനിർത്തുക എന്ന താരതമ്യേന ചെലവു കുറഞ്ഞ പരിപാടിയാണത്.അടുത്തിടപഴകിയിരുന്നവർക്കിടയിൽ ദൂരമുണ്ടാക്കി അവരെ വിരുദ്ധകക്ഷികളാക്കി രൂപപ്പെടുത്തിക്കൊണ്ടാണ് വെറുപ്പ് പ്രവർത്തിക്കുക.
പാലസ്തീൻ ക്രോണിക്കിളിനു നല്കിയ ഒരഭിമുഖത്തിൽ സാമൂഹിക- നരവംശ ശാസ്ത്രഗവേഷകയായ Niza Yanay (The Ideology of Hatred: The Psychic Power of Discourse എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
പലസ്തീനികളുമായി ഒരു സംഭാഷണത്തിന് തയ്യാറാവാൻ ഇസ്രയേൽ ഭരണകൂടം മുന്നോട്ടുവച്ചത് രാഷ്ട്രത്തോടുള്ള വിശ്വസ്തതയും കൂറും തെളിയിക്കണമെന്ന ഉപാധിയാണ്.പലസ്തീനികളിൽ നിന്ന് നേരിട്ട് ദുരനുഭവങ്ങളൊന്നും ഇല്ലാതിരുന്നിട്ടും യഹൂദർ എന്തുകൊണ്ടാണ് അവരെക്കുറിച്ച് വെറുപ്പിന്റെ ഭാഷയിൽ സംസാരിക്കുന്നത് എന്ന് അവർ ചോദിക്കുന്നുണ്ട്. വെറുപ്പ് ഇരു ജനതയ്ക്കുമിടയിൽ അത്രത്തോളം കുത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. അത് ഭരണകൂടങ്ങളെയും രാഷ്ട്രീയവ്യവഹാരങ്ങളെ നിലനിർത്താൻ ആവശ്യമാണ്.
യഹൂദതീവ്രവാദികളുടെ നാനൂറോളം ഇ മെയിൽ സന്ദേശങ്ങൾ പരിശോധിച്ച അനുഭവം നിസ അവരുടെ പുസ്തകത്തിൽ വിവരിക്കുന്നു. വെറുപ്പിന്റെ വിഷബീജങ്ങൾ സൗഹൃദക്കൂട്ടായ്മകളെയും അയൽ ബന്ധങ്ങളെയും മലീമസമാക്കിയ രീതികൾ ഞെട്ടലോടെയാണ് താൻ തിരിച്ചറിഞ്ഞതെന്ന് അവർ പറയുന്നു.കൂടെ നടക്കുന്നവരെ ഏറ്റവും അവിശ്വാസത്തോടെ കാണാൻ പ്രേരിപ്പിക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ പൊതു സ്വഭാവം.
തങ്ങൾ എതിരാളികളാൽ ഇല്ലാതാക്കപ്പെടാൻ പോവുകയാണെന്ന മുന്നറിയിപ്പുകളും ദീന വിലാപങ്ങളും പരസ്പരമുള്ള അവിശ്വാസത്തെയും വെറുപ്പിനെയും കത്തിച്ചു നിർത്തും. ലോകമെമ്പാടുമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ രീതി ഫലപ്രദമായി പരീക്ഷിച്ചു കഴിഞ്ഞു.

എന്തൊക്കെയോ സമാനതകൾ തോന്നുന്നില്ലേ?
കുടുംബക്കൂട്ടായ്മകളിൽ നിന്നടക്കം വന്ന ചില സന്ദേശങ്ങൾ ,ട്രോളുകൾ നമ്മളും കണ്ടിട്ടില്ലേ?
ഒരു കൂട്ടർ നിരന്തരം പീഡിപ്പിക്കപ്പെടുന്നുവെന്നും മറ്റൊരു കൂട്ടരാണ് അതിന് ഉത്തരവാദികളെന്നുമുള്ള വിലാപം കേട്ടിട്ടില്ലേ?

വെറുപ്പ് വിതച്ച് നൂറുമേനിയായി അത് കൊയ്തെടുക്കുന്ന ഒരു കാലത്ത് പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോൾ ഓർമ്മകൾ ഉണ്ടായിരിക്കട്ടെ.
ഭാവിതലമുറകൾക്ക് ഇവിടെ പരസ്പരം സ്നേഹിച്ച് ജീവിക്കാൻ കൂടിയാണ് ഈ വോട്ട് .