വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനം വന്നാലും അമരത്ത് പിണറായി ആയതുകൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

90

Rajasree R

ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ. വാർത്തയിലെ തെറ്റുകൾ കണ്ടു പിടിക്കണം, ഡാറ്റ നല്കിയത് കൊച്ചിയിലെ മാധ്യമ പ്രവർത്തകയാണെന്ന് അള്ള് വയ്ക്കണം. അത്യാവശ്യം ദുസ്സൂചനകൾ കൊണ്ടുവരണം. പക്ഷേ കൊതിക്കെറുവാണെന്ന് ആർക്കും തോന്നരുത്. ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ: കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയിലെ നേട്ടങ്ങൾ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റുകൾ അങ്ങനെ സ്വന്തമാക്കണ്ട. വാർത്തയിൽ പരാമർശിച്ച മാതിരി 30 വർഷമൊന്നും കമ്യൂണിസ്റ്റുകാർ ഭരിച്ചിട്ടില്ല. ഇരുപത്തിനാലര വർഷമേ ഭരിച്ചിട്ടുള്ളൂ. അഞ്ചര വർഷത്തെ വ്യത്യാസം വലിയ വ്യത്യാസമാണ്. മറ്റു സർക്കാരുകളുടെ ഭരണ നേട്ടം സ്വന്തം കണക്കിലെഴുതണ്ട.

എന്തൊരു ഔചിത്യം! ലക്ഷങ്ങളെ കൊന്നു കൊണ്ടിരിക്കുന്ന മാരക രോഗത്തിനെതിരെ ഒരു ചെറിയ സംസ്ഥാനം ജീവന്മരണ പോരാട്ടത്തിലാണ്. ജനജീവിതം സ്തംഭിപ്പിക്കുന്ന ലോക് ഡൗൺ പോലുള്ള നടപടികൾ സർക്കാരിനും ജനങ്ങൾക്കും പുതിയതാണ്. ചരിത്രത്തിലാദ്യമായി റവന്യൂ വരുമാനം പൂർണമായും നിലച്ചു.ചെന്നിത്തലയെപ്പോലുള്ള നേതാക്കളുടെ തമാശകളല്ലാതെ ജനങ്ങൾക്ക് നേരംപോക്കിന് യാതൊരു നിവൃത്തിയുമില്ല. അത്തരമൊരു സാഹചര്യത്തിൽ ആരായാലും നല്ലത് ചെയ്യുമ്പോൾ ആരെങ്കിലുമൊക്കെ അഭിനന്ദിച്ചോട്ടെ. വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനം വന്നോട്ടെ. കൊച്ചിയിലോ തിരുവനന്തപുരത്തെ യോ മാധ്യമ പ്രവർത്തക ( ർ ) ഡാറ്റ കൊടുത്തോട്ടെ. വേണമെങ്കിൽ പിണറായി വിജയൻ തന്നെ കൊടുത്തോട്ടെ. (നാം കൊടുക്കുമ്പോൾ തെറ്റാതെ കൊടുത്താൽ മതി.)
അത്തരം വാർത്തകൾ വരുന്നത് ഇനിയും നല്ല പ്രതിരോധത്തിന് സഹായകമാകുമെങ്കിൽ, പ്രോത്സാഹനമാകുമെങ്കിൽ ആയിക്കോട്ടെ. മരണഭയം നേരിടുന്ന ഒരാൾക്ക് ആത്മവിശ്വാസം പകരാൻ കള്ളം പറഞ്ഞാൽ പോലും അത് മനുഷ്യത്വമാണ്

സുഹൃത്തുക്കളേ.അതുകൊണ്ട് അഞ്ചരക്കൊല്ലത്തെ വ്യത്യാസമൊക്കെ ക്ഷമിക്കാനുള്ള വിശാലമനസ്കത കാണിക്കണം. അല്ലെങ്കിൽ, കേരളത്തിൽ ജീവിച്ചു കൊണ്ട് ‘ഹായ്, അഞ്ചു പൈസ കൊടുക്കരുത് കേരളത്തിന്, പ്രളയം വന്ന് ഒലിച്ചു പോട്ടെ, കർണ്ണാടക അതിർത്തിയിൽ രണ്ടു ലോഡ് മണ്ണിട്ടാൽ തീരും കേരളം, എം.പി ഫണ്ട് കഴിഞ്ഞു, ഇനി നമ്പർ വണ്ണാണെന്ന മേനിപറച്ചിൽ ഉണ്ടാവില്ല’ എന്നൊക്കെ വെറുപ്പു തുപ്പുന്ന ഒരു കൂട്ടവുമായി നമുക്കെന്താണ് വ്യത്യാസം?

പതിവുപോലെ ഇതൊന്ന് നീന്തിക്കയറട്ടെ. അതിനൊരു കൈ സഹായിക്കാമെങ്കിൽ അതു ചെയ്യാം. അങ്ങനെ മനസ്സുള്ളവർക്കൊപ്പം കൂടാം. അല്ലാത്തവരോട് ഒട്ടും സഹിഷ്ണുതയില്ല തൽക്കാലം. കാരണം ചിലരെ തിരിച്ചറിയുന്നത് അപകട സന്ധികളിലാണ്.
അയ്മ്പത് ഉറുപ്പികേരെ അയില പോയാലും നാരാണേട്ടൻ്റെ നായിരെ സ്വഭാവം മനസ്സിലാക്കാൻ പറ്റിയാൽ അതു തന്നെ വലിയ കാര്യം.