ഒരു മദ്ധ്യവർഗമലയാളി കുടുംബത്തിൻ്റെ പ്രോഗ്രസ് കാർഡ് കണ്ടിട്ടുണ്ടോ ?

80

Rajasree R എഴുതുന്നു

ഒരു മദ്ധ്യവർഗമലയാളി കുടുംബത്തിൻ്റെ പ്രോഗ്രസ് കാർഡ് കണ്ടിട്ടുണ്ടോ?

ഒന്നും രണ്ടും ദിവസം കൊണ്ടുണ്ടാകുന്നതല്ല. വളരെ നീണ്ട പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. പാരമ്പര്യവും ചരിത്രവും സംസ്കാരവുമൊക്കെ ഓരോ ഘട്ടത്തിൽ എഴുതിച്ചേർക്കപ്പെടും. അത്തരമൊരു കാർഡുമായാണ് ഓരോ കുടുംബവും കേരളത്തിൽ കഴിയുന്നത്. അതിലെ ഉയർന്ന ഗ്രേഡുകളാണ് ആ കുടുംബത്തിൻ്റെ നില തീരുമാനിക്കുന്നതെന്ന് അതിനകത്തുള്ളവരും പുറത്തുള്ളവരും കരുതും. കുട്ടിയെ ഒരു പ്രത്യേക സ്കൂളിൽ എൽ.കെ.ജിയിൽ ചേർത്തിട്ട് , വിവാഹം കഴിക്കാൻ ഈ സ്കൂളിലെ പെൺകുട്ടികളെയാണ് നല്ല വീടുകളിൽ പ്രിഫർ ചെയ്യുന്നത് എന്നു ചാരിതാർത്ഥ്യമടഞ്ഞ രക്ഷിതാക്കളെയറിയാം.

കുട്ടികളുടെ സൗന്ദര്യവും കലാനൈപുണികളും വിദ്യാഭ്യാസയോഗ്യതകളും കാർഡിലെ വലിയ പോയിൻ്റുകളാണ്. അതൊക്കെയും കേന്ദ്രീകരിക്കുന്നത് വിവാഹത്തിലാണെന്നു മാത്രം. അതാണ് കുടുംബങ്ങളുടെ എസ് എസ് എൽ സി പരീക്ഷ. കേരളത്തിൻ്റെ കുടുംബങ്ങളിൽ മക്കളുടെ വിവാഹത്തിന് ഭയപ്പെടുത്തുന്ന മാനങ്ങളുണ്ട്. കുടുംബങ്ങളുടെ എല്ലാത്തരത്തിലുള്ള വിഭവശേഷിയും അതിനു നേരെ ചാലുകീറിക്കളയും. അതു കൊണ്ടുതന്നെ പരാജയപ്പെടാതിരിക്കാൻ കുടുംബം മക്കളുടെ ഇണകളെ തെരഞ്ഞെടുക്കും. അവരുടെ ദാമ്പത്യത്തിന് നിർല്ലജ്ജം കാവലിരിക്കും. വിവാഹത്തിനകത്ത് നേരിട്ടുത്തരവാദിത്തമുള്ള രണ്ടു വ്യക്തികൾ പരാജയപ്പെടാതിരിക്കാനല്ല അത് എന്നു മാത്രം. ഇന്ത്യൻ കുടുംബങ്ങളിലെ മക്കൾ ഒരു കാലവും മുതിർന്ന വ്യക്തികളാകാറില്ല. യയാതികളുടെ നിയന്ത്രണത്തിലായിരിക്കും അവർ എക്കാലവും. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല . മനുഷ്യാന്തസ്സ് എന്നൊന്നുണ്ടെന്ന് അംഗീകരിക്കാൻ കുടുംബത്തിന് സാധിക്കാത്ത വിധത്തിലാണ് അതേക്കുറിച്ചുള്ള മഹത്ത്വവൽക്കരണങ്ങൾ നടന്നിട്ടുള്ളത്.

രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അതുകൊണ്ടുതന്നെ തീവ്രമായി അമാനവീകരിക്കപ്പെട്ടിട്ടുണ്ട്. മക്കൾക്ക് ലൈംഗിക ജീവിതമുണ്ടെന്നു വിചാരിക്കാൻ പോലും രക്ഷിതാക്കൾക്ക് സാധിക്കാത്തത് അതുകൊണ്ടാണ്. വിവാഹം പരാജയപ്പെട്ടാൽ ലൈംഗികതയെങ്ങാൻ പുറത്തന്വേഷിച്ചു കളയുമോ എന്ന തോന്നൽ മരണഭയം പോലെ അവരെ പിന്തുടരും. പെൺമക്കളാണെങ്കിൽ പറയുകയും വേണ്ട. മുതിർന്ന ഒരു വ്യക്തിക്ക് സ്വകാര്യതകളുണ്ടെന്ന് കുടുംബം ഒരിക്കലും അംഗീകരിക്കുകയില്ല. ദാമ്പത്യത്തിനകത്ത് അത് പലപ്പോഴും നിഷിദ്ധവുമാണ്.

മക്കൾ സംതൃപ്തമായ ദാമ്പത്യം നയിക്കുന്നുവെന്ന് സ്വയം ബോദ്ധ്യപ്പെട്ടില്ലെങ്കിലും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള അക്ഷീണ പരിശ്രമമാണ് മിക്ക ‘രക്ഷിതാ’ക്കളുടെയും ശിഷ്ടജീവിതം. എല്ലാത്തരത്തിലുള്ള അനീതികളെയും അസംതൃപ്തികളെയും മൂടിവയ്ക്കും.ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് മക്കൾക്ക് വേണ്ടി തങ്ങൾ നടത്തിയതെന്ന് ആവർത്തിച്ചുറപ്പിക്കും. ഒന്നും പറ്റിയില്ലെങ്കിൽ മക്കളുടെ ജീവിത പങ്കാളികളെയോ അവരുടെ കുടുംബത്തെയോ കുറ്റപ്പെടുത്തും അടിയിളകിത്തുടങ്ങിയ തൂണുകളിൽ ചായമടിച്ച് ഉറപ്പിച്ചുവയ്ക്കാൻ വെറുതേ ശ്രമിക്കും. തങ്ങൾക്ക് ഈ ബന്ധത്തിൽ നിന്ന് നീതി കിട്ടില്ലെന്നു തോന്നി ഓടിയെത്തുന്ന പെൺമക്കളെ മടക്കി അയയ്ക്കലാണ് അതിലേറ്റവും പ്രധാനപ്പെട്ട പണി. വിവാഹമോചിതനായി വീട്ടിൽ നില്ക്കുന്ന പുരുഷൻ സഹതാപാർഹനാണ്. അവൻ തന്നത്താൻ ഭക്ഷണമുണ്ടാക്കിക്കഴിക്കുന്നതോർക്കുമ്പോൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകൾ ഒറ്റയടിക്ക് നനയും. അവൻ അപകടത്തിലാവുകയോ രോഗബാധിതനാവുകയോ ചെയ്യുമ്പോൾ മുൻ ഭാര്യ കരഞ്ഞുകൊണ്ട് ഓടിയെത്തി ശുശ്രൂഷിച്ചില്ലെങ്കിൽ അവളോളം ഹൃദയശൂന്യയും നിന്ദ്യയുമായ സ്ത്രീ വേറെ യില്ലെന്നവർ പറഞ്ഞെന്നിരിക്കും. അതും സ്വാഭാവികമാണ് .

മാനുഷികപരിഗണന ദാമ്പത്യം അനുഷ്ഠിച്ചു കൊണ്ടല്ല കാണിക്കേണ്ടതെന്ന് സിനിമകളും പുസ്തകങ്ങളും നമ്മെ പഠിപ്പിച്ചിട്ടില്ലല്ലോ. വിവാഹം രോഗചികിത്സയോ ജീവിതലക്ഷ്യമോ ജീവിതോപാധിയോ പ്രതികാരനിർവഹണത്തിനുള്ള വഴിയോ അല്ല എന്നും പഠിപ്പിച്ചിട്ടില്ല. മാനസികമോ ശാരീരികമായോ വെല്ലുവിളികൾ നേരിടുന്നവർക്ക് വിവാഹം പ്രതിവിധിയായി കല്പിക്കുന്നത് ക്രൂരതയാണ്. അവരെ ഉൾക്കൊള്ളാനും വേണ്ടിവന്നാൽ പുനരധിവസിപ്പിക്കാനും സാധ്യമായ വിധത്തിൽ കുടുംബത്തിൻ്റെ സ്വഭാവവും ഘടനയും മാറുകയാണ് വേണ്ടത്. വൻതുക കൊടുത്ത് ഭാരമൊഴിക്കുന്ന ഏർപ്പാടുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധമാണ്. അത്തരത്തിലൊരാൾ കുടുംബത്തിലുണ്ടെങ്കിൽ പ്രോഗ്രസ് കാർഡിൽ കുറയുന്ന ഗ്രേഡുകളെ ഭയപ്പെട്ട് അങ്ങനെയും ചിലത് നടക്കാറുണ്ട്.

മറ്റെല്ലാമെന്നതു പോലെ ഒരു കരാർ മാത്രമാണ് ദാമ്പത്യവും. പലപ്പോഴും തന്ത്രശാലികൾക്കും ഭാഗ്യശാലികൾക്കും വിജയിച്ചു കയറാവുന്ന ഒന്ന്.ഒരു തരത്തിലും ഒത്തുപോകാൻ സാധിക്കുന്നില്ലെങ്കിൽ, പരസ്പരം സ്നേഹിക്കാൻപറ്റുന്നില്ലെങ്കിൽ ,മനുഷ്യജീവിയെന്ന നിലയിൽ നിരന്തരമായി അനീതി നേരിടേണ്ടി വരുന്നുവെന്ന് ഒരു കക്ഷിക്ക് തോന്നുന്നെങ്കിൽ, അഭിമാനത്തോടെ ജീവിക്കാനാവുന്നില്ലെന്ന് ബോധ്യപ്പെടുന്നെങ്കിൽ അനായാസം വിട്ടു പോരാനുള്ള സാഹചര്യം ഉണ്ടാവുക തന്നെ വേണം. കൊന്നൊഴിക്കേണ്ട അവസ്ഥയുണ്ടാവരുത്. പരസ്പരം തിരുത്തി അതിൽത്തന്നെ തുടരാനാണ് താൽപര്യമെങ്കിൽ അതും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിലും രക്ഷിതാക്കൾ കയറി ഇടപെടണമെന്നില്ല .കുട്ടികൾക്കാണ് രക്ഷിതാക്കൾ വേണ്ടത്. മുതിർന്ന വ്യക്തികൾക്ക് രക്ഷിതാക്കളല്ല ആവശ്യം, കാര്യങ്ങൾ തുറന്നുസംസാരിക്കാവുന്ന ,വൈകാരിക സമ്മർദ്ദം കൂട്ടാത്ത, തങ്ങൾക്കു വേണ്ടി തീരുമാനങ്ങൾ എടുത്ത് അടിച്ചേല്പിക്കാത്ത ,ആശ്വാസം നല്കുന്ന തുരുത്തുകളായ മനുഷ്യരാണ് ; അത് ബയോളജിക്കൽ ഫാമിലിയാണെങ്കിലും അല്ലെങ്കിലും.

വിവാഹമോചിതരായ സ്ത്രീകളെയും ഉൾക്കൊള്ളാനുള്ള വിശാലത തൽക്കാലം കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങൾക്കും ഇല്ല. ‘എടുത്ത കുടം മാനമായി കൊണ്ടിറക്കട്ടെ ‘ എന്നു കരുതി പലരും അനിഷ്ടം വിഴുങ്ങി തുഴഞ്ഞു നീങ്ങും. അതു ചെയ്യാതെ വിവാഹം പോലൊരു മഹാലക്ഷ്യത്തെ വഴിയിലുപേക്ഷിക്കുന്ന ഒരുവൾ അപഥസഞ്ചാരിണിയാവാനേ തരമുള്ളൂ എന്ന് സ്വന്തം കുടുംബം കൂടി തീരുമാനിക്കുന്നിടത്ത് തുടങ്ങും പലരുടെയും ദുരന്തം. അവൾ പണ്ടെന്നോ മറന്നു വച്ച കഴിവുകൾ പൊടിതട്ടിയെടുക്കുകയോ ഉച്ചത്തിൽ ചിരിക്കുകയോ യാത്രകൾ പോവുകയോ ചെയ്യുന്നത് ഉൾക്കൊള്ളാനാവാത്ത കുടുംബങ്ങളുണ്ട്. കുടുംബം നിലനിർത്താൻ തങ്ങൾ അനുഷ്ഠിച്ച ത്യാഗങ്ങളെക്കുറിച്ച് അമ്മമാർ വിവാഹബന്ധം ഉപേക്ഷിച്ച പെൺമക്കളെ നിരന്തരം ഉദ്ബോധിപ്പിക്കും. മക്കളെ മുൻനിർത്തിയുള്ള ബ്ലാക് മെയിലിംഗുകൾ വരും.വിഴുപ്പലക്കാൻ താൽപര്യമില്ലാത്തവർ സ്വന്തം മക്കളുടെ മുന്നിലടക്കം കുറ്റക്കാരാവുകയും ചെയ്തെന്നു വരും. തങ്ങൾക്ക് സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്തിയ അമ്മയെ അവർ പകയോടെ നോക്കും.

അങ്ങനെയൊരുവൾ നെറ്റിയുടെ ഇരുവശത്തെയും മുടി വെള്ളയടിച്ച് സാരിപുതച്ചു മൂലയ്ക്കിരിക്കുകയും ഏതു നിമിഷവും പുന:സ്ഥാപിക്കപ്പെടാവുന്ന കുടുംബത്തെ സ്വപ്നം കാണുകയും ചെയ്ത് ജീവിതം തള്ളിനീക്കിയാൽ ചിലപ്പോൾ അല്പം സമാധാനം കിട്ടിയേക്കും. (ഒച്ചയെടുക്കുകയും തിരിഞ്ഞു നില്ക്കുകയും ചെയ്യുന്ന സ്ത്രീകളുടെയടുത്ത് നിനക്ക് കടുത്ത ലൈംഗിക ദാരിദ്ര്യമാണല്ലേ, ഞാൻ സഹായിക്കാം എന്നു പറഞ്ഞു വരുന്ന ജീവികളെക്കുറിച്ചു പറയാത്തത് തൽക്കാലം കുടുംബമാണ് വിഷയം എന്നുള്ളതുകൊണ്ടാണ്.)

കുടുംബത്തിൻ്റെ അഭിമാനം രക്ഷിക്കാനും രക്ഷിതാക്കൾക്ക് എ ഗ്രേഡ് കിട്ടാനും ചിലപ്പോഴെങ്കിലും തോല്ക്കാതിരിക്കാനും വേണ്ടി വിട്ടു പോന്നിടത്തേക്ക് തിരിച്ചു കയറുന്ന ഒരുപാട് സ്ത്രീകളുണ്ട്. സ്വന്തമെന്നു കരുതിയ ഇടങ്ങളിൽ നിന്ന് തള്ളിയയ്ക്കപ്പെടുന്ന ഒരുവളുടെ ആത്മാഭിമാനത്തിന് എന്തു വിലയാണുള്ളത്! തീരെ നിവൃത്തിയില്ലാതാവുമ്പോൾ പലരും ജീവിതം അവസാനിപ്പിക്കും. ചിലർ കൊല്ലപ്പെടും. ഒന്നുമറിയാത്ത കുട്ടികളും ചിലപ്പോൾ പെട്ടു പോയിട്ടുണ്ടാവും.എന്നാലും അവസാനം വരെ ദാമ്പത്യം നിലനിർത്തിയല്ലോ ,നേരിട്ടു വെട്ടി മരിച്ചതായാൽ വീട്ടേക്ക് നല്ലൊരു മാനമല്ലോ എന്ന് സമാധാനിച്ച് ഓരോരുത്തരും അവരവരുടെ വഴിക്ക് പോകും.

വിവാഹം കഴിഞ്ഞാൽ പുരുഷനു കീഴടങ്ങുന്ന സാമന്തരാജ്യങ്ങളാണു പലപ്പോഴും ഭാര്യ വീടുകൾ. കുമ്പളങ്ങിയിൽ കുടുംബനാഥൻ്റെ കസേരയിലിരുന്ന് അധികാരത്തിൻ്റെ ചന്തം നോക്കുന്ന ഷമ്മിമാർക്ക് നിരവധി പതിപ്പുകളുണ്ട്. രണ്ടാമത്തെ മകളുടെ വരനെ അവളുടെ ഇഷ്ടപ്രകാരം തീരുമാനിച്ച ശേഷം മൂത്ത മരുമകൻ്റെ സമ്മർദ്ദം കാരണം അതൊഴിവാക്കേണ്ടി വന്ന കുടുംബങ്ങളുണ്ട് കേരളത്തിൽ. എന്ത് അധികയോഗ്യതയുടെ പേരിലാണ് മറ്റൊരു വ്യക്തിയുടെ തെരഞ്ഞെടുപ്പിന്മേൽ പുറമെ നിന്നൊരാൾ കൈ കടത്തുക? ഭർത്താവ് തൻ്റെ ജീവന് ഭീഷണിയാണെന്ന് ഒരു വ്യക്തി പറഞ്ഞു കഴിഞ്ഞിട്ടും എന്ത് അധികാരത്തിലാണ് അവളുടെ മുറിയിലേക്ക് കുടുംബം അയാളെ അയയ്ക്കുന്നത്? അതാണ് നടേ പറഞ്ഞ പ്രോഗ്രസ് കാർഡിൻ്റെ ശക്തി.

വിവാഹമോചിതരായ പെൺമക്കൾ എന്നൊരു ജാതിയില്ല , പെൺമക്കൾ മാത്രമേയുള്ളൂ.അവർക്ക് നല്ല വിദ്യാഭ്യാസവും കഴിഞ്ഞു പോകാനൊരു ജോലിയും കയറിക്കിടക്കാനൊരിടവും അഭിമാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഇനിമേൽ മാർക്കിട്ടാൽ മതിയെന്നു കരുതണം. പിഞ്ഞിപ്പറിഞ്ഞ പഴയ പ്രോഗ്രസ് കാർഡും കെട്ടിപ്പിടിച്ചിരിക്കുന്ന കുടുംബങ്ങളിലേക്ക് ഇനിയും പാമ്പുകൾ ഇഴഞ്ഞു കയറിക്കൊണ്ടിരിക്കും.

. ഹിസ്സ് എന്ന സിനിമയിൽ മല്ലിക ഷെറാവത്തിൻ്റെ കഥാപാത്രം നിയന്ത്രണം വിട്ട് തെരുവിലെ ഒരു വിളക്കു കാലിൽ ഇഴഞ്ഞുകയറിപ്പറ്റുന്ന രംഗമുണ്ട്. ഉള്ളിൽ നാഗമാണവൾ. പക്ഷേ പുറത്തു മനുഷ്യരൂപം. മനുഷ്യരുടേതായ ഒരു വ്യവസ്ഥയും അവൾക്ക് മനസ്സിലാകുന്നില്ല. പ്രതികാരത്തെക്കുറിച്ചേ അവൾക്കറിയൂ. അങ്ങനെയാണവൾ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ കുടുംബങ്ങളും അതുപോലെയാണ്. പുറത്തു കാണുന്ന മുഖമല്ല അകത്ത്. എത്ര മിനുക്കിയാലും കാര്യമില്ല. ഒരു സമയമാകുമ്പോൾ അസ്സല് വെളിപ്പെട്ടു പോകും. അന്നേരം കാടും മരവുമൊന്നും കണ്ടില്ലെങ്കിൽ വെറും വിളക്കു കാലിലാണെങ്കിലും ഇഴഞ്ഞു കയറി പത്തി വിരിച്ച് ആടിക്കളയും. അത്ര ഭംഗിയിലൊന്നുമല്ല ഇതിനകത്ത് കാര്യങ്ങൾ നടക്കുന്നത് എന്നു തന്നെ.