അഭിനയത്തിന്റെ ഭാഗമായി താലി ഊരേണ്ടി വന്നാൽ വസ്ത്രത്തിൽ അത് കുത്തിവച്ചാണ് അഭിനയിക്കാറത്രെ

214

Rajasree R (നോവലിസ്റ്റ്, കഥാകൃത്ത് )

അഭിനയത്തിന്റെ ഭാഗമായി താലി ഊരേണ്ടി വന്നാൽ വസ്ത്രത്തിൽ അത് കുത്തിവച്ചാണ് താൻ അഭിനയിക്കാറ് എന്ന് ബിഗ് ബോസ് താരം പറഞ്ഞതു കേട്ട് വിജൃംഭിതരായി തെക്കുവടക്കുനോക്കുന്ന ചില കാക്ക കൊത്താത്തമ്മമാർ.
കാക്ക കൊത്താത്തമ്മ ഒന്ന്: ‘അങ്ങനാ, കുടുമ്മത്തിപ്പെറന്ന പെണ്ണുങ്ങള് അഭിനയിക്കാൻ പോയാലും അങ്ങനാ.. ഇന്നലെ ചേട്ടനും പറഞ്ഞു.
(ആഹാ! എന്തൊരു പൊളിറ്റിക്കൽ കറക്ട് നസ്!)
അതേ വലിയ വായിൽ താരം : ‘അതെന്റെ വിശ്വാസം .. അത് ചോദ്യം ചെയ്യാനോ പാടില്ലെന്ന് പറയാനോ ആർക്കും അധികാരമില്ല.’
കാക്ക കൊത്താത്തമ്മ രണ്ട് : ആണ്ട്. അത്രേയൊള്ള്. ഇതാ അന്ന് ശബരിമലക്കാലത്ത് ചേട്ടനും പറഞ്ഞത്.
താരത്തിന്റെ എതിരാളി : താലി ഇടുന്നില്ലാന്ന് വിചാരിക്കാനും അത് അശ്ലീലമാണെന്നു വിശ്വസിക്കാനും മറ്റുള്ളവർക്കും അവകാശമുണ്ട്.
കാക്ക കൊത്താത്തമ്മ ഒന്നും രണ്ടും കോറസ്: ആഹാ! പിന്നേ ,അതെങ്ങനാ വിശ്വാസമാകുന്നേ? കൊള്ളാവല്ലോ?
താരം: അതു വിശ്വാസമല്ല. തെറ്റായ ധാരണയാ. ഭൂരിപക്ഷത്തിന്റെ വിശ്വാസമാ വിശ്വാസം. ഇവിടെ നമ്മൾ ലീഡറെ തെരഞ്ഞെടുത്തതെങ്ങനാ? ഭൂരിപക്ഷം നോക്കിയല്ലേ?
(ഉവ്വ. പൊളിച്ചു.)
കാക്ക കൊത്താത്തമ്മ ഒന്ന്.( വിത്ത് പി.എച്ച്ഡി ഇൻ കെമിസ്ട്രി ) :അവര് നടിയാണേലും വിവരമൊണ്ട് അല്ലിയോ?
ഈ കൂട്ടത്തിലെ പെണ്ണുങ്ങളിൽ വച്ച് ചേട്ടനിഷ്ടം അവരെയാ .
(എന്റെ പൊന്നോ ! ഉമ്മ, ഉമ്മ)
കാക്ക കൊത്താത്തമ്മ രണ്ട് ( വിത്തൗട്ട് പി.എച്ച്ഡി ഇൻ ഹിസ്റ്ററി ): മറ്റോള് കെടന്ന് ചുമ്മാ ചെലയ്ക്കുന്ന കണ്ടില്ലിയോ? പുറത്തു വല്ലോം ആയിരുന്നെങ്കിൽ ഒന്നിനെ തൊട്ടാൽ എല്ലാം കൂടെ എളകി വന്നേനേ. പക്ഷേ
അവള് ഒരു വിശ്വാസോമില്ലാത്ത കൂട്ടത്തിലാന്ന് ചേട്ടൻ പറയുന്ന കേട്ടു .
(ആ ഹിസ്റ്ററിയാണ് ഹിസ്റ്ററി, പ്രണാമം.)
കോറസ്: സത്യത്തിൽ ചേട്ടൻ എപ്പഴും പറയുന്ന പോലെ ഇപ്പഴാ നമ്മക്കും ഒരു ധൈര്യോം പറഞ്ഞു നിക്കാനൊരു ബലോമൊക്കെ വന്നത് .അല്ലിയോ?
(ആണോ കുഞ്ഞേ?)
ചിലത് ഒളിച്ചു കടത്തപ്പെടുന്നത് ഇങ്ങനെയുമാണ്. പഴക്കൂടയിൽ കേറിയാണ് പണ്ട് പരീക്ഷിത്തിനെത്തേടി തക്ഷകൻ വന്നത്.
ആവർത്തിക്കുന്നു, നിങ്ങളെക്കൊണ്ടൊക്കെ ഈ വർഗ്ഗത്തിന്, നാടിന് എന്താണ് പ്രയോജനം?

Advertisements