ആൺവീട്ടുകാർക്ക് പെൺവീട്ടുകാരെ അപേക്ഷിച്ച് എന്താണ് മേന്മ ?

0
84

Rajasree R എഴുതുന്നു

”ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത നിനക്ക് ഒരു കുടുംബമുണ്ടാകാൻ വേണ്ടി എൻ്റെ ആയുസ്സിൻ്റെ നല്ലൊരു ഭാഗം തുലച്ചവനാണ് ഞാൻ” അങ്ങേയറ്റം അരാഷ്ട്രീയത വിളമ്പുന്നതാണെങ്കിലും സന്ദേശം എന്ന സിനിമയിൽ തിലകൻ തൻ്റെ മകളുടെ ഭർത്താവിനോട് പറയുന്നതാണ്.

ആൺവീട്ടുകാർക്ക് പെൺവീട്ടുകാരെ അപേക്ഷിച്ച് എന്താണ് മേന്മ ?

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വിവാഹ വീടുകളിൽ അങ്ങനെയൊരു തരംതിരിവ് കണ്ടിട്ടില്ലേ? വീട്ടിലേക്കെത്തുന്ന പുതിയ അതിഥികളോടു കാണിക്കുന്ന മര്യാദയ്ക്കപ്പുറം അതിനൊരു വളർച്ചയുണ്ട്. തെക്ക് വധുവിൻ്റെ സഹോദരനോ സഹോദര സ്ഥാനീയനോ വരൻ്റെ കാലിൽ വെള്ളമൊഴിച്ച് സ്വീകരിക്കുന്ന ഏർപ്പാടുണ്ട്. ചെറുക്കൻകൂട്ടരുടെ മുന്നിൽ പെൺവീട്ടുകാർ ഒരുപടി താഴ്ന്നു നില്ക്കുകയെന്നത് എല്ലാ ചടങ്ങുകളുടെയും അന്തർധാരയാണ്. ചിന്തിച്ചാൽ ദൃഷ്ടാന്തം കിട്ടും. ചെറുക്കൻകൂട്ടർക്കുമുമ്പേ സദ്യയുടെ പന്തിയിൽ പെൺകൂട്ടർ ഇടം പിടിച്ച വകയിൽ പെൺവീട്ടുകാരുടെ ആഭിജാത്യം ചോദ്യം ചെയ്യപ്പെട്ട സംഭവങ്ങൾ ഉണ്ട്. വടക്ക് അത്രയും എത്തിയിട്ടില്ലെന്നാണ് അനുഭവം. എന്തായാലും ഈ കിഴിയലുകൾ ഭാവിയിൽ പെൺവീട്ടുകാരെ അവഹേളിച്ചു സംസാരിക്കാനും അപമാനിക്കാനുമുള്ള സമ്മതപത്രങ്ങളാണ്.

മുമ്പത്തെ പോസ്റ്റിൽ സൂചിപ്പിച്ചതു പോലെ വിവാഹം കൊണ്ട് പുരുഷന് സ്വന്തമാകുന്ന സാമന്ത രാജ്യമാണ് പെൺവീട്. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു കുടുംബത്തിൽ വിവാഹം കഴിച്ചുവെന്ന പേരിൽ അധികാരം സ്ഥാപിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്? ആണിൻ്റെ വീട്ടിൽ പെണ്ണിനില്ലാത്ത എന്ത് അധികാരമാണ് തിരിച്ചുള്ളത്? ഏത് വകുപ്പിൽ? മരുമകൻ വന്നു കയറുമ്പോൾ പെൺവീട്ടുകാർ കിഴിയുന്നതു പോലാണോ മരുമകൾ വരുമ്പോൾ ആൺവീട്ടുകാർ സ്വീകരിക്കുന്നത്? എന്ത് അധികാരത്തിനു മേലാണ് പെണ്ണിൻ്റെ തള്ള റിട്ടയർ ചെയ്യുമ്പോൾ കുറച്ചു കാശ് തനിക്ക് / മകന് കിട്ടുമെന്ന് മനക്കണക്ക് കൂട്ടുന്നത്? പെൺവീട്ടുകാർ തുടർന്ന് എടുക്കുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാനും അട്ടിമറിക്കാനും ശേഷിയുണ്ടെന്ന് വിചാരിക്കുന്നത്? അവളെയും പിള്ളേരെയും പോറ്റുന്നതുകൊണ്ടാണ് എന്ന ന്യായം പറയാതിരിക്കാനാണ് ജോലി ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചും കിടപ്പാടമുണ്ടാക്കുന്നതിനെക്കുറിച്ചും സ്ത്രീകൾ ചിന്തിക്കണമെന്ന് ആവർത്തിക്കേണ്ടി വരുന്നത്. സ്വന്തം കാലിൽ നിന്നിട്ടു തന്നെവേണം ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളും നടത്തേണ്ടത് ; വിവാഹമായാലും ശരി സ്വതന്ത്ര ജീവിതമായാലും ശരി. ഇനി ,നിലവിലെ കുടുംബ വ്യവസ്ഥ വരുമാനമുള്ള സ്ത്രീകളോട് എന്താണ് ചെയ്യുന്നതെന്നു കൂടി നോക്കാം.

നൂറ്റൊന്നു പവനുമായി കല്യാണം കഴിച്ചു വന്ന പഴയൊരു സഹപ്രവർത്തകയെ ഓർക്കുന്നു. സ്റ്റാഫ് റൂമിൽ കിടന്ന ഒരു മാസികയുടെ പിന്നാമ്പുറത്തെ ജ്വല്ലറി പരസ്യത്തിലെ മോഡലിൻ്റെ ഒരാഭരണത്തിൽ കൗതുകത്തോടെ തൊട്ടു നോക്കിക്കൊണ്ടിരുന്നു അവൾ. ചുവന്ന കല്ലുപതിച്ച ചെറിയൊരു മാല.’ഇതേലെയൊരെണ്ണം എനിക്കുണ്ടായിരുന്നു. അതു മാത്രമേ കല്യാണത്തിന് ആഗ്രഹിച്ച് ഞാൻ വാങ്ങിയുള്ളൂ.’ അവൾ പറഞ്ഞു. അതെവിടെ എന്നു ചോദിച്ചപ്പോൾ കല്യാണക്കാർക്ക് കൊടുത്തുവെന്നു പറഞ്ഞു. അത് മനസ്സിലായില്ലെന്നു തോന്നിയപ്പോൾ അവൾ വിശദീകരിച്ചു. വിവാഹം തീരുമാനിച്ച വീട്ടുകാർ തൊട്ടടുത്ത് കല്യാണം കഴിഞ്ഞ വീടുണ്ടെങ്കിൽ അവിടെ നിന്ന് സ്വർണം വാങ്ങും. ഇരു വീട്ടുകാർക്കും ലാഭമുള്ള ഏർപ്പാടാണ്. വധു കല്യാണദിവസം മാത്രം ധരിച്ച ആഭരണങ്ങൾ സെക്കൻഡ് ഹാൻഡായി കൊടുക്കുക. പെണ്ണിൻ്റെ സമ്മതമൊന്നും വിഷയമല്ല. പണം രൊക്കം കിട്ടും. ഇവരുടെ കാര്യത്തിൽ തൊട്ടടുത്ത വസ്തു വാങ്ങാൻ ആ പണം ഉപയോഗിച്ചത്രേ. അത് ഭർത്താവിൻ്റെ പേരിലാണ് വാങ്ങിയതെന്നും പറഞ്ഞു. വിവാഹത്തെ ജീവിതം ഭദ്രമാക്കാനുള്ള ഏർപ്പാടായി കാണുന്ന എത്രയോ പേരുണ്ട്!ചെറു കൗതുകങ്ങൾ പോലും വിറ്റു കാശാക്കുന്ന ആർത്ഥികയുക്തിയാണ്. പ്രായോഗികബുദ്ധിയാണ്. അങ്ങേയറ്റം ആ സ്വത്ത് അവളുടെ കൂടി പേരിൽ വാങ്ങുന്നത് ഒരു മര്യാദയാണ്. അതു പക്ഷേ പാലിക്കപ്പെട്ടില്ലെങ്കിലും ആരും ചോദിച്ചു കൊള്ളണമെന്നില്ല. നാളെ ആ ദാമ്പത്യം തകർന്നാൽ എന്തുണ്ടാവും എന്ന ചോദ്യം പ്രസക്തമല്ല. വീട്ടിലേക്ക് തിരിച്ചു കയറാൻ അവൾ മടിക്കുന്നത് സ്വാഭാവികമാണ്. കടിച്ചുതൂങ്ങാതെ നിവൃത്തിയില്ല.

സമാനമായ ഒന്നു കൂടി പറയാം. ഇത്ര തന്നെ സ്വർണ്ണവും പണവുമായി എത്തിയ മറ്റൊരാൾ. ഇത്തവണ പണം ഉപയോഗിച്ചത് ഒരു മാനേജ്മെൻ്റ് സ്കൂളിൽ ജോലി വാങ്ങാനാണ്. പെൺ വീട്ടുകാർക്കും എതിർപ്പില്ല.പ്രത്യക്ഷത്തിൽ സുന്ദരമായി തോന്നും. പക്ഷേ അവൾ കല്യാണത്തിനു മുമ്പ് ഇട്ടിരുന്ന ബ്ലൗസുകൾ അഴിക്കാനും തുന്നാനും നിരന്തരമായി തയ്യൽക്കടയിൽ കൂട്ടു പോകേണ്ടി വന്നപ്പോഴാണ് ആ ഏർപ്പാടിൻ്റെ സൗന്ദര്യം ശരിക്ക് ബോധ്യപ്പെട്ടത്. ഭർത്താവു കൂടി മുതൽ മുടക്കിയ ബിസിനസ്സാണ്. അവളയാളുടെ വീട്ടിലെ സമ്പാദിക്കുന്ന വേലക്കാരിയാണ്. ഏറ്റവും നിസ്സഹായമായ ആ കണ്ണുകൾ ഇന്നും വേദനയാണ്. അവൾക്കുമില്ല പോക്കെടം. ഈ രണ്ടു പെണ്ണുങ്ങൾക്കു നേരെ അനീതിയാണ് നടക്കുന്നതെന്ന് അവർക്കു പോലും ബോധ്യപ്പെട്ടിരിക്കുമോ?
ഇതൊക്കെയും ഏറ്റവും സ്വാഭാവികമായ സംഗതികളായി എല്ലാവരും കണ്ടിരിക്കും. ഒരു ഘട്ടത്തിലും പെൺവീട്ടുകാർ ഇടപെടില്ല .കാരണം അവർ കണ്ടീഷൻഡാണ്.

തങ്ങളെ പച്ചത്തെറി വിളിച്ച മരുമകനു വേണ്ടിയും അവർ ആവോലി പൊരിക്കും. ഉള്ളതിൽ നല്ല ബെഡ്ഷീറ്റെടുത്തു വിരിക്കുകയും പതിവു ടി.വി പരിപാടികൾ കാണാതിരിക്കുകയും ഒച്ചയുയർത്തി സംസാരിക്കാതിരിക്കുകയും ചെയ്യും. കാരണം അവരുടെ ‘പെണ്ണ് ‘താമസിക്കുന്നത് ‘അദ്ദേഹ’ത്തിൻ്റെ വീട്ടിലാണ്. ഭാര്യവീട്ടിൽ ചെന്നാൽ അവരുടെ മര്യാദ കാണുമ്പോൾ പോലും ശ്വാസം മുട്ടിപ്പോകുന്ന പുരുഷന്മാരുണ്ട്. ഉള്ളിൻ്റെയുള്ളിൽ ഒരു ജനാധിപത്യബോധം നിലനില്ക്കുന്നതുകൊണ്ടാണത്.നേരത്തേ ചോദിച്ചതു പോലെ തനിക്കെന്ത് അർ ഹതയുണ്ടായിട്ടാണ് ഇവർ തനിക്ക് മുമ്പിൽ കിഴിയുന്നത് എന്ന ആത്മവിമർശനം കാരണമാണ്. ഷമ്മി ഹീറോയാടാ എന്നു വിചാരിക്കാത്തതു കൊണ്ടാണ്. ആ വീട്ടിലെ അംഗമായ, തനിക്കൊപ്പമോ തന്നെക്കാൾ മീതെയുള്ളതോ ആയ ഒരു വ്യക്തിയാണ് ജീവിതം പങ്കിടുന്നത് എന്ന തോന്നൽ കൊണ്ടാണ്. പക്ഷേ അക്കൂട്ടർ നിരാശാജനകമാം വിധം ന്യൂനപക്ഷമാണ് എന്നു പറയാതെ വയ്യ.
ഒരു ഭൂരിപക്ഷത്തോട്, സന്ദേശത്തിൽ തിലകൻ മരുമകനോട് ചോദിച്ച പഴയ ചോദ്യം പെൺവീട്ടുകാർ ഇനിയെങ്കിലും ചോദിക്കേണ്ടി വരും.

വാൽ:
ഇതേ സമയം മറ്റൊരിടത്ത്:
‘എന്ത് ഉണ്ണാക്കന്മാരാണിതൊക്കെ ! അയ്യേ.
കണ്ടോടീ, കണ്ടോ? അഞ്ചു പൈസ മേടിക്കാതെ നിന്നേം നിൻ്റെ പിള്ളാരേം മാന്യമായിട്ട് നോക്കുന്നില്ല്യോടീ? കേട്ടോ ഓരോ അവമ്മാര് അച്ചിവീട്ടുകാരോട് കാണിക്കുന്നതൊക്കെ? ഇക്കാലത്തിനകം കാൽക്കാശിനുപകാരമില്ലാഞ്ഞിട്ടും നിൻ്റെ തന്തയോടോ തള്ളയോടോ ‘ച്ചി പോ’ ന്ന് ഞാൻ പറഞ്ഞിട്ടൊണ്ടോടീ? . കുടുംബത്തിൽ പിറക്കണം . ആണായാൽ അണ്ടിക്ക് ഒറപ്പും തൊണ്ടയ്ക്ക് മൊഴയും വേണം.
ഷമ്മി ഹീറോയാടീ ഹീറോ.’