ഫൈസറും ആഫ്രിക്കൻ മനുഷ്യരെ ഗിനിപ്പന്നികൾ ആക്കി ക്രൂരമായ മരുന്നുപരീക്ഷണവും

55

Rajeeb Alathur

ഫൈസറും രഹസ്യ മരുന്ന് പരീക്ഷണങ്ങളും

ഒരു ഭീമൻ അമേരിക്കൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനാണ് ഫൈസർ. ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഇത്, മൊത്തം വരുമാനമനുസരിച്ച് ഏറ്റവും വലിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോർപ്പറേഷനുകളിൽ 2018 ലെ ഫോർച്യൂൺ 500 പട്ടികയിൽ 57 ആം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസർ, വിപുലമായ മെഡിക്കൽ വിഭാഗങ്ങൾക്കായി മരുന്നുകളും വാക്സിനുകളും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യും. COVID-19 പൻഡെമിക് അവസാനിപ്പിക്കാൻ 2020 മെയ് മാസത്തിൽ ഫൈസർ നാല് വ്യത്യസ്ത COVID-19 വാക്സിൻ പരീക്ഷിക്കാൻ തുടങ്ങി. 2020 സെപ്റ്റംബറോടെ ആയിരക്കണക്കിന് രോഗികളിൽ വാക്സിൻ പരീക്ഷണങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടു. വാക്‌സിൻ 90% ത്തിലധികം ഫലപ്രദമാണെന്ന് 2020 നവംബർ 9 ന് ഫൈസർ പ്രഖ്യാപിച്ചു.

2020 ഡിസംബർ 2 ന് ബ്രിട്ടൺ ഫൈസറിന്റെ വാക്സിൻ അപ്രൂവ് ചെയ്തു, COVID – 19 വാക്സിൻ അപ്രൂവ് ചെയ്ത ആദ്യ രാജ്യമായി ബ്രിട്ടൺ. പക്ഷെ ഫൈസർ എന്ന ഈ ഭീമൻ മരുന്ന് കമ്പനിയുടെ മുൻകാല ചെയ്തികൾ നമ്മെ ഞെട്ടിക്കുന്നതാണ്. 1996 ൽ നൈജീരിയയിൽ അഞ്ചാംപനി, കോളറ, ബാക്ടീരിയ മെനിഞ്ചൈറ്റിസ് എന്നിവ പൊട്ടിപ്പുറപ്പെട്ടു. ഒരു ക്ലിനിക്കൽ ട്രയൽ സജ്ജീകരിക്കുന്നതിനും ഏകദേശം 200 കുട്ടികൾക്ക് ട്രോവാഫ്ലോക്സാസിൻ എന്ന പരീക്ഷണാത്മക ആന്റിബയോട്ടിക് നൽകുന്നതിനും ഒരു കരാർ ഗവേഷണ ഓർഗനൈസേഷനിൽ നിന്നുള്ള ഫൈസർ പ്രതിനിധികളും ഉദ്യോഗസ്ഥരും നൈജീരിയയിലെ കാനോയിലേക്ക് യാത്രയായി.

പരീക്ഷണത്തിൽ 50 ലധികം കുട്ടികൾ മരിക്കുകയും മറ്റു പലരും മാനസികവും ശാരീരികവുമായ വൈകല്യങ്ങൾക്ക് ഇരയാവുകയും ചെയ്തു. 2001 ൽ കുട്ടികളുടെ കുടുംബങ്ങളും കാനോ, നൈജീരിയ സർക്കാരുകളും ചികിത്സ സംബന്ധിച്ച് നൈജീരിയയിലെയും അമേരിക്കയിലെയും കോടതികളിൽ കേസുകൾ ഫയൽ ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച് ഫൈസർ അവരിൽ നിന്ന് ഒപ്പിട്ട സമ്മത പത്രങ്ങൾ വാങ്ങുകയോ കുട്ടികൾക്ക് പരീക്ഷണാത്മക മരുന്നാണ് നൽകുന്നതെന്ന് ഫൈസർ മാതാപിതാക്കളോട് പറയുകയോ ചെയ്തിരുന്നില്ല. പകർച്ചവ്യാദിയെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത മനുഷ്യ പരിശോധനകൾ നടത്താൻ ഫൈസർ ഉപയോഗിച്ചതായും ലോസ്യുട്ടിൽ ഫൈസറിനെതിരെ അവർ കുറ്റം ആരോപിക്കുന്നു. റെഗുലേറ്ററി അംഗീകാരമില്ലാതെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്ന് നൈജീരിയൻ മെഡിക്കൽ ഉദ്യോഗസ്ഥരും ഒരു ഫൈസറിന്റെ തന്നെ ഫിസിഷ്യനും പ്രസ്താവിച്ചു.

നൈജീരിയൻ കുടുംബങ്ങളുടെ ലോസ്യുട്ട് തുടരാൻ അനുവദിക്കുന്ന വിധിക്കെതിരെ 2010 ജൂണിൽ യുഎസ് സുപ്രീം കോടതിക്ക് ഫൈസർ നൽകിയ അപ്പീൽ, കോടതി തള്ളി. 2010 ഡിസംബറിൽ ജൂലിയൻ അസാൻജിന്റെ വിക്കിലീക്സ്, ഹാക്ക് ചെയ്യപ്പെട്ട യുഎസ് നയതന്ത്ര കേബിളുകൾ പുറത്തു വിട്ടതിൽ നൈജീരിയൻ അറ്റോർണി ജനറലായ ഓണ്ടോകായെ നിയമനടപടി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിന് ഓണ്ടോകായ്‌ക്കെതിരായ അഴിമതിയുടെ തെളിവുകൾ കണ്ടെത്താൻ ഫൈസർ അന്വേഷകരെ നിയമിച്ചതായി സൂചിപ്പിക്കുന്നു. രഹസ്യമായ ഒരു നിബന്ധനക്ക് വിധേയമായി 75 മില്യൺ ഡോളർ കുടുംബങ്ങൾക്ക് നൽകിയാണ് ഫൈസർ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കിയത്. ഫൈസറും കാനോ സംസ്ഥാന സർക്കാരും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 10 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പാക്കി ഫൈസർ ശിക്ഷാ നടപടികളിൽ നിന്ന് തടിയൂരി. വളരെ വ്യാപകമായി ഭീമൻ മരുന്ന് കമ്പനികൾ ആഫ്രിക്കൻ രാജ്യങ്ങളിലുൾപ്പെടെ നടത്തുന്ന രഹസ്യ മരുന്ന് പരിശോധനകളുടെ ഒരു തുറന്നു കാട്ടലായി ഈ സംഭവങ്ങൾ ഇന്നും ഉദ്ധരിക്കപ്പെടുന്നു.