ജെഎൻയു അടച്ചുപൂട്ടണം, അവിടെ പഠിക്കുന്നവർക്ക്‌ കൊടുക്കുന്ന സബ്സിഡിയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഇത്രയും വഷളാക്കിയത്

1158

Shut Down JNU & Save India

Rajeesh Kumar

ജെഎൻയു സമരം ഒരനാവശ്യ സമരമായിട്ടാണ് എനിക്ക് തോന്നിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ മക്കൾ ആണ് അവിടെ പഠിക്കുന്നത്. ഉയർന്ന ഫീ ആയാലും അവർക്കത് താങ്ങാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഉദാഹരണത്തിന് എന്റെ കാര്യം തന്നെ നോക്കാം. അച്ഛന് മൂരിപ്പണി ആയിരുന്നു. ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ മരിച്ചത്. പക്ഷെ അതിനു മുൻപേ തന്നെ എന്നെ ലോകത്തെവിടെയും അയച്ചു പഠിപ്പിക്കുവാൻ ഉള്ള സാമ്പത്തിക സ്ഥിതി അച്ഛൻ വയലുകൾ ഉഴുത് മറിച്ചു ഉണ്ടാക്കിയിരുന്നു. അച്ഛൻ പണിക്കുപോകുന്ന കാലത്ത് മൂരിപ്പണിക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയിട്ടുണ്ടായിരുന്നില്ല. എങ്കിലും 90000-250000 ശമ്പള സ്കെയിൽ കണക്കിൽ, ട്രാൻസ്പോർട് അലവൻസും, ഡി എ യും ഒക്കെ കൂടി ഒരു മൂന്നു ലക്ഷം രൂപയെങ്കിലും അച്ഛന് ശമ്പളം ഉണ്ടായിരുന്നു. അന്നത്തെ മൂന്ന് ലക്ഷം ഇന്ന് മുപ്പത് ലക്ഷമാണെന്നോർക്കണം.
അന്ന് മൂരിപ്പണിക്ക് PhD ഒന്നും നിർബന്ധം ഇല്ലായിരുന്നു. പകരം മൂരിയുടെ വായിൽ ഒരു കൊട്ട (യുജിസി നെറ്റ് അല്ല) കെട്ടിയാൽ മതി. അത് കൊണ്ട് അച്ഛന് ഇൻക്രെമെന്റ് കുറവായിരുന്നു. പക്ഷെ മൂന്നുലക്ഷം ഒക്കെ ധാരാളം തന്നെ. ഇത് കൂടാതെ താജിലെ കിച്ചണിൽ സീനിയർ കുക്ക് ആയ അമ്മയ്ക്കും നല്ല വരുമാനം ഉണ്ടായിരുന്നു.

അച്ഛന് ഇത്രേം വലിയ സമ്പാദ്യം ഉണ്ടെങ്കിലും എല്ലാ വലിയ വീട്ടിലെ കുട്ടികളെയും പോലെ എനിക്കും ഒരു ഹോബി ഉണ്ടായിരുന്നു. വയറൊക്കെ നിറഞ്ഞിരിക്കുമ്പോൾ നമ്മക്ക് തോന്നില്ലേ ഒരു ഹോബി വേണം എന്ന്. അങ്ങനെ നേരം പോക്കിനാണ് ഞാൻ പെയിന്റിങ് പഠിച്ചത്. അതെ പിക്കാസോയും, വാൻഗോഗും, റംബ്രാന്റും, ഒക്കെ പോലെ. അവരൊക്കെ പൂക്കളുടെ ചിത്രങ്ങൾക്ക് നിറം നൽകിയപ്പോൾ ഞാൻ വീടുകൾക്കും ചുമരുകൾക്കും ഒക്കെയാണ് ചായം പകർന്നത്. വീട് പൂവിനേക്കാൾ വലുതായാൽ കൊണ്ട് വാന്ഗോഗിന് കിട്ടിയതിനേക്കാൾ കൂലി(സോറി റോയൽറ്റി) എനിക്ക് കിട്ടുമായിരുന്നു. ഈ പെയിന്റിങ് ഹോബി മടുത്ത കൊണ്ട് ഞാൻ പിന്നെ, പലപല പണികളും ചെയ്തു. കുട്ടികളെ പഠിപ്പിക്കാൻ കോളേജിലും യൂണിവേഴ്സിറ്റിയിലെ ഒക്കെ പോയി നോക്കി. പക്ഷെ ഒന്നും അച്ഛന്റെ സ്റ്റാറ്റസിന് ചേരുന്ന ഒന്നായിരുന്നില്ല. അങ്ങനെ ആലോചിച്ചപ്പോൾ ആണ് എനിക്ക് ബുദ്ധി ഉദിച്ചത്. വാഴ കൃഷി തുടങ്ങാം. അപ്പോഴാണ് PhD ഇല്ലാത്ത കാരണം അച്ഛന് ഇൻക്രെമെന്റ് ലഭിക്കാതെ പോയ വിവരം ഞാൻ ഓർത്തത്. മാത്രമല്ല PhD ഉണ്ടെങ്കിൽ കുലകൾക്ക് നല്ല വെയിറ്റ് കിട്ടും. ഡോ രജീഷ് കുമാറിന്റെ കുലയാണ് എന്നും പറഞ്ഞു ചന്തയിൽ കുലവിൽക്കുന്നത് ആലോചിച്ചു ഞാൻ നിർവൃതിയടഞ്ഞു. വിജൃംഭിക്കുകയും ചെയ്തു .

അങ്ങനെ ഒരു PhD എവിടെ കിട്ടും എന്ന് അന്ന്വേഷിച്ചു ഞാൻ ഇറങ്ങി. അപ്പോഴാണ് കൊടുങ്ങല്ലൂരുകാരനായ ഇല്യാസും, വായനാട്ടുകാരൻ ആയ സെബാസ്റ്റ്യനും (രണ്ടും വരത്തന്മാർ, എന്നാലും വിശ്വസിക്കാം ചന്ദ്രികപോലെ) എനിക്ക് ജെഎൻയു സജസ്റ്റ് ചെയ്തത്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഡെൽഹിയിലോട്ട് വണ്ടി കയറി. പോരുന്ന വഴിക്ക് രാമനാട്ടുകാരക്കാരി ബുഷ്റയെ എന്റെ സഹായിയായി കൂട്ടുകയും ചെയ്തു. ഡൽഹിയിൽ ഇറങ്ങുമ്പോൾ മൂരി മുതലാളി കുഞ്ഞിരാമന്റെ മകൻ രജീഷിന്റെ സർട്ടിഫിക്കറ്റും, പെട്ടിയും ഒക്കെ ചുമക്കാൻ ആള് വേണമല്ലോ? വേണ്ടേ? ആ, അങ്ങനെ ഞങ്ങൾ ഡൽഹിയിൽ വന്നു. നേരെ ചെന്നത് ജെഎൻയു വിസി യുടെ അടുത്തേക്കാണ്. അച്ഛന്റെ മഹിമയൊക്കെ അറിയാവുന്ന ഒരാളായിരുന്നു വിസി. പേര് ബി.ബി ഭട്ടാചാര്യ. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അഖിലേന്ത്യ പ്രവേശന പരീക്ഷയൊന്നും നീ എഴുതേണ്ടെന്നും, അതൊക്കെ പാവപ്പെട്ട വീട്ടിലെ പിള്ളാരെ പറ്റിക്കാൻ നടത്തുന്നത് ആണെന്നും പറഞ്ഞു. എനിക്ക് അപ്പോൾ തന്നെ അഡ്മിഷൻ തന്നു. ഒന്ന് കൂടെ നിർബന്ധിച്ചിരുന്നേൽ അപ്പൊ തന്നെ ഡോക്ടറേറ്റ് കൂടെ തന്നേനെ, പാവം. ഇറങ്ങുമ്പോൾ കണ്ണ് നിറച്ചുകൊണ്ട് ഹിന്ദിയിലും ഇഗ്ളീഷിലുമായി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും ഞാൻ ഓർക്കുന്നുണ്ട്. “കുന്ഹി രമൺ വാസ് എ ഗ്രേറ്റ് മുറിക്കാരൻ, ഉസ്ക ബേട്ട മേരാ ഭി ഹെ, യു ക്ൻ കം ഹിയർ വിതൗട് നോക്കിങ് ദി ഡോർ” (അവസാന വാക്യം വിശ്വസിച്ചു ഏതോ ഒരു സമരനാളിൽ ഡോറിൽ മുട്ടാതെ വിസി യുടെ അടുത്തേക്ക് ഇരച്ചു കയറാൻ നോക്കിയതിന്റെ കഥ പിന്നീട് പറയാം).

അഡ്മിഷൻ കിട്ടിയ ഞാൻ നേരെ പോയത് ജ്ജലം ഹോസ്റ്റലിൽ ആണ്. അവിടെ എന്റെ റൂം മേറ്റ് ബ്രൂണെ സുൽത്താന്റെ കൊച്ചുമോൻ ആയിരുന്നു. ഹോസ്റ്റലിൽ എന്റെ ഫ്ലോറിലെ ആൾക്കാരെ എല്ലാം ഞാൻ പരിചയപ്പെട്ടു. ധീരുഭായിയുടെ കൊച്ചുമകൻ നിജീഷ്, ബജാജിന്റെ അനന്തരവൻ അജയൻ, ടാറ്റായുടെ വളർത്തു മകൻ ബേസിൽ, യൂസഫലിയുടെ എളാപ്പാന്റെ കൊച്ചുമോൻ മുനീർ എല്ലാരും എന്നെ പോലെ തന്നെ വല്യ പണക്കാർ. പിന്നെ ഞങ്ങളെക്കാൾ കുറച്ചു പാവങ്ങൾ ആയവർ, അവർ വന്നത് ഏതോ ഒരു പരീക്ഷ എഴുതി സ്കോളർഷിപ് ഒക്കെ നേടിയാണ്. പക്ഷെ അവരും മന്ത്രിമാരുടെയും, ബാബൂസിന്റെയും ഒക്കെ മക്കൾ തന്നെ ആയിരുന്നു. സർക്കാർ ജീവനക്കാരുടെ ആവലാതികൾ പറയാൻ മക്കളെക്കൊണ്ട് സ്കോളർഷിപ് പരീക്ഷകൾ എഴുതിച്ചെന്നു മാത്രം. ഹോസ്റ്റലിലെ സ്വർണ കക്കൂസിൽ തൂറുന്നത് ഒഴിച്ചാൽ എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

ഹോസ്റ്റലിൽ കിടക്കാൻ വൈരം പാകിയ കട്ടിൽ ആണ്. സ്വർണനൂലുകൾ തുന്നിയ പുതപ്പും. പിന്നെ വരാന്തയിൽ അടക്കം പേർഷ്യൻ പരവതാനികൾ. വാടക വർഷത്തിൽ വെറും 200 രൂപ മാത്രം. മെസ്സിൽ ഭക്ഷണം മൃഷ്ട്ടാനം. ഒരു മാസം രണ്ടായിരം രൂപ കൊടുത്താൽ മതി. റ്റ്യൂഷൻ ഫീ ഇല്ലെന്നു തന്നെ പറയാം. പിന്നെ ഡാബകളിൽ ഒക്കെ ചായക്ക് അഞ്ചു രൂപ, ഒന്നിന് 25 രൂപ ഒക്കെ. കാശു ചിലവഴിക്കാൻ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് എന്റെ ബാങ്കിലെ ബാലൻസ് ദിവസവും കൂടി കൂടി വന്നു. വീട്ടിൽ നിന്നാണെൽ എന്താ കാശിനു പറയാത്തെ എന്ന് ചോദിച്ചു വിളിയോട് വിളിയും. അവസാനം ഞാൻ എല്ലാമാസവും, അയൂബ്, കുഞ്ഞു, കുഞ്ഞി, ബേസിൽ തുടങ്ങിയവരോട് ഒക്കെ കടം ചോദിക്കാൻ തുടങ്ങി (സോറി ഇവർക്ക് കാശു കടം കൊടുക്കാൻ തുടങ്ങി). എല്ലാമാസവും അവർക്ക് തന്നെ കൊടുക്കുന്നതിൽ ഒരു രസം ഇല്ലാത്തതിനാൽ എന്റെ അധ്യാപകരോടൊക്കെ കാശു തരട്ടെ കാശു തരട്ടെ എന്ന് ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെ അവർ എന്നെ കണ്ടാൽ, ഞാൻ അവര്ക് കാശു കൊടുക്കും എന്ന പേടിയാൽ മുങ്ങി നടക്കാൻ തുടങ്ങി.

ഇതൊക്കെ ഇപ്പൊ പറയാൻ കാരണം, ഇത്രേം വലിയ സാമ്പത്തിക സ്ഥിതി ഉള്ള എനിക്കൊക്കെ ഇങ്ങനെ സൗകര്യങ്ങൾ എന്തിനാണ് സർക്കാർ തരുന്നത് എന്ന് ചോദിക്കാൻ വേണ്ടിയാണ്. ഇതൊക്കെ വല്ല പാവങ്ങളുടെ മക്കൾ പഠിക്കുന്ന തുടങ്ങാൻ പോകുന്ന റിലയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സല്ലൻസിലോ, അദാനി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രതിമ നിർമാണ സ്റ്റഡീസിലോ, നിർമലാജി സെന്റർ ഫോർ തൂക്കി വിൽക്കലിലോ കൊടുത്താൽ പാവങ്ങൾക്ക് ഉപകാരം ആകും.

മാത്രമല്ല ജെഎൻയുവിൽ പഠിക്കുന്ന 5000 കുട്ടികൾക്ക് കൊടുക്കുന്ന സബ്സിഡിയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഇത്രയും വഷളാക്കിയത്. ആ കാശുണ്ടെങ്കിൽ എത്രയെത്ര രാജ്യങ്ങൾ കാണാം. എത്ര കൊട്ടുകളിൽ സ്വന്ത്വം പേരെഴുതി, എത്ര യോഗ വീഡിയോ ഷൂട്ട് ഔട്ടിൽ പങ്കെടുക്കാം. അത്രയും കാശു തിരികെ കിട്ടിയാൽ എയർ ഇന്ത്യയൂറും, ഭാരത് പെട്രോളിയവും വിൽക്കാൻ ആലോചിക്കുന്നത് നിർത്തിവെക്കാൻ. പാർലിമെന്റ് ക്യാന്റീനിൽ കഞ്ഞിക്ക് വകയില്ലാതെ സബ്സിഡിയിൽ ഒരു രൂപക്ക് ഊണും മട്ടൻ കറിയും കഴിക്കുന്ന 790 എംപി മാർക്കും, അവരുടെ ശിങ്കിടിമാർക്കും ജെഎൻയു വിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ കൊടുക്കുന്ന കാശ് വീതിച്ചു കൊടുക്കാം. ലക്ഷക്കണക്കിന് കോടികൾ ബാങ്കിനെപറ്റിച്ചു നാടുവിട്ട മേഹുൽ ഭായിയും നീരവ് ബയ്യയും പോലുള്ളവർക്ക് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ടിക്കറ്റും വിസയും സംഘടിപ്പിക്കാം. വർഷാവർഷം ജെഎൻയു വിനു കൊടുക്കുന്ന കാശ്
റിസർവ് ബാങ്കിൽ സൂക്ഷിച്ചാൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം അമ്പതിലും, നാല്പത്തിലും, ഇരുപതിലും എത്തും. ഒരു ഭാഗം എടുത്ത് നഷ്ടത്തിലായ പെട്രോൾ കമ്പനികൾക്ക് കൊടുത്താൽ ഒരു ലിറ്റർ പെട്രോൾ അഞ്ചു രൂപയ്ക്ക് കിട്ടും. എന്നിട്ടും ബാക്കിയുള്ള തുക കൊണ്ട് നമുക്ക് വാഹന വിപണിയും, ബിസ്കറ്റ് വിപണിയും, ജെട്ടി വിപണിയും ഉദ്ധരിക്കാം.

അത് കൊണ്ട് ജെഎൻയു വിദ്യാർഥികൾ സമരം നിർത്തി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകേണ്ടതാണ്. ഇന്ന് ഇന്ത്യ നേരിടുന്ന എല്ലാത്തരം പ്രശ്നനങ്ങൾക്കും ഒരു ഒറ്റമൂലി പരിഹാരം ആണ് ജവഹർലാൽ നെഹ്റു സർവകലാശാല അടച്ചു പൂട്ടുക എന്നത്. ഇവിടുത്തെ മധ്യവർഗ പുങ്കവന്മാർ ഒരു ദിവസമെങ്കിലും സമാധാനമായി ഉറങ്ങട്ടെ. പ്ലീസ്

Advertisements