രജീഷ് പാലവിള
ഗാനരചയിതാവ്

ആറുകുപ്പി റമ്മും ഒരു രാത്രിയും: കോട്ടയം സിഎംഎസ് കോളേജ് ഫ്ലാറ്റ്!

ഏതോ ഒരു സായാഹ്നത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ മുത്തശ്ശിമരത്തിന്റെ ചുവട്ടിൽ കിടന്നുകൊണ്ട് ആകാശങ്ങളിൽ കണ്ണുകൾ അലയുന്ന രണ്ടു ചെറുപ്പക്കാർ സിനിമയെക്കുറിച്ചും ലോകത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ ഒരാൾ മഹാരാജാസ് കോളേജിലെ തന്റെ കലാലയജീവിതക്കുറിച്ച് പറയുമ്പോൾ കോളേജ് ക്യാമ്പസിനുള്ളിൽ ഇളകിമറിയുന്ന യുവത്വത്തെക്കുറിച്ച് ഫൈൻആർട്സ് കോളേജിൽ പഠിച്ച മറ്റേയാൾക്ക് വലിയ കൗതുകമായി.ഞരമ്പുകളിൽ മിന്നൽപ്രയാണംപോലെ ഏതോ ഊർജ്ജം അയാളെ ത്രസിപ്പിച്ചു.അയാൾ മഹാരാജാസ് കോളേജിൽ പഠിച്ച തന്റെ സുഹൃത്തിനോട് പറഞ്ഞു ”എനിക്കൊരു സിനിമ ചെയ്യണം..ക്യാമ്പസിന്റെ അന്തരീക്ഷത്തിൽ കഥനിറയുന്ന ഒരു സിനിമ”

 

സിനിമ ചെയ്യണം എന്ന് പറഞ്ഞ ആളുടെപേര് ഭരതനെന്നും മഹാരാജാസ് കോളേജിലെ തന്റെ സമ്പന്നമായ ക്യാംപസ് സൗഹൃദങ്ങളെക്കുറിച്ചും വിലമതിക്കാനാവാത്ത ജീവിതാനുഭവങ്ങളെക്കുറിച്ചും സുഹൃത്തിനെ പറഞ്ഞ് കൊതിപ്പിച്ച ആളുടെ പേര് ജോൺ പോൾ എന്നും! അവർ ആ സൗഹൃദ-സംഭാഷണത്തിന്റെ മുഴുവൻ പ്രചോദനവുമായി മുന്നോട്ട് പോയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ച അന്നുവരെ അഭൂതപൂർവ്വമായ ക്യാമ്പസ് ചലച്ചിത്രാവിഷ്കാരത്തിന്റെ പേര് ‘ചാമരം’ എന്നുമാണ്.

കഥാ സന്ദർഭങ്ങൾ എന്തുതന്നെയായാലും തന്നെക്കാൾ പ്രായമുള്ള അദ്ധ്യാപികയെ ഒരു വിദ്യാർത്ഥി പ്രണയിക്കുന്നതും പ്രാപിക്കുന്നതുമായ കഥ മലയാള സഹൃദയ ലോകത്ത് അംഗീകരിക്കപ്പെടുമോ എന്ന ഭയാശങ്കകളാൽ നിരവധിപേർ നിർമ്മാണ രംഗത്ത് നിന്ന് പിന്മാറിയപ്പോഴും ഭരതനോടും ജോണിനോടും ഒപ്പം നിന്ന് ജഗത് പിക്ചേഴ്സിന് വേണ്ടി അപ്പച്ചൻ നിർമ്മിച്ച ആ ചിത്രം ക്യാമ്പസ് സിനിമകളുടെ പുതിയൊരു തുടക്കമായിരുന്നു.

 

ബാലകൃഷ്ണൻ മങ്ങാടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘ചാമരം’.പൂവച്ചൽ ഖാദർ എഴുതി എം.ജി.രാധാകൃഷ്ണൻ ഈണംനൽകി എസ്.ജാനകി പാടിയ ‘നാഥാ നീവരും കാലൊച്ച കേൾക്കുവാൻ’ എന്ന നിത്യഹരിത ഗാനം ഈ സിനിമയിലേതാണ്. ഭരതൻ എന്ന സംവിധാനപ്രതിഭ ഒരുക്കിയ പ്രണയത്തിന്റെ തീവ്രമായ നിറക്കൂട്ടുകൾക്ക് ജോൺസൺ മാഷിന്റെ ഹൃദയഹാരിയായ പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ടതുതന്നെ.

 

ആ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരനുഭവത്തെക്കുറിച്ച് ജോൺ പോൾ പറയുകയുണ്ടായി.കോട്ടയം സിഎംഎസ് കോളേജിന്റെ ക്യാമ്പസായിരുന്നു സിനിമാ ഷൂട്ടിംഗിന് തിരഞ്ഞെടുത്തത്. എന്നാൽ ഷൂട്ടിംഗിന് കുട്ടികളുടെ ഭാഗത്ത് നിന്ന് ഒരു സഹകരണവുമുണ്ടായില്ല. എന്നുമാത്രമല്ല കുട്ടികൾ സിനിമാ ചിത്രീകരണത്തെ പലവിധത്തിൽ തടസ്സപ്പെടുത്തി. സിഎംഎസ് കോളേജിലെ ചിത്രീകരണം നിർത്തി മറ്റൊരിടം തേടാൻ ഭരതൻ നിർബന്ധിതനായ പല ഘട്ടങ്ങളുമുണ്ടായി. കോളേജിലെ സീനിയർ വിദ്യാർത്ഥികളായിരുന്നു സംഘടിതമായ ശല്യപ്പെടുത്തലുകൾക്ക് പിന്നിൽ.

 

 

അവരെക്കൊണ്ട് പൊറുതിമുട്ടി നിരാശനായിരിക്കുന്ന ഭരതനോട് ഒരുദിവസം നെടുമുടി വേണു പറഞ്ഞു:
‘ഇതിപ്പോ വലിയ കാര്യമൊന്നുമില്ല. എനിക്കൊരു ആറുകുപ്പി റമ്മും ഒരു രാത്രിയും തന്നാൽ ശരിയാക്കി കൈയ്യിൽ തരാം’. നെടുമുടിയുടെ ആത്മവിശ്വാസത്തിൽ ഭരതന് അതിശയോക്തിയൊന്നും തോന്നിയില്ല! ഏതായാലും അന്ന് രാത്രി നെടുമുടിവേണുവും പ്രതാപ് പോത്തനുംകൂടി ആറുകുപ്പി റമ്മുമായി കോളേജിലെ സീനിയർ വിദ്യാർത്ഥികളെ ചാക്കിട്ട് പിടിച്ചു. സ്നേഹ സൗഹൃദവും മദ്യത്തിന്റെ മത്തുംകൊണ്ട് കുട്ടികൾ ഫ്ലാറ്റ്. സിനിമാ ചിത്രീകരണത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവരെ ഏല്പിച്ചാണ് നെടുമുടിയും പ്രതാപ് പോത്തനും പിരിഞ്ഞത്.

 

പിന്നീട് ഭരതൻ കണ്ടത് മറ്റൊരു സിഎംഎസ് കോളേജായിരുന്നു. കുട്ടികൾ സിനിമാ ചിത്രീകരണത്തോട് പൂർണ്ണമായി സഹകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ ഉണ്ടാക്കാനും പരിഹരിക്കാനും മദ്യത്തിന് കഴിയുമെന്നുള്ളതിന്റെ ഒരു ചെറിയ ഉദാഹരണം. ഏതായാലും ചാമരം എന്ന ചലച്ചിത്രം സിഎംഎസ് കോളേജിന്റെ പ്രൗഢിയുടെകൂടി അനാവരണമാണ്.സിനിമയെക്കുറിച്ചുള്ള വിലയിരുത്തലുകൾ പ്രേക്ഷകന് വിട്ടുകൊടുക്കുന്നു !

Leave a Reply
You May Also Like

മരുപ്രദേശത്തിന് നടുവില്‍ ആരോ എടുത്ത് വച്ചിരിക്കുന്നത് പോലെ കൂറ്റന്‍ പാറക്കല്ല്, എന്നാല്‍ ഈ പാറക്കല്ലിന്‍റെ പ്രധാന ആകര്‍ഷണം ഇതല്ല

അറിവ് തേടുന്ന പാവം പ്രവാസി സൗദി അറേബ്യയിലെ തൈമ മരുപ്പച്ചയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയായാണ്…

“ഹൈദരാബാദിൽ വരുന്ന സമയങ്ങളിൽ സച്ചിൻ റൊമാന്റിക് മൂഡിൽ”, മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിൻ ടെണ്ടുൽക്കർ പ്രണയത്തിലായിരുന്നു, നടിയെ വെളിപ്പെടുത്തി മറ്റൊരു നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ

തെലുങ്ക് ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രീ റെഡ്ഡി. ഇവർ സിന്ദഗി, അരവിന്ദ് 2, നേനു നന്ന…

തനിക്കു കിട്ടേണ്ട ദേശീയ അവാർഡുകൾ മുടക്കിയത് ഒരു മലയാളിയെന്ന് ബാലചന്ദ്രമേനോൻ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. തനിക്കു സമാന്തരങ്ങളിലെ…

ലൂസിഫറും മിന്നൽ മുരളിയും, തിരക്കഥാ രചനയിലെ സാമ്യങ്ങൾ

Sarath SR Vtk മിന്നൽ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരകഥകൃത്തുകളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യു…