പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്ന ലോകത്തെ സാധാരണമനുഷ്യർക്ക് കോവിഡിൽ നിന്ന് പരിരക്ഷ ഉറപ്പുവരുത്താൻ ബിൽ ഗേറ്റ്സ് നീട്ടുന്ന സഹായഹസ്തം ചരിത്രത്തിൽ എഴുതപ്പെടും

35

Rejeesh Palavila

ഓസ്‌ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചതും വിജയകരമായ പരീക്ഷണഘട്ടങ്ങൾ പിന്നിടുന്നതുമായ കോവിഡ് വാക്സിൻ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട മനുഷ്യർക്ക് തുച്ഛമായ നിരക്കിൽ എത്തിക്കാനായി ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ് നേതൃത്വം നൽകുന്ന ബിൽ & മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ.സെറം ആയിരം രൂപയ്ക്ക് ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കും എന്ന് നേരത്തെ പറഞ്ഞിരുന്നത് ഇപുതിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇരുന്നൂറ്റി അമ്പത് രൂപയ്ക്ക് ഉള്ളിൽ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

അവശേഷിക്കുന്ന ഇരുന്നൂറ്റി അമ്പത് രൂപയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സബ്‌സിഡി നടപ്പാക്കിയാൽ തികച്ചും സൗജന്യമായി ഇന്ത്യയിൽ ഈ വാക്സിൻ ലഭ്യമാക്കാവുന്നതേയുള്ളൂ.ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്ന സേവനങ്ങൾ വിലമതിക്കാൻ ആവാത്തതാണ്.കോവിഡ് മഹാമാരി ലോകത്തെ സാധാരണജീവിതങ്ങളെ നിശ്ചലമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്ന ലോകത്തെ സാധാരണമനുഷ്യർക്ക് കോവിഡിൽ നിന്ന് പരിരക്ഷ ഉറപ്പുവരുത്താൻ ബിൽ ഗേറ്റ്സ് നീട്ടുന്ന സഹായഹസ്തം ചരിത്രത്തിൽ എഴുതപ്പെടും.

ഏതെങ്കിലും ദൈവത്തിൽ നിന്നും അനുഗ്രഹം കിട്ടുമെന്നു കരുതിയിട്ടോ പുണ്യനിധികൂട്ടി സ്വർഗ്ഗത്തിൽ ചെന്നുചേരുമെന്ന് കരുതിയോ അല്ല മാനവിക ബോധവും മനുഷ്യസ്നേഹവും ഒന്നുമാത്രമാണ് അവിശ്വാസിയായ (Atheist ) ബിൽ ഗേറ്റ്സിനെ നയിക്കുന്ന ചേതോവികാരം.മതവിശ്വാസം നഷ്ടപ്പെട്ടാൽ മനുഷ്യർ ധാർമ്മികബോധം ഇല്ലാത്തവരാകും എന്ന സംഘടിത മതങ്ങളുടേയും പുരോഹിത ദുഷ്പ്രഭുത്വങ്ങളുടേയും മത പണ്ഡിതന്മാരുടെയും ജല്പനങ്ങൾ തുറന്നു കാട്ടുക കൂടി വേണം എന്നുള്ളതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നത്.ബിൽ ഗേറ്റ്സിനും ബിൽ & മെലീൻഡാ ഗേറ്റ്സ് ഫൗണ്ടേഷനും സ്നേഹാഭിവാദ്യങ്ങൾ..💛🧡❤️