ദൃശ്യം 3 മലയാളത്തിലെ വേറെ ഏതെങ്കിലും ഡയറക്ടർ ചെയ്‌താൽ എങ്ങനെ ഇരിക്കും, ഹ്യൂമർ പോസ്റ്റ്

163

Rajeev Sivaraman

ദൃശ്യം 3 ജിത്തു ജോസഫിന് പകരം മലയാളത്തിലെ വേറെ ഏതെങ്കിലും ഡയറക്ടർ ചെയ്‌താൽ എങ്ങനെ ഇരിക്കും എന്ന് നോക്കാം. (ഒരു തമാശ ആയിട്ട് മാത്രം എടുത്താൽ മതി)

 1. ഫാസിൽ – മധു മുട്ടം
  തന്റെ മകന്റെ കൊലപാതകിയെ നിയമത്തിനു മുൻപിൽ കൊണ്ട് വരാൻ സാധിക്കാത്തതിലുള്ള വിഷമത്താൽ ഗീത പ്രഭാകറിന്റെ മാനസിക നില തെറ്റുന്നു. അവസാനമായി ഒരിക്കൽ കൂടി ജോർജ്കുട്ടിയെ കണ്ടു തന്റെ മകനെ എന്തിനാണ് കൊന്നതെന്ന് ചോദിക്കാൻ പ്രഭാകർ തീരുമാനിക്കുന്നു. ജോർജ്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിൽ തകർന്നു പോയ പ്രഭാകർ ജോർജ്കുട്ടിയോടു ഗീതയുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കുന്നു. താനോ തന്റെ കുടുംബത്തിലെയോ ഒരാൾ കൊല്ലപ്പെട്ടാലേ ഗീത പ്രഭാകർ തിരികെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു എത്തുകയുള്ളൂ എന്ന് ജോർജ്കുട്ടി മനസിലാക്കുന്നു. ജോർജ്കുട്ടിയും പ്രഭാകറും കൂടി വിനയചന്ദ്രൻ സാറിന്റെ അടുത്തുപോയി ഗീതയെ തിരിച്ചു ജീവത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉള്ള ഒരു വഴി തയ്യാറാക്കുന്നു.

പ്രഭാകർ ഈസ്റ്ററിന്റെ അന്ന് ഗീതയേയും കൂട്ടി ജോർജ് കുട്ടിയുടെ തിയേറ്ററിന്റെ ഓഫീസിൽ എത്തുന്നു. അകത്തേക്ക് കയറിയ ഗീത ജോർജ്കുട്ടിയെ കാണുന്നു. ജോർജ്കുട്ടിയെ കണ്ട ഉടനെ ഗീതയുടെ സമനില തെറ്റുന്നു. ജോർജ്കുട്ടി അവിടെ ഉള്ള ഒരു കസേരയിൽ ഇരിക്കുന്നു. ഇത് കണ്ട പ്രഭാകർ ഗീതയുടെ കയ്യിലേക്ക് ഒരു തോക്കു കൊടുത്തിട്ടു ജോർജ്കുട്ടിയെ തട്ടിക്കളയാൻ പറയുന്നു. ഗീത തോക്കിന്റെ ട്രിഗർ വലിക്കാൻ പോകുന്നത് കണ്ട വിനയചന്ദ്രൻ സാർ ഒരു ലിവർ പിടിച്ചു തിരിക്കുന്നു. നിമിഷനേരം കൊണ്ട് ആ കസേര തിരിയുകയും അവിടെ ജോർജുകുട്ടിയുടെ പ്ലാസ്റ്റർ ഓഫ് പാരിസിൽ ഉണ്ടാക്കിയ ഒരു പ്രതിമ വരുകയും ചെയ്യുന്നു. ചറപറാ എന്ന് ഷൂട്ട് ചെയ്ത ഗീത പ്രഭാകർ തോക്ക് വലിച്ചെറിഞ്ഞു തിരിച്ചു നടക്കുന്നു. വിനയചന്ദ്രൻ സാർ വന്ന് ജോർജ്കുട്ടിയെ കെട്ടിപ്പിടിക്കുന്നു.
വര്ഷങ്ങള്ക്കു ശേഷം – അമേരിക്കയിൽ ടൂർ നു പോകുന്ന ജോർജ് കുട്ടിയേയും കുടുംബത്തെയും ഗീത പ്രഭാകർ അവിചാരിതമായി കാണുന്നു. കാമറ സൂം ചെയ്തു ഗീതയുടെ കണ്ണുകളിലേക്ക്.. ശുഭം

 1. K മധു – S N സ്വാമി
  കാലങ്ങൾ കടന്നുപോകെ തൻ്റെ മകന്റെ ഓർമ്മകളാൽ പ്രഭാകർ തകരുന്നു. തൻ്റെ മകനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സാധിക്കാത്തതിലും അതിനു ശ്രമിച്ച തൻ്റെ ഭാര്യ ഗീത പ്രഭാകറിനെ പിന്തിരിക്കാൻ ശ്രമിച്ചതിലും പ്രഭാകറിന് മനസ്സിൽ കുറ്റബോധം വരുന്നു. പക അത് വീട്ടാനുള്ളതാണ് എന്ന് മനസ്സിലുറപ്പിച്ചു പ്രഭാകർ തിരികെ ഇടുക്കി രാജാക്കാട് എത്തുന്നു.
  ഒരു ദിവസം ജോർജ്കുട്ടിയെയും കുടുംബത്തെയും ഇരുളിൻ്റെ മറവിൽ പ്രഭാകർ ആക്രമിക്കുന്നു. ആക്രമണത്തിൽ അഞ്ജുവിനും അനുമോള്ക്കും സാരമായി പരുക്കേൽക്കുന്നു. ഒരു അരണ്ടനിലാവെട്ടത്തിൽ തന്നെ ആക്രമിച്ചത് പ്രഭാകർ ആണെന്ന് ജോർജ്കുട്ടി മനസിലാക്കുന്നു. തൻ്റെ മക്കളെ ഉപദ്രവിച്ച പ്രഭാകറിനെ വകവരുത്താൻ ജോർജ്കുട്ടി തീരുമാനിക്കുന്നു. ജോർജുകുട്ടിയുടെ അടുത്തുള്ള വീട്ടിൽ ഒളിച്ചു താമസിച്ച പ്രഭാകർ പണ്ട് സരിതയും സാബുവും വച്ചിട്ട് പോയ മൈക്കും ബാക്കി കിടുത്തുമ്മാണ്ടികളിൽ നിന്നും ഈ വിവരം അറിയുന്നു.

പ്രഭാകർ തോമസ് ബാസ്റ്റിൻ IPS നെ ബന്ധപ്പെടുകയും തനിക്കു ജീവന് ഭീഷണി ഉണ്ട് എന്ന് പറയുകയും ചെയ്യുന്നു. എത്രയും പെട്ടന്ന് തനിക്കു തിരിച്ചു അമേരിക്കയിൽ പോകണമെന്നും പോകുന്നതു വരെ പോലീസ് പ്രൊട്ടക്ഷൻ തരണമെന്ന് പറയുകയും ചെയ്യുന്നു. അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് പ്രഭാകറിനെ വകവരുത്തണം എന്ന് ജോർജ്കുട്ടി ഉറപ്പിക്കുന്നു.

തിരികെ അമേരിക്കയിലേക്ക് പോകാനായി കനത്ത പോലീസ് ബന്ധവസ്സിൽ പ്രഭാകർ ഓഗസ്റ്റ് 2 ആം തിയതി എയർപോർട്ടിൽ എത്തുന്നു. പ്രഭാകറിനെ ഈ പോലീസ് കാവലിൽ നേരിട്ട് കൊല്ലാൻ സാധ്യമാകില്ല എന്ന് മനസ്സിലാക്കിയ ജോർജ്കുട്ടി വേഷം മാറാൻ ആയി എയർപോർട്ടിലെ പൈലറ്റ് വരാൻ സാധ്യതയുള്ള മൂത്രപ്പുരയിൽ കയറി ഒളിച്ചിരിക്കുന്നു. മൂത്രം ഒഴിക്കാൻ വന്ന പൈലറ്റിനെ ക്ലോറോഫോം വച്ച് മയക്കി ജോർജ്കുട്ടി ആ പൈലറ്റിന്റെ യൂണിഫോം അണിയുന്നു. പൈലറ്റ് വേഷം ധരിച്ച പ്രഭാകർ ജോർജുകുട്ടിയുടെ അടുത്തേക്ക് നടക്കുന്നു.

ജോർജ്കുട്ടിയെ പൈലറ്റിന്റെ വേഷത്തിൽ കണ്ട പ്രഭാകർ ഓടി എയർപോർട്ടിന്റെ മേൽക്കൂരയിൽ കയറുന്നു. പിന്തുടർന്ന് ഓടിയ ജോർജ്കുട്ടി പെട്ടന്ന് എയർപോർട്ടിന്റെ വാട്ടർ ടാങ്കിന്റെ പുറകിലൂടെ പ്രഭാകറിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ജോർജ്കുട്ടിയെ കണ്ടപാടെ പ്രഭാകർ ഓട്ടം നിർത്തുന്നു. തൻ്റെ മക്കളെ ആക്രമിച്ച പ്രഭാകറിനെ ജോർജ്കുട്ടി ഷൂട്ട് ചെയ്തു കൊല്ലുന്നു. പ്രഭാകറിൻറെ പുറകെ ഓടി വരുന്ന തോമസ് ബാസ്റ്റിനും പോലീസും പ്രഭാകറിൻറെ ഡെഡ്ബോഡി കാണുന്നു. ജോർജ്കുട്ടി രക്ഷപ്പെടുന്നു.
ക്ലൈമാക്സ് – എയർപോർട്ടിന്റെ മുകളിൽ വച്ച് കൊല്ലും എന്ന് നേരത്തെ മനസ്സിലാക്കിയ ജോർജ്കുട്ടി നേരത്തെ തന്നെ അവിടുത്തെ സെക്യൂരിറ്റിയുടെ സൗഹൃദം സ്ഥാപിക്കുകയും മേക്കൂരയിൽ നിന്ന് ആരും കാണാതെ പുറത്തു കടക്കാനുള്ള വഴി കണ്ടു വെയ്ക്കുകയും ചെയ്തിരുന്നു. തൻ്റെ വീട്ടിൽ അന്വേഷണത്തിന് എത്തുന്ന പോലീസിന് ജോർജ്കുട്ടി ഓഗസ്റ്റ് 2 ആം തിയതി തൊടുപുഴയിൽ ധ്യാനത്തിന് പോയ കാര്യം പറയുകയും ബസ് ടിക്കറ്റ്, ഹോട്ടൽ ബിൽ, സിനിമ ടിക്കറ്റ് മുതലായ തെളിവുകൾ കൊടുക്കയും ചെയ്യുന്നു. ഓഗസ്റ്റ് രണ്ടാം തിയതി അയാളെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ പോലീസ് ജാള്യതയോടെ തിരികെ പോകുന്നു. ശുഭം

 1. പ്രിയദർശൻ
  സന്തോഷത്തോടെ ജീവിക്കുന്ന ജോർജ്കുട്ടിയും കുടുംബവും. വീട്ടിൽ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും. ആദ്യത്തെ പത്തുമിനിട്ടിനുള്ളിൽ ഇടുക്കിയിലെ മലമുകളിൽ കുടം തലയിൽ വച്ച ക്ഷീരകർഷകരുടെ പാട്ടും ഡാൻസും ഫ്രെയിം അമേരിക്കയിലേക്ക്. അംബരചുംബികളായ കെട്ടിടങ്ങൾ കാണിച്ചു ഇംഗ്ലീഷ് മലയാളം മിക്സ് ചെയ്ത അടുത്ത പാട്ട്. പാട്ട് തീരുന്നതോടു കൂടി ക്യാമറയിൽ അമേരിക്കയിൽ താമസമാക്കിയ ഗീതയും പ്രഭാകറും. തൻ്റെ മകന്റെ കൊലപാതകിയും കുടുംബവും നാട്ടിൽ സന്തോഷത്തോടെ നടക്കുന്നു എന്ന് അവർ മനസ്സിലാക്കുന്നു. ഇത് അവർക്കു താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. ജോർജ്കുട്ടിയെയും കുടുംബത്തെയും എങ്ങനെ എങ്കിലും വക വരുത്തണം എന്ന് തീരുമാനിച്ചു പ്രഭാകറും ഗീതയും നാട്ടിൽ എത്തുന്നു. കൊച്ചി എയർപോർട്ടിന്റെ അകത്തളങ്ങളിൽ പൈലറ്റുമാരും ക്യാബിൻ ക്രൂ കളും ചേർന്ന് ഒരു പാട്ട് .

നാട്ടിലെത്തിയ ഗീതയും പ്രഭാകറും ഇടുക്കിയിൽ താമസിക്കുന്നു. വരുണിന്റെ കേസ് അന്വേഷിക്കാൻ തങ്ങളെ സഹായിച്ച സരിതയെയും സാബുവിനെയും തങ്ങളുടെ ഒരു സഹായത്തിനു കൂടെ താമസിക്കാൻ വിളിക്കുന്നു. അമേരിക്കയിലെ സംസ്കാരത്തിൽ ജീവിച്ചിരുന്ന ഗീതക്ക് സൂംബയും ജിമ്മും ഇംഗ്ലീഷ് പാട്ടും ഒക്കെ ഒഴിവാക്കാൻ പറ്റുന്നില്ല. ഉറക്കെ പാട്ട് വയ്ക്കുകയും ജിം ചെയ്യുകയും ഒക്കെ ചെയ്യുന്ന ഗീതയുമായി പ്രഭാകർ വഴക്കിടാൻ തുടങ്ങുന്നു. തൻ്റെ ശരീരം നോക്കാതെ ഇടുക്കിയിൽ ഒരു നാടൻ മനുഷ്യനെ പോലെ നടക്കുന്ന പ്രഭാകറിനെ ഗീതക്കും അംഗീകരിക്കാൻ ആകുന്നില്ല. ഒരു മകളെ പോലെ സരിത പ്രഭാകറിനെ ശുശ്രുഷിക്കുകയും ഒരു സഹോദരനെ പോലെ സാബു ഗീതയുടെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്നു. ഇത് അവർക്കിടയിൽ അങ്ങോടും ഇങ്ങോടും സംശയം ജനിപ്പിക്കുന്നു. സിനിമയുടെ 90 ശതമാനത്തോളും ഈ വഴക്കുകളും സംശയങ്ങളും ആയി മുൻപോട്ടു പോകുന്നു.

സിനിമയുടെ അവസാനത്തോട് അടുക്കുന്നു. ഒരു ദിവസം പ്രഭാകർ ഗീതയോടു നമ്മൾ ഇവിടെ വരുണിന്റെ കൊലപാതകി ജോർജ്കുട്ടിയെ വകവരുത്താൻ വന്നതാണെന്ന് ഓർമ്മിപ്പിക്കുന്നു. പിറ്റേന്ന് തന്നെ പ്രഭാകർ ഇടുക്കിയിലെ അറിയപ്പെടുന്ന ഗുണ്ടാ അടിമാലി ആന്റണിയെ സമീപിക്കുന്നു. ഇതറിഞ്ഞ ജോർജ്കുട്ടി ഇടുക്കിയിലെ അറിയപ്പെടുന്ന വേറൊരു ഗുണ്ടാ രാജാക്കാട് രാജപ്പനെ സമീപിച്ചു പ്രഭാകറിനെ വകവരുത്താൻ ഏർപ്പാട് ചെയ്യുന്നു.

ഞായറാഴ്ച പള്ളിയിൽ പോകാൻ ഇറങ്ങിയ ജോർജ് കുട്ടിയേയും കുടുംബത്തെയും പ്രഭാകറും ഗീതയും അടിമാലി ആന്റണിയും പിന്തുടരുന്നു. ഇത് മനസ്സിലാക്കിയ ജോർജ് കുട്ടി തൻ്റെ കാർ പള്ളിയിലെ റൂട്ട് മാറ്റി എറണാകുളം ചിൽഡ്രൻസ് പാർക്കിലേക്ക് പോകുന്നു. ജോർജ്കുട്ടി ഫോൺ ചെയ്തു രാജാക്കാട് രാജപ്പനെയും, തൻ്റെ അളിയൻ രാജേഷിനെയും, കേബിൾ tv ഓഫീസിലെ പയ്യനോടും തീയേറ്ററിലെ ആൾക്കാരോടും എത്രയും പെട്ടന്ന് ചിൽഡ്രൻസ് പാർക്കിൽ ഏതാണ് പറയുന്നു. കുറെ കാറുകളും വണ്ടികളും പോകുന്നത് കണ്ട നാട്ടുകാർ ഓട്ടോറിക്ഷയിലും സൈക്കിളിലും ഒക്കെ ആയി അവരെ എല്ലാവരെയും പിന്തുടരുന്നു.

എല്ലാവരും കൂടി എറണാകുളത്തെ ചിൽഡ്രൻസ് പാർക്കിൽ എത്തുന്നു. എല്ലാവരും അങ്ങോടും ഇങ്ങോടും അടിക്കുന്നു. ഗുണ്ടകൾ സീസോയുടെ മുകളിൽ ഇരുന്നും ഇടിക്കുന്നു. പ്രഭാകറും ജോർജ്കുട്ടിയും ഊഞ്ഞാലിൽ ഇരുന്നു ഇടിക്കുന്നു. ഒരു 10 മിനിറ്റു ഇടയ്ക്കു ശേഷം ജോർജ് കുട്ടിയും കുടുംബവും ഗീതയേയും പ്രഭാകറിനെയും പാർക്കിന്റെ ഒരു മൂലയ്ക്ക് കാണുന്നു. ജോർജുകുട്ടിയുടെ മൂക്കിൽ ഇടി കൊണ്ട് ചുമന്നു കിടക്കുന്നതു കണ്ട ഗീതയും പ്രഭാകറും മുഖത്തോടു മുഖം നോക്കി ചിരിക്കുന്നു. അത് കണ്ടു റാണിയും അഞ്ജുവും അനുമോളും ജോർജുകുട്ടിയുടെ മുഖത്ത് നോക്കുകയും ചിരിക്കുകയും ചെയ്യുന്നു. ജോർജ്കുട്ടി ഇളഭ്യനാകുന്നു.

ഞങ്ങൾക്ക് പോയത് തിരിച്ചു കിട്ടില്ല പക്ഷെ തന്നെ ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് സമാധാനം കിട്ടില്ല എന്ന് പ്രഭാകർ ജോർജ്കുട്ടിയോടു പറയുന്നു. എല്ലാവരും അങ്ങോടും ഇങ്ങോടും കെട്ടിപ്പിടിക്കുന്നു. പാർക്കിൽ വളയും മാലയും വിൽക്കാൻ വന്ന തമിഴ് കുട്ടി ഒരു പാട്ട് പാടുന്നു. ഗുണ്ടകളും ബാക്കി ഉള്ളവരും അതിനൊരു ഡാൻസ് കളിക്കുകയും ഗീതയും, പ്രഭാകറും, ജോർജ്കുട്ടിയും, റാണിയും, മക്കളും കൈ പിടിച്ചു ചിരിച്ചു പാർക്കിന്റെ പുറത്തേക്കു വരുന്നു. ശുഭം.