എഴുതിയത് : രാജേന്ദ്രന്‍ എടത്തുംകര

” ഭയങ്കരമായി ഇഷ്ടപ്പെട്ടു.” എന്നു പറയാമോ? ഭയങ്കരം എന്നാൽ ഭയമുണ്ടാക്കുന്നത് എന്നല്ലേ അർത്ഥം?
അതെ .ഭയങ്കരം എന്ന പദത്തിന്റെ അർത്ഥം ഭയം + കരം എന്നാണ്.

പക്ഷേ, ഭാഷയിൽ ഒരു വാക്കിന്റെ അർത്ഥം മാറിക്കൊണ്ടേയിരിക്കും.
ഉദാ: കഴുവേറി. കഴുവിലേറിയവനെ /ളെയല്ല നിങ്ങൾക്ക് ഇഷ്ടമില്ലാത്തവനെ /ളെ വിളിക്കാനാണ് ആ പദം ഉപയോഗിക്കുന്നത്. കഴുവിലേറിയ എല്ലാവരും കഴുവേറികളുമല്ല. കർത്താവ് ഒരു കഴുവേറിയല്ല. അതായത് വാക്കിന്റെ അർത്ഥം തീരുമാനിക്കുന്നത് അതത് സമൂഹമാണ്.( മുദ്ര ശ്രദ്ധിക്കണം: സമൂഹം എന്നാണ് ) കഴുവേറിയ്ക്ക് അർത്ഥം കുറഞ്ഞുപോയി. kwallagon = ഉപദ്രവിക്കുക. അതിൽ നിന്നും Kill പുറത്തുവന്നപ്പോൾ അർത്ഥം കൂടിപ്പോയി.

മുടി എന്നാൽ കിരീടം എന്നേ അർത്ഥമുള്ളൂ എന്ന് പണ്ഡിതൻ വാശി പിടിച്ചാൽ (ചിരിക്കണ്ട: ഒരു കാലത്ത് അതേ അർത്ഥമുണ്ടായിരുന്നുള്ളൂ) പണ്ഡിതന്റെ പുറത്ത് നാം ഡിണ്ഡിമടിക്കുകയേ രക്ഷയുള്ളൂ.

ഇതേ പോലൊരു മാറ്റമാണ് ഭയങ്കരത്തിനും സംഭവിച്ചത്.degeneration of meaning അർത്ഥാപചയം എന്നു ഭാഷാശാസ്ത്രത്തിൽ പറയും. അല്ലെങ്കിൽ pejoration എന്നു ഇംഗ്ലീഷിൽ പറഞ്ഞോളൂ.

ചട്ടമ്പി = നായകൻ എന്നായിരുന്നു ഒരു കാലത്ത് അർത്ഥം. ഇന്നോ? ” ഇതാ ചട്ടമ്പിത്തരവുമായി ഇതുവഴി കടന്നു വരുന്നു” എന്ന് ശത്രുവായ നേതാവിനെക്കുറിച്ചുപോലും നാം പറയില്ല. ചട്ടമ്പി ഇന്ന് roudy ആണ്. അർത്ഥം നേരെ തിരിഞ്ഞു പോയി.

ചക്കാത്ത് = ധർമം. ഇന്നോ? ഒരു പണിയുമെടുക്കാതെ മറ്റുള്ളവരുടെ അധ്വാനഫലം പിടുങ്ങുക എന്നായി. മാടം = മാളിക എന്നായിരുന്നു അർത്ഥം. ഇന്നോ? വാട ഒരു കാലത്ത് സുഗന്ധമായിരുന്നു. വടക്കൻ കാറ്റിനു പറഞ്ഞ പേരാണത്‌. ഇന്നോ?

അതായത് ഉത്തമാ, ഭയങ്കരം മാത്രമല്ല ഇക്കാര്യത്തിൽ കുറ്റവാളി.
word എന്ന ഇംഗ്ലീഷ് വാക്കിന്റെ പഴയ അർത്ഥം degenerated meaning കൊള്ളരുതാത്ത അർത്ഥം എന്നായിരുന്നു. ഇന്ന് നേരെത്തിരിഞ്ഞു.
godsib പ്രാർത്ഥനയായിരുന്നു.കാലക്രമത്തിൽ gossip ആയപ്പോൾ അർത്ഥം എന്തെങ്കിലും ഏതെങ്കിലും പറയുക എന്നായി.

എല്ലാ ഭാഷയിലും ഇപ്പണിയുണ്ട് എന്നർത്ഥം.
അതിനാൽ ഭയങ്കരം degeneration സംഭവിച്ച് ഗംഭീരമായ, നല്ല എന്നൊക്കെയായിത്തീർന്നു.
ഇങ്ങനെയൊക്കെയാണ് ഭായ് ഭാഷ വളരുന്നത്!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.