ഇംഗ്ലണ്ടിൽ നിന്നും ഒരു പിറന്നാൾ യാചന

0
110

Rajendra Panicker NG

ഇംഗ്ലണ്ടിൽ നിന്നും ഒരു പിറന്നാൾ യാചന

നിറമിഴികളോടെ, നിരന്തരം യോദ്ധാക്കളെപ്പോലെ, മുൻനിരയിൽ നിന്നും കൊറോണക്ക് കീഴ്പ്പെട്ട് ഒരു ജീവൻപോലും പൊലിഞ്ഞുപോകരുതേ എന്ന് കരുതി അസുഖബാധിതരെ രക്ഷപെടുത്തടുവാൻ സ്വജീവൻപോലും പണയപ്പെടുത്തി രാപ്പകൽ അശ്രാന്ത പരിശ്രമം ചെയ്ത് കർമ്മ നിരതരായിരിക്കുകയാണ് ലോകത്തിലെ ആരോഗ്യമേഖലയിലേയും അനുബന്ധ മേഖലയിലേയും സകലമാന ആളുകളും. ജീവന്മരണ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടേയും അർപ്പണമനോഭാവത്തോടുകൂടിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേയും ഉപദേശങ്ങളും നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ഒന്നും ചെവിക്കൊള്ളാതെ നെഗളിച്ചു നടക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ അല്പന്മാരായ പ്രബുദ്ധത മേനിനടിച്ച്, മതിയായ കാരണങ്ങളൊന്നുമില്ലാതെ വിലസിനടക്കുന്ന, “എന്നെ ഇതൊന്നും ബാധിക്കില്ല”എന്നുകരുതിപെരുമാറുന്ന, വിഡ്ഢിക്കുശ്മാണ്ടങ്ങളോട് വീണ്ടും ആവർത്തിച്ച് യാചിക്കുകയാണ്! അമ്മയ്ക്ക് “പ്രസവവേദന; മകൾക്ക് വീണവായന” എന്ന സമീപനത്തിലേക്ക് പോകാതെ, ദയവുണ്ടായി, എല്ലാവരും സാമൂഹിക അകലം പാലിക്കൂ… നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിശ്ചിത കാലയളവിലെങ്കിലും അവരവരുടെ താമസ സ്ഥലത്ത് സുരക്ഷിതരായി കഴിഞ്ഞുകൂടൂ.

നിങ്ങളുടെ കണ്മുൻപിൽവെച്ച് തെരുവിൽ പച്ചമനുഷ്യർ കൂട്ടംകൂട്ടമായി മരിച്ചുവീഴുന്നതു കാണുവാനിടവരരുതെന്നു ആഗ്രഹിക്കുന്നുവെങ്കിൽ, കൊറോണയെ അതിജീവിക്കുവാൻ സർക്കാർ സംവിധാനങ്ങൾ ആഹ്വാനം ചെയ്യുന്ന ഓരോ കാര്യവും എന്തുതന്നെയായിരുന്നാലും അക്ഷരംപ്രതി അനുസരിച്ച് സ്വന്തം ജീവനും അപരന്റ ജീവനും രക്ഷിച്ചെടുക്കുവാൻ അവരവരുടെ വീടുകളിൽതന്നെ ഇരുന്ന് പ്രതിരോധം സൃഷ്ടിക്കൂ! കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പ്രായഭേദമെന്യേ പരക്കെ പടർന്നു പിടിച്ചേക്കാവുന്ന ഈ മഹാമരിയാൽ ഉണ്ടാകാവുന്ന ഒരു മഹാദുരന്തത്തിന് അറുതിവരുത്തുവാൻ പ്രധാനമായ ഈ ഒരേ ഒരു മാർഗ്ഗമേയുള്ളൂ എന്ന് തിരിച്ചറിയുക!

കൊറോണയുടെ കാരണകാരിയായ വോവിഡ് 19 വൈറസിനാൽ പകർച്ച വ്യാധിയാകുന്ന രോഗത്തിന്റെ വാഹകരാകുന്ന നമ്മൾ ഓരോ മനുഷ്യരും സാമൂഹിക അകലംപാലിച്ച് ഈ മഹാമാരിയുടെ കണ്ണിപൊട്ടിക്കുക. അഥവാ ഏതെങ്കിലും വിധേന അണുബാധ ഉണ്ടാകാതിരിക്കുവാനായി കൈകൾ സോപ്പിട്ട് യാഥാവിധി എപ്പോഴും കഴുകിവൃത്തിയാക്കി വെക്കുക. ഇറ്റലി നമ്മളുടെ കണ്മുമ്പിലുണ്ട്! രോഗബാധിതരെ പരിചരിക്കുവാൻ ആരോഗ്യപ്രവർത്തകർ മതിയാവാതെ വരുന്നതുകൊണ്ടും രോഗചികിത്സക്ക് ഫലപ്രദമായ മരുന്നുകൾ നാളിതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ടും മരണത്തോട് മല്ലിടുന്ന പച്ചയായ മനുഷ്യരെ മരിക്കുവാൻ വിട്ടുകൊടുത്ത് ഉറ്റവരേയും ഉടയവരേയും എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുന്ന പരിതാപകരമായ അവസ്ഥയിലേക്കാണ് ഈ നിമിഷങ്ങളിലൂടെ ഇറ്റലി കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നൂറുകണക്കിനാളുകൾ, ഒരാളുപോലും അടുത്തില്ലാതെ അനാഥരായി മരിച്ചുവീണുകൊണ്ടിരിക്കുമ്പൾ നിസ്സഹായരായി മാത്രമേ മറ്റുള്ളവർക്ക് നോക്കിനിൽക്കുവാനാകുന്നുള്ളൂ .

സർക്കാരിന്റെയും ആരോഗൃപ്രവർത്തകരുടെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും കാറ്റിൽപ്പറത്തി മനുഷ്യാവകാശത്തിന്റെ പേരും ചാർത്തി യധേഷ്ടം വിരാജിച്ചതിന്റെ തിക്താനുഭമാണ് അവർ ഇന്നനുഭവിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം ഇന്ത്യയെപ്പോലെ വികസ്വരമായ ഒരു രാജ്യത്ത് വന്നുപിണഞ്ഞാൽ ഇറ്റലിയിൽ സംഭവിക്കുന്നതിലും പരിതാപകരമായി നമ്മുടെ ഓരോ തെരുവികളിലും നമ്മളുടെയൊക്കെ ഇഷ്ടജനങ്ങൾ മരിച്ചു വീണെന്നുവന്നേക്കാം! ആയതുകൊണ്ട് ദയവായി ഈ കണ്ണി പൊട്ടിച്ചെടുത്ത് ഈ മഹാമാരിയെ തുരത്തിയോടിക്കുവാനുള്ള ഒരേയൊരു പ്രധാന മാർഗ്ഗമായ സാമൂഹിക അകലം പാലിക്കുവാനും എല്ലാവരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അവരവരുടെ വസതിയിൽ കഴിഞ്ഞുകൂടുവാനും യാചിക്കുന്നു.

അത്യാവശ്യകാര്യങ്ങൾക്ക്പുറത്തു പോകേണ്ടിവരുമ്പോൾ ആളുകളുമായി കുറഞ്ഞത് രണ്ട് മീറ്റർ അകലം എങ്കിലും പാലിക്കുക. രണ്ടാമത് ഒരവസരം നൽകാത്ത, ഒരു റിഹേർസൽ അല്ല ഇതെന്ന് എല്ലാവരെയും തിരിച്ചറിയുക.137 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 360ദശലക്ഷം പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത ”അത്താഴപ്പഷ്ണിക്കാരുണ്ടോ ” എന്ന ചോദ്യം കൂടി ചോദിക്കാൻ നമ്മൾ എല്ലാവരും ബാധ്യസ്ഥരാണെന്നതു കൂടെ സ്മരിക്കണമെന്നു ഓർമ്മിപ്പിച്ചുകൊണ്ട് നമ്മളിൽ ഒരാളുപോലും ഈ മഹാമാരിയുടെ കണ്ണിയാവാതിരിക്കുവാൻഎന്റെ ജന്മദിനത്തിൽ എല്ലാവരോടുമായി യാചിച്ചുകൊള്ളുന്നു. ഇനി വരും ദിവസങ്ങളിൽ ആരെന്നുമെന്തെന്നും ആർക്കറിയാം! എല്ലാവരോടും നന്ദി; എല്ലാവരോടും സ്നേഹം