RAJESH
ഉയരെയിലെ ഗോവിന്ദായിരുന്നു ഒരിക്കൽ താനും എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഒരു യുവാവിന്റെ കുറിപ്പ് വായിച്ചു. . ആ സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ ഇതെനിക്കും പലവട്ടം പറയാൻ തോന്നിയതാണ്. ഒരു പെണ്ണ് പ്രണയിക്കാനോ ലൈംഗിക പങ്കാളിയായോ ജീവിതത്തിലേക്ക് വന്നു കയറുന്നതുമുതൽ മിക്ക ആണുങ്ങളിലും ഒരു ഗോവിന്ദ് ബാലകൃഷ്ണൻ ജനിക്കുന്നു. സ്ത്രീകളോടുള്ള സമീപനത്തിൽ മതങ്ങളോ അനുയായികളോ ഈ ഗോവിന്ദ് ബാലകൃഷ്ണൻമാരേക്കാൾ എത്രയോ ഭേദമെന്നു നമുക്ക് തോന്നിപ്പോകും. പിന്നെ അവൾ എവിടെ പോകണം പോകരുത് ഏതുവസ്ത്രം അണിയണം അണിയരുത് ആരുടെകൂടെയൊക്കെ മിണ്ടണം മിണ്ടരുത്…ഇങ്ങനെ ശാസനകളുടെ ഒരു സഞ്ചയം മനസിന്റെ താളുകളിൽ എഴുതി പ്രമാണങ്ങളാക്കുന്നു. ഈ സ്വാർത്ഥതയുടെ പിന്നിലെ കാരണങ്ങൾ പലതാണ്. തന്നെമാത്രം സ്നേഹിക്കണം തന്നോടുമാത്രം മിണ്ടണം ഇവയൊക്കെ തീവ്രമായ സ്നേഹം കാരണമെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന ഗോവിന്ദുമാരിലെ പ്രണയത്തെയും സ്നേഹത്തേയും തോൽപ്പിച്ചുകൊണ്ടു അവർ പോലും അറിയാതെ സ്വാർത്ഥതയും സംശയവും എപ്പോഴൊക്കെയോ അധികാരം ഉറപ്പിക്കുന്നു. പെണ്ണൊരു വസ്തുവാണ് എന്ന നിലയിലേക്കാകും പിന്നെ കാര്യങ്ങളുടെ പോക്ക്. തന്റെ പോക്കറ്റിൽ മാത്രം വയ്‌ക്കേണ്ടവൾ.
ഈ പറയുന്ന എന്നിലും ഇതിന്റെയൊക്കെ അസ്കിതകൾ പണ്ടുണ്ടായിരുന്നു. പ്രണയിക്കുന്നവളെ ഫോണിൽ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ ടെൻഷൻ, അവൾ ജോലി കഴിഞ്ഞു താമസസ്ഥലത്തു എതാൻ വൈകിയാൽ ടെൻഷൻ… എന്നെ സംബന്ധിച്ച് ഇതൊക്കെ സംശയമെന്നു പറയാൻ സാധിക്കില്ല, ചെറുപ്പം മുതലുള്ള ദുരന്തചിന്തകൾ കാരണം ഉള്ള പേടിയായിരുന്നു. പക്ഷെ അത്തരം പേടികളിലൂടെയും സ്ത്രീകൾക്ക് നമ്മൾ കൊടുക്കുന്നത് അസ്സൽ ഗോവിന്ദുമാരെ തന്നെയാണ്. പേടി കൊണ്ട് നമ്മിൽ ദേഷ്യമുണ്ടാകുന്നു ആ ദേഷ്യം അവളോട് സംസാരിക്കുമ്പോൾ പൊട്ടിത്തെറിക്കുന്നു. സ്നേഹം കൊണ്ടായാലും പേടികൊണ്ടയാലും സംശയം കൊണ്ടായാലും അവളുടെ സ്വതന്ത്രമായ ലോകത്തെ വിലക്കുന്നത് എന്തൊരു കഷ്ടമാണ്. സ്വന്തന്ത്ര്യം ഔദാര്യമല്ല അത് ആരും ആർക്കും നൽകേണ്ടതുമല്ല അത് ഏതൊരു മനുഷ്യന്റെയും അവകാശമാണ്. തിയേറ്ററിൽ ആ സിനിമ കാണുന്ന 90% പുരുഷന്മാർക്കും ഗോവിന്ദ് എന്ന കഥാപാത്രത്തെ അപരിചിതനായി തോന്നില്ല. അവർ തന്നെയാണ് അഭിനയിക്കുന്നതിന് തോന്നും. അങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചതിന് ആസിഫ് അലി പ്രശംസയർഹിക്കുന്നു.
എന്നാൽ ഈ ‘ഗോവിന്ദ് ബാലകൃഷ്ണൻ’ പ്രതിഭാസം പുരുഷന്മാരുടെ കുത്തകയെന്നു പറയാനും ആകില്ല. പ്രണയത്തിൽ സ്വാർത്ഥത വഹിക്കുന്ന ആരിലും അത് കടന്നുവരും എന്നതിന്റെ തെളിവാണ് ‘അനുരാഗക്കരിക്കിൻ വെള്ള’ത്തിൽ രജീഷ അഭിനയിച്ച എലിസബത്ത് എന്ന കഥാപാത്രം. ഉയരെയിലെ പോലെ അനുരാഗക്കരിക്കിന് വെള്ളത്തിലും കാമുകവേഷം (അഭിലാഷ് )ചെയ്തത് ആസിഫ് അലിയായിരുന്നു എന്നത് രസകരം. രജിഷയുടെ ആ കഥാപാത്രത്തിന് അക്കൊല്ലത്തെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഉയരെയിലെ ഗോവിന്ദ് സ്വാർത്ഥതയിൽ ദേഷ്യവും പിടിവാശികളും കലർത്തിയാണ് മുന്നോട്ടുപോയതെങ്കിൽ എലിസബത്ത് കുറെയൊക്കെ പാവമായിരുന്നു. ജീവിതപ്രശ്നങ്ങൾ കൊണ്ട് അസ്വസ്ഥമായി കഴിയുന്ന അഭിലാഷിന് എപ്പോഴും ഫോൺ ചെയ്തു പരിഭവങ്ങൾ അവതരിപ്പിക്കുന്ന എലിസബത്ത് ഒരു ശല്യമാകുന്നു.
ഉയരെയിൽ പല്ലവിയോട് ഗോവിന്ദ് പറയുന്നതിന് സമാനമായ ഡിമാന്റുകൾ എലിസബത്തിനു അഭിലാഷിനോടും ഉണ്ട്. ഉയരെയിലെ പല്ലവിയെയും ഗോവിന്ദിനെയും പോലെ അനുരാഗക്കരിക്കിൻ വെള്ളത്തിലെ എലിസബത്തിനും അഭിലാഷിനും സ്ക്കൂൾ-കലാലയ കാലത്തെ വര്ണാഭമായൊരു പ്രണയത്തിന്റെ കഥപറയാനുണ്ട്. അതിനു ശേഷമാണ് സ്വാർത്ഥതയുടെ ആക്രമണം ഉണ്ടാകുന്നതു. ഗോവിന്ദുമാരും എലിസബത്തുമാരും നമുക്ക് ചുറ്റിനും ഉണ്ട്. ഒരേയൊരു വ്യത്യാസം… എലിസബത്തുമാർ എല്ലാ പരിഭവങ്ങൾക്കും ഒടുവിൽ അവഗണയുടെ ഭാരവും പേറി അകന്നുപോകുന്നു. നനവുള്ള ഓർമയായി അവൾ ഒരിക്കൽ പൂർവ്വകാമുകന്റെ മനസിലേക്ക് കടന്നുവരുന്നു . അപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. എന്നാൽ ഗോവിന്ദുമാർ അങ്ങനെയല്ല, ആണധികാരത്തിന്റെ ഗർവ്വുമായി ആസിഡ് കുപ്പിയുമായി വെറിപിടിച്ചു നടക്കുന്നു. പെണ്ണും ആണും തമ്മിലുള്ള ആ വ്യത്യാസം വളരെ വലുതുതന്നെയാണെങ്കിലും പൊതുവിൽ ഗോവിന്ദും എലിസബത്തും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ. പല്ലവിയും അഭിലാഷും എലിസബത്തും ഗോവിന്ദും നല്ല ജോഡികൾ ആയിരിക്കും. സ്വാതന്ത്ര്യത്തിന്റെ ആകാശത്തു ചിറകുവീശി പറക്കാൻ പരസ്പരം വിലക്കുകൾ കൽപ്പിക്കാത്തവരും എപ്പോഴും പരിഭവങ്ങൾ കൊണ്ട് പരസ്പരം കെയർ ചെയ്തു ജീവിക്കുന്നവരും. അല്ലാതെ വിരുദ്ധമായ ശീലങ്ങൾ ഉള്ളവർ പരസ്പരം അസ്വസ്ഥതകളും ദുഖങ്ങളും മാത്രമേ സമ്മാനിക്കൂ.