രാഗേഷ് അഥീന
വ്യക്തിഗത അഭിലാഷങ്ങളാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന രണ്ട് ഫൈൻ ആർട്സ് വിദ്യാർത്ഥികളെക്കുറിച്ചാണ് 2013 ൽ മലയാളത്തിൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രം പറയുന്നത്. അവരുടെ ബന്ധത്തിന്റെ ദിശയും കലാകാരന്മാരെന്ന നിലയിലുള്ള അവരുടെ പുരോഗതിയും സിനിമ കൈകാര്യം ചെയ്യുന്നു. അടിസ്ഥാനപരമായി ഈ സിനിമ മൈക്കിൾ എന്ന ഒരു പെയിൻ്ററുടെ കഥയാണ്. ഗായത്രി എന്ന ഫൈൻ ആർട്സ് വിദ്യാർത്ഥിനിയുടെ കൂടി കഥ. മൈക്കിളിന് ഗായത്രിയോടുള്ള അഭിനിവേശം അവൻ്റെ ജീവനായ പെയിന്‍റിംഗിനോടുള്ളത്രയുമില്ല . പരസ്പരമുള്ള പ്രണയം അവരെ കോളേജ് ജീവിതം ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കുന്നതിലേക്കെത്തിക്കുന്നു.
ഫഹദ് ഫാസിൽ അവതരിപ്പിച്ച മൈക്കിൾ പറയുന്നത് പോലെ ഗുണമേന്മയുള്ള കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കുക എന്ന ഒരു പൊതു പ്രതീക്ഷയിലാണ് അവർ ഒന്നിക്കുന്നത്. പക്ഷെ അതിജീവനത്തിന്റെ പ്രയാസങ്ങൾ വേട്ടയാടുന്നതിനാൽ അവർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ അസ്വസ്ഥതകൾ ഉയർന്നു വരുന്നു. അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും ഉയർന്നു വരുന്നു. ഒപ്പം പിരിമുറുക്കങ്ങളും പ്രധാന അഭിനേതാക്കളായ ഫഹദ് ഫാസിൽ , ആൻ അഗസ്റ്റിൻ എന്നിവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ ആർട്ടിസ്റ്റ് എന്ന സിനിമയെ വളരെ മികവുറ്റതാക്കുന്നു. വളരെ ആത്മവിശ്വാസമുള്ള ഒരു ആർട്ടിസ്റ്റിൻ്റെ അഭിലാഷങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഫഹദ് എന്ന നടൻ നമ്മെ അൽഭുതപ്പെടുത്തുന്നുണ്ട്. അന്ധനായി മൈക്കിൾ എന്ന ആർട്ടിസ്റ്റ് മാറുമ്പോള്‍ , നിരാശയിൽ പുകയുമ്പോൾ , നിരാശയും ആശയക്കുഴപ്പവും തമ്മിലുണ്ടാകുന്ന അസന്തുലിതാവസ്ഥ, അവന്റെ അങ്കലാപ്പ് ഇവയെല്ലാം അവന്റെ ചുണ്ടുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു തണുത്ത പുഞ്ചിരിയിൽ പ്രകടമാണ്. അരക്ഷിതാവസ്ഥയുടെ വികാരങ്ങൾ മറയ്ക്കാൻ ദയനീയമായി ശ്രമിക്കുന്നതിനിടയിലും നിരന്തരമായ സംശയത്താൽ അവന്റെ പുരികങ്ങൾ ചുളിയുന്നു. ദേഷ്യവും അഭിലാഷവും വേദനയും നിറയുന്ന കഥാപാത്രമായി ഫഹദിൻ്റെ കരിയറിൽ എന്നെന്നേക്കുമായി നിധിപോലെ സൂക്ഷിക്കാവുന്ന ഒരു പ്രകടനം .
തന്റെ പങ്കാളിയുടെ അസ്ഥിരമായ മാനസിക വ്യതിയാനങ്ങൾ സഹിച്ച് കുടുംബം പുലർത്താൻ നിർബന്ധിതയായ യുവ വിദ്യാർത്ഥിനിയായി ആൻ അഗസ്റ്റിൻ ജീവിക്കുകയായിരുന്നു ഒരു ഫ്ലാഷ്ബാക്കിലൂടെയാണ് സിനിമ ആരംഭിക്കുന്നതെങ്കിലും അനാവശ്യമായ ഉപകഥകളിലേക്ക് കടക്കാതെ സംവിധായകൻ കഥ പറഞ്ഞതിനാല്‍ പ്രേക്ഷകന് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകുന്നില്ല. “Dreams in Prussian blue ” എന്ന പേരിൽ പെയിന്റിംഗുകളുടെ ഒരു പരമ്പര സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന നിഗൂഢത മുന്നോട്ട് എന്താണ് ഉണ്ടാവുക എന്ന് പ്രവചിക്കുവാന്‍ ഒരു സാധാരണ കാഴ്ചക്കാരന് ബുദ്ധിമുട്ടുണ്ടാകും എന്നത് തീർച്ചയാണ്.
സിനിമ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഗായത്രിയുടെ മാനസികാവസ്ഥയെ നാം ചോദ്യം ചെയ്യുന്നുമുണ്ട്. എക്സിബിഷനിലെ വിധി അവൾ ഒരിക്കലും പ്രതീക്ഷിച്ചതായിരിക്കില്ല. ആരുടെയെങ്കിലും സഹായമില്ലാതെ സ്വയം നിലനില്‍ക്കാന്‍ കഴിയാത്ത തികച്ചും സ്വാര്‍ത്ഥനായ മൈക്കിള്‍ താന്‍ ജീവിതത്തില്‍ വിജയിക്കുന്ന അവസ്ഥയുണ്ടായപ്പോൾ അത് വരെ തന്‍റെ കൂടെയുണ്ടായിരുന്ന ഗായത്രിയെ നിഷ്ക്കരുണം ഒഴിവാക്കുകയായിരുന്നു.കെ.എസ്.ചിത്ര ആലപിച്ച “ഇളവെയിൽ വിരലുകളാൽ” എന്ന ഗാനം മികച്ചതായി . ബിജിപാലിനും , റഫീക്ക് അഹമ്മദിനും അഭിനന്ദനങ്ങള്‍ ശ്യാമപ്രസാദിന്റെ “ആർട്ടിസ്റ്റ്” സ്ഥിരമായി കാണാറുള്ള കഥാസന്ദർഭങ്ങളില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മിച്ച ഒരു മനോഹര സിനിമയാണ്.സ്നേഹവും അഭിലാഷവും സംഘർഷങ്ങളും ഒരുമിച്ച് ചേരുന്ന ശ്യാമപ്രസാദിൻ്റെ ഒരു ഉൽകൃഷ്ട സൃഷ്ടി.