ഒരു ഇന്ത്യൻ കപ്പലിന്റെ തിരോധാനം-എസ്‌ എസ്‌ വൈതരണ.

  90

  Rajesh C

  ഒരു ഇന്ത്യൻ കപ്പലിന്റെ തിരോധാനം-എസ്‌ എസ്‌ വൈതരണ.

  ടൈറ്റാനിക്കിനെ അറിയാത്തവർ ആരും കാണില്ല. ജെയിംസ് കാമറോണിന് നന്ദി! എം വി കൈരളി എന്ന കേരളത്തിന്റെ സ്വന്തം കപ്പലിന്റെ തിരോധനത്തെ പറ്റിയും കുറച്ചുപേർക്കറിയാമായിരിക്കും  ?,  എന്നാൽ ഇന്ത്യൻ ടൈറ്റാനിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എസ്‌ എസ്‌ വൈതരണ എന്ന കപ്പലിനെ കുറിച്ച് അറിയാവുന്നവർ ചുരുക്കമായിരിക്കും. അറബിക്കടലിന്റെ ആഴങ്ങളിൽ ആഴ്ന്നു പോയ ആ കപ്പലിന്റെ കഥ.

  SS Vaitarna, a mysterious indian ship which never saw the light of the day dgtl - www.anandabazar.comബ്രിട്ടീഷ് ഇന്ത്യ, 1888.

  അന്നത്തെ ബോംബേയിലെ ഷെപേഡ് ആൻഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആവിക്കപ്പൽ ആയിരുന്നു എസ്‌ എസ്‌ വൈതരണ. അതേ പേരിലുള്ള നദിയിൽ നിന്നാണ് കപ്പലിന് ആ പേര് ലഭിച്ചത്. എന്നാലും നാട്ടുകാർ ആ കപ്പലിനെ വൈദ്യുതി എന്നർത്ഥം വരുന്ന വിജിലി എന്നും വിളിച്ചിരുന്നു. കപ്പലിലെ വൈദ്യുത വിളക്കുകളായിരുന്നു ആ പേരിന് കാരണം. ബ്രിട്ടീഷ് ഇന്ത്യയിലെ കച്ച്‌ പ്രവിശ്യയിലെ മാണ്ഡവി തുറമുഖത്തു നിന്ന് ബോംബെ തുറമുഖം വരെ വിജിലി യാത്രക്കാരെയും വഹിച്ച് യാത്ര ചെയ്തു, ചരക്കുകൾ വേറെയും. ബോംബെ സ്റ്റീമർ നാവിഗേഷൻ കമ്പനി ആയിരുന്നു കപ്പൽ ഓടിച്ചിരുന്നത്. മാണ്ഡവിയിൽ നിന്ന് ബോംബെ വരെയുള്ള യാത്രാക്കൂലി 8 രൂപയായിരുന്നു.

  നവംബർ 8, 1888

  അന്ന് ഉച്ചയോടു കൂടി 520 യാത്രക്കാരുമായി വൈതരണി മാണ്ഡവിയിൽ നിന്നുള്ള യാത്ര തുടങ്ങി. 30 മണിക്കൂർ എടുക്കുമായിരുന്നു മുംബയിൽ എത്താൻ. വഴിയിൽ ദ്വാരകയിൽ നിന്നുള്ള യാത്രക്കാർ കൂടിയായപ്പോൾ കപ്പലിലെ 746 ആയി. അടുത്ത ലക്ഷ്യം പൊർബന്ദർ തുറമുഖം ആയിരുന്നു എങ്കിലും കാലാവസ്ഥ മോശമായതിനാൽ അവിടെ അടുക്കാൻ കഴിഞ്ഞില്ല. കപ്പിത്താൻ ഹാജി കസം യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. പൊതുവെ ശാന്തമായ അറബിക്കടലിൽ കാലം തെറ്റി ഒരു ചുഴലി കൊടുംകാറ്റ് രൂപപ്പെട്ടിട്ടുണ്ടായിരുന്നു. വൈതരണയുടെ രൂപകൽപന അത്തരം കാലാവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റിയതായിരുന്നില്ല. അന്ന് രാത്രിയിൽ മംഗ്രോൽ തീരത്തുകൂടി ആ കപ്പൽ യാത്ര ചെയ്തതായി കണ്ടവരുണ്ട്. അതായിരുന്നു അവസാനത്തെ കാഴ്ച. പിന്നെ ആ കപ്പൽ കണ്ടവർ ആരുമില്ല. ഒരു അവശിഷ്ടം പോലും ബാക്കി വെയ്ക്കാതെ 746 യാത്രക്കാരുമായി വൈതരണ അപ്രക്ത്യക്ഷമായി.
  അന്ന് മരണപ്പെട്ടവരുടെ സംഖ്യ സംബന്ധിച്ച്‌ ആശയകുഴപ്പമുണ്ടായിരുന്നു. ചിലർ പറയുന്നത് മരണസംഖ്യ 1300 വരെ ഉണ്ടാകാം എന്നാണ്. കണക്കിൽ പെടാതെ ഇഷ്ടം പോലെ യാത്രക്കാർ അന്നു കാലത്ത് യാത്ര ചെയ്തിരുന്നു. അത് കണക്കിലെടുത്താൽ എത്രയാളുകൾ മരിച്ചു കാണും എന്ന് ഇന്നും വ്യക്തതയില്ല.

  എസ് എസ്‌ വൈതരണയുടെ ദുരന്തം പഴയ തലമുറയിലെ ഗുജറാത്തി കവികൾ കവിതകളായും നാടോടി ഗാനങ്ങളായും രേഖപ്പെടുത്തി വെച്ചു. പിന്നീട് പലരും മറന്നു പോയ ഈ കപ്പലിന്റെ തിരോധാനം വാർത്തയായത് 2017 ഇൽ റാണ ദുഗ്ഗുബാട്ടി നായകനായി ‘Vijili: Mystery of the phantom ship’ എന്ന ഒരു സിനിമ പ്രഖ്യാപിച്ചപ്പോഴാണ്. പക്ഷെ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. വീണ്ടും ‘വിജിലി’ വിസ്‌മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി.