മൊസ്സാദിൻ്റെ വിമാന മോഷണം !

46

Rajesh C യുടെ പോസ്റ്റ്

മൊസ്സാദിൻ്റെ വിമാന മോഷണം !

“ഇല്ല, എനിക്കിനിയും ഇത് സഹിക്കാൻ കഴിയില്ല, ഈ നശിച്ച രാജ്യത്തു നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി!” എന്ന് പറഞ്ഞുകൊണ്ട് അയാൾ മുഖം പൊത്തിയിരുന്നു.കടുത്ത ആത്മസംഘർഷത്തിലായിരുന്ന അയാളെ അനുകമ്പാപൂർവം വീക്ഷിച്ചു കൊണ്ട് അയാളുടെ പുതിയ കൂട്ടുകാരി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തിൻ്റെ കോണിൽ നിഗൂഡ്ഡമായ ഒരു പുഞ്ചിരി വിരിഞ്ഞത് അയാൾ കണ്ടില്ല.

May be an image of aircraft and outdoors1964-ഇൽ ആണ്, മുനിർ റെഡ്ഫ (Munir Redfa) എന്ന ഇറാഖി എയർ ഫോഴ്സ് പൈലറ്റ് ആ അമേരിക്കക്കാരിയെ പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അടുത്ത അവളോട് ഒരു ദുർബല നിമിഷത്തിൽ അയാൾ തൻ്റെ മനസ്സ് തുറന്നു. ഒരു ക്രിസ്ത്യൻ മതവിശ്വാസിയായ മുനിർ ഇറാഖി എയർ ഫോഴ്സിലെ മിഗ്-21 (Mig-21) യൂണിറ്റിലെ ഡെപ്യൂട്ടി കമ്മാണ്ടർ ആയിരുന്നു. ന്യൂനപക്ഷ മതവിഭാഗത്തിൽ നിന്നുള്ള തന്നെ യൂണിറ്റിലെ മറ്റുള്ളവർ തഴയുന്നതായി അയാൾക്ക് തോന്നിയിരുന്നു. അർഹതപ്പെട്ട സ്ഥാനക്കയറ്റം കിട്ടാത്തത് അയാളെ വിഷമിപ്പിച്ചിരുന്നു, അയാൾക്ക് കിട്ടിയ പുതിയ ദൗത്യം ആയിരുന്നു, ഇറാഖിലെ കുർദിഷ് മേഖലകളിൽ ആക്രമണം നടത്തുക എന്നത്. ഇറാഖിലെ ഭരണവർഗത്തോട് എന്നും കലഹിച്ചിരുന്ന കുർദിഷ് പോരാളികളെ അടിച്ചമർത്താൻ കുർദിഷ് മേഖലകളിൽ ഇറാഖി വ്യോമാക്രമണം പതിവായിരുന്നു. എന്നാൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും തന്റെ ബോംബ് വർഷത്തിൽ കരിഞ്ഞമരുന്നത് കാണേണ്ടി വന്ന മുനിറിൻ്റെ മനസ്സിൽ ഇറാഖി ഭരണത്തോടുള്ള വിരോധം വളർന്നു വന്നു. താൻ പറത്തുന്ന യുദ്ധ വിമാനത്തിൽ വേണ്ടത്ര ഇന്ധനം നൽകാൻ അധികാരികൾ മടിക്കുന്നതായി അയാൾക്ക് തോന്നി.

May be an image of aeroplane, outdoors and text that says "5724 5724 T"പക്ഷെ തന്റെ പുതിയ കൂട്ടുകാരി ഇസ്റയേൽ ചാരസംഘടനയായ മൊസ്സാദിൻ്റെ (Mossad) ഏജൻറ് ആണെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ആ ചാരവനിതയ്ക്ക് മുൻപിൽ മുനിർ മുഖം പൊത്തിയിരിക്കുമ്പോൾ മൊസ്സാദിലെ ഉന്നതർ തങ്ങളുടെ ദൗത്യത്തിൻ്റെ വിജയം മുന്നിൽ കണ്ടു.
ആയിരക്കണക്കിന് കൊല്ലങ്ങളായി വേട്ടയാടപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറി പോയ ജൂത വംശർ സ്ഥാപിച്ച രാജ്യമായിരുന്നു ഇസ്രായേൽ. ഇസ്രയേലിന്റെ 1948-ലെ രൂപീകരണത്തോടെ അതുവരെ സ്വന്തമായിരുന്ന ദേശത്ത് പലസ്തീൻ അറബ് വംശജർ അന്യരായി മാറി. അവിടെ തുടങ്ങി ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക.

അറബ് രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രയേലിൻ്റെ അസ്തിത്ത്വം തന്നെ ഒരു അത്ഭുതമാണ്. ഇതിന് അവരെ സഹായിച്ചത് ജൂതവംശ വികാരം തന്നെയാണ് എന്നുള്ളതിന് സംശയമില്ല. മറ്റു രാജ്യങ്ങളിൽ കാലാകാലങ്ങളായി ചിതറി കിടന്ന ജൂതവംശജരെ ഇസ്രായേലിൽ എത്തിച്ച രക്ഷാ ദൗത്യങ്ങൾ ഉദാഹരണം. മറ്റു രാജ്യങ്ങളിൽ നല്ല നിലയിൽ ജീവിച്ചിരുന്ന ജൂതന്മാർ ദേശീയതേക്കാൾ ഉപരി ഇസ്രയേലിനെയും ജൂതവംശത്തെയും സ്നേഹിച്ചപ്പോൾ ഇസ്രേയേലി ചാര സംഘടനയായ മൊസ്സാദിന് ഇത്തരം പ്രവർത്തികൾക്കാവശ്യമായ പണവും ആൾബലവും കണ്ടെത്താൻ പ്രയാസമുണ്ടായില്ല.

അത്തരത്തിൽ ഒരാളായിരുന്നു ഇറാഖിലെ ബാഗ്ദാദിൽ ജീവിച്ചിരുന്ന ജോസഫ്. ഇറാഖിലെ ചാരപ്രവത്തനങ്ങൾക്ക് മൊസാദ് കണ്ടെത്തിയ അനേകം ജൂതന്മാരിൽ ഒരാൾ. അനാഥനായിരുന്ന ജോസഫിനെ ഒരു ക്രിസ്ത്യൻ കുടുംബം ദത്തെടുത്തിരുന്നു. ആ കുടുംബത്തിലെ അംഗമായിരുന്നു ഇറാഖി എയർഫോഴ്സ് പൈലറ്റ് ആയിരുന്ന മുനിർ റെഡ്ഫ. ആ കുടുംബത്തിൻ്റെയും പ്രത്യേകിച്ച് മുനിറിൻ്റെയും വളർന്നു വരുന്ന ഇറാഖി വിരോധം ജോസഫ് തിരിച്ചറിഞ്ഞ നിമിഷം, ഇസ്രായേലിലേക്ക് ആ സന്ദേശം പാഞ്ഞു.

“നമ്മുടെ ആളെ കണ്ടെത്തിയിരിക്കുന്നു”. അതിന്റെ പരിണാമമായിരുന്നു മുനിറുമായി ബന്ധം സ്ഥാപിച്ച ചാരവനിത.
ഈ സംഭവങ്ങൾക്ക് കുറച്ച് കാലം മുൻപ് മൊസാദ് മേധാവിയായി സ്ഥാനമേറ്റെടുത്ത മെയർ അമിത് (Meir Amit), അന്നത്തെ ഇസ്റായേലി എയർഫോഴ്സ് മേധാവി ഏസർ വൈസ്മാനുമായി (Ezer Weizmann) നടത്തിയ സൗഹൃദ സംഭാഷണമാണ് പിന്നീട് ലോകം കണ്ട ഒരു വൻ മോഷണത്തിന് നാന്ദിയായത്. മൊസാദ് മേധാവി എന്ന നിലയിൽ തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന മെയറുടെ ചോദ്യത്തിനുത്തരം ‘ഒരു മിഗ്-21 യുദ്ധവിമാനം’ എന്നായിരുന്നു ഏസറിൽ നിന്ന് വന്നത്.

മിഗ്-21 എന്ന സോവിയറ്റ് യൂണിയൻ യുദ്ധവിമാനം പാശ്ചാത്യ ചേരിയിൽ ഉൾപ്പെടുന്ന ഇസ്രായേലിന് അപ്രാപ്യമായിരുന്നു. ആ രാജ്യത്തിൻറെ ശത്രു രാജ്യങ്ങൾക്കെല്ലാം സോവിയറ്റ് യൂണിയന്റെ മിഗ്-21 ഒരു മുതൽക്കൂട്ടുമായിരുന്നു.യുദ്ധം ജയിക്കാൻ ശത്രുവിൻ്റെ ആയുധങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടാവണം എന്ന് വിശ്വസിച്ചിരുന്ന ഇസ്രയേലികൾ മിഗ്-21 കൈക്കലാക്കാൻ കണ്ടെത്തിയ വഴിയായിരുന്നു മോഷണം!

അറബ് രാജ്യങ്ങളിൽ നിന്ന് എവിടെ നിന്നെങ്കിലും മിഗ്-21 അടിച്ചുമാറ്റാൻ തത്രപ്പെട്ട് നടന്നിരുന്ന മൊസാദ് ഏജന്റുകൾക്ക് മുന്നിലേക്കാണ് ഇറാഖി വ്യോമസേനയിലെ ഡെപ്യൂട്ടി കമാൻഡർ മുനിർ വന്നുപെട്ടത്.
ഇതിനു മുൻപ് പല പ്രാവശ്യം മിഗ്-21 തട്ടിയെടുക്കാൻ ഇസ്രായേൽ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരുന്നുവെങ്കിലും അത് നടപ്പാകും എന്ന് ഉറപ്പാക്കുന്നത് മുനിറിൻ്റെ രംഗപ്രവേശത്തോടു കൂടിയാണ്. ഇസ്രേയേൽ തങ്ങളുടെ വിലപ്പെട്ട അതിഥിക്കൊരു പേര് കൊടുത്തു, ‘ഡയമണ്ട്’. മൊസാദ് വൃത്തങ്ങളിൽ മുനിറിൻ്റെ രഹസ്യ പേര്!

ഓപ്പറേഷൻ ഡയമണ്ട്.


ജോസഫിൻ്റെയും അമേരിക്കൻ കൂട്ടുകാരിയുടെയും (ഇവർ ഒരു ജൂത ആയിരിക്കാനാണ് സാധ്യത) ഒരു വർഷത്തോളം നീണ്ടുനിന്ന ശ്രമഫലമായി മുനിർ ഇറാഖ് വിടാൻ തീരുമാനിച്ചു.
എന്നാൽ ഏത് രാജ്യം തനിക്കു അഭയം തരും? താൻ രക്ഷപ്പെട്ടാൽ കുടുംബത്തിൻ്റെ സ്ഥിതി എന്താകും? ഇറാഖി ഭരണകൂടത്തിൻ്റെ നീണ്ട കരങ്ങൾ തന്നെ വെറുതെ വിടുമോ? പല വിധ ചിന്തകളാൽ മുനിറിൻ്റെ മനസ്സ് കലുഷിതമായിരുന്നു.
തല്ക്കാലം ഇത്തരം ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ, ജോസെഫിൻ്റെ നിർദേശപ്രകാരം ഗ്രീസിലേക്ക് ഒരു അവധികാല സഞ്ചാരത്തിനായി മുനിർ തയ്യാറായി. ഭാര്യയുടെ ഇല്ലാത്ത അസുഖത്തിന്റെ ചികിത്സയ്ക്കായാണ് ഏതെൻസിലേക്ക് പോകുന്നത് എന്നാണ് മുനിർ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചത്.

ഏതെൻസിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് പോളിഷ് പൈലറ്റ് ആയ ലിറോണിനെ (Liron) മുനിർ പരിചയപ്പെടുന്നത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിരാശനായ ലിറോണിൽ മുനിർ ഒരു സുഹൃത്തിനെ കണ്ടെത്തി. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന, നിലവിലെ ഭരണത്തോട് എതിർപ്പുള്ള ഒരേ തൂവൽപ്പക്ഷികൾ!
താൻ ഇറാഖിൽ നിന്ന് ഒളിച്ചോടാൻ മാനസികമായി തയ്യാറെടുക്കുകയാണ് എന്ന് മുനിർ ലിറോണിനോട് തുറന്നു പറഞ്ഞു. ആ തീരുമാനം വളരെ ശരിയാണെന്നായിരുന്നു ലിറോണിന്റെ അഭിപ്രായം.
ലിറോണിൻ്റെ നിർദേശപ്രകാരം മുനീർ മറ്റൊരു ഗ്രീക്ക് ദ്വീപിലെത്തി. മുനിറിൻ്റെ മനസ്സ് അപ്പോഴും ശാന്തമായിരുന്നില്ല.ഇറാഖിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഏതു രാജ്യം തനിക്ക് അഭയം നൽകും? എന്നിങ്ങനെയുള്ള മുനീറിൻ്റെ ചോദ്യങ്ങൾക്കുള്ള ലിറോണിൻ്റെ ഉത്തരം ഇങ്ങനെയായിരുന്നു,

“ഇസ്രായേൽ നിനക്ക് അഭയം നൽകും, നീ ഒരു മിഗ്-21-മായി ആണ് രാജ്യം വിടുന്നത് എങ്കിൽ”. അത് കേട്ട് വാ പൊളിച്ചിരുന്ന മുനിറിനോട് മറ്റൊരു രഹസ്യം കൂടി ലിറോൺ വെളിപ്പെടുത്തി.
ലിറോൺ ഇസ്രായേലി എയർ ഫോഴ്സ് പൈലറ്റ് ആണ്, മൊസാദ് ഏജൻറ്!
റോമിലെ ഒരു കഫെയിലിരുന്ന് ലിറോണും മുനിറും ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. മൊസാദ് വാഗ്ദാനം ചെയ്ത 10 ലക്ഷം ഡോളർ യാതൊരു വിലപേശലും കൂടാതെ മുനിർ അംഗീകരിച്ചു. അദ്ദേഹത്തിൻ്റെ ആവശ്യം തൻ്റെയും കുടുംബത്തിൻ്റെയും ഇസ്രായേലിലെ രാഷ്ട്രീയാഭയം മാത്രമായിരുന്നു. ഈ ചർച്ചകൾ നടക്കുമ്പോൾ മൊസ്സാദിൻ്റെ മെയർ അമിത്തടക്കമുള്ള ഉന്നതർ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മൊസ്സാദിൻ്റെ അടുത്ത തന്ത്രം മുനിറിനെ ഇസ്രായേലിൽ എത്തിക്കുക എന്നതായിരുന്നു. രഹസ്യമായി ഒരു ദിവസത്തേക്ക് മാത്രമായി മുനിർ വാഗ്ദത്ത ഭൂമിയിലെത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ മിഗ്-21 ഇറാഖിൽനിന്ന് ഇസ്രായേലിലേക്ക് കടത്തുന്നതിനുള്ള തന്ത്രം തയ്യാറായി. മിഗ്-21 ഇറക്കേണ്ട എയർപോർട്ട് മുനിർ പരിശോധിച്ചു സംതൃപ്തനായി. അടുത്ത ദിവസം വന്നത് പോലെ തന്നെ പല പല വിമാനങ്ങൾ കയറി മുനിർ ബാഗ്ദാദിലെത്തി.

ഡി ഡേ-16 ഓഗസ്റ്റ് 1966.


ഈ ദിവസത്തിന് നാളുകൾക്ക് മുൻപേ മുനിറിൻ്റെ കുടുംബം യൂറോപ്പ് വഴി ഇസ്രായേലിൽ എത്തിയിരുന്നു. യൂറോപ്പിൽ അവധികാലം ആഘോഷിക്കാനെന്നുള്ള വ്യാജേനെ ഇറാഖിൽ നിന്ന് പുറപ്പെട്ട മുനിറിൻ്റെ കുടുംബം, വഴിമധ്യേയാണ് കഥകളൊക്കെ അറിയുന്നത്. മുനിറിൻ്റെ കുടുംബം ഒന്നാകെ ഇറാഖിൽ നിന്ന് അപ്രക്ത്യക്ഷമായതും മുനിർ തൻ്റെ സ്വത്തുക്കൾ വിൽക്കാൻ വിഫലശ്രമം നടത്തിയതും ഇറാഖി ഇന്റലിജൻസ് അറിഞ്ഞില്ല.

1966 ജൂലായിൽ യൂറോപ്പിലെ മൊസാദ് കേന്ദ്രത്തിൽ മുനിറിൻ്റെ രഹസ്യ സന്ദേശം എത്തി. ഓഗസ്റ്റ് 14-ന് മുനിർ മിഗ്-21 ഇസ്രായേലിൽ എത്തിക്കും. എന്നാൽ അന്നേ ദിവസം നിസ്സാരമായ ഒരു സാങ്കേതിക തകരാർ നിമിത്തം മുനിറിന് വിമാനം ഇറാഖ് വിമാനത്താവളത്തിൽ തന്നെ ഇറക്കേണ്ടി വന്നു. മൊസ്സാദിന് രണ്ടു ദിവസത്തെ കാത്തിരിപ്പുകൂടി, ഇസ്രയേലിനും!
ഓഗസ്റ്റ് 16-ന് രാവിലെ ഏഴുമണിക്ക് മുനിർ മിഗ്-21-മായി പറക്കാൻ തുടങ്ങി. അല്പസമയത്തിനകം തന്നെ തങ്ങളുടെ യുദ്ധവിമാനത്തിൻ്റെ അസാധാരണമായ സഞ്ചാരം ഇറാഖി റഡാറുകൾ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ജോർദാൻ എയർ സ്പേസ് വഴി മിഗ്-21 ഇസ്രായേലി ആകാശത്തേക്ക് പ്രവേശിച്ചു. ഇസ്രായേലി യുദ്ധവിമാനങ്ങൾ വിലപ്പെട്ട ആ നിധിക്ക് അകമ്പടി സേവിച്ചു. 8 മണിയോടെ പാശ്ചാത്യ ചേരിയിൽ പെട്ട രാജ്യത്തു ആദ്യമായി മിഗ്-21 ഇറങ്ങി.

ഒട്ടും സമയം കളയാതെ ഇസ്രായേലി വിദഗ്ധർ മിഗ്-21-ൻ്റെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കി. സോവിയറ്റ് ഇരുമ്പ് മറക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരുന്ന മിഗ്-21-ൻ്റെ രഹസ്യങ്ങളെല്ലാം വെളിയിൽ വന്നു. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ചു മിഗ്-21 അവർക്കും പഠിക്കാനുള്ള അവസരം കൊടുത്തു ഇസ്രായേൽ. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഒന്നുകൂടി ശക്തമായി. മൊസ്സാദിനും മെയർ അമിറ്റിനും പാശ്ചാത്യലോകത്താകെ വീരപരിവേഷം കയ്യ് വന്നു.

10 മാസങ്ങൾക്ക് ശേഷം നടന്ന 6-ദിവസ യുദ്ധത്തിൽ ഒരു വശത്തു പോരാടിയ സിറിയ, ഈജിപ്ത്, ജോർദാൻ, ഇറാഖ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളെ 6 ദിവസങ്ങൾക്കുള്ളിൽ ഇസ്രായേൽ മുട്ടുകുത്തിക്കുമ്പോൾ എരിഞ്ഞു വീണത് 200-ലേറെ മിഗ് യുദ്ധവിമാനങ്ങൾ ആയിരുന്നു. വാസ്തവത്തിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇസ്രായേൽ യുദ്ധം ജയിച്ചിരുന്നു,
മിഗ്-21 ഇസ്രായേൽ മണ്ണിൽ എത്തിയ അന്ന്, 1966, ഓഗസ്റ്റ് 16!

PS: മുകളിൽ പറഞ്ഞ കാര്യങ്ങൾ അതീവ രഹസ്യമായ ഓപ്പറേഷൻ ആയിരുന്നതിനാൽ, പിന്നീട് പുറത്ത് വന്ന വിവരങ്ങളിൽ അവ്യക്തത ഉണ്ടാകാം. പേരുകൾ വേറെ ഉപയോഗിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന് ജോസഫ്/യോസേഫ് ആരായിരുന്നു എന്ന് വ്യക്തമല്ല. പേരില്ലാത്ത അമേരിക്കക്കാരി ചാരവനിതയുടെ കാര്യവും അങ്ങനെ തന്നെ!