വഫ ഫിറോസിന്റെ സംഭാഷണത്തിൽ വ്യക്തതയുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലൊഴികെ. അത് മദ്യത്തിന്റെ മണമറിയാൻ സാഹചര്യങ്ങൾ കിട്ടാതെ പോയതു കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത ഒരു ഗന്ധം ശ്രീറാമിൽ നിന്നുണ്ടായിരുന്നു എന്ന തെന്നിപ്പോകലാണ്. രാത്രി ഏറെ വൈകി എന്തിന് ഒറ്റയ്ക്ക് വണ്ടിയോടിച്ചു എന്ന് ചോദിക്കുന്ന എട്ട് മണിക്ക് ശേഷം പൊതു വിടം തങ്ങളുടേത് മാത്രമാണെന്ന ഭൂരിപക്ഷ മലയാളി പുരുഷു സൈക്കോയ്ക്കുള്ള അവരുടെ മറുപടി തിരുവനന്തപുരം രാത്രി ഡ്രൈവിന് സുരക്ഷിതമാണെന്ന അവരുടെ വിശ്വാസമാണ് പങ്കു വയ്ക്കുന്നത്.

കേരളത്തിന് പുറത്ത്, ഇന്ത്യക്ക് വെളിയിൽ ജീവിച്ച , ജീവിക്കുന്ന ഒരാൾക്ക് പകൽ തന്നെയാണ് രാത്രിയും. രാത്രി യാത്ര ഡ്രൈവിങ്ങനവർക്ക് പകലിനേക്കാൾ ആത്മവിശ്വാസത്തോടെ ചെയ്യാവുന്നതാണ്. ലിംഗ വ്യത്യാസമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കാനാവുന്ന, സഞ്ചരിക്കാനാവേണ്ട നേരങ്ങളാവണം 24 മണിക്കൂറും. എന്നാൽ മലയാളി പുരുഷന്മാർക്ക് പോലും അതത്ര ആത്മവിശ്വാസത്തോടെ പറയാനാവുന്ന ഒന്നല്ല. പ്രത്യേകിച്ചും ഒരു സ്ത്രീ സുഹൃത്തുമായുള്ള രാത്രിയാത്ര .
ഒരനുഭവം ഓർക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് തൃശ്ശൂർ ചില സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയി. പലരേയും കണ്ടു മുട്ടി രാത്രിയായി. ഒരു വിധം ട്രയിനുകൾ എല്ലാം പോയി. രാത്രി തിരുവല്ലയോ ചെങ്ങന്നൂരോ വന്നിങ്ങിയാലും വീട് പിടിക്കാൻ പാടാണ്. അങ്ങനെ ഒരു സുഹൃത്തിനൊപ്പം അവളുടെ വീട്ടിൽ തങ്ങി. രാത്രി രണ്ടു മണിക്ക് അവളും മകനും കൂടി അവളുടെ ടൂ വിലറിൽ തീവണ്ടിയാപ്പീസിൽ എത്തിച്ചു. രണ്ടര മണിക്കോ മറ്റോ ആണ് ട്രയിൻ . അവളുടെ വീടിനും സ്റ്റേഷനുമിടയിലെ ദൂരത്തിൽ രാത്രി സജീവമാണ് പുരുഷാധിപത്യം . അവൾ തിരികെ വീട്ടിൽ എത്തി എന്ന മെസ്സേജ് കിട്ടും വരെ വഫയ്ക്ക് തിരുവനന്തപുരത്തോട് തോന്നിയ വിശ്വാസം എനിക്ക് തൃശ്ശൂരിനോട് തോന്നിയിരുന്നില്ല. പിന്നീട് രാത്രിയോട് കുറച്ച് വിശ്വാസം കൂടി. എന്റെ ഭയം ഞാൻ ചങ്ങാതിയോട് പറഞ്ഞതുമില്ല. അവളാകട്ടെ അക്കാലത്ത് ഇരു ചക്ര വാഹനത്തെ നിയന്ത്രിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു താനും.
നാട്ടിൽ താമസമാക്കിയ ശേഷം മക്കൾ ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനിനി എന്നാണ് വരുന്നെതെന്നാണ്. ആ ചോദ്യത്തിന് പിന്നിലെ ഒരു കാരണം അവർ സന്തോഷിക്കുന്ന രാത്രി യാത്രകളാണ്. ടൗണിനും വീടിനുമിടയിലെ ആറു കിലോമീറ്റർ ദൂരത്തെ യാത്രയ്ക്കിടയിൽ ദുനിയാവ് നിശ്ശബ്ദവും ചിതറിയ അരണ്ട വെളിച്ചവുമാകും,സ്ത്രീകളില്ലാത്ത ഒരു ലോകവുമാണത്. ചില പോലീസ് വാഹനങ്ങൾ മാത്രം വന്നുവെന്നിരിക്കും. എന്നാണ് നമ്മുടെ രാത്രികൾ സ്ത്രീകളുടേത് കൂടിയാകുക ?