Rajesh Kizhisseri Kundrakkadan
എഫ്.ബി യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എഫ്ബി പൗരൻ ഒരു അരുംകൊല നടത്തുന്നത്. ഇതുവരെ ഈ നാട്ടിൽ പ്രണയം, ഒളിച്ചോടൽ, ഒളിഞ്ഞുനോട്ടം, ചെറിയ കാശ് ചോദിക്കൽ , തെറിപറയൽ എന്നീ ക്രൈമുകളായിരുന്നു അരങ്ങേറിയിരുന്നത്. എ.ബി യിൽ ജീവിക്കുന്നവർ പൊതുവെ പൊതുസമൂഹത്തിൽ തോറ്റ മനുഷ്യരാകയാൽ അവർ ഒരിക്കലും നേരിട്ട് രക്തച്ചൊരിച്ചിൽ നടത്താനോ , നേരിട്ട് കാണാനോ , കലാപമുണ്ടാക്കാനോ തുനിയാറില്ലായിരുന്നു.
ആളുകളോട് സംസാരിക്കുന്നതിലുള്ള സങ്കോചം, ആത്മവിശ്വാസക്കുറവ് ഇതൊക്കെയായിരുന്നു മുമ്പ് ഇവിടത്തുകാരുടെ മുഖമുദ്ര. ഫേക്ക് ഐഡിയിൽ വരുന്നവരാണ് എക്കാലത്തും എ.ഫ്ബി സമൂഹത്തിന്റെ വലിയ തലവേദന. അതിനാൽ തന്നെ ഇവിടെ ജീവിക്കുന്നവർ ചെറിയ ഗവേഷണം നടത്തി ഫേക്ക്കളെ തുരത്താറുണ്ടായിരുന്നു. പേരിലെ പ്രത്യേകത, അവരുടെ മറ്റ് ഇടപെടൽ ഇതൊക്കെ നിരീക്ഷിച്ചായിരുന്നു ഫേക്കിനെ പൊക്കിയിരുന്നത്.
ഇവിടെ ആളുകളാകെ നടുങ്ങിയിരിക്കുകയാണ് ! കവിതയും, കഥയും, ലേഖനങ്ങളുമെഴുതി നിസ്വാർത്ഥ സേവനം ചെയ്യുന്ന പാവം മനുഷ്യർക്കിടയിൽ ജീവിച്ച ഇടത് -പുരോഗമന ആട്ടിൻ തോലണിഞ്ഞ ഒരുവനാണ് രണ്ട് സ്ത്രീകളെ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രാകൃതമായ് കൊന്നത്. അതിലേക്ക് കൊലപാതകിയെ നയിച്ചത് മറ്റൊരു ഫേക്ക് ഐഡിയും ! രണ്ടും എ. ഫ് ബിക്കാർ! ഇവിടത്തെ അന്തേവാസികൾ ! ഇത്രകാലം ഇൻബോക്സിൽ വന്ന് പ്രണയാഭ്യർത്ഥന നടത്തുമോ, കാശ് ചോദിക്കുമോ, പുസ്തകം വാങ്ങാൻ പറഞ്ഞേക്കുമോ എന്നൊക്കെ ശങ്കിച്ചവർ മറ്റെന്തെങ്കിലും പ്രലോഭനം നടത്തി നേരിൽ കണ്ട് വിജനസ്ഥലികളിലെത്തിച്ച് ഇവൻമാർ/ ഇവളുമാർ ഇഞ്ചിഞ്ചായ് കൊന്നുകൂടായ്കയില്ലല്ലോ എന്നുവരെ ശങ്കിക്കാൻ തുടങ്ങിയാൽ അത്ഭുതപ്പെടാനില്ല.
ഒരു സോഷ്യൽ സൈക്കോളജിസ്റ്റെന്ന നിലയിലും, മനുഷ്യ മനസുകളെ ഇട്ട് അമ്മാനമാടുന്ന നോവലിസ്റ്റ് എന്ന നിലയിലും എനിക്ക് ഒന്നേ പറയാനുള്ളൂ. ആരും പാനിക് ആവേണ്ടതില്ല. കാണാമറയത്തെ സംശയാസ്പദ സൗഹൃദങ്ങളെ അങ്ങനെ തന്നെ തുടരാൻ അനുവദിക്കുക. പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. കൂടുതൽ സയന്റിഫിക് ടെമ്പറുള്ളവരായ് മാറുക.എല്ലാവരും നല്ല മനുഷ്യരാവുക.ഏറ്റവും നല്ലവശങ്ങൾ മാത്രം മറ്റുള്ളവരെ കാണിക്കുക.ആരെയും കരയിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ ചിരിപ്പിക്കുക. സന്തോഷിപ്പിക്കുക.എനിക്ക് നല്ല പേടിയുണ്ട്.എന്നാലും ആരും ഭയക്കരുത്.
**
Siva Das
ഇന്നത്തെ നരബലി വാർത്ത കേട്ട് ഞെട്ടിയോ. എന്ത് കൊണ്ട് ഞെട്ടി? മനുഷ്യ രക്തവും മാംസവും ഇഷ്ടപ്പെടാത്ത ഒരു ദൈവ സങ്കൽപ്പവും ലോകത്തില്ല. ചോര ഒഴിക്കിയാൽ സംപ്രീതരാകുന്ന, സ്വന്തം ശൃഷ്ടികളുടെ കുരുതികളിൽ മഹാശക്തി കൈവരിക്കുന്നവയാണ് എല്ലാ ദൈവങ്ങളും മതങ്ങളും, വിശ്വാസങ്ങളും.മനുഷ്യ മാംസത്തിന്റെ ഗന്ധവും, മനുഷ്യരക്തത്തിന്റെ ചൂരും ചൂടും തങ്ങിനിൽക്കുന്നവയാണ് ഓരോ ആരാധനാലയങ്ങളും, ദേവപ്രീതിക്കായി രക്തം വീഴ്ത്തണം. രക്തദാഹിയായ ദേവന്/ ദേവിയ്ക്ക് രക്തവും മാംസവും കള്ളും അർപ്പിച്ച് സംപ്രീതരാക്കി മടക്കി വിളിച്ചു കൊണ്ട് എല്ലാ പാപകർമ്മങ്ങൾക്കും പ്രായശിചിത്തം ചെയ്ത് പുണ്യം നേടണം. ഏതൊരു മതത്തിന്റേയും ആത്യന്തികമായ സിന്ദാന്തം ഈ പാപപുണ്യ സിന്ധാന്തമാണ്
അരിമാവും, ചുണ്ണാമ്പും, മഞ്ഞളും, ശർക്കരയും ചേർത്തുണ്ടാക്കുന്ന പ്രതീകങ്ങൾ കരിക്കിന്റെ തല വെട്ടി നിണതലത്തിൽ അർപ്പിക്കുക. നരി കുമ്പളങ്ങ മുറിച്ച് ദേവനു നൽകുക. അങ്ങനെ വെൺ കുരുതിയും, ചെങ്കുരുതിയും, കടും കുരുതിയുമെല്ലാം രക്താഭിഷേകിതമായ പ്രാചീന മത വിശ്വാസപ്രമാണങ്ങളാണു്. അൽത്താരയിലെ വീഞ്ഞും, അപ്പവും, മക്കയിലെ മൃഗബലിയും ഒക്കെ മനുഷ്യന്റെ പ്രാകൃത സംസ്ക്കാരങ്ങളുടെ കൊണ്ടു കൊടുക്കലുകൾ തന്നെ.
മനുഷ്യനെ പരിണാമത്തിൽ നിലനിർത്തിയത് മതങ്ങളല്ല.മറിച്ച് ഓരോ കാലത്തിനും അനുസരിച്ച് അവൻ സെലക്ട് ചെയ്ത മൂല്യബോധങ്ങളാണു്. നരബലി ചെയ്ത് രക്താഭിഷേകം ചെയ്ത് സംപ്രീതരാക്കിയിരുന്ന ദൈവങ്ങൾ പ്രതീകങ്ങൾ കൊണ്ട് തൃപ്തരായി തുടങ്ങിയത് മനുഷ്യനിലെ മൂല്യബോധം അവനെ അതിന് വിലക്കിയത് കൊണ്ട് മാത്രമാണ്. ദൈവത്തിന്റെ ദൈവം മനുഷ്യനായതു കൊണ്ടാണു് ദൈവവും അവന്റെ സംസ്ക്കാരത്തിനൊപ്പം സകല പ്രാകൃത മോഹങ്ങളും അടക്കി സഞ്ചരിക്കുന്നതു്.
അഭ്യസ്ഥവിദ്യരാണ് സമ്പൂർണ്ണ സാക്ഷരരാണ്, ഇത് ചെയ്തത് എന്നതിൽ ഒരു അദ്ഭുതവുമില്ല.സമ്പന്നരും, അഭ്യസ്ഥവിദ്യരുമാണ് മതത്തിന്റെ ഇരകൾ.റോക്കറ്റ് പൂജിക്കുന്ന, ഗണപതി ഹോമവും യജ്ഞവും നടത്തി റോക്കറ്റ് വിക്ഷേപിക്കുന്ന. ISRO ശാസ്ത്രജ്ഞർ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നുകൂടി അറിയണം. അക്കാദമിക്കലായി മത പ്രഘോഷണം ചെയ്യുന്ന ജഗ്ഗി വാസുദേവിനെപ്പോലെ, ഓഷോയെപ്പോലെ, ഡബ്ബിൾ ശ്രീ രവിശങ്കറെപ്പോലെ, സുധാമണിയെപ്പോലെ ആധുനിക പഞ്ചനക്ഷത്ര ഋഷി പൗരോഹിത്യത്തിന്റെ തിരഞ്ഞെടുപ്പുകൾ നടത്താം, പരമ്പാരാഗത വിശ്വാസമായ സർവ്വം ത്യജിച്ചു കൊണ്ടുള്ള വിശ്വാസ പ്രമാണങ്ങളിൽ നിന്നു വ്യത്യസ്ഥമായി, എല്ലാം അനുഭവിച്ചും, ആസ്വദിച്ചും, ആഡബരതയിൽ ആറാടിയും ആത്മീയാനന്ദനം അനുഭവിക്കാം.
എന്തിനാണ് മതത്തെ എതിർക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതിലുണ്ട്.. മതം എന്നാൽ അപകടകരമായ മനോരോഗമാണ്, മത വിശ്വാസികളിൽ രോഗ ബാധയേറിയവയും ലഘു മനോരോഗികളും എന്ന വ്യത്യാസം മാത്രമാണുള്ളത്.
നെബി :ചിത്രത്തിലെ ദേവിയെ കലണ്ടറിൽ കണ്ടോ പോസ്റ്റിൽ കണ്ടോ തൊഴുകയോ ഉപാസിക്കുകയോ ചെയ്യാം, നേരിട്ട് ദേവി പ്രത്യക്ഷപ്പെട്ടാൽ ഓടാത്തവർ എത്ര പേർ കാണും.?
*********
മനുഷ്യബലി സംബന്ധിച്ച വാർത്തകൾ കാണാൻ തുടങ്ങിയതിനോടൊപ്പം തന്നെ അന്ധവിശ്വാസനിരോധന നിയമം സംബന്ധിച്ചുള്ള ചർച്ചകളും അവിടവിടെ ആരംഭിച്ചു. വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ നിയമം മൂലം വേർതിരിക്കാനാവില്ല എന്നതിനാൽ ഇത്തരമൊരു നിയമനിർമാണം വിജയിക്കില്ല എന്ന വാദം ഞാൻ മൂന്നിടത്ത് കണ്ടു. മഹാരാഷ്ട്രയിൽ ഇത് സംബന്ധിച്ച ചർച്ച പത്ത് പന്ത്രണ്ട് വർഷം മുൻപ് ഒന്ന് കഴിഞ്ഞതാണ്. ഫോട്ടോയിലിരിക്കുന്ന വ്യക്തി അന്ധവിശ്വാസങ്ങൾക്കെതിരായി ഒരു കരട് ബില്ല് ഉണ്ടാക്കി അത് പാസാക്കിയെടുക്കാനായി അധികൃതർക്ക് പിന്നാലെ നടന്നു. അദ്ദേഹത്തിന്റെ കരടിനേക്കാൾ ശോഷിച്ച നിയമമാണ് പിന്നീട് വന്നതെങ്കിലും ഇന്നത്തെ നിയമത്തിലെ ചില പ്രധാന കുറ്റകൃത്യങ്ങൾ പറയാം. വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വേർതിരിക്കാൻ ഈ നിയമം ശ്രമിക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുക.
****
(1) ഭൂതബാധ ഒഴിപ്പിക്കാനെന്ന പേരിൽ
– കയറോ ചങ്ങലയോ ഉപയോഗിച്ച് കെട്ടിയിടുക
– വടിയോ ചാട്ടയോ കൊണ്ട് അടിക്കുക
– ചെരിപ്പ് കഴുകിയ വെള്ളം കുടിപ്പിക്കുക
– മുളക് പുകയ്ക്കുക
– ഉത്തരത്തിൽ നിന്ന് തൂക്കിയിടുക
– അനങ്ങാനാവാത്ത വിധം തലമുടി കൊണ്ട് ബന്ധിക്കുക
– മുടി പറിച്ചെടുക്കുക
– പരസ്യമായി ലൈംഗിക ക്രിയകൾ ചെയ്യാൻ പ്രേരിപ്പിക്കുക
– മനുഷ്യത്വരഹിതമായ കാര്യങ്ങൾ ചെയ്യുക
– മൂത്രമോ മലമോ ബലമായി മനുഷ്യന്റെ വായിൽ തള്ളുക.
(2) അദ്ഭുതപ്രവൃത്തികൾ പ്രദർശിപ്പിക്കുക. അദ്ഭുതപ്രവൃത്തികൾ ചെയ്തു എന്ന് പ്രചരിപ്പിക്കുക.
(3) പ്രകൃത്യാതീതശക്തിയുടെ അനുഗ്രഹം വാങ്ങാനായി ജീവന് ഭീഷണിയായതും സാരമായ പരിക്കുണ്ടാക്കാവുന്നതുമായ മനുഷ്യത്വരഹിതമായ അഘോരി ക്രിയകൾ ചെയ്യുക.
(4) നിധിയോ, വിലപിടിച്ച വസ്തുക്കളോ, ഭൂമിക്കടിയിലെ വെള്ളമോ, നേടാനായി മനുഷ്യത്വരഹിതമായ അഘോരി ക്രിയകൾ ചെയ്യുകയോ മനുഷ്യബലി ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുക.
(5) ഇന്ദ്രിയങ്ങൾക്ക് അറിയാൻ സാധിക്കാത്ത “ശക്തി“ ഒരാളുടെ ശരീരത്തെ ബാധിച്ചിട്ടുണ്ട് എന്ന് ധാരണയുണ്ടാക്കുകയോ അവകാശപ്പെടുകയോ ചെയ്ത് മറ്റുള്ളവരെ ഭയപ്പെടുത്തി ചൊൽപ്പടിയിൽ നിർത്തുക.
(6) ഒരാൾ ദുർമന്ത്രവാദം ചെയ്ത് മൃഗങ്ങളുടെ കറവ കുറച്ചു എന്നോ ദുരന്തങ്ങൾ വരുത്തി എന്നോ അസുഖങ്ങൾ പരത്തി എന്നോ നാട്ടുകാരെ വിശ്വസിപ്പിച്ച് അയാളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുക.
– ആരെയെങ്കിലും ഷൈത്താനായോ ഷൈത്താന്റെ അവതാരമായോ മുദ്ര കുത്തുക.
(7) ദുർമന്ത്രവാദം ചെയ്തു എന്നാരോപിച്ച് ആരെയെങ്കിലും ആക്രമിക്കുകയോ, നഗ്നരായി പൊതുവഴിയിൽ നടത്തുകയോ ഊരുവിലക്കുകയോ ചെയ്യുക.
(😎 ഭൂതങ്ങളെ ആവാഹിച്ചിട്ടുണ്ട് എന്നോ ആവാഹിക്കും എന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തുക.
– രോഗങ്ങളോ പരിക്കുകളോ ഇന്ദ്രിയഗോചരമല്ലാത്ത ഭൂതങ്ങളാലാണുണ്ടാകുന്നത് എന്ന് വിശ്വസിപ്പിച്ച് വൈദ്യചികിത്സ തേടുന്നതിൽ നിന്ന് തടഞ്ഞ് മന്ത്രവാദത്തിലേയ്ക്ക് വഴിതിരിക്കുക.
– മരണമോ ശാരീരിക വേദനയോ സാമ്പത്തിക നഷ്ടമോ ഉണ്ടാക്കുന്ന മന്ത്രവിദ്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തുക.
(9) പാമ്പോ പട്ടിയോ കടിച്ചാലോ തേൾ കുത്തിയാലോ വൈദ്യചികിത്സ നൽകാതെ മന്ത്രമുപയോഗിക്കുക.
(10) വിരലുകൾ ഉപയോഗിച്ച് ശസ്ത്രക്രീയ ചെയ്യാമെന്നോ ഗർഭത്തിലുള്ള ഭ്രൂണത്തിന്റെ സെക്സ് മാറ്റാമെന്നോ അവകാശപ്പെടുക.
(11) കഴിഞ്ഞ ജന്മത്തിലെ ഭർത്താവോ ഭാര്യയോ ജാരനോ ആയിരുന്നു എന്ന് വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തിലേർപ്പെടുക.
– ഗർഭിണിയാകാൻ സാധിക്കാത്ത സ്ത്രീയുടെ വന്ധ്യത പ്രകൃത്യാതീത ശക്തികളിലൂടെ മാറ്റാം എന്ന് പ്രേരിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
(12) മാനസികവളർച്ചയില്ലാത്ത ആർക്കെങ്കിലും മനുഷ്യാതീത ശക്തികളുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് ആൾക്കാരെ കൊള്ളയടിക്കുക.
****
ബില്ല് വായിച്ചുപോലും നോക്കാതെ (ആണെന്ന് തോന്നുന്നു) രാഷ്ട്രീയക്കാർ അതിനെ എതിർത്തു. ബിജെപിയുടെയും ശിവസേനയുടെയും എതിർപ്പ് ഇത് ഹിന്ദുമതത്തെ ബാധിക്കും എന്നായിരുന്നു. (നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? അന്നത്തെ കോൺഗ്രസ്സ് എൻ സി പി ഗവണ്മെന്റ് ഈ നിയമം കൊണ്ടുവരാൻ മടിച്ചു. 2013-ൽ ധബോൽക്കറിനെ വെടിവെച്ച് കൊന്നശേഷമാണ് നിയമം ഓർഡിനൻസാക്കിയതും പിന്നീട് നിയമസഭയിൽ പാസാക്കിയതും. ബിജെപി അധികാരത്തിൽ വന്നശേഷവും നിയമം പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ഒരു നിയമം വരുന്നതിൽ വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ തിരിച്ചറിയാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോണ്ടോ എന്ന ചോദ്യം ആവർത്തിക്കുന്നു. മഹാരാഷ്ട്രയുടെ സാഹചര്യത്തിൽ ആവശ്യമുള്ള പ്രത്യേക പ്രവൃത്തികളാണ് നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ മറ്റ് ചില പ്രവൃത്തികളാവും നിരോധിക്കേണ്ടി വരിക. ഇങ്ങനെ ഒരു നിയമം കേരളത്തിലും വരണം എന്ന ശക്തമായ ആഗ്രഹമുണ്ട്. ഇതിലെ പല പ്രവൃത്തികളും കേരളത്തിൽ ഇപ്പോൾ നടന്നാൽ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ പോലും വകുപ്പില്ല. ഇത്തരം ക്രിമിനലുകളെ മുളയിലേ നുള്ളാൻ ഇത്തരം നിയമം കൊണ്ട് സാധിച്ചേയ്ക്കും.