ഇതിഹാസത്തിലെ രാമരാജ്യത്തിന്റെ പ്രൗഢിയും സമ്പന്നതയും വൃത്തിയും ഇല്ലാത്ത അയോദ്ധ്യ

1344

രാജേഷ് കിഴിശ്ശേരി

2007ലായിരുന്നു ഞാൻ അയോധ്യയിലേക്ക് ചെന്നത്. പാവപ്പെട്ട ഹിന്ദുക്കളുടേയും മുസ്ളീങ്ങളുടേയും ഒരു ചെറുപട്ടണമാണ് അയോധ്യ .പുകയിലയുടേയും, കടുകെണ്ണയുടേയും, മനുഷ്യമാലിന്യങ്ങളുടേയും നറുമണമുള്ള അയോധ്യ. നായ്ക്കളും, പന്നികളും, മനുഷ്യക്കുട്ടികളും ഏകോദര സഹോദരങ്ങളായ് തെരുവിൽ കുത്തിമറിയുന്ന സമത്വസുന്ദരമായ അയോധ്യ. നിരനിരയായ ചെറിയ ലൈൻ വീടുകളിൽ നിന്നും എന്റെ പാന്റിന്റെ മുഴയെ നോക്കി കുപ്പി വളകൾ കിലുക്കുന്ന കടും ചുവപ്പ് അധരങ്ങളും,കാലിൽ വരട്ടു ചൊറിയുമുള്ള സുന്ദരിമാരുടെ അയോധ്യ .

‘ഓ മാമാ ഓ ഭയ്യാ കുഛ് പേസാ ദീജിയേ ‘ എന്നും പറഞ്ഞ് നമ്മെ കെട്ടിപ്പിടിച്ച് കയ്യിലെ രോമം തലോടി നുമ്മളെ കമ്പിയാക്കുന്ന ഹിജഡകളുടെ അയോധ്യ .പൈസ കൊടുത്താൽ നമ്മെ വിട്ടു പോവുകയും കൊടുത്തില്ലെങ്കിൽ അവരുടെ ആടിക്കുഴഞ്ഞ മൂത്രാവയവം നമ്മെ കാണിച്ച് കൊഞ്ഞനം കുത്തുകയും തരം കിട്ടിയാൽ നമ്മുടെ ലിംഗത്തിൽ പിടിക്കുകയും ചെയ്യുന്ന വിചിത്ര ജൻമങ്ങളുടെ അയോധ്യ.vചൂടൻ കാരറ്റ് ഹൽവ, വലിയ സമൂസ, ആലു പറാഠ ഇവ നമ്മുടെ രസമുകുളങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്ന വൈകുന്നേരങ്ങളുടെ അയോധ്യ.

ഭാംഗിന്റെ ചെറു ഉണ്ടകൾ ചെറിയ മൺപാത്രത്തിലെ പാലിൽ ചാടി ആത്മഹത്യ ചെയ്ത് നമ്മുടെ ആമാശയത്തിന്റെ അന്തരാളങ്ങളിൽ ചെന്ന് പുനർജനിച്ച് നമ്മെ ഒരു പുരാതന ദർഗയുടെ കോണിൽ ഉപേക്ഷിച്ച് രണ്ടു മണിക്കൂർ നേരത്തേക്ക് ആത്മാവിനെ മാത്രം ദൈവസന്നിധിയിലെത്തിച്ച് ആത്മീയ മോക്ഷം പ്രദാനം ചെയ്യുന്ന സ്വർഗീയമായ അയോധ്യ.സന്യാസിമാരുടേയും ഫകീർമാരുടേയും അയോധ്യ .
കള്ളൻമാരുടേയും ,പെൺവേശ്യകളുടേയും, ആൺവേശ്യമാരുടേയും അയോധ്യ .രത്നവ്യാപാരികളുടേയും സമ്പന്ന ഹിന്ദു – മുസ്ളീം വർത്തക പ്രമാണിമാരുടേയു അയോധ്യ. ചിലയിടങ്ങളിൽ പതുക്കെ ഞങ്ങളും ഉണ്ടേ എന്ന ക്ഷമാപണത്തോടെ തലനീട്ടുന്ന AlTUC/ CITU / CPI(M), CPI ചെങ്കൊടികളുടെ അയോധ്യ. ഒരു കാലത്ത് ആ കൊടികൾ നെഞ്ചുറപ്പോടെ പാറിപ്പറന്നിരുന്ന പട്ടണം തന്നെയായിരുന്ന ചുവന്ന അയോധ്യ!

അറിയപ്പെടുന്നവരും, പെടാത്തവരുമായ അനേകം ഹിന്ദി / ഉർദു കവികൾ കഞ്ചാവടിച്ച് അലഞ്ഞു തിരിഞ്ഞ അയോധ്യയുടെ പൊടി നിറഞ്ഞ ചരിത്രത്തിലൂടെ ഞാനിങ്ങനെ നടക്കുന്ന നേരത്ത് ചിലരോടൊക്കെ മന്ദിർ – മസ്ജിദ് തർക്കത്തെ പറ്റി മെല്ലെ ആരായുന്നേരം അവർ വെറുതെ ചിരിക്കുക മാത്രം ചെയ്യും.’റോസി റോട്ടി കേ സവാൽ’ അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലുകാരായ ആ ജനതയ്ക്ക് എന്ത് മന്ദിർ ?എന്ത് മസ്ജിദ് ? അവ ഇമാറത്തുകൾ ( കെട്ടിടങ്ങൾ ) മാത്രം!

അയുദ്ധ (യുദ്ധമില്ലാത്തത് ) എന്നാണത്രേ അയോദ്ധ്യയെന്ന പദത്തിന്റെ അർത്ഥം !
ഹിന്ദി ഭാഷാപിതാവായ മാലിക് മുഹമ്മദ് ജായസി ആണ് ആ പേര് രാമായണത്തിൽ നിന്നും കണ്ടെടുത്തതെന്ന് കേൾക്കുന്നു. അതിനു മുമ്പ് ‘അവധ്’ ആയിരുന്നു.പാവങ്ങളായ ഹിന്ദു – മുസ്ളീം ജനത തങ്ങളുടെ ജൻമനാട് തന്നെയാണ് ശ്രീരാമചന്ദ്രന്റെയും ജനന സ്ഥലം എന്നു തന്നെയത്രേ വിശ്വസിക്കുന്നത് !
ചില സൂഫികൾ രാമൻ കളിച്ചു, ഭരതൻ കുളിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് ചില മൈതാനങ്ങളും, കുളങ്ങളുമൊക്കെ നമുക്ക് കാണിച്ചു തരും. അതൊക്കെ നമ്മുടെ അയൽപക്കത്തും ഉള്ളതിനാൽ രാമലക്ഷമണൻമാരെ അയോധ്യക്കാർക്ക് മാത്രമായ് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഞാൻ ഇങ്ങനെ പറയും “ഫകീർ സാബ് രാമചന്ദ്രൻ ഇരുന്ന പാറ എന്റെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത് “.ഫകീർ ദേഷ്യത്തോടെ നോക്കും നേരം നുമ്മ പറയും “വിരോധമില്ലെങ്കിൽ ഒരു ബീഡി തരൂ”

ധാരാളം അഖാഡകളും, ആശ്രമങ്ങളും അയോധ്യയെ അലങ്കരിക്കുന്നു.ചെറുമന്ദിറുകൾ, ഗുരുദ്വാരകൾ അവിടെ പൂജാവസ്തുക്കൾ കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ .പഴയ പള്ളികൾ അടിച്ചു തളിച്ച് വൃത്തിയാക്കുന്ന ഹൈന്ദവർ .സൂഫി ഫകീർമാരുടെ കാൽ തൊട്ടു വന്ദിക്കുന്ന ബ്രാഹ്മണരും, സന്യാസിമാരും ! ഇതാണ് അയോധ്യ .വരാനിരിക്കുന്ന സർക്കാർ മന്ദിറും, മസ്ജിദും അവരുടെ ആവേശമായിരിക്കില്ല തന്നെ! റോസി റോട്ടീ കീ സവാലിനിടയിൽ എന്ത് മന്ദിർ? എന്ത് മസ്ജിദ് ?

എല്ലാം രാഷ്ട്രതന്ത്ര (Politics) മാണെന്ന് പാവങ്ങൾക്കറിയാം. പൂർവാപരസംസ്കാര സമ്പന്നരായ അവർ പൊട്ടൻമാരാണെന്ന നാഗരിക തോന്നൽ മാത്രമാണ് അപകടകരം. എങ്കിലും അർദ്ധ പട്ടിണിക്കിടയിൽ കലാപങ്ങളുണ്ടാകരുതേ എന്നവർ ആശിക്കാറുണ്ട്. മന്ദിറും, മസ്ജിദും ഇനി വീണ്ടും സ്ഥാപിക്കപ്പെട്ടാൽ അതൊഴിവാകുമെന്നു തന്നെയായിരിക്കും ചെറു പൈതങ്ങളെ മാറോടണച്ചുപിടിച്ച് അവർ ഏകേശ്വരനോട് ഇന്ന് പ്രാർത്ഥിക്കുക. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം. AD 1500നു മുമ്പോ തേത്രായുഗമോ ദശരഥ രാജാവിന്റെ രാജധാനിയോ അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ ഒരുവളായ കൗസല്യയുടെ ഗർഭഗൃഹമോ, അവിടെ പിറന്നു വീണ ശ്രീരാമചന്ദ്രന്റെ ജൻമസ്ഥലമോ, മരുമകളായിരുന്ന സീതയുടെ അടുക്കളയോ ഇനി ചർച്ചാ വിഷയമാകേണ്ടതില്ല.

കവികൂടിയായിരുന്ന ബാബർ ചക്രവർത്തി നിർമിച്ച പള്ളിയോ AD 1992 ൽ ഒരു കൂട്ടം കലാപകാരികളാൽ അത് തകർക്കപ്പെട്ടതോ അല്ല ഇനിയും ചർവ്വിത ചർവണമാകേണ്ടത് പകരം അയോധ്യയിലെ മനുഷ്യരും, അവരുടെ പൂട്ടിക്കിടക്കുന്ന ചെറുകിട വ്യവസായങ്ങളും, ഉഴുതുമറിക്കപ്പെടാത്ത ഗോതമ്പു പാടങ്ങളുമാകട്ടെ ഇനിയുളള ചർച്ച. അവർക്കുള്ളത് ഭൗതീക ദാരിദ്യം മാത്രമാണ്. ആത്മീയതയിൽ സമ്പന്നരാണവർ !എന്തെല്ലാം മറന്നു നാം. ആ അനുഗ്രഹം ഇനിയും പിന്തുടരുമാറാകട്ടെ.