പ്രവാസി = കൊറോണ പടർത്തുന്നവൻ…!

92

പ്രവാസി = കൊറോണ പടർത്തുന്നവൻ…!

Rajesh Krishna

 

ചുരുങ്ങിയ സമയം കൊണ്ടാണ് കേരളത്തിന് ഏറ്റവും പ്രിയപെട്ടവനായിരുന്ന പ്രവാസി ഏറ്റവും അനഭിമതനായത്…! കാര്യ ഗൗരവമില്ലാതെ അശ്രദ്ധയിൽ രോഗം പടർത്തിയ ഇറ്റലിക്കാരനെ മുതൽ ലണ്ടനിൽ നിന്നെത്തിയ എന്നെ വരെ ‘ഊരുവിലക്കി’ കഴിഞ്ഞു.ചില കളങ്ങളെപ്പറ്റി പണ്ടെപ്പോഴോ ഞാൻ എഴുതിയത് ഇന്നലെ ഓർമ്മ വന്നു. നമ്മൾ എല്ലാവരും കളങ്ങളാണ് എനിക്കു ചുറ്റും ഞാൻ നിമ്മിക്കുകയും തകർക്കുകയും ചെയ്യുന്ന കളങ്ങൾ. ‘ഞാൻ’ എന്ന എന്നെ സംരക്ഷിക്കാൻ സൗകര്യപൂർവ്വം ഞാൻ തന്നെ കെട്ടി ഉയർത്തുകയും തകർക്കുകയും ചെയ്യുന്ന ഉയർന്ന ഭിത്തികളുള്ള കളങ്ങൾ. അകത്തേക്ക് ആർക്കും പ്രവേശനമില്ല.
അത് ഇങ്ങനെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഞാൻ എന്ന പരമപ്രധാനമായ കളം, എന്റെ ഭാര്യ / ഭർത്താവ് കുട്ടികൾ എന്ന സുപ്രധാനമായ കളം, അതിന് പുറത്ത് മാതാപിതാക്കൾ സഹോദരീ സഹോദരൻമാർ എന്ന കളം, അടുത്ത ബന്ധുക്കളുടെ കളമാണ് പിന്നെ. ഇനിയുള്ള സുഹൃത്തുക്കൾ അയൽക്കാർ സമൂഹം എന്ന കളങ്ങൾ . പക്ഷെ മുമ്പ് പറഞ്ഞ പോലെ ‘ഞാൻ’ എന്ന സ്വാർത്ഥതയ്ക്കാണ് പ്രഥമസ്ഥാനം.ഇന്നവ തകർക്കുന്ന കാലമാണ്, ഈ കൊറോണക്കാലം. ഈ രോഗത്തിന്റെ ചെയിൻ ബ്രേക്ക് ചെയ്യുക തന്നെ വേണം. പ്രളയകാലത്ത് പരസ്പരം ചേർത്തുപിടിച്ച നമ്മൾ മനസ്സുകൊണ്ടെങ്കിലും നമ്മുടെ അയൽക്കാരനെ ചേർത്തുപിടിക്കണം.
നിങ്ങളെയും എന്നെയും പോലെ ദുരഭിമാനിയാണ് ഏതൊരു മലയാളിയും, അവൻ പറഞ്ഞില്ലെങ്കിലും നമ്മൾ ,
ഒന്ന്, ഒന്ന് മാത്രം ഉറപ്പാക്കണം.
നിങ്ങളുടെ അതിരിനപ്പുറമുള്ളവരുടെ അടുപ്പെരിയുന്നുണ്ടെന്ന്…!
ഞാൻ സ്വയം ക്വാറന്റയിനിൽ കഴിയുന്ന ഫ്ലാറ്റിലെ അസോസിയേഷൻ ഏമാൻമാരിൽ നിന്ന് വരെ ഈ വേർതിരിവ് നേരിട്ടറിഞ്ഞു കഴിഞ്ഞു. അതിനെപ്പറ്റി പിന്നീട് എഴുതാം.
വിസിറ്റ് വിസയിൽ ജോലി തേടിവരുന്ന അതിഥികളെ ഉള്ളതിൽ മികച്ച സ്ഥലത്ത് കിടത്തി. ഉള്ള പങ്ക് നല്ല ഭക്ഷണം കൊടുത്ത് സ്വയം ഇല്ലായ്മയിൽ ഒതുങ്ങിക്കൂടി സ്വീകരിച്ചിട്ടില്ലാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.
വെറും നിലത്തും ബങ്ക് ബെഡിലും കിടന്നു ഞങ്ങൾക്ക് ശീലമാണ്. കാരണം അങ്ങനെ കിടക്കുമ്പോഴും ഞങ്ങൾ ആശ്വസിക്കുന്നത് നിങ്ങൾ അടക്കം ഞങ്ങളുടെ കുടുംബം സുഖമായി സുരക്ഷിതമായി സ്വകാര്യതയുള്ള വൃത്തിയും വെടിപ്പുമുള്ള മുറിയിൽ കിടക്കുന്നു എന്നതാണ്. ഞങ്ങൾ ഒരു പെരുന്നാളിന് വേണ്ടി കാത്തിരിക്കുമ്പോൾ നിങ്ങളുടെ ജീവിതം എന്നും പെരുന്നാൾ ആക്കി മാറ്റാൻ കഷ്ടപ്പെടുകയാണെന്ന് മറക്കരുത്.
പ്രവാസിയെ ഇന്ന് പുഛിക്കുന്നവർ ഒന്ന് സ്വയം തിരിഞ്ഞു നോക്കുന്നതും നന്നാവും. എല്ലുമുറിയെ പണിയെടുത്ത് നാടിനും നാട്ടാർക്കും ആവുന്നതിലേറെ കൊടുത്തിട്ടു തന്നെയാണ് പ്രവാസികൾ തലയുയർത്തി നിൽക്കുന്നത്. ഒന്നോരണ്ടോ ആളുകൾ കാട്ടിക്കൂട്ടിയ മണ്ടത്തരത്തിന് പ്രവാസി സമൂഹത്തെ നിങ്ങൾ അടച്ചാക്ഷേപിക്കരുത്.ദയവായി പ്രവാസിയുടെ ഏകാന്തതയുടെ തൂക്കം നോക്കരുത്. പ്രവാസത്തിനപ്പുറം എന്ത് ‘ഐസൊലേഷ’നാണ് നിങ്ങൾ വിധിക്കുക.
വേണ്ടപ്പെട്ടവരെ എല്ലാം ഉപേക്ഷിച്ച്, പ്രിയപ്പെട്ടതെല്ലാം ഉള്ളിലൊതുക്കി പാടവും പറമ്പും പുഴയും പുല്ലും പുൽക്കൊടിയുമെല്ലാം നെഞ്ചിലൊതുക്കി നിങ്ങൾക്കോരോരുത്തർക്കുമായുള്ള സ്വയം വരിച്ച ‘കൊറോണ’ക്കാലങ്ങൾക്കപ്പുറം എന്ത് ഏകാന്ത തടവാണ് ഞങ്ങൾക്കായി നിങ്ങൾക്ക് വിധിക്കാനാവുക.
പ്രവാസിയോട് ഒരു വാക്ക്, മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന നമ്മളെ നാട്ടിലേക്ക് സ്വീകരിക്കുന്നില്ല എന്ന നിലപാടിലും രാഷ്ട്രീയം കലർത്തി കേന്ദ്ര സർക്കാരിനെ ഈ അവസരത്തിൽ കുറ്റപ്പെടുത്തുന്നതിനോടും യോജിപ്പില്ല. കാരണം അതൊരു ഇന്റർനാഷണൽ പ്രോട്ടോക്കോളാണ്. രോഗികൾ അതാത് രാജ്യങ്ങളിൽ തന്നെ ചികിത്സ തേടി ഭേദമാകുന്നതാണ് നല്ലത്. രോഗം വന്നവരെ സ്വീകരിക്കാത്ത ജാപ്പനീസ് ആഡംബര കപ്പലിലെ ആളുകളെ നമ്മൾ കണ്ടതാണ്.നമ്മളോരോരുത്തരും ഈ ത്യാഗം കൂടി സഹിക്കേണ്ടതായുണ്ട്. അതാത് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനത്തിന്റെ നെടും തൂണായിരിക്കുന്ന എല്ലാ മലയാളി ഹെൽത്ത് കെയർ സ്റ്റാഫിനും ബിഗ് സല്യൂട്ട്…!!
നമ്മൾ എപ്പോഴുംഅഭിമാനത്തോടെ പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു ചന്ദ്രനിൽ വരെ ഒരു മലയാളി ഉണ്ടെന്ന് ഇന്ന് അതേ ജാഗ്രതയോടെ നമ്മൾ പറയേണ്ടിവരും ലോകത്തിലെ അവസാനം കൊറോണ രോഗി സുഖപ്പെടുന്നതുവരെ കേരളം ജാഗ്രതയിൽ തന്നെ ഇരിക്കണം. കാരണം ലോകത്തിൻറെ ഏതു കോണിൽ നിന്നും രോഗവാഹകരായി ഒരു മലയാളി അവന്റെ വീട്ടിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ട്.
ഇനി ഞാൻ പോസിറ്റീവായാൽ തന്നെ ഒരു കാര്യം നെഞ്ചിൽ കൈവച്ച് ഉറക്കെ, അഭിമാനത്തോടെ പറയാൻ കഴിയും, ഞാനീ ചങ്ങല പൊട്ടിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതു മുതൽ ഒരാളുമായും നേരിട്ട് ബന്ധം വച്ചില്ല. ബാക്കി ജൽപ്പനങ്ങൾക്ക് മറുപടി പറയും ഇന്നല്ല, നമ്മൾ അതിജീവിച്ചു കഴിഞ്ഞ്.
വലിച്ച് പൊട്ടിച്ചിട്ടുണ്ട് ഈ ചങ്ങല …!!!
എന്ന്
‘തൽക്കാലം’ ആർക്കും വേണ്ടാത്ത ഒരു പ്രവാസി …
Advertisements