Entertainment
ഈ പ്രണയജോഡിയെ ഓർമ്മയുണ്ടോ ?

ഈ പ്രണയജോഡിയെ ഓർമ്മയുണ്ടോ ?
രാജേഷ് കുമാർ
1986ൽ ആണ് ഫാസിലിൻറ ‘എന്നെന്നും കണ്ണേട്ടൻറെ’ എന്ന ചിത്രം റിലീസാവുന്നത്..പുതുമുഖങ്ങളായ സംഗീത്,സോണിയ എന്നിവരായിരുന്നു നായികാനായകൻമാർ.സൗഹൃദവും കാവും തറവാടും ഗ്രാമാന്തരീക്ഷവും നിറഞ്ഞ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ.അതും ഒരു കൂട്ടു കുടുംബത്തിലെ രണ്ടുപേർ തമ്മിൽ..കണ്ണനും മുറപ്പെണ്ണായ രാധികയും തമ്മിൽ.. ഒരു ഒഴിവുകാലം തറവാട്ടിലെത്തിയ ആ രണ്ടു പേരുടെയും ഇടയിൽ മൊട്ടിടുന്ന പ്രണയവല്ലരി കുടുംബത്തിനകത്തായിട്ടു പോലും രാധികയുടെ അച്ഛനമ്മമാർക്ക് അംഗീകരിക്കാനാവുന്നില്ല..ഒടുവിൽ ഒരു തൂവാലയിൽ കണ്ണനോടുള്ള പ്രണയം തുന്നിചേർത്ത് ട്രെയിനിൽ അവൾ മടങ്ങുമ്പോൾ അതിനു പിന്നാലെ ഓടിയെത്തിയ കണ്ണനു മുമ്പിൽ അവൻ കാണാതെ അത് വന്നു ചേരുന്നിടത്ത് ‘എന്നെന്നും കണ്ണേട്ടൻറെ’ അവസാനിക്കുന്നു.
അമ്മയും,മുത്തശ്ശനും ,ചെറിയമ്മയുമായി കണ്ണനുള്ള ഊഷ്മളമായ സ്നേഹനൈർമല്യങ്ങൾ ചിത്രത്തിന് മിഴിവേകി..ശ്രീവിദ്യ അമ്മയായപ്പോൾ ജലജയായിരുന്നു ചെറിയമ്മ..ശ്രീവിദ്യയുടെ അമ്മവേഷം ഔട്ട്സ്റ്റാൻറിംഗ് പെർഫോർമൻസ് ആയിരുന്നു. ദുഃഖപുത്രി ഇമേജിലും ഒരു പ്രത്യേക നായികാവേഷങ്ങളിലും കൂടുതൽ തിളങ്ങിയ ജലജയ്ക്ക് വളരെ ഭംഗിയേറിയ ഒരു കഥാപാത്രം തന്നെയാണ് ഫാസിൽ നൽകിയത്.
കണ്ണനെ അവതരിപ്പിച്ച സംഗീതിനും ചെറിയമ്മയായ ജലജയ്ക്കും സിനിമയ്ക്കപ്പുറം ഒരു നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവല്ലോ എന്ന് തോന്നിയിരുന്നു..ഈയ്യീടെ സംഗീതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് അറിയുന്നത് യഥാർത്ഥത്തിൽ സംഗീതിൻറെ അപ്പച്ചി തന്നെയാണ് ജലജചേച്ചി എന്ന്..തുടർന്ന് സിനിമയിൽ അശ്ശേഷം താൽപ്പര്യം കാട്ടാതിരുന്ന സംഗീത് ഇപ്പോൾ കുടുംബത്തോടൊപ്പം U.S.A യിൽ ആണ്.
രാധികയെ അവതരിപ്പിച്ച സോണിയ.G.നായരുടെ പിതാവ് ഫാസിലിൻറ നാട്ടുകാരനും സുഹുത്തുമായിരുന്നു..അങ്ങനെയാണ് അവരും ആ ചിത്രത്തിൽ എത്തുന്നത്.സോണിയ പിന്നീട് പഠനത്തിനും നൃത്തത്തിനും മുൻതൂക്കം നൽകി..ഇടയ്ക്ക് ദൂരദർശൻറെ ആദ്യകാല സീരിയലായ ‘ശരറാന്തൽ’ എന്ന സീരിയലിൽ നായികയായി..ആസ്ത്രേലിയയിൽ നൃത്ത വിദ്യാലയം നടത്തുന്ന സോണിയ പെർഫോർമിംഗ് ആർട്ട്സിൽ ഗവേഷണം നടത്തിയിട്ടുണ്ട്..
കൈതപ്രം ആദ്യമായി സിനിമയിൽ അരങ്ങേറിയതും ഈ ചിത്രത്തിലൂടെയാണ്..ദേവദുന്ദുഭി സാന്ദ്രലയം,പൂവട്ടക തട്ടി ചിന്നി..എന്നീ മനോഹരഗാനങ്ങൾ എവർഗ്രീൻ ഹിറ്റ്സ് ആണ്..ഫാസിലിൻറ മഞ്ഞിൽ വിരിഞ്ഞപൂക്കളിലെയും,മാമാട്ടിക്കുട്ടിയമ്മയിലെയും ഗാനങ്ങൾ ഹിറ്റാക്കിയ ജെറി അമൽദേവ് ആയിരുന്നു സംഗീത സംവിധായകൻ.
മണിച്ചിത്രത്താഴിൻറെ തിരക്കഥയെഴുതിയ മധു മുട്ടത്തിൻറേതായിരുന്നു കഥ. തിലകൻ, ഉമ്മർ, സുകുമാരി, നെടുമുടി വേണു ,അപ്പാഹാജ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.പടം വളരെ നന്നായിട്ടും ഈ ചിത്രം തിയേറ്റർ ഹിറ്റായില്ല! എങ്കിലും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.ഈ ചിത്രത്തിനേറ്റ പരാജയം തമിഴിൽ റീമേക്ക് ചെയ്യാൻ ഫാസിലിനെ പ്രേരിപ്പിച്ചു.
കാർത്തിക്കിനെ നായകനാക്കിയും അന്ന് താരതമ്യേന പുതുമുഖമായ ഖുശ്ബുവിനെ നായികയാക്കിയും ‘വർഷം-16’ എന്ന പേരിൽ ചിത്രം പുനർനിർമ്മിക്കപ്പെട്ടപ്പോൾ മെഗാ ഹിറ്റായി. ഖുശ്ബു ആദ്യമായി വിജയ നായികയായതും ആ ചിത്രത്തിലൂടെ തന്നെ! അതോടെ ഏറെ പ്രതീക്ഷയോടെ ചെയ്ത മലയാള പതിപ്പിന്റെ പരാജയം തീർത്ത ദുഃഖം ഒരു പരിധിവരെ ഫാസിലിന് മറക്കാനും കഴിഞ്ഞു .
1,040 total views, 4 views today