നിലപാടുതറയേറാത്ത മാമാങ്കം

222

Rajesh Kumar

നിലപാടുതറയേറാത്ത മാമാങ്കം

മാമാങ്കം സിനിമയെ ഒറ്റവാക്കില്‍നമുക്ക് നിലപാടുതറയേറാത്ത കെട്ടുകാഴ്ചയെന്നു വിശേഷിപ്പിക്കാം. മാമാങ്കത്തിന്റെ ചരിത്രത്തില്‍ ചാവേറുകള്‍ക്ക് നിലപാടുതറ അത്രമേല്‍ വിശിഷ്ടമാണ്. തിരുമാന്ധാംകുന്നിലെ നിലപാടുതറയില്‍ പ്രാര്‍ഥിക്കുന്ന ചാവേറുകള്‍ തിരുനാവായയില്‍ സാമൂതിരിയിരിക്കുന്ന നിലപാടുതറ (മണിത്തറ)യിലെത്തി അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുന്നതാണല്ലോ മാമാങ്കത്തിന്റെ ചരിത്രം.

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ലേബലില്‍ ബ്രഹ്മാണ്ഡ റിലീസായി വന്ന മാമാങ്കം സിനിമയ്ക്ക് ശരിയായ നിലപാടുതറയൊരുക്കാന്‍ സംവിധായകനു സാധിച്ചില്ല. ഭേദപ്പെട്ട ഒരു തിരക്കഥയുണ്ടായിട്ടും അതിനു മുകളിലേക്കെത്തുന്ന മികവ് പുലര്‍ത്താന്‍ പദ്മകുമാറിനായില്ല. സംഭാഷണങ്ങളിലെ അസ്വാഭാവികതയും ദൈര്‍ഘ്യവും കല്ലുകടിയാകുന്നുണ്ട്. മമ്മൂട്ടിയുടെ പ്രകടനം വളരെമികച്ചുനില്‍ക്കുന്നു എന്നു തന്നെ പറയാം. സ്ത്രീവേഷത്തിലെ ചില ചേഷ്ടകള്‍ രസിപ്പിക്കുന്നുമുണ്ട്. ഡാന്‍സിലെ ഭാവങ്ങള്‍ അഹംഭാവം ആയില്ലേ എന്ന സംശയം മാത്രം.

സംഘട്ടനരംഗങ്ങളിലെ ശരാശരിയിലും താഴെയുള്ള മികവ് സിനിമയെ പിന്നോട്ടടിക്കുന്നു. റോപ്പിലുയര്‍ത്തിയ മമ്മൂട്ടിയെക്കൊണ്ട് ചെയ്യിക്കുന്ന ‘പാതകങ്ങള്‍’ അരോചകമായി. മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനിലെ സംഘട്ടനരംഗം ആരാധകര്‍ക്കുപോലും ഇഷ്ടപ്പെട്ടുകാണുമോ എന്നു സംശയമാണ്.

സ്ത്രീ കഥാപാത്രങ്ങള്‍ ഇത്രമേല്‍ അപ്രസക്തമായ ഒരുസിനിമ അടുത്തകാലത്തുണ്ടോ എന്നുപോലും സംശയിച്ചുപോകും. പ്രാചി തെഹ്‌ലാനും ഇനിയയും ‘വേഷംകെട്ടാതെ’സിനിമയ്ക്ക് എരിവുകൂട്ടാന്‍ മാത്രമാകുമ്പോള്‍ കനിഹയും അനുസിതാരയും ‘വേഷംകെട്ടി’വന്നുപോകുന്നു. മമ്മൂട്ടിയുടെ കഥാപാത്രമായ പണിക്കര്‍ തുടക്കത്തില്‍ വന്നുപോയശേഷം ഏതാണ്ട് മുക്കാല്‍ മണിക്കൂറിനുശേഷമാണ് വീണ്ടുമെത്തുന്നത്. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതില്‍ സിനിമ വലിയ പരാജയമാണ്. ബഡ്ജറ്റിന്റെ പരിമിതിയാണോ സംവിധായകന്റെ കൈയടക്കമില്ലായ്മയാണോ പല സീനുകളും വളരെ അമച്വറായി തോന്നി.

രണ്ടാംപകുതിയിലേക്കു വരുമ്പോള്‍ അതിനാടകീയതയും ലാഗും ക്ഷമ പരീക്ഷിക്കും. ആശ്വാസമായുള്ളത് അച്യുത് എന്ന പയ്യന്റെ പ്രകടനമാണ്. അവസാനത്തെ സംഘട്ടനരംഗങ്ങള്‍ മികവുപുലര്‍ത്തി. ഉണ്ണി മുകുന്ദന് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയത് നിരാശാജനകമാണ്.

ഈ സ്‌ക്രിപ്റ്റ് ഹരിഹരനോ പ്രിയദര്‍ശനോ ചെയ്തിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചാണ് തിയേറ്റര്‍വിട്ടത്. ഇത്രവലിയ പെരുമ്പറമുഴക്കി വന്ന ഒരു സിനിമ ശരാശരിയിലൊതുങ്ങിപ്പോയതിലുള്ള നിരാശതന്നെയാണ് എഴുത്തിനാധാരം. ഈ സ്‌ക്രിപ്റ്റാണോ സജീവ് പിള്ള 10-12 വര്‍ഷമെടുത്ത് എഴുതിയത്? അതോ ഈ സ്‌ക്രിപ്റ്റ് പൊളിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ ഇങ്ങനെയാക്കിയതാണോ?

വാല്‍ക്കഷണം: സിനിമയെക്കുറിച്ച് മോശമെഴുതിയാല്‍… അക്കൗണ്ട് പൂട്ടിക്കുമെന്ന ഭീഷണിയുണ്ട്..നിലപാടുതറയില്‍വച്ചുള്ള പ്രാര്‍ഥനയാണ്.. കളരിപരമ്പരദൈവങ്ങളെ കാത്തോളണേ…പിന്നെ മാമാങ്കകാലത്ത് ഇല്ലാതിരുന്ന അഭിപ്രായസ്വാതന്ത്ര്യം ഇപ്പോള്‍ നല്‍കേണ്ടതുണ്ടോ ല്ലേ..?