ചാതുർവർണ്യത്തിന്റെ പുനഃസൃഷ്ടിയ്ക്ക് ചിലർക്ക് പ്രചോദനം വേദങ്ങളും മനുസ്മൃതിയും

553


Rajesh Kunjuraman എഴുതുന്നു
Rajesh Kunjuraman
Rajesh Kunjuraman

എന്തുകൊണ്ടാണ് ചാതുർവർണ്യത്തിന്റെ പുനഃസൃഷ്ടിക്കായി പലരും മിനക്കെടുകയും അതിന്നായി ആശയ പ്രചാരണങ്ങൾ നടത്തുകയും സനാതന ധർമ്മ സംഹിതകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം ?.
തത്വത്തിൽ ചാതുർവർണ്യ വ്യവസ്‌ഥ പ്രതിപാദിക്കുന്ന ഋഗ്ഗ്വേദ വരികൾ ഇങ്ങനെയാണ് .
ബ്രാഹ്മണോസ്യ മുഖമാസീദ്ഃ 
ബാഹൂരാജന്യഃ കൃതഃ 
ഊരു തദസ്യ യദ്വൈശ്യഃ 
പദ്ഭ്യാം ശൂദ്രോ അജായതഃ 
സമാന അർത്ഥം വരുന്നത് യജുർവേദത്തിലും ഉണ്ടെന്നു കാണാം …

ബ്രഹ്‌മണേ ബ്രാഹ്മണം 
ക്ഷത്രായ രാജന്യം 
മരുദ്ഭ്യോ വൈശ്യം 
തപസേ ശൂദ്രം …..
എന്നാൽ മനുസ്മൃതിയിൽ ശൂദ്രന്റെ യഥാർത്ഥ കർമ്മം വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ് …
” ഏകമേവ തു ശൂദ്രസ്യ
പ്രഭുഃകർമ സമാദിശത് 
ഏതേഷാമേവ വർണാനാം 
ശുശ്രൂഷാമനസൂയയാ ‘ ‘(1-91)
അതായത് —ബ്രഹ്മാവ് ശൂദ്രന് ഒരു കർമ്മം മാത്രമേ വിധിച്ചിട്ടുള്ളൂ,അത് മറ്റു മൂന്നു വർണ്ണങ്ങളിൽപെട്ടവരെ അസൂയയില്ലാതെ സേവിക്കുക — എന്നതാണ് . എന്നാൽ ആരാണ് ശൂദ്രർ ?എന്നൊരു സംശയം മനസ്സിലുണ്ടാകാം …സ്മൃതിയിൽ ചില ആളുകളെ നിസ്സംശയം പറയുന്നതു നോക്കുക ……
”പൗണ്ഡ്രകാശ്ചൗഡ്രദ്രവിഡാഃ 
കാംബോജാ യവനഃ ശകാഃ 
പാരദാഃ പഹ്ലവാശ്ചീനാഃ 
കിരാതാ ദരദാഃ ഖശാഃ ”(10-44)
അപ്പോൾ മനുസ്മൃതി പ്രകാരം ദ്രാവിഡർ ശൂദ്രർ ആണ് . അപ്പോൾ ബ്രാഹ്മണർ ആരാണ് എന്നൊരു സംശയം (?) ഉണ്ടാകണമല്ലോ …
” ബ്രാഹ്മണഃ സംഭവേനൈവ 
ദേവാനമപി ദൈവതം 
പ്രമാണം ചൈവ ലോകസ്യ 
ബ്രഹ്മാത്രൈവ ഹി കാരണം ”(11-84)
അതായത് ”ബ്രാഹ്മണൻ ജന്മം കൊണ്ട് തന്നെ ദേവന്മാർക്ക് കൂടി പൂജാർഹനാണ് .മനുഷ്യർക്ക് ബ്രാഹ്മണൻ ആണ് പ്രമാണം .എന്തെന്നാൽ അവന്റെ ഉപദേശത്തിന് വേദസമ്മിതിയുണ്ട് ”

ഇങ്ങനെ ബ്രാഹ്മണ്യത്തിന്റെ അപ്രമാദിത്വം വിളിച്ചു പറയുന്ന ഒരുപാട് ശ്ലോകങ്ങൾ മനുസ്മൃതിയിൽ നിറഞ്ഞിരിക്കുന്നു .എന്നാൽ ആചാരങ്ങളുടെ സാംഗത്യമോ അവ പരിപാലിക്കുന്നതിനുള്ള അനുഷ്ടാനങ്ങളുടെ സാംഗത്യമോ ഒന്നും അറിയുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ആണ് / അല്ലെങ്കിൽ അറിയുന്നവർ ആട്ടിതെളിക്കുന്ന ഇടത്തേക്ക് ആണ് ”സാദാ ശൂദ്രത്വവും ദളിതത്വവും ” കീ ജയ് വിളിച്ചു കൊണ്ട് സമര ഘോഷയാത്ര നടത്തുന്നത് .ജഗദ്ഗുരു ആയ ശ്രീകൃഷ്ണനെ വെണ്ണ കട്ടവനും തുണി കട്ടവനും ആക്കി ചിത്രീകരിച്ചു ദൈവമാക്കിയ പൗരോഹിത്യം ശാസ്താവിനെ അയ്യപ്പൻ ആക്കിയും ബ്രഹ്മചാരി ആക്കിയും ലാഭമുണ്ടാക്കുമ്പോൾ ബ്രഹ്മത്തെ അറിഞ്ഞവർ പോലും തിരുത്താത്തത് അക്ഷന്തവ്യമായ പാതകം ആണ്‌ .”സ്ത്രീ സ്വാതന്ത്ര്യമർഹിക്കുന്നില്ല ”എന്ന സ്മൃതി സന്ദേശത്തിന്റെ പച്ചയായ ആവിഷ്കാരം അല്ലേ സ്ത്രീകളെ തന്നെ സമരം ചെയ്യിപ്പിക്കുന്ന പൗരോഹിത്യവും ശൂദ്രത്വവും ഇവിടെ നടപ്പാക്കുന്നത് .

ഒന്നുകൂടി …
ശുക മഹർഷി പരീക്ഷിത്തിനോട് ഭഗവാന്റെ അവതാര കഥകൾ പറഞ്ഞു തീർന്നതിനു ശേഷം ഇതൊന്നും സത്യമല്ല എന്നും ഭാവനാ സമ്പന്നമായ കൽപ്പിത കഥകൾ ആണെന്നും പറയുന്നുണ്ട് .

”കഥാ ഇമാസ്മതേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം 
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോ വിഭൂതീർ ന തു പാരമാർഥ്യം ”
ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചു പോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകൾ എല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് . ഒന്നും സത്യമല്ല …..(ഭാഗവതം 12-3-14)