അതി ശക്തമായ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല

17

Rajesh Mv

2000-2015 കാലഘട്ടം കേരളത്തിൽ പ്രതേകിച്ചും മലബാർ മേഖലയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഒരു ശക്തമായ കടന്നുകയറ്റങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. 1995 മുതലേ അതിലേക്കുള്ള സൂചനകൾ നൽകും വിധം unaided ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഒട്ടനവധി വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവന്നിരുന്നു. എന്റെ സ്‌കൂൾ കാലഘട്ടത്തിൽ എല്ലാം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ നിലവാരം ചെറിയ കളാസ്സുകൾ തൊട്ടേ നന്നേ കുറവായിരുന്നു. വിരലിൽ എണ്ണാവുന്ന, അന്നും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ചില അദ്ധ്യാപകർ ഒഴികെ മറ്റുള്ളവർ എല്ലാം ചടങ്ങുകൾ പോലെ വിഷയങ്ങൾ പറഞ്ഞു തീർത്തു.

കുട്ടികളിൽ പാഠഭാഗങ്ങൾ എത്രമാത്രം ഗ്രാഹ്യമായി എന്നോ ഇല്ലെങ്കിൽ വീണ്ടും അതു മനസ്സിലാക്കി കൊടുക്കുവാനോ മിക്ക അദ്ധ്യാപകരും തുനിഞ്ഞിരുന്നില്ല. രണ്ടാമതൊന്ന് ചോദിച്ചാൽ “ഇരിക്കേടാ അവിടെ” എന്നും മാർക്ക് കുറഞ്ഞു പോയാൽ “നിനക്കൊക്കെ വല്ല കൈക്കോട്ട് കിളക്കാൻ പൊയ്ക്കൂടെ” എന്നൊക്കെ പറഞ്ഞാണ് ഞങ്ങളിൽ പലരെയും കൈകാര്യം ചെയ്തിരുന്നത്.
അദ്ധ്യാപകർക്ക് നിലവാരം കുറവുള്ളതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത് എന്നു വിശ്വസിക്കുന്നില്ല. ഒട്ടും ആത്മാർത്ഥത കാണിക്കാതെ മൂല്യവത്തായ വിദ്യ ശരിയായ രീതിയിൽ പകർന്നു കൊടുത്തില്ലെങ്കിലും ഗവണ്മെന്റ് ശമ്പളം പറ്റി സുരക്ഷിതരായിരുന്നു അവർ എന്ന ചിന്തയായിരിക്കാം ഈ മൂല്യ ശോഷണത്തിനു നിദാനം.

മലബാർ മേഖലയിൽ രക്ഷിതാക്കളും പൊതുവെ നിരക്ഷരരായിരുന്നു എന്നതും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയില്ലാത്തതും ഈ അവഗണനക്ക് മാറ്റു കൂട്ടി. ഞങ്ങളുടെ നാട്ടിൽ പല സ്കൂളുകളിലെയും എസ് എസ് എൽ സി വിജയ ശതമാനം വെറും 20% ത്തിൽ താഴെ ഒക്കെയായിരുന്നു. റിസൾട്ട് വരുമ്പോൾ “എന്താടാ തോറ്റതറിയാൻ പോകുന്നില്ലേ” എന്നായിരുന്നു പൊതുസമൂഹത്തിന്റെ ചോദ്യം.
ഈ അവസ്ഥകൾ കേരളത്തിൽ, പ്രത്യേകിച്ചും മലബാറിൽ ഏറ്റവും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവ്. മുക്കിലും മൂലയിലും നിറയെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ മുളച്ചു പൊങ്ങി. 2003 മുതൽ 2008 കാലഘട്ടം വരെ നാട്ടിലെ പ്രമുഖ unaided ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു ഞാൻ. എയ്‌ഡഡ്‌/ ഗവണ്മെന്റ് സ്‌കൂളുകളുടെ മൂല്യ ശോഷണം തിരിച്ചറിഞ്ഞ ഒത്തിരി രക്ഷിതാക്കൾ അതിൽ നല്ലൊരു ശതമാനം അദ്ധ്യാപകർ പോലും അവരവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അയക്കാൻ തിക്കി തിരക്കി.

തുടർന്നുവന്ന വർഷങ്ങൾ പൊതു വിദ്യാഭ്യാസ മേഖലക്ക് കനത്ത തിരിച്ചടിയുടെ കാലഘട്ടമായിരുന്നു. കുട്ടികൾ കൂട്ടത്തോടെ unaided സ്കൂളുകളിലേക്ക് കൊഴിഞ്ഞു പോയതോടെ ലക്ഷങ്ങൾ കൊടുത്തു കയറിപ്പറ്റിയ സ്‌കൂളുകളിൽ ഡിവിഷൻ ഫാൾ ഭീഷണിയുണ്ടായി. പലർക്കും ജോലി നഷ്ട്ടപ്പെട്ടു. പല സ്‌കൂളുകളും ചലിക്കാതെയായി. നിലനിൽപ്പിനു ഭീഷണി ആയപ്പോൾ ഗവണ്മെന്റ് സംവിധാനങ്ങൾ ഇടപെടാൻ തുടങ്ങി. ഇടതുപക്ഷ ഗവണ്മെന്റുകളും തുടർന്ന് വന്ന വലതുപക്ഷ ഗവണ്മെന്റുകളും നിലവാരം മെച്ചപ്പെടുത്താനും പൊതുമേഖലാ വിദ്യാഭ്യാസ രീതിയെ മെച്ചപ്പെടുത്താനും പദ്ധതികൾ രൂപീകരിച്ചു. അധ്യാപക പരിശീലനവും മോണിറ്ററിങ് സംവിധാനങ്ങളും മെച്ചപ്പെടുത്തി.ശാസ്ത്രീയമായ പാഠ്യ പദ്ധതികൾ രൂപകൽപ്പന ചെയ്തു. ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ അവസരം നഷ്ടപ്പെടും എന്ന സ്ഥിതി വന്നു. രക്ഷിതാക്കൾ കുറേകൂടി ബോധവന്മാർ ആയി. അദ്ധ്യാപകരുടെ അലസതകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

ഇപ്പോൾ നമ്മൾ നിൽക്കുന്ന ഈ കാലഘട്ടത്തിൽ അതി ശക്തമായ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല. Unaided ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇന്ന് നിലനിൽപ്പിനായി പൊരുതുകയാണ്. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതോടെ സ്വകാര്യ സ്കൂളികളിൽ നിന്നും കുട്ടികളുടെ കുത്തൊഴുക്കായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കണ്ടത്. ഏറ്റവും മികച്ച പഠന സംവിധാനങ്ങൾ ഗവണ്മെന്റ് ഒരുക്കുന്നു. പിടിഎ കളും ശക്തമാണ്. മിക്ക എയ്ഡഡ് സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ കൂടി തുടങ്ങി. പക്ഷെ നിലവാര തകർച്ചയുണ്ട് എന്നത് പറയാതിരിക്കാൻ ആവില്ല. നമ്മൾക്ക് പറ്റിയത് ഈ തലമുറക്ക് സംഭവിച്ചുകൂടാ.
നമ്മൾ പഠിച്ച കാലഘട്ടത്തിൽ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകർ ഒക്കെയായിരുന്നു ഇംഗ്ലീഷ് എടുത്തിരുന്നത്. കൃത്യമായി ഇംഗ്ലീഷ് വാക്കുകൾ ഉച്ചരിക്കുന്നത് പോലും അറിയാത്ത അദ്ധ്യാപകർ. അവരെ പറഞ്ഞിട്ടു കാര്യമില്ല. സിസ്റ്റം അങ്ങിനെ ആയിരുന്നു. ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്ത അദ്ധ്യാപകരുടെ കുറവ് നികത്തിയിരുന്നത് അതുമായി പുലബന്ധം പോലുമില്ലാത്ത സോഷ്യൽ സ്റ്റഡീസ് അധ്യാപകനായിരുന്നു. പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് ഈ മാറിയ ലോകക്രമത്തിൽ വളരെ വലിയ സാമൂഹിക ഉത്തരവാദിത്തം ഉണ്ട്. ഭാഷ അറിയുന്നവരും ഗ്രാമർ അറിയുന്നവരും തന്നെയാണ് അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നുറപ്പാക്കണം.
“Did you came yesterday?”

പിഎന്നത് തെറ്റാണ് എന്നും did ഉപയോഗിക്കുമ്പോൾ വെർബിന്റെ പാസ്റ്റ് tense കൂടെ ഉപയോഗിക്കരുത് എന്നും ഞാൻ മുതിർന്നപ്പോൾ സ്വയം മനസ്സിലാക്കിയതാണ്. കൃത്യമായി ശരിയായി പറഞ്ഞു തരാൻ ആദ്യഘട്ടത്തിൽ ആളുണ്ടായില്ല. ഈ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിച്ചു ഒരദ്ധ്യാപകനായി ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കാൻ അവസരം കിട്ടിയപ്പോഴാണ് ഞാൻ എത്രത്തോളം പുറകിലാണ് ഭാഷ കൈകാര്യം ചെയ്യാൻ എന്നു തിരിച്ചറിഞ്ഞത്. കഠിനാധ്വാനത്തിലൂടെയാണ് അതു പിന്നീട് സ്വായത്തമാക്കിയത്. ഇന്ന് മാലിദ്വീപിൽ ഗവണ്മെന്റ് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ എനിക്ക് കൈകാര്യം ചെയ്യേണ്ടുന്നത് ബ്രിട്ടണിലെ ക്യാംബ്രിഡ്ജ് സിലബസ്സാണ്. പഠന ഭാഷ പൂർണ്ണമായും ഇംഗ്ലീഷ് ആണ്. ഒത്തിരി ആളുകൾ ഭാഷാപരമായ ആശയവിനിമയം സാധ്യമാകാതെ, മികച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടുകൂടി ഇന്റർവ്യൂകളിൽ പരാജയപ്പെട്ടു പിന്മാറുന്നു.

What is your father name? എന്നല്ല. What is your father’s name? എന്നു തന്നെയാണ് പഠിപ്പിക്കേണ്ടത്. രണ്ടാം ക്ലാസ്സുകാരന്റെ ഇത്തരം തെറ്റുകൾ നമുക്ക് വേണമെങ്കിൽ അവഗണിക്കാം. പക്ഷെ 6 ലോ 7 ലോ പഠിക്കുന്ന കുട്ടി ഇത്തരം വികലമായ ഭാഷ പറയുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ അവരുടെ അദ്ധ്യാപകർ തന്നെയാണ്. ഇതൊക്കെ ഏറ്റവും ബേസിക്ക് ആയ കാര്യങ്ങൾ ആണ് എന്നതിനാൽ ആണ് ഇങ്ങനെ പറയുന്നത്.

തിരുത്തപ്പെടേണ്ടവ സമയാസമയങ്ങളിൽ തിരുത്തി തരാനും ശരിയായത് പറഞ്ഞു തരാനും അദ്ധ്യാപകർക്ക് ഉത്തരവാദിത്വമുണ്ട്. അങ്ങനെ ഉള്ളവർ തന്നെയാണ് നമ്മുടെ സ്‌കൂളുകളിൽ ഇന്നുള്ള അദ്ധ്യാപകർ എന്നുതന്നെ വിശ്വസിക്കുന്നു.
ഒരു അദ്ധ്യാപകനെന്ന നിലക്ക് പൂർണ്ണമായും ഞാൻ ഉൾക്കുള്ളുന്നതും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതുമായ കാര്യങ്ങൾ എന്റെ സിലബസ് പ്രകാരമുള്ള വിഷയ ഭാഗങ്ങൾ കേവലം പറഞ്ഞു തീർക്കൽ മാത്രമല്ല. കൃത്യമായ തയ്യാറെടുപ്പുകളോടെ കുട്ടിയിലേക്ക് പ്രസ്തുത പാഠഭാഗം എത്തിക്കാനാവശ്യമായ വിധം ഞാൻ സ്വയം ഒരുങ്ങുക എന്നതുകൂടിയാണ്. അതു എന്റെ സാമൂഹിക പ്രതിബദ്ധതയും professional ethics ന്റെ കൂടി ഭാഗമാണ്. ഓരോ കുട്ടിയുടെയും ഭാവി ഓരോ അദ്ധ്യാപകരുടെയും കൈകളിൽ തന്നെയാണ്. അതു തിരിച്ചറിഞ്ഞു ഉണർന്ന് പ്രവർത്തിക്കുമ്പോൾ അദ്ധ്യാപനം എന്നത് ഏറ്റവും മഹത്തരമായിത്തീരും. അവരെ സമൂഹം അംഗീകരിക്കപ്പെടും.

Advertisements